Home » ആധ്യാത്മികം » തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ഭഗവതി ക്ഷേത്രം

തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ഭഗവതി ക്ഷേത്രം

വി.പി. സുനില്‍

പാലക്കാട് ചിറ്റൂര്‍ റോഡില്‍ 5 കിലോ മീറ്റര്‍ അകലെ കൊടുമ്പിലാണ് തിരുവാലത്തൂര്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  ഉഗ്രപ്രതാപിയായ മഹിഷസുരമര്‍ദ്ദിനിയും ശാന്തസ്വരൂപിണിയായ അന്നപൂര്‍ണ്ണേശ്വരിയുംmaa-durga-1r ഒരേ മതില്‍കെട്ടില്‍ കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രം.

പരശുരാമ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണിതെന്ന് ഐതിഹ്യമുണ്ട്.  പരശുരാമ മഹര്‍ഷിയ്ക്ക് ഈ സ്ഥലം ഇഷ്ടമാവുകയും  പരാശക്തിയെ ഉപാസിച്ച് തപശക്തിയുടെ ഫലത്താല്‍ പ്രകാശ രൂപത്തില്‍ ഭഗവതി പ്രത്യക്ഷപ്പെടുകയും ഈ ചൈതന്യത്തെ നിര്‍ഗുണത്തില്‍ ലയിപ്പിക്കാതെ ലോകോപാകരത്തിനു നിലനിര്‍ത്തുകയും ചെയ്തുവത്രേ.  യുഗങ്ങള്‍ക്കുശേഷം മഹാനായ ഒരു സ്വാമിയാര്‍ ഭഗവതിയെ സാത്വിക രൂപത്തില്‍ ഉപാസിച്ചതിന്‍റെ ഫലമായി സാത്വികഭാവത്തിലുള്ള ഒരു ക്ഷേത്രവും കൂടി ആവിര്‍ഭവിയ്ക്കുകയും ഭഗവതിയുടെ രൗദ്രഭാവത്തിലും സൗമ്യഭാവത്തിലുമുള്ള രൂപത്തില്‍ തുല്യ പ്രാധാന്യത്തോടെ ക്ഷേത്രങ്ങള്‍ നിലകൊള്ളുകയും ചെയ്തു.

മഹിഷസുരമര്‍ദ്ദിനി ദേവി ശ്രീലകത്ത് ഒരാള്‍ പൊക്കത്തില്‍ രൗദ്രഭാവത്തില്‍ ഒരൊറ്റ ദാരുവില്‍ അഷ്ടഭുജങ്ങളില്‍ ശംഖ്‌, ചക്ര, ഗദാപത്മത്തോടുകൂടിയാണ് കാണപ്പെടുന്നത്. ദേവിയുടെ ഉ ഗ്രത വര്‍ദ്ധിപ്പിയ്ക്കാതെ,  ഭക്തര്‍ക്ക് അഭയം തേടാവുന്ന രീതിയില്‍ താന്ത്രിക വിധിക്കനുസരിച്ച് മറ്റൊരു പ്രതിഷ്ഠ നടത്തി പൂജകള്‍ അവിടെ നടത്താന്‍ തുടങ്ങി.

വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളി ബ്രാഹ്മണര്‍ ഈ പ്രദേശത്ത് നിന്നും ദേശാടനം ചെയ്തപ്പോള്‍ പരദേശത്തുനിന്നും  ബ്രാഹ്മണര്‍ അധിവസിച്ചു വത്രേ . തൃശ്ശിവപേരൂര്‍  ആസ്ഥാനമായ ശ്രീശങ്കര മഠങ്ങളില്‍ ചെന്ന് പരിഹാരം കാണാന്‍ സ്വാമിയാരോട് അപേക്ഷിച്ചപ്പോള്‍ മഹിഷാസുരമര്‍ദ്ദിനിയുടെ അനുഗ്രഹത്തിനായി ശാന്തത വരുത്തി അഭയം തേടണമെന്നായിരുന്നു കല്പന. തുടര്‍ന്ന് മൂപ്പില്‍ സ്വാമിയാരുടെ ജ്ഞാന ദൃഷ്ടിയിലൂടെ  മഹിഷാസുരമര്‍ദ്ദിനിയുടെ ഇടതുഭാഗത്ത് സ്വയംഭൂവായി ദര്‍ശിച്ച ദേവചൈതന്യത്തെ അന്നപൂര്‍ണ്ണേശ്വരിയായി പ്രതിഷ്ഠിച്ച് ക്ഷേത്ര നിര്‍മ്മാണം  നടത്തിയെന്നാണ് ഐതിഹ്യം.

