Home » പൈതൃകം » വാസ്തു ഒരു വേദശാസ്ത്രം

വാസ്തു ഒരു വേദശാസ്ത്രം

traditional kerala home 1“വസന്തി പ്രാണിനാഃ യത്ര” ഏതൊരു സ്ഥലത്ത്‌ എല്ലാ ജീവജാലങ്ങളും പ്രകൃതിയും പരസ്പരം സൌഹാര്‍ദ്ദപരമായി ജീവിക്കുന്നുവോ ആ സ്ഥലമാണു വാസ്തു”.  വസ്‌” എന്ന ധാതുവില്‍ നിന്നാണു ‘വാസ്തു’ എന്ന വാക്ക്‌ ഉണ്ടായത്‌. വസിക്കുന്നത്‌ ഏതോ അത്‌ വാസ്തു.

പുരാതന വാസ്തു ഗ്രന്ഥമായ “മയമത” പ്രകാരം  മരിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ ജീവികളുടെ ആവാസ കേന്ദ്രമാണു വാസ്തു . ഋഗ്വേദ പ്രകാരം ‘വാസ്തു’ എന്ന വാക്കിനു ‘കെട്ടിടം’ അല്ലെങ്കില്‍ ‘കെട്ടിടം പണിയാനുള്ള സ്ഥലം’ എന്ന്‌ അര്‍ത്ഥം കാണുന്നുണ്ട്.

വാസ്തുവിലെ വേദ തത്ത്വങ്ങള്‍

 “അഹം ബ്രഹ്മാസ്മി ” എന്ന തത്വം തന്നെയാണ്  ഭാരതത്തിലെ വാസ്തു ശാസ്ത്രത്തിന്റെ  അടിസ്ഥാനം. ബ്രഹ്മാണ്ഡം എന്ന പ്രപഞ്ചത്തിന്റെ  എല്ലാ സ്വഭാവ സവിശേഷതകളോടും കൂടിയ സൂഷ്മ രൂപമായ പിണ്ഡാണ്ഡമായാണു വാസ്തു വിദ്യയില്‍ വാസ്തു ഉള്‍ക്കൊള്ളുന്ന സ്ഥലത്തിനെ നിര്‍വചിക്കുന്നത്‌.  അതിന്റെ  തെളിവ്‌ എന്നുള്ള രീതിയിലാണു ബ്രഹ്മാണ്ഡത്തിന്റെ  അഷ്ടഭുജക്ഷേത്രമായ ത്രിമാന രൂപത്തിനു ള്ളില്‍ നില്‍ക്കത്തക്കവിധം ഏതു നിര്‍മ്മിതിക്കും രൂപകല്‍പന ചെയ്യുന്നത്‌.  ബ്രഹ്മാണ്ഡത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം വൃത്താകൃതിയില്‍ നിന്ന്‌ സമചതുരാകൃതിയിലേക്ക്‌ മാറ്റുന്ന രൂപരേഖയാണു വാസ്തു ശാസ്ത്രത്തില്‍ ചെയ്യുന്നത്‌. ബ്രഹ്മാണ്ഡത്തിന്റെ  സൂക്ഷ്മ രൂപമായ പിണ്ഡാണ്ഡത്തില്‍ വ്യാപിച്ചു കിടക്കുന്ന ആത്മാവായാണു വാസ്തുപുരുഷന്‍ പരിണമിക്കുന്നത്‌.

