Home » കുട്ടികളുടെ ലോകം » പൂച്ചയെ പറ്റിച്ച എലി

പൂച്ചയെ പറ്റിച്ച എലി

 

കൊച്ചുകൂട്ടുകാര്‍ക്കായിതാ “പൂച്ചയെ പറ്റിച്ച എലിയുടെ” രസകരമായ ഒരു കഥ.
 

tom-and-jerry-cartoonsപണ്ട് പൂച്ചയും എലിയും വലിയ സുഹൃത്തുക്കളായിരുന്നു. ഒരു ദ്വീപിലാണ് അവര്‍ താമസിച്ചിരുന്നത്. അന്ന് അവരുടെ ജീവിതം വളരെ സന്തുഷ്ട്മായിരുന്നു. പൂച്ചയ്ക്ക് പിടിച്ചു തിന്നാന്‍ പക്ഷികള്‍ ഉണ്ടായിരുന്നു. എലിക്ക് തിന്നാന്‍ വേരുകളും അണ്ടിപരിപ്പുകളും സുലഭമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എലി പറഞ്ഞു. “ഈ ദ്വീപിലെ താമസം അറുമുഷിപ്പാണ്. നമുക്ക് ഏതെങ്കിലും ഒരു ഗ്രാമത്തിലേക്കു താമസം മാറാം. അവിടെ പക്ഷികളുടെ പിന്നാലെ ഓടാതെ നിനക്ക് ഭക്ഷണം കിട്ടും. മണ്ണുതുരക്കാതെ എനിക്കും തിന്നാനുള്ളതു കിട്ടും.”

“നിന്‍റെ അഭിപ്രായം കൊള്ളാം” പൂച്ച പറഞ്ഞു.

“പക്ഷേ നമ്മള്‍ എങ്ങനെയാ സമുദ്രം കടക്കുന്നത്‌?”

“അതിനു പ്രയാസമില്ല. നമുക്കു കപ്പവേരുകൊണ്ട് ഒരു വള്ളമുണ്ടാക്കാം.”

ഉടനെ രണ്ടുപേരും കൂടി ഒരു മുട്ടന്‍ കപ്പക്കിഴങ്ങു തുരന്നെടുത്ത് വള്ളം പണി തുടങ്ങി. എലി കരണ്ടു കരണ്ട് തനിക്കും ചങ്ങാതിക്കും കേറിയിരിക്കാന്‍ വേണ്ടത്ര സ്ഥലമുണ്ടാക്കി. വള്ളത്തിന്‍റെ പിന്‍ഭാഗം മിനുസപ്പെടുത്തിയത് പൂച്ചയാണ്. പിന്നെ രണ്ടു തുഴയുണ്ടാക്കി അവര്‍ യാത്രപുറപ്പെട്ടു.

ഒത്തിരി തുഴഞ്ഞിട്ടും അവര്‍ ഗ്രാമത്തിലെത്തിയില്ല. തീറ്റയൊന്നും കരുതിയിരുന്നില്ല. കുറേനേരം കഴിഞ്ഞപ്പോള്‍ പൂച്ച ‘മ്യാവൂ മ്യാവൂ’ എന്നു കരയാന്‍ തുടങ്ങി. അതിന്‍റെ അര്‍ത്ഥം ‘വിശക്കുന്നു വിശക്കുന്നു , എന്നാണ്.

എലി ‘കീ, കീ’ എന്നു കരഞ്ഞു. അതിന്‍റെ അര്‍ത്ഥവും ‘വിശക്കുന്നു, വിശക്കുന്നു’ എന്നാണ്.

എത്ര കരഞ്ഞിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. അവരുടെ വിശപ്പ്‌ അടിക്കടി കൂടിയതേയുള്ളൂ. ഒടുവില്‍ കരഞ്ഞു കരഞ്ഞ് അവശനായ പൂച്ച തളര്‍ന്നു കിടന്നുറക്കമായി. എലിയും കരഞ്ഞുകൊണ്ട് വള്ളത്തിന്‍റെ മറുവശത്ത് കിടപ്പായി.

എന്നാല്‍ തന്ത്രശാലിയായ എലി പൂച്ചയെപ്പോലെ ബോധം വിട്ടുറങ്ങിയില്ല. അവന്‍ തല പുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങി. വഞ്ചിയുണ്ടാക്കിയിരിക്കുന്നത് കപ്പകൊണ്ടെന്ന കാര്യം അവന് പെട്ടെന്ന് ഓര്‍മ്മവന്നു. അവന്‍ കിടന്നുകൊണ്ട് വള്ളം കരണ്ടു. നല്ല സ്വാദ്! കരണ്ട് കരണ്ട് അവിടം തീര്‍ന്നു.

“എന്താ പതിവില്ലാത്തൊരു ശബ്ദം?” പൂച്ച വിളിച്ചു ചോദിച്ചു. പക്ഷേ, സൂത്രക്കാരനായ എലി ഒന്നും മിണ്ടാതെ ഉറക്കം ഭാവിച്ചു കിടന്നു. ‘ഞാന്‍ സ്വപ്നം കണ്ടതായിരിക്കും’ പൂച്ച വിചാരിച്ചു. എന്നാല്‍ എലി വീണ്ടും കരണ്ടാന്‍ തുടങ്ങി.

