Home » പൈതൃകം » ചിലമ്പുകള്‍ ഉണര്‍ന്നു……മലബാറില്‍ ഇനി തെയ്യക്കാലം

ചിലമ്പുകള്‍ ഉണര്‍ന്നു……മലബാറില്‍ ഇനി തെയ്യക്കാലം

നീതു.എസ്.രമേശന്‍

5444269812_8തെയ്യം ഉത്തര മലബാറിലെ ജനങ്ങള്‍ക്ക്‌ കേവലം നൃത്തം ചെയ്യുന്ന ദേവതാ സങ്കല്പം മാത്രമല്ല, വിശ്വാസത്തിന്റെയും ആരാധനയുടെയും ആപ്തവാക്യം കൂടിയാണ്. ചെണ്ടയുടെ അസുര വാദ്യഘോഷങ്ങളിലൂടെയും , ചിലമ്പൊലിയൊച്ചകളിലൂടെയും ഒരു കാലഘട്ടത്തിലെ മനുഷ്യജീവിതം നമുക്ക് മുന്നില്‍ പകര്‍ന്നാടുന്നു..ഐതീഹ്യത്തിന്‍റെ ചായക്കൂട്ടുകള്‍ക്കിടയില്‍ അന്നത്തെ സമൂഹത്തിന്‍റെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും തിരുശേഷിപ്പുകള്‍ ഒളിമങ്ങാത്ത തരത്തില്‍ അവശേഷിപ്പിക്കുന്നു എന്നത് തെയ്യത്തെ മറ്റു കലാ രൂപങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടു പോയ ഒരു ജനതയുടെയോ സമൂഹത്തിന്റെയോ പ്രതിഷേധമായും തെയ്യക്കോലങ്ങളെ വിലയിരുത്താം. കാരണം ജാതി വ്യവസ്ഥയ്ക്കെതിരെയും ,പുരുഷ മേധാവിത്വതിനെതിരെയുമൊക്കെയുള്ള പ്രതിഷേധം പലപ്പോഴും തോറ്റം‌പാട്ടുകളിലൂടെ മുഴങ്ങിക്കേള്‍ക്കുന്നു. ഓരോ ദേവതകളുടെയും മുഖത്തെഴുത്ത്‌ പോലെ സങ്കീര്‍ണ്ണമായ നിരവധി അര്‍ത്ഥതലങ്ങള്‍ ഒരു അനുഷ്ഠാന കല എന്നതിലുപരി തെയ്യത്തിനുണ്ട്.

ദേവ പ്രീതിക്കായി അധ:സ്ഥിത സമുദായക്കാര്‍ കെട്ടിയാടുന്ന നൃത്ത രൂപമായി  തെയ്യക്കോലങ്ങളെ  നിര്‍വചിച്ചിരിക്കുന്നതായി കാണാം. എന്നാല്‍ ഈ അനുഷ്ഠാനത്തിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും വരേണ്യ വര്‍ഗ്ഗത്തിന്റെയും അന്യ സമുദായക്കാരുടെയും ഉള്‍പ്പടെ പങ്കാളിത്തം നമുക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. വരേണ്യര്‍ എന്ന് അവകാശപ്പെടുന്ന ഉയര്‍ന്ന ജാതിക്കാരുടെ കീഴിലുള്ള കാവുകളിലും മറ്റ് തറവാടുകളിലും തെയ്യം കെട്ടിയാടാന്‍ ആചാര പ്രകാരം കീഴ് ജാതിക്കാര്‍ക്ക് അവകാശമുണ്ട്  എന്നതും, ചില തെയ്യാട്ട സ്ഥാനങ്ങളില്‍ മുസ്ലിംങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്  പാരമ്പര്യമായി തന്നെ നല്‍കിപ്പോരുന്ന അവകാശങ്ങളും ജാതി-മത-സമുദായ അതിരുകള്‍ക്ക് അതീതമായി,  ഈ അനുഷ്ഠാനം   സമൂഹത്തെ വിശ്വാസം എന്ന ചരട് കൊണ്ട് ഒരുമിപ്പിച്ച് നിര്‍ത്തുന്നു എന്ന് തെളിയിക്കുന്നു.