മഹിഷാസുരമര്‍ദ്ദിനിയുടെ ബലിക്കല്ല് വളരെ ഉയരത്തില്‍ മേല്‍പുരയില്ലാതെയാണ്  പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയുടെ   ദൃഷ്ടി മറയ്ക്കത്തക്ക വിധമാണ് പണി കഴിപ്പിച്ചിരിക്കുന്നത്.  ഇന്നും ദേവിയുടെ നേര്‍ദൃഷ്ടിയില്‍ ക്ഷേത്രത്തിന് പുറത്ത് ഒന്നും വാഴില്ല എന്നൊരു വളരെ ശക്തമായ  വിശ്വാസം ഉണ്ട്.

മുന്‍കാലങ്ങളില്‍ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ ക്ഷേത്രത്തില്‍ തന്നെ സ്ഥിര താമസമായിരിക്കും .  പിന്നീട്‌ ആ സ്ഥിതി മാറി ,  പൂജാരികള്‍ അന്യസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും പൂജയ്ക്ക് പോയിത്തുടങ്ങി .  അത്തരത്തില്‍ ഈ ക്ഷേത്രത്തിലെ മേല്‍ശാന്തിയും ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുര വാതില്‍ കടന്നു വയലിന്‍റെ നടുവിലൂടെ നടന്നു പോകുമ്പോള്‍ കൃഷിപ്പണി ചെയ്തു കൊണ്ടിരുന്ന ഒരു സ്ത്രീ അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി.  മേല്‍ശാന്തി സ്ത്രീയെ ശപിച്ച് ഒരു കല്ലാക്കി മാറ്റി.  ആ സമയത്ത് സ്ത്രീയുടെ കയ്യില്‍ ഒരു കുഞ്ഞും ഉണ്ടായിരുന്നു.  ആ കുഞ്ഞും കല്ലായിത്തീര്‍ന്നു.  ഇവരുടെയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഇപ്പോഴും ക്ഷേത്രത്തിന്‍റെ തെക്ക് ഭാഗത്തായി 200  മീറ്റര്‍ അകലെ നെല്‍പാടങ്ങള്‍ക്കു നടുവില്‍ കല്‍രൂപം നിലനില്‍ക്കുന്നുണ്ട്.

അന്നപൂര്‍ണ്ണേശ്വരിയുടെ തിരുനടയില്‍ അന്നദാനം ഒരു പതിവായിരുന്നു .  ഭക്തജനങ്ങള്‍ ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരമായും ഈ ഭോജനത്തെ കണ്ടിരുന്നു.  ഇപ്പോള്‍ ഉത്സവ കാലത്ത് 10 ദിവസവും അന്നദാനം നടത്തി വരുന്നു.  ഊട്ടുപുരയോട് ചേര്‍ന്നുള്ള കിണറ്റിലെ വെള്ളം ഒരിക്കലും വറ്റില്ലെന്ന് മാത്രമല്ല പരിസരത്ത് മറ്റു കിണറ്റിലെ വെള്ളത്തില്‍ നിന്നും വിഭിന്നമായി ഒരു പ്രത്യേക സ്വാദ് അനുഭവപ്പെടുന്നുണ്ടത്രേ.

ഒരു പ്രത്യേക രീതിയിലാണ് ക്ഷേത്രത്തിന്‍റെ ചുറ്റുമതില്‍ പണിതിരിക്കുന്നത്.  ഭാരമുള്ള കരിങ്കല്‍ സ്തൂപങ്ങള്‍ അടുക്കി വച്ചാണ് ചുറ്റു മതില്‍ നിര്‍മിച്ചിരിക്കുന്നത്.  ഒരു ദിവസം അത്താഴപൂജയ്ക്ക് ശേഷം നടയടച്ചു പോയ മേല്‍ശാന്തി അദ്ഭുതകരമായ ഒരു കാഴ്ച കണ്ട് അമ്പരന്നുപോയി.  തലേ ദിവസം വരെ ഉണ്ടായിരുന്ന സാധാരണ അതിര്‍ കുറ്റികള്‍ക്ക് പകരം  നാലാള്‍ പൊക്കത്തില്‍ നിര്‍മിച്ച കരിങ്കല്‍ ഭിത്തിയാണ് അദ്ദേഹത്തിന്കാ ണാന്‍ കഴിഞ്ഞത് .  അമ്പരപ്പിന്‍റെ ആധിക്യത്തില്‍ നിലവിളിച്ചു പോയ മേല്‍ശാന്തിയുടെ ശബ്ദം കേട്ട് മറുവശത്ത് പണി ചെയ്തത് കൊണ്ടിരുന്ന ദേവിയുടെ ഭൂതഗണങ്ങള്‍ നിര്‍മാണം മതിയാക്കി ഓടിയകന്നുവത്രേ.  ഇത് പൂര്‍ത്തിയാക്കാന്‍ ഇന്നും ജനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പറയപ്പെടുന്നു.