പൂച്ചയ്ക്ക് വീണ്ടും സംശയം. “ഇതെന്തു കഥ? ഞാന്‍ വീണ്ടും സ്വപ്നം കാണുന്നല്ലോ?” ഇങ്ങനെ വിചാരിച്ചുകൊണ്ട്  പൂച്ച ഉറങ്ങാന്‍ തുടങ്ങി. എലി വള്ളത്തിന് ദ്വാരം ഉണ്ടാക്കി. വെള്ളം അകത്തു കടന്നു.

പൂച്ച പരിഭ്രമത്തോടെ ചാടിയെണീറ്റു. എലി ഒന്നുമറിയാത്ത മട്ടില്‍ വള്ളത്തിന്‍റെ ഒരു മൂലയ്ക്ക് കയറിയിരിപ്പായി.

‘മ്യാവൂ, മ്യാവൂ’ വിളിച്ചുകൊണ്ട് പൂച്ച മറ്റേ അറ്റത്തും.

“നീ എന്നെ പറ്റിച്ചു “ പൂച്ച എലിയെ കുറ്റപ്പെടുത്തി.

“എനിക്കു വിശന്നില്ല.” എലി പറഞ്ഞു.

അപ്പോഴേക്കും വള്ളം മിക്കവാറും മുങ്ങിക്കഴിഞ്ഞിരുന്നു. രണ്ടു പേര്‍ക്കും നീന്താതെ വയ്യെന്നായി. പൂച്ചയ്ക്ക് അസഹ്യമായ ദേഷ്യം വന്നു. “ഞാന്‍ നിന്നെ വിഴുങ്ങും.” പൂച്ച എലിയെ ഭീഷണിപ്പെടുത്തി.

“വിഴുങ്ങിക്കോ. പക്ഷേ, കരയില്‍ ചെന്നിട്ടു പോരെ?”

രണ്ടു പേരും നീന്തി കരയിലെത്തി. “തയ്യാറായിക്കോ, ഞാന്‍ നിന്നെ വിഴുങ്ങാന്‍ പോവുകയാണ്” പൂച്ച പറഞ്ഞു.

“ഛീ! ഛീ! ഈ വെള്ളമൊന്നു തോര്‍ത്തട്ടെ. നമുക്ക് അല്പനേരം വെയിലത്തിരിക്കാം.” ആ അഭിപ്രായം പൂച്ച ശരിവെച്ചു.

3731269707_4344e7d079രണ്ടു പേരും കരയ്ക്കിരുന്നു വെയിലുകായാന്‍ തുടങ്ങി. പൂച്ച തന്‍റെ ഉടുപ്പിന്‍റെ ചന്തം നോക്കി രസിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് എലി ഇരിക്കുന്നിടം തുരക്കുകയായിരുന്നു.

“ഓ… നേരം പോയി. ഞാന്‍ നിന്നെ വിഴുങ്ങാന്‍ ഒരുങ്ങുകയാണ്.” പൂച്ച പറഞ്ഞു തീര്‍ന്നതും എലി മാളത്തിലേക്കു വലിഞ്ഞതും ഒപ്പമായിരുന്നു  പൂച്ച വിഡ്ഢിയായി. “എടാ കള്ളക്കഴുവേറി, നീ ഇറങ്ങിവരുന്നതുവരെ ഞാനിവിടെയിരിക്കും.”

“ഇരുന്നോ! ഇരുന്ന്, സുഖമായി ഉറങ്ങിക്കോ.” എലി കളിയാക്കി. അപ്പോഴും അവന്‍ തുരക്കള്‍ പണി നിര്‍ത്തിയില്ല. ദിവസം മുഴുവന്‍ കാത്തിരുന്നിട്ടും എലി പുറത്തിറങ്ങിയില്ല. രാത്രിയായപ്പോഴേക്കും അവന്‍ ഒത്തിരി അകലെയുള്ള മരച്ചുവട്ടിലൂടെ പൂച്ച അറിയാതെ തടിതപ്പുകയും ചെയ്തു. പൂച്ച എലിയെ അവിടെത്തന്നെ കാത്തിരുന്നു.

അന്നു മുതല്‍ എലി പൂച്ചയുടെ ശത്രുവായി. തന്നെ കബളിപ്പിച്ച എലിയെ പിടിക്കാന്‍ തക്കം പാര്‍ത്ത് നടപ്പായി. എലിക്ക് പൂച്ചയുടെ തന്ത്രം മനസ്സിലായതുകൊണ്ട് പിന്നെ കരുതിയേ പുറത്തിറങ്ങാറുള്ളൂ.

 

 

പൂച്ചയെ പറ്റിച്ച എലി Reviewed by on .   കൊച്ചുകൂട്ടുകാര്‍ക്കായിതാ "പൂച്ചയെ പറ്റിച്ച എലിയുടെ" രസകരമായ ഒരു കഥ.  പണ്ട് പൂച്ചയും എലിയും വലിയ സുഹൃത്തുക്കളായിരുന്നു. ഒരു ദ്വീപിലാണ് അവര്‍ താമസിച്ചിരുന   കൊച്ചുകൂട്ടുകാര്‍ക്കായിതാ "പൂച്ചയെ പറ്റിച്ച എലിയുടെ" രസകരമായ ഒരു കഥ.  പണ്ട് പൂച്ചയും എലിയും വലിയ സുഹൃത്തുക്കളായിരുന്നു. ഒരു ദ്വീപിലാണ് അവര്‍ താമസിച്ചിരുന Rating: 0

About nammudemalayalam

scroll to top