കടും ചായങ്ങള്‍ കൊണ്ട് സങ്കീര്‍ണവും മനോഹരവുമായ മുഖത്തെഴുത്തും, കുരുത്തോലയും, രക്തവര്‍ണത്തിലുള്ള ആടയാഭാരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം,കുഴല്‍, തകില്‍ തുടങ്ങിയ വാദ്യ മേളങ്ങളും , ലാസ്യ-താണ്ഡവ നൃത്താദികളും നാടന്‍ ശീലിലുള്ള തോറ്റം പാട്ടുകളും കൊണ്ട് ഭക്തിയുടെയും കലയുടെയും സമ്മേളനമായി ഓരോ തെയ്യാട്ടവും മാറുന്നു. കണ്ണുര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ് ഈ അനുഷ്ഠാനം പ്രചാരത്തിലുള്ളത്.ഏകദേശം അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെങ്കിലും  നൂറ്റിരുപതോളം തെയ്യങ്ങളാണ് ഇന്ന് പ്രധാനമായും കെട്ടിയാടപ്പെടുന്നത്. കാവുകള്‍, മുണ്ട്യകള്‍, കോട്ടങ്ങള്‍, കൂലോം,മടപ്പുര, കഴകം, എന്നിവയാണ്  തെയ്യാട്ട കേന്ദ്രങ്ങള്‍.വണ്ണാന്‍മാര്‍, മലയന്മാര്‍, അഞ്ഞൂറ്റാന്മാര്‍,പുലയന്മാര്‍,മാവിലര്‍, കോപ്പാളര്‍,എന്നിവരാണ് പ്രധാനമായും തെയ്യം കെട്ടുന്നത്.theyyam-vishnu-580

തുലാമാസം പത്താം തീയ്യതി  കൊളച്ചേരി ചാത്തമ്പള്ളിക്കാവിലും, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലേയും കളിയാട്ടത്തോടെയാണ് മലബാറില്‍ തെയ്യക്കാലം തുടങ്ങുന്നത്.ഇടവപ്പാതിയില്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിലെ കളിയാട്ടത്തോടെ തെയ്യക്കാലം സമാപിക്കുകയും ചെയ്യുന്നു.കരിവെള്ളൂര്‍ മണക്കാടന്‍ ഗുരുക്കളാണ് തെയ്യത്തിനു രൂപവും ഭാവവും നല്‍കിയത് എന്ന് പറയപ്പെടുന്നു.

വര്‍ഷങ്ങളോളം നീളുന്ന പരിശീലനത്തിലൂടെ മാത്രമേ ഒരാള്‍ക്ക് നല്ല തെയ്യക്കാരനാകാന്‍ സാധിക്കൂ.നിഷ്ഠയും വ്രതവും പിഴയ്ക്കാതെ ആത്മാവും ശരീരവും ശുദ്ധമാക്കിയാണ് ഇവര്‍ കോലം അണിയുന്നത്. ഒരു കാലഘട്ടത്തിന്‍റെ കഥ വിവരിച്ചു കൊണ്ടുള്ള തോറ്റം പാടി ദേവതകളെ ഉണര്‍ത്തുന്നു…പിന്നീടങ്ങോട്ട് മനുഷ്യന്‍ ദൈവമായിമാറി വിശ്വാസികളെ അനുഗ്രഹിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളാണ്.

അമ്മ ദേവതകള്‍,യുദ്ധ ദേവതകള്‍, മരക്കല ദേവതകള്‍, രോഗ ദേവതകള്‍,നാഗ-മൃഗ ദേവതകള്‍,ഭൂത-യക്ഷി ദേവതകള്‍, വനമൂര്‍ത്തികള്‍,കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട ഊര്‍വ്വര  ദേവതകള്‍, മന്ത്രമൂര്‍ത്തികള്‍, പരേതാത്മാക്കള്‍ തുടങ്ങി  നിരവധി വിഭാഗത്തില്‍ പെട്ട തെയ്യങ്ങള്‍ ഉണ്ട്. ഇവയില്‍ തന്നെ ശൈവാംശമുള്ളതും വൈഷ്ണവാംശമുള്ളതുമായ തെയ്യങ്ങള്‍ ഉണ്ട്. മനുഷ്യന്‍റെ വരുതിയില്‍ നില്ക്കാത്തതും, അവനു കീഴടക്കാന്‍ സാധിക്കാത്തതുമായ പ്രകൃതി ശക്തികളെ അവന്‍ ആരാധിച്ചും പൂജിച്ചും കൂടെ നിര്‍ത്തി എന്നതിനുള്ള ഉദാഹരണം കൂടിയാണ് രോഗ ദേവതകള്‍,നാഗ-മൃഗ ദേവതകള്‍,ഭൂത-യക്ഷി ദേവതകള്‍ എന്നിവയുടെ കെട്ടിയാട്ടം. ഓരോ സമുദായത്തിനും സ്വന്തമായി ഓരോ പരദേവതകള്‍ ഉണ്ട്. ഉദാഹരണത്തിന്, വാണിയ സമുദായത്തിന്‍റെ പരദേവതയായി  മുച്ചിലോട്ട് ഭഗവതിയെയും, മണിയാണിമാരില്‍ ഒരു വിഭാഗമായ എരുവാന്മാരുടെ പരദേവതയായി കണ്ണങ്ങാട്ട് ഭഗവതിയെയും ആരാധിക്കുന്നു. മറ്റു  ജാതിക്കാര്‍ക്കും ഇതുപോലെ അവരവരുടേതായ ആരാധനാ മൂര്‍ത്തികള്‍ ഉണ്ട്.