വാസ്തുവില്‍ പ്രകൃതി-പുരുഷ സങ്കല്‍പം എന്ന തത്വം   അടങ്ങിയിരിക്കുന്നു. പ്രപഞ്ചത്തിലെ പ്രകൃതിയെ സ്ത്രീ ആയും പുരുഷനെ ആ പ്രകൃതിയിലുള്ള നിര്‍മ്മിതി ആയും സങ്കല്‍പിക്കാം.  വേദാന്ത തത്വം അനുസരിച്ച്‌ ബ്രഹമാണ്ഡത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ ആയ പഞ്ചഭൂതങ്ങളുടെ പഞ്ചീകരണപ്രക്രിയമൂലം ഉണ്ടായ മനുഷ്യശരീരം സ്ഥൂലവും പ്രത്യക്ഷത്തില്‍ ദൃശ്യവുമാണ്. ഇവയ്ക്ക്  ബാഹ്യമായി  പല ഭേദങ്ങള്‍ ഉണ്ട്‌. ജീവനുള്ള ഈ ശരീരത്തിലെ ആത്മാവ് സൂക്ഷ്മവും അതോടൊപ്പം അദൃശ്യവുമാണു.  ഈ തത്വ പ്രകാരം വാസ്തുവില്‍ വാസ്തു പുരുഷന്,  മനുഷ്യന്റെ  സൂക്ഷ്മശരീരത്തിലെ ആത്മാവിനോടും വാസ്തു പുരുഷന്‍ നില്‍ക്കുന്ന വാസ്തുമണ്ഡലങ്ങളിലെ നിര്‍മ്മിതി സ്ഥലം, മനുഷ്യന്റെ  ഭേദാധിഷ്ഠിതമായ സ്ഥൂല ശരീരത്തോടും താദാത്മ്യം പ്രപിക്കുന്നത്‌ കാണാം .

 സാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി എന്ത്‌ ഉദ്ദേശത്തോടെ ആണോ , ആഹാര വ്യായാമാദി ജീവിത ക്രമങ്ങള്‍ അടങ്ങിയ ദിനചര്യകളോടെ മനുഷ്യര്‍ ശരീരം ബാഹ്യമായി സംരക്ഷിച്ചു നിര്‍ത്തുന്നത്, അതുപൊലെ തന്നെയാണ്  വാസ്തുവില്‍ വാസ്തുമണ്ഡലങ്ങളുടെയും നിര്‍മ്മിതിയുടെയും രൂപവും ഭാവവും ഭേദവും താളവും. ഇവ പ്രകൃതിയുടെ സാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി നിയമങ്ങളാല്‍ ബാ ഹ്യമായി ക്രമീകരിക്കപ്പെടുന്നു .

ആദ്ധ്യാത്മികതയില്‍ അധിഷ്ഠിതമായി ഇന്ദ്രിയങ്ങളെയും മനോബുദ്ധി അഹങ്കാരങ്ങളെയും നിയന്ത്രിച്ച്‌ ഒരു ജ്ഞാനി അഥവാ യോഗി പ്രാണ ശക്തിയെ ഉണര്‍ത്തി സഹസ്രാരപദ്മത്തില്‍ എത്തിച്ച്‌ സ്വന്തം ആത്മാവിനെ അറിഞ്ഞ്‌ ‘സര്‍വ്വം ബ്രഹ്മമയം’ അതായത്‌ ‘തത്ത്വമസി’ എന്ന അവസ്ഥയില്‍ എത്തുന്നതിന്റെ ലഘുവായ പതിപ്പാണു സാധാരണ മനുഷ്യര്‍ക്ക്‌ വേണ്ടി ആചാര- അനുഷ്ഠാനങ്ങളാല്‍ ചിട്ടപെടുത്തി നിയന്ത്രിതമാക്കിയ ഭക്തി പൂര്‍വ്വമുള്ള ഈശ്വരപൂജാദി കര്‍മ്മങ്ങള്‍ . ഇതിന്റെയും ലക്ഷ്യം ആത്മ ശുദ്ധി നേടി ബ്രഹ്മാവസ്ഥ  പ്രാപിക്കുക എന്നുള്ളത്  തന്നെ.  കലികാല മനുഷ്യരുടെ മനോ-ബുദ്ധി നിയന്ത്രണങ്ങളുടെ  കാര്യശേഷി മുന്‍കൂട്ടി കണ്ടുകൊണ്ടു ഋഷിവര്യന്‍മാരിലൂടെ ആര്‍ഷസംസ്കൃതിക്ക്‌ ലഭിച്ച സംഭാവനയാണ് ഇത് .

