Home » കുടുംബം » മക്കളോട് കൂട്ടുകൂടാം

മക്കളോട് കൂട്ടുകൂടാം

ബീവി ബക്കര്‍

kanaakanmaniതലേന്നുവരെ ചിരിച്ചു കൊണ്ട് ഉറക്കമുണര്‍ന്നിരുന്ന അഞ്ജു വിതുമ്പിക്കരഞ്ഞു കൊണ്ടാണ് അന്ന് എഴുന്നേറ്റത് .  ” മമ്മീടെ വാവയ്ക്ക് എന്തുപറ്റി ” എന്ന് അന്വേഷിച്ചു ചെന്ന അമ്മയുടെ കൈകള്‍ തട്ടി മാറ്റി അവള്‍ കരച്ചില്‍ ഉറക്കെയാക്കി .  പിന്നെ വിക്കിവിക്കി പറഞ്ഞു . ” നിക്ക് ഉസ്കൂളില്‍ പോണ്ടാ” .. ആദ്യമാദ്യം കൊഞ്ചിച്ചും  ലാളിച്ചും അനുനയിപ്പിക്കാന്‍ ശ്രമിച്ചു ഫലമില്ലാതാവുമ്പോള്‍ പേടിപ്പിച്ചും അടിച്ചും നഴ്സറിയില്‍ കൊണ്ടാക്കും അമ്മ.  എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും അഞ്ജു കരച്ചില്‍ തുടര്‍ന്നപ്പോള്‍ അമ്മ അവളെ ഒരു കൌണ്‍സിലറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.  മൂന്ന്നാല് വയസ്സുള്ള കുട്ടികള്‍ക്കുണ്ടാകുന്ന ‘സെപ്പറേഷന്‍ ആങ്ങ്‌സൈറ്റി’യായിരുന്നു അഞ്ജുവിന്‍റെ പ്രശ്നം. താന്‍ സ്കൂളില്‍ പോയാല്‍ അമ്മ തനിച്ചാവും എന്ന ചിന്ത ചില കുട്ടികളെയെങ്കിലും പേടിപ്പിക്കുന്നു.  അതിനു കാരണം അമ്മമാര്‍ തന്നെയാണ് .  അടുത്ത കൊല്ലം മോന്‍ സ്കൂളില്‍ പോയാല്‍ പിന്നെ താന്‍ തനിച്ചാകുമെന്ന് കേള്‍ക്കുന്ന കുട്ടികളിലാണിതു സാധാരണയായി കണ്ടുവരുന്നത്.  ഇങ്ങനെ വളരെ നിസ്സാരമെന്നു തോന്നുന്ന ഒരുപാടു കാര്യങ്ങള്‍ കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാറുണ്ട്.  ചിലത് കടുത്ത ആഘാതംതന്നെ ഏല്‍പ്പിക്കുന്നു. ഭാവിയുടെ വരദാനമാണ് കുട്ടികള്‍.  പൂവിതള്‍ പോലെ മൃദുലമായ അവരുടെ ശരീരവും മനസ്സും മലിനമാവാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അച്ഛനമ്മമാര്‍ക്കുണ്ട്.  എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് ദിവസത്തിന്‍റെ ഒരു ചെറിയ ഭാഗമെങ്കിലും  അവരോടൊപ്പം ചെലവഴിച്ചാല്‍ ഒരു പരിധിവരെ നമുക്ക് കുട്ടികളെ പ്രശ്നങ്ങളില്‍ നിന്നും ആകുലതകളില്‍ നിന്നും നീക്കി നിര്‍ത്താനാവും.

പേടിപ്പിക്കരുത്.. ഏകാന്തത വേണ്ട ..