തെയ്യത്തില്‍ കാണുന്ന മുക്രി തെയ്യം, ആലിതെയ്യം, ഉമ്മച്ചി തെയ്യം തുടങ്ങിയ മാപ്പിള തെയ്യങ്ങള്‍ മലബാറിന്റെ സാമൂഹിക നിഷ്പക്ഷതയുടെ ഉത്തമോദാഹരണമാണ്‌. ” നാങ്കളെ കൊത്ത്യാലുമോന്നല്ലേ ചോര നീങ്കളെ കൊത്ത്യാലുമോന്നല്ലേ ചോര ” എന്ന് പൊട്ടന്‍ തെയ്യം ചോദിക്കുന്നതും  ഈ വസ്തുത ശരി വെക്കുന്നതാണ്.

കാര്‍ഷിക സംസ്കാരവുമായി അഭേദ്യമായ ബന്ധമാണ് തെയ്യക്കൊലങ്ങള്‍ക്കുള്ളത്. മുച്ചിലോട്ട് ഭഗവതിയുടെയും മറ്റും തോറ്റങ്ങളില്‍ ഇതിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ട്.വിളവെടുപ്പ് കഴിഞ്ഞതിനു ശേഷം നടക്കുന്ന പുത്തരി വെള്ളാട്ടങ്ങളും ദേവതകള്‍ക്കുള്ള  നിവേദ്യങ്ങളും കൃഷിയുമായുള്ള ബന്ധത്തിന്‍റെ ഉദാഹരണങ്ങളാണ് . മുച്ചിലോട്ടു ഭഗവതിയുടെ പെരുങ്കളിയാട്ടത്തിന്‍റെ ആചാരങ്ങളും ചടങ്ങുകളും നിരീക്ഷിച്ചാല്‍, ഒരു നാടും സമൂഹവും മുഴുവന്‍ എങ്ങനെ ജാതി-മത-വര്‍ഗ്ഗ-വ്യത്യാസമില്ലാതെ ഒരു ദേവതയുടെ പേരില്‍ ഒന്നിക്കുന്നു എന്ന് കാണാന്‍ സാധിക്കും. കോലധാരിയായ പെരുവണ്ണാന്‍ മുതല്‍ താന്ത്രിക കര്‍മങ്ങള്‍ ചെയ്യുന്ന ബ്രാഹ്മണര്‍ വരെ വിവിധ കടമകളും ഉത്തരവാദിത്തങ്ങളുമായി  ഇവിടെ ഒന്നിക്കുന്നു.