 ഭഗവത്‌ ഗീതയും പറയുന്നത്‌ ഇത്‌ തന്നെ….
 “ക്ഷേത്രക്ഷേത്രജ്ഞയോരേവമന്തരം ജ്ഞാന ചക്ഷുഷാ
 ഭൂതപ്രകൃതി മോക്ഷം ച യേ വിദുര്യാന്തി തേ പരം”(13-24)
ദേഹം എന്നത്‌ ക്ഷേത്രവും ദേഹത്തെ അറിയുന്ന ബോധം ക്ഷേത്രജ്ഞനെന്നും…
ഇതേ തത്വ പ്രകാരമുള്ള  ആന്തരികമായ  ക്രമീകരണങ്ങളാണു , വാസ്തുമണ്ഡലങ്ങളെയും നിര്‍മ്മിതിയേയും വ്യക്തമായ അളവുകളാല്‍ നിയന്ത്രിച്ച്‌ വാസ്തുവിനെയും അതിലെ ആത്മാവായ വാസ്തുപുരുഷനെയും ശുദ്ധനാക്കി സ്വസ്ഥനാക്കുന്ന ഈശ്വരീയ കര്‍മങ്ങള്‍. അതായത്‌, ഗണപതി ഹോമം ,ഭഗവതി സേവ, വാസ്തു ബലി തുടങ്ങിയവ. പ്രകൃതിയും അവിടെയുള്ള നിര്‍മ്മിതിയും പരസ്പരം പരിപൂരകങ്ങളായി നിലനിന്നാല്‍ മാത്രമേ ആ സ്ഥലത്ത്‌ സുഖകരമായ അവസ്ഥ അനുഭവപെടുകയുള്ളൂ.  നിഗൂഢ വേദാന്ത രഹസ്യങ്ങള്‍ ലളിതമായി സാധാരണ ജനങ്ങള്‍ക്ക്‌ മനുസിലാകുന്ന വിധത്തില്‍ വാസ്തു പുരുഷ സങ്കല്‍പത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.

 വാസ്തുവില്‍ ഗ്രഹങ്ങളുടെ സ്വാധീനം

 “അന്നാദ്‌ ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ
യജ്ഞാദ്‌ ഭവതി പര്‍ജന്ന്യ യജ്ഞഃ കര്‍മ സമുദ്ഭവഃ” ഗീത (3-14)
 മനുസ്മൃതിയില്‍ ‘ആദിത്യാജായതേ വൃഷ്ടിഃ വൃഷ്ടേരണ സമുത്ഭവഃ’  എന്നാണു പറയുന്നത്‌.

 ആദിത്യന്റെ  കര്‍മത്തില്‍  നിന്ന്‌ മഴയുണ്ടാകുന്നു,   മഴയില്‍നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ആഹാര സാധനം ഉണ്ടാകുന്നു, ആഹാര സാധനങ്ങളുടെ രസത്തില്‍ നിന്ന്‌ ജീവികള്‍ ഉണ്ടാകുന്നു.

