Home » ആധ്യാത്മികം » ഓച്ചിറ പരബ്രഹ്മക്ഷേത്രം

ഓച്ചിറ പരബ്രഹ്മക്ഷേത്രം

വിദ്യാ വിജയന്‍

2ഓച്ചിറയെന്നു കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഒരു ഗാനമുണ്ട് “അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍ .. പരബ്രഹ്മ മൂര്‍ത്തി  ഓച്ചിറയില്‍………..” ഇത് കേവലം ഒരു ചലച്ചിത്രഗാനം മാത്രമല്ല. അമ്പലാമോ പ്രതിഷ്ഠയോ ഇല്ലാതെ ഓച്ചിറയില്‍ വാഴുന്ന പരബ്രഹ്മ മൂര്‍ത്തിയെപറ്റി കേള്‍ക്കാനും അറിയാനും വിശ്വസിക്കാനും ഒരുപാടുണ്ട്. നമുക്കാ പടവുകള്‍ ഒന്നു താണ്ടാം.

കേരളത്തിലെ മറ്റെല്ലാ ഹൈന്ദവക്ഷേത്രങ്ങളിലും വെച്ച് തികച്ചും വ്യത്യസ്തമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ ഇല്ല എന്നതാണ്.പരബ്രഹ്മ ചൈതന്യത്തിന്‍റെ മൂലസ്ഥാനമായ ഇവിടെ എത്തിപ്പെട്ടാല്‍ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ടുവരുന്ന “കാള″യെയാണ്. മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നു. മണ്ണാണ് പ്രധാനമായും ഇവിടെ പ്രസാദമായി നല്‍കുന്നത്. കൂടാതെ ഭസ്മവും ഇവിടെ പ്രസാദമായി നല്‍കുന്നുണ്ട്. “ഭസ്മം” ശിവ വിഭൂതിയായും “കാള” ശിവ വാഹനമായും “ത്രിശൂലം” ആയുധമായും കാണുന്നു. സാക്ഷാല്‍  പരാശക്തി സമേതനായ പരമേശ്വരമൂര്‍ത്തിയാണ് ഇവിടെ കുടികൊള്ളുന്നതെന്നു സാരം.

ഓച്ചിറക്കളിയും ഓച്ചിറക്കാളകളും മണ്ണ് പ്രസാദവുമാണ്  ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയും സവിശേഷതയും. രോഗികള്‍ക്കും യാചകന്മാര്‍ക്കും  ദരിദ്രര്‍ക്കുമായുള്ള “കഞ്ഞിപ്പകര്‍ച്ച” ഒരു പ്രധാന നേര്‍ച്ചയാണ്‌ ഇവിടെ. മിഥുനമാസത്തിലെ ഓച്ചിറക്കളിയും,വൃശ്ചികത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവവും പ്രസിദ്ധമാണ്. വൃശ്ചികം ഒന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി ഭജനം ഇരിക്കുന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ വഴിപാടുകളില്‍ ഒന്ന്.കിഴക്കേ ഗോപുരകവാടം മുതല്‍ ഇരുപത്തിരണ്ടേക്കര്‍ സ്ഥലത്ത് രണ്ട് ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്‍പ്പം. വ്യത്യസ്തമായ  ഐതിഹ്യങ്ങളും വിശ്വാസങ്ങളും  ഇതിനെ ചുറ്റിപറ്റി നിലകൊള്ളുന്നുണ്ട്. അതിലൊന്നാണ് അകവൂര്‍ചാത്തന്‍റെ കഥ.