തിരുവാലത്തൂര്‍ എന്ന പേരിനും ഒരു ഐതീഹ്യമുണ്ടത്രെ.  ദേവി കുടികൊള്ളുന്നതിന്‍റെ  ഇടതു വശത്ത് കൂടി ശോകനാശിനി എന്ന നദി ഒഴുകിയിരുന്നു .  പിന്നീട് ദേവി അതിന്‍റെ ഗതി മാറ്റി വലത്തുവശത്തു കൂടിയാക്കി.   വലതു വശത്ത് കൂടി നദി (ആറ് )  ഒഴുകുന്ന പ്രദേശം എന്ന് ധ്വനിപ്പിക്കുന്ന വിധത്തില്‍ ശുഭസൂചകമായി  ‘ തിരു’ കൂട്ടിച്ചേര്‍ത്ത്  പ്രദേശം തിരുവലത്താറ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.  മനുഷ്യ ജീവിതത്തിലെ ശോകങ്ങള്‍ മാറ്റാന്‍ ദേവി മഹിഷാസുര മര്‍ദ്ദിനിയുടെ സാനിദ്ധ്യത്താല്‍  പുഴയുടെ ഈ ഭാഗത്ത് കുളിച്ചു  ദര്‍ശനം നടത്തുന്നവര്‍ക്ക്  ശോകത്തിനു അറുതി വരുമെന്നും പറയപ്പെടുന്നു.

വൃശ്ചികമാസത്തില്‍ തൃക്കാര്‍ത്തിക നാളില്‍  ഒന്‍പതാം ദിവസമായി വരുന്ന രീതിയില്‍ ഉത്സവത്തിനു കൊടിയേറ്റം നടത്തുന്നു.  10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവനാളുകളില്‍ ഉത്സവബലി ചടങ്ങ് രണ്ട് ക്ഷേത്രങ്ങളില്‍ വെവ്വേറെ ദിവസങ്ങളില്‍ നടത്തപ്പെടുന്നു.  രാവിലെ രണ്ടു ദേവിമാരും ആറാട്ടിന് പുറപ്പെടുന്നു.  നീരാടിയത്തിനു ശേഷം അടുത്തുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷം പാണ്ടിമേളത്തിന്‍റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് മടങ്ങുന്നു.  വൈകുന്നേരങ്ങളില്‍ പഞ്ചവാദ്യത്തോടെയുള്ള കാഴ്ച്ച ശീവേലിയും ഉണ്ട്.

കാര്‍ത്തികനാളില്‍ കാര്‍ത്തിക സദ്യ ഗംഭീരമായി നടത്തപ്പെടുന്നു .  ഉത്സവത്തിന്‍റെ പത്താം ദിവസം  ആറാട്ടുസദ്യ ഉണ്ട്. പതിനായിരത്തില്‍പരംകല്‍വിളക്കുകളില്‍ ദീപം തെളിയിച്ചു മനോഹരമായ ദീപക്കാഴ്ച്ചയും ഉണ്ട്.

പള്ളിവേട്ട ഒരു പ്രധാന ചടങ്ങാണ് .  ദേവി ആനപ്പുറത്ത് എഴുന്നള്ളി നിശബ്ദയായി നായാട്ടിനു പോയ ശേഷം പള്ളിയാളില്‍ നിന്നും വേട്ടയാടി ജനങ്ങളുടെ ആര്‍പ്പുവിളികളോടെ തിരിച്ചു വരുന്നതാണിത്.  പിന്നീട് പള്ളിയുറക്കം .

പശുക്കിടാവിനെ കണികണ്ട് ഉണരുന്ന ദേവിമാര്‍ കൊടിയിറക്കി ആറാട്ടിന് പോകുന്നു .  ആനപ്പുറത്ത് തിരിച്ചു വരുന്ന ദേവിമാര്‍ ആനയോട്ടത്തോട്‌ കൂടി മൂന്ന് പ്രദക്ഷിണം വച്ച് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചതിനു ശേഷം ഉച്ചക്ക് ആറാട്ടു സദ്യയോടുകൂടി ഉത്സവ ചടങ്ങുകള്‍ അവസാനിക്കുന്നു.

 

തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ഭഗവതി ക്ഷേത്രം Reviewed by on . പാലക്കാട് ചിറ്റൂര്‍ റോഡില്‍ 5 കിലോ മീറ്റര്‍ അകലെ കൊടുമ്പിലാണ് തിരുവാലത്തൂര്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  ഉഗ്രപ്രതാപിയായ മഹിഷസുരമര്‍ദ്ദിനിയും ശാന്തസ്വരൂപ പാലക്കാട് ചിറ്റൂര്‍ റോഡില്‍ 5 കിലോ മീറ്റര്‍ അകലെ കൊടുമ്പിലാണ് തിരുവാലത്തൂര്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  ഉഗ്രപ്രതാപിയായ മഹിഷസുരമര്‍ദ്ദിനിയും ശാന്തസ്വരൂപ Rating: 0

About nammudemalayalam

scroll to top