അമ്മയുടെ അടുത്ത് നിന്ന് മാറി സ്കൂളിന്‍റെ അപരിചിത അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ മിക്ക കുട്ടികള്‍ക്കും ബുദ്ധിമുട്ടായിരിക്കും .  ഇതാണ് വയറുവേദനയും കാലുവേദനയായുമൊക്കെ പുറത്ത് വരുന്നത്. സ്കൂളില്‍ പോകുന്നതിനു മുന്‍പേ സ്കൂളിനേക്കുറിച്ച് രസകരമായി പറഞ്ഞു മനസ്സിലാക്കുകയും കഴിയുമെങ്കില്‍ ഒന്ന് രണ്ടു പ്രാവശ്യം കുട്ടിയെ സ്കൂളില്‍ കൊണ്ടുപോയി കാണിക്കുകയും ചെയ്യുക.  സ്കൂളിന്‍റെ പേര് പറഞ്ഞ് ഒരിക്കലും പേടിപ്പിക്കരുത് .  സ്കൂളില്‍ നിന്ന് വരുന്ന അവര്‍ക്ക് അമ്മയോട് പറയാന്‍ ഒരുപാട് വിശേഷങ്ങള്‍ ഉണ്ടാവും .  അവയെല്ലാം ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാവുകയും കാര്യങ്ങള്‍ അതിശയോക്തി കലര്‍ത്തി പറയുമ്പോള്‍ കളിയാക്കാതിരിക്കുകയും ചെയ്യണം .  സ്കൂളിനോടുള്ള പേടി നീങ്ങിയാല്‍  കുട്ടി മടിയില്ലാതെ സ്കൂളില്‍ പോയിത്തുടങ്ങും.

ചില കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നത് ഏകാന്തതയാണ് .  അച്ഛനും അമ്മയും ഉദ്യോഗസ്ഥരായിരിക്കും .  മക്കളെ വേണ്ട പോലെ ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് സമയമുണ്ടാവില്ല .  ഇതുമൂലം  തനിക്ക് ആരുമില്ല എന്ന തോന്നലും ആത്മവിശ്വാസക്കുറവും കുട്ടികളില്‍ രൂപപ്പെടുന്നു.  ചെറുതായിരിക്കുമ്പോള്‍ വാശി പിടിച്ചും കരഞ്ഞും തന്‍റെ പ്രതിഷേധം പ്രകടമാക്കുന്ന ഇവര്‍ അത് കൊണ്ട് ഫലമില്ലാതാവുമ്പോള്‍ വലിയ വലിയ വികൃതികളിലേക്ക് കടക്കുന്നു.  കണ്ണില്‍ കണ്ടതൊക്കെ നശിപ്പിക്കുകയായിരിക്കും ചില കുട്ടികള്‍ ചെയ്യുക .  ഇത് അച്ഛനമ്മമാരുടെ ശ്രദ്ധയാകര്‍ഷിക്കാനാണ്.   വികൃതിയാണെന്ന് കരുതി കുട്ടിയെ വഴക്ക് പറഞ്ഞിട്ടും തല്ലിയിട്ടും കാര്യമില്ല. എത്ര തിരക്കുണ്ടെങ്കിലും കുട്ടിയുടെ കൂടെ അല്‍പസമയം ചെലവഴിക്കാന്‍  മാതാപിതാക്കള്‍ ,  പ്രത്യേകിച്ച് അമ്മ ശ്രദ്ധിക്കേണ്ടതുണ്ട് .  നിര്‍ബന്ധമായും അല്‍പസമയം അവരുടെ കൂടെ കളിക്കുക .  സമയക്കുറവിന്‍റെ ദേഷ്യം ഒരിക്കലും കുട്ടികളോട് കാണിക്കരുത്.  ഒഴിവു ദിവസങ്ങളില്‍ അവരുമൊത്ത് പുറത്തെവിടെയെങ്കിലും പോവുക .  ഇത് കുട്ടികള്‍ക്ക് സന്തോഷം നല്‍കും .  കുട്ടികളോട് സംസാരിക്കുന്നത് പഠനകാര്യങ്ങളെ കുറിച്ചു മാത്രമാവാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