അകവൂര്‍ചാത്തനും പോത്താന്‍ ചിറയുടെ പിന്നിലെ ഐതിഹ്യവും 

അകവൂര്‍ മനയിലെ നമ്പൂതിരി പരദേവതയായി ആരാദിച്ചിരുന്നത് പരബ്രഹ്മത്തെ ആണ്.ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോള്‍ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ നടത്തിയിരുന്നു. ഒരിക്കല്‍ പരബ്രഹ്മത്തെ ധ്യാനിച്ചിരുന്ന നമ്പൂതിരിയോട് തന്‍റെ ദാസനായ അകവൂര്‍ ചാത്തന്‍ ചോദിച്ചു പരബ്രഹ്മം എങ്ങനെയിരിക്കും?. ഇതുകേട്ട നമ്പൂതിരി പരിഹാസത്തോടെ ഇങ്ങനെ പറഞ്ഞു “നമ്മുടെ മാടന്‍ പോത്തിനെപ്പോലിരിക്കും” . ഇത് അപ്പാടെ വിശ്വസിച്ച ചാത്തന്‍ പരബ്രഹ്മത്തെ ധ്യാനിക്കാന്‍ തുടങ്ങി. 41 ദിവസം പരബ്രഹ്മത്തെ ധ്യാനിച്ചതിന്‍റെ ഫലമായി പരബ്രഹ്മം മാടന്‍പോത്തിന്‍റെ രൂപത്തില്‍ ചത്തനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. മാടന്‍ പോത്തിനെ ചാത്തനു മാത്രമേ കാണാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ചാത്തന് ഇത് പരബ്രഹ്മം ആണെന്നോ അതിനെ തനിക്കു മാത്രമേ കാണാന്‍ സാധിക്കുയെന്നോഅറിയുമായിരുന്നില്ല. നമ്പൂതിരിയുടെ വീട്ടിലെ മാടന്‍പോത്താണ് അതെന്ന് ചാത്തന്‍ കരുതി. അവന്‍ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും  ചെയ്തു, ചാത്തന്‍ എവിടെപ്പോയാലും മാടന്‍ പോത്ത് കൂടെ ഉണ്ടാവും. അങ്ങനെ ഇരിക്കെ ഒരിക്കല്‍ നമ്പൂതിരിയും പിന്നാലെ ചാത്തനും അതിനുപിന്നാലെ ചാത്തനുമാത്രം കാണാവുന്ന മാടന്‍പോത്തും ഇന്നത്തെ ഓച്ചിറ ഭാഗത്തുകൂടി (അന്ന് അവിടെ വയല്‍ പ്രദേശമായിരുന്നു) വരുകയാണ്. പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലില്‍ കൂടി ആയിരുന്നു. നമ്പൂതിരിയും ചാത്തനും വാതില്‍ കടന്നു. എന്നാല്‍ മാടന്‍പോത്തിന് തന്‍റെ വലിയ കൊമ്പു കാരണം വാതില്‍ കടക്കാന്‍ കഴിഞ്ഞില്ല. ഇത് മനസിലാക്കി ചാത്തന്‍ പോത്തിനോടെ തല ചരിച്ചു കയറാന്‍ പറഞ്ഞു. ഇതുകേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നതെന്ന് അന്വേഷിച്ചു. “നമ്മുടെ മാടന്‍ പോത്തിനോട്” എന്ന്‍ ചാത്തന്‍ മറുപടി പറഞ്ഞു. പക്ഷെ നമ്പൂതിരിക്ക് പോത്തിനെ കാണാന്‍ കഴിഞ്ഞില്ല. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട്‌ നോക്കിയപ്പോള്‍ മാടന്‍ പോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയില്‍ മാടന്‍ പോത്തിന്‍റെ രൂപമുള്ള പരബ്രഹ്മം ഒരു ചിറയിലേക്ക്എടുത്തു ചാടി. ആ ചിറയാണ്‌ പോത്തന്‍ ചിറയായി പിന്നീട് അറിയപ്പെട്ടത്.

പോത്തന്‍ച്ചിറ പിന്നീട് ഓച്ചിറയായി മാറുകയായിരുന്നു. പരബ്രഹ്മ നാദനായ “ഓംകാരത്തില്‍” നിന്നാണ് ഓച്ചിറ എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.