ഓരോ തെയ്യത്തിന്‍റെയും തുടക്കത്തിനു പിന്നില്‍ അതതു സമൂഹവും പ്രദേശവും സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളും ചരിത്രവുമുണ്ട്.ബ്രാഹ്മണ മേധാവിത്വവും അതുമായി  ബന്ധപ്പെട്ട കെട്ടുപാടുകളും സൃഷ്ടിച്ച രക്തസാക്ഷികളാണ് പല തെയ്യങ്ങളും. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ പോയിട്ട്, പുരുഷന്മാരുടെ നേരെ നിന്ന്  സംസാരിക്കാന്‍ പോലും അനുമതി ഇല്ലാതിരുന്ന കാലത്ത് ഒരു പെണ്‍കുട്ടി അസാമാന്യമായ വാക്ചാതുര്യവും വിദ്യാസമ്പന്നതയും കൊണ്ട് പുരുഷ സമൂഹത്തെ മൊത്തം വെല്ലുവിളിച്ചപ്പോള്‍ അവള്‍ക്ക് പകരം നല്‍കേണ്ടി വന്നത് സ്വന്തം ജീവിതം മാത്രമായിരുന്നില്ല , ജീവന്‍ കൂടി ആയിരുന്നു. പുരുഷ മേധാവിത്വം സൃഷ്ടിച്ച രക്തസാക്ഷിയായ അവള്‍ മുച്ചിലോട്ടു ഭഗവതിയായി കെട്ടിയാടുമ്പോള്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി മൊത്തത്തില്‍ പരിഹസിക്കപ്പെടുകയാണ്.  കൂടാതെ, ഇന്നത്തെ സമൂഹത്തിനു അന്ന് നിലനിന്നിരുന്ന സാമൂഹ്യാവസ്ഥയെ കുറിച്ചു മനസ്സിലാക്കാനും സാധിക്കുന്നു.  പൊട്ടന്‍ തെയ്യം,വയനാട്ടുകുലവന്‍ തുടങ്ങി പല തെയ്യങ്ങളും ഒരു കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിച്ച രക്തസാക്ഷികളാണ്.th (1)

നമ്മുടെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവ സംസ്കാരത്തിന്‍റെ ഭാഗമാണെന്നു തെളിയിക്കാനുള്ള ശ്രമം ശങ്കരാചാര്യരുടെ കാലത്ത് തന്നെ ഉണ്ടായിരുന്നു. കോട്ടങ്ങളിലും കാവുകളിലും ബ്രാഹ്മണിസത്തിന്‍റെ ചെറിയ അംശങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു എന്നത് തെയ്യാട്ട കേന്ദ്രങ്ങളെ ബ്രാഹ്മണവത്കരിക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു.കൂടാതെ കാവുകളുടെ പേരില്‍ പോലും ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ക്ഷേത്രവത്കരണം ഈ അനുഷ്ഠാന-കലാരൂപത്തിന്‍റെ തനിമയും അത് പകര്‍ന്നു തരുന്ന സന്ദേശവും അതിന്‍റെ ചരിത്രവും ജനങ്ങളിലേക്ക് തെറ്റായ അര്‍ത്ഥതലത്തില്‍ എത്തുന്നത്തിനും കാരണമാകുന്നു.

തോറ്റം‌പാട്ടിന്റെ ശീലുകളും ചടുല താളങ്ങളും  ഒരു ജനതയുടെ തന്നെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതിബിംബമായി നിലനില്‍ക്കുമ്പോള്‍ അതിന്‍റെ തനിമയില്‍ മായം ചേരാതിരിക്കാന്‍, ഈ ദേവതകളുടെ അനുഗ്രഹങ്ങള്‍ മാത്രം പോരാ… പാരമ്പര്യത്തില്‍ വെള്ളം ചേരാതെ സൂക്ഷിക്കാനുള്ള നമ്മളുടെ ജാഗ്രത കൂടി വേണ്ടതാണ്….

 

 

 

ചിലമ്പുകള്‍ ഉണര്‍ന്നു……മലബാറില്‍ ഇനി തെയ്യക്കാലം Reviewed by on . തെയ്യം ഉത്തര മലബാറിലെ ജനങ്ങള്‍ക്ക്‌ കേവലം നൃത്തം ചെയ്യുന്ന ദേവതാ സങ്കല്പം മാത്രമല്ല, വിശ്വാസത്തിന്റെയും ആരാധനയുടെയും ആപ്തവാക്യം കൂടിയാണ്. ചെണ്ടയുടെ അസുര വാദ്യഘോ തെയ്യം ഉത്തര മലബാറിലെ ജനങ്ങള്‍ക്ക്‌ കേവലം നൃത്തം ചെയ്യുന്ന ദേവതാ സങ്കല്പം മാത്രമല്ല, വിശ്വാസത്തിന്റെയും ആരാധനയുടെയും ആപ്തവാക്യം കൂടിയാണ്. ചെണ്ടയുടെ അസുര വാദ്യഘോ Rating: 0

About nammudemalayalam

scroll to top