ജലത്തെ ആവിയാക്കുന്നതാണല്ലോ ആദിത്യന്‍റെ പ്രധാന കര്‍മം . ഇതിലൂടെ ജീവികളുടെ ഉത്പത്തിയും നിലനില്‍പും അടങ്ങിയിരിക്കുന്നു. അഥര്‍വ വേദപ്രകാരം നവഗ്രഹങ്ങളില്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്‌ സൂര്യനാണ്. പടിഞ്ഞാറി നിന്ന്‌ സൂര്യനു അഭിമുഖമായി കിഴക്കോട്ടു തിരിയുകയാണു ഭൂമി. ഇതേ പോലെ തന്നെ ആണു മറ്റുഗ്രഹങ്ങളും  –  12 മാസങ്ങളിലായി സൂര്യന്റെ  വ്യത്യസ്ത സ്വഭാവത്തിലുള്ള മാറ്റങ്ങളും ഋതുക്കളുടെ വ്യത്യസ്ത ഭാവങ്ങളൂം ഉള്‍പ്പടെ ആകെ 21 കലകള്‍ ഭൂമിയേയും ഭൂമിയിലെ മനുഷ്യന്‍ ഉള്‍പ്പടെയുള്ള സമസ്ത ജീവജാലങ്ങളുടെയും എല്ലാ അംശങ്ങളെയും വ്യക്തമായി സ്വാധീനിക്കുന്നുണ്ട്‌. സൂര്യ ചന്ദ്രാദിഗ്രഹങ്ങളുടെ 21 രീതിയിലുള്ള സ്വാധീനം എന്ന തത്വം  ജ്യോതിഷത്തില്‍ എന്ന പോലെ വാസ്തുപുരുഷനിലും ദര്‍ശിക്കാം.

 പൌരാണിക മതപ്രകാരം പല വിധ ജ്യാമിതിയ രൂപങ്ങള്‍ ഉള്ള വാസ്തുപുരുഷ മണ്ഡലത്തില്‍ 45 ദേവന്‍മാരാല്‍ അടക്കി നിര്‍ത്തപ്പെട്ടിരിക്കുന്ന വാസ്തുപുരുഷന്‍ വളരെ സ്വസ്ഥമായി കൈകളും കാലുകളും നീട്ടി കിടക്കുന്ന മനുഷ്യ രൂപമായാണു നിര്‍വചിക്കുന്നത്.  ആറു എല്ലുകളും ഒരു ഹൃദയവും നാലു മര്‍മ്മസ്ഥാനങ്ങളും നാലു കോണോടു കോണ്‍ വരകളുമുള്ള വാസ്തു പുരുഷനെ ഒരു കെട്ടിടത്തിന്റെ  ആത്മാവായാണു ‘മയമത’ യില്‍ വ്യാഖ്യാനിക്കുന്നത്‌. കോണോടു കോണ്‍ ഉള്ള വരകള്‍  ശരീരത്തിലെ നാഡീവ്യൂഹത്തിനും രക്തധമനികള്‍ക്കും സമാന്തരമായി സ്ഥിതിചെയ്യുന്നു. kerala home

പഞ്ച ഭൂതങ്ങളായ ജലം, അഗ്നി, ഭൂമി, വായു ,ആകാശം എന്നിവയില്‍ ജലത്തിന്നു  വടക്ക്‌-കിഴക്ക്‌ ദിശയും അഗ്നിക്ക്‌ തെക്ക്‌-കിഴ ക്ക്‌  ദിശയും ഭൂമിക്ക്‌ തെക്ക്‌-പടിഞ്ഞാറു ദിശയും വായുവിനു വടക്ക്‌-പടിഞ്ഞാറു ദിശയും ആകാശത്തിനു ബ്രഹ്മസ്ഥാനം എന്ന ഭാഗവും വാസ്തുവിലെ നിര്‍മ്മിതിയില്‍  പ്രധാന പങ്കു വഹിക്കുന്നത്‌ കാണാം.

 ഒരു മനുഷ്യ ജന്‍മം ഭൂമിയില്‍ പിറവി എടുക്കുന്നതിനു സമാനമാണു ഒരു കെട്ടിടത്തിന്‍റെ  ജനനം. മാതാവിന്‍റെ  ഉദരത്തില്‍ ഒരു ശിശു വളരുന്നതു പോലെയാണു ഘട്ടംഘട്ടമായുള്ള  കെട്ടിടത്തിന്‍റെ നിര്‍മിതിയും.  മനുഷ്യരുടെ ജീവിതത്തില്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ട്  എങ്കില്‍ അതേ സ്വാധീനം നിര്‍മ്മിതികളിലും ഉണ്ടാവും.  അതുകൊണ്ടാണു ഗൃഹനിര്‍മാണത്തിനുള്ള മുഹൂര്‍ത്തത്തോടൊപ്പം ഗൃഹ പ്രവേശത്തിനുള്ള മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യംഉണ്ടാകുന്നത്‌. അതു പോലെ തന്നെയാണ്  ഗൃഹസ്ഥന്റെ  ജന്‍മനക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള ഗൃഹത്തിന്റെ  നാമവും.