കഥ ഇനിയും ഉണ്ട്… പോത്തു പോയതോടെ ചാത്തന്‍ ആകെ വിഷമത്തിലായി. പിന്നീട് തന്‍റെ പോത്ത് പരബ്രഹ്മ മാണെന്ന് മനസിലായതോടെ ചാത്തന്‍ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കാന്‍ തുടങ്ങി. ഇത് മരണം വരെ ചാത്തന്‍ തുടര്‍ന്നു. ഓച്ചിറപ്പടനിലത്ത് ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നില്‍ ചേര്‍ന്നു മരിച്ചു ചാത്തന്‍ സായൂജ്യം അണയുകയായിരുന്നു.

ഓച്ചിറക്കളി

Oachirakkaliഇവിടെ വളരെ പ്രസിദ്ധമാണ് ഓച്ചിറക്കളി.എല്ലാ വര്‍ഷവും മിഥുനം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്. രണ്ട് നൂറ്റാണ്ട് മുന്‍പ് കായംകുളം രാജാവും വേണാട് രാജാവും തമ്മില്‍ പല യുദ്ധങ്ങളും നടന്ന വേദിയാണ് ഓച്ചിറ പടനിലം. ഇങ്ങനെ ചരിത്ര പ്രസിദ്ധമായ കായംകുളം വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനാണ് വര്‍ഷംതോറും ഓച്ചിറക്കളി നടത്തുന്നത്.

കരകൂടല്‍

00205_304577പന്ത്രണ്ടുദിവസം നീളുന്ന വൃശ്ചിക മഹോല്‍ത്സവം ആണ് ഇവിടെ ഏറ്റവും പ്രസിദ്ധം. ഇത് തുടങ്ങുന്നത് കരകൂടല്‍ ഘോഷയാത്രകളോടെയാണ്. വടക്കുഭാഗത്തെ ഘോഷയാത്ര ആശാന്‍ മുക്കില്‍നിന്നും തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവിക്ഷേത്രത്തില്‍ നിന്നുമാണ് ആരംഭിക്കുന്നത്. നൂറനാട് നടന്ന പടയോട്ടത്തിന്‍റെയും പടവെട്ടിയതിന്‍റെയും മറ്റും ചരിത്രസ്മരണ ഉണര്‍ത്തുന്നതാണ് കരകൂടല്‍.

എട്ടുകണ്ടം ഉരുളിച്ച

ഇതൊരു വഴിപാടാണ്. ത്വക്ക് രോഗങ്ങള്‍ മാറാനായി ഓച്ചിറയിലെ എട്ടു കണ്ടങ്ങളിലും ഉരുളുന്നതാണ് ഈ വഴിപാടാചാരം.മറ്റു കാര്യാലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്‌. പണ്ടൊക്കെ രോഗം മാറേണ്ടവര്‍ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു. ഇവിടുത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍. ഇപ്പോള്‍ വഴിപാടുകരനുപകരം ഉരുളാന്‍ പ്രത്യേകം ആള്‍ക്കാരുണ്ട്.

കാളകെട്ട്

1381504_574618312605330_2136807062_nഇരുപത്തിയെട്ടാം ഓണത്തോടനുബന്ധിച്ചാണ് കാളകെട്ട് മഹോത്സവം നടത്തുന്നത്. ഒരുജോടി കാളകളെ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്രപരിസരത്ത് നിരത്തി നിര്‍ത്തികൊണ്ടാണ് ഈ ആഘോഷം. ഇതിനെ കെട്ടുകാളകള്‍ എന്നാണ് പറയുന്നത്. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയാണ് ഈ കളകള്‍. ഇത് വ്യാത്യസ്ഥ വലുപ്പത്തില്‍ ഉണ്ടായിരിക്കും.

 

 

 

ഓച്ചിറ പരബ്രഹ്മക്ഷേത്രം Reviewed by on . ഓച്ചിറയെന്നു കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഒരു ഗാനമുണ്ട് "അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍ .. പരബ്രഹ്മ മൂര്‍ത്തി  ഓ ഓച്ചിറയെന്നു കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഒരു ഗാനമുണ്ട് "അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍ .. പരബ്രഹ്മ മൂര്‍ത്തി  ഓ Rating: 0

About nammudemalayalam

scroll to top