 

 പ്രാചീനമായ ചില ഏടുകള്‍

 

 സിന്ധു നദീതട സംസ്കാരത്തിന്‍റെ  അവശിഷ്ടങ്ങളില്‍ നിന്നും വേദകാലത്തിനു മുമ്പേ വാസ്തു വിദ്യയുടെ സാന്നിധ്യം  ഭാരതത്തില്‍ നില നിന്നിരുന്നു എന്ന്‌ മനസ്സിലാക്കാം.  ഋഗ്വേദത്തിലും അതിലുപരി  അഥര്‍വ്വവേദത്തിലും വാസ്തു വിദ്യയെപ്പറ്റി  വ്യക്തമായ  പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്‌. അഥര്‍വ വേദം തന്നെയാണ്  ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്‌. പുരാണങ്ങളില്‍ ദേവശില്‍പിയായി വിശ്വകര്‍മാവിനെയും  അസുരശില്‍പിയായി  മയനെയും ചിത്രീകരിച്ചിരിക്കുന്നത്‌ കാണാം.

ഇതിഹാസങ്ങളിലും ബുദ്ധമത സംഹിതകളിലും വാസ്തു ശാസ്ത്രത്തെ ക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ദര്‍ശിക്കാം. കൌടില്യന്റെ  ‘അര്‍ത്ഥശാസ്ത്ര’ത്തിലും  നാലാം നൂറ്റാണ്ടില്‍ വിരചിതമായ ‘മത്സ്യപുരാണ’ത്തിലും ആറാം നൂറ്റാണ്ടില്‍  ജ്യോതിഷാചാര്യനായ വരാഹമിഹരന്‍ രചിച്ച ‘ബൃഹത്‌ സംഹിത’യിലും ഇതിനെ പറ്റി വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്‌. ഇന്ന്‌ നിലനില്‍ക്കുന്ന വാസ്തുവിദ്യയിലെ പല നിയമങ്ങളും ‘ബൃഹത്‌ സംഹിത’യില്‍ കാണാം . 

 പ്രപഞ്ച നിയമാനുസൃതമായി ഒരു വസ്തു രൂപകല്‍പന ചെയ്താല്‍ അത്‌ പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കും എന്ന തത്വം  ഭൂമിയുടെ  ദേവനില്‍ക്കൂടി വാസ്തുവിലും ദര്‍ശിക്കാം.

വാസ്തു ഒരു വേദശാസ്ത്രം Reviewed by on . "വസന്തി പ്രാണിനാഃ യത്ര" ഏതൊരു സ്ഥലത്ത്‌ എല്ലാ ജീവജാലങ്ങളും പ്രകൃതിയും പരസ്പരം സൌഹാര്‍ദ്ദപരമായി ജീവിക്കുന്നുവോ ആ സ്ഥലമാണു വാസ്തു".  വസ്‌" എന്ന ധാതുവില്‍ നിന്നാണു "വസന്തി പ്രാണിനാഃ യത്ര" ഏതൊരു സ്ഥലത്ത്‌ എല്ലാ ജീവജാലങ്ങളും പ്രകൃതിയും പരസ്പരം സൌഹാര്‍ദ്ദപരമായി ജീവിക്കുന്നുവോ ആ സ്ഥലമാണു വാസ്തു".  വസ്‌" എന്ന ധാതുവില്‍ നിന്നാണു Rating: 0

About nammudemalayalam

scroll to top