കൗമാരത്തിൽ കരുതൽ വേണം

കൗമാരപ്രായക്കാര്‍   മാതാപിതാക്കളോട് അകല്‍ച്ച കാണിക്കുന്നു എന്ന്  പൊതുവേ ഒരഭിപ്രായമുണ്ട്.  കുഞ്ഞിലേ തുടങ്ങി കുട്ടികളുമായി ഒരു തുറന്ന ബന്ധം ഉണ്ടാവുകയാണെങ്കില്‍ വലുപ്പത്തിലും അച്ഛനമ്മമാരോട് ഉള്ളു തുറക്കാന്‍ അവര്‍ മടിക്കില്ല.  മക്കള്‍ക്ക്‌ വിലപിടിപ്പുള്ള സമ്മാനങ്ങളും വസ്ത്രങ്ങളും ഭക്ഷണവും കൊടുക്കുന്നതിനേക്കാള്‍ അവര്‍ക്കു സന്തോഷം നല്‍കും , സ്നേഹത്തോടെ ഒന്ന് ചേര്‍ത്ത് പിടിച്ചുള്ള തലോടലും മൃദുവായ സ്പര്‍ശനങ്ങളും.  സ്നേഹവും പരിഗണനയും വീട്ടില്‍ നിന്നു കിട്ടുന്ന കുട്ടികള്‍ കൗമാര പ്രണയത്തിലേക്ക് കാലുതെറ്റി വീഴാനുള്ള സാധ്യതയും വളരെ കുറവാണ്.  ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ക്ക്  മക്കളെ വളര്‍ത്തുന്നതില്‍ വലിയ സഹായമായിരിക്കും അവരുടെ അഛനമ്മമാര്‍ . മക്കളുടെ വളര്‍ച്ചയുടെ പാതയില്‍ വഴികാട്ടികളും മാര്‍ഗ്ഗദര്‍ശികളുമായിരിക്കും മുത്തശ്ശനും മുത്തശ്ശിയും. മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും തമ്മില്‍ ചിലപ്പോള്‍ ജനറേഷന്‍ഗ്യാപ്പ് ഉണ്ടാവാമെങ്കിലും, മുതിര്‍ന്നവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടത് മാതാപിതാക്കളാണ്.

പഠനം ഭാരമാകരുത്

downloadപഠനഭാരവും അതില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദവുമാണ് ഇന്നത്തെ കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.  പ്രീ – പ്രൈമറി ക്ലാസുകള്‍ മുതല്‍ തുടങ്ങുന്നു കുട്ടികളുമായി മാതാപിതാക്കളുടെ യുദ്ധം.  ക്ലാസില്‍ ഒന്നാമനാകണം എന്ന നിര്‍ബന്ധബുദ്ധി കളഞ്ഞ് അവന് എത്രത്തോളം പഠിക്കാന്‍ കഴിയും , എന്തിലാണ് അഭിരുചി എന്ന് തിരിച്ചറിഞ്ഞ് അവരെ പിന്തുണയ്ക്കുകയാണ് മാതാപിതാക്കള്‍ വേണ്ടത്.  അര്‍ത്ഥം മനസ്സിലാക്കി പഠിക്കാന്‍ ചെറുപ്പത്തിലേ പരിശീലിപ്പിക്കണം. ചെറിയ കുട്ടികളുടെ കൂടെയിരുന്ന് പറഞ്ഞു കൊടുത്ത് പഠിപ്പിക്കണം .  പഠിച്ചതില്‍ നിന്നും മനസ്സിലായത് എന്താണ് എന്ന് വിശകലനം ചെയ്യാന്‍ കുട്ടിയെ പ്രേരിപ്പിക്കണം. നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടന്നു പുറകിലായാല്‍ പ്രശ്നം എന്താണെന്ന് അന്വേഷിക്കണം .  ഇന്‍റര്‍നെറ്റിന്‍റെയും, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും, ഗെയിമുകളുടെയും സ്വാധീനം അമിതമായി കുട്ടികളില്‍ ഉണ്ടാവുന്നത് തടയണം.

എപ്പോഴും തുണയാവണം

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ വഴിയും ഇന്‍റര്‍നെറ്റ് വഴിയും മറ്റും നീല വീഡിയോകള്‍ പ്രചരിക്കുന്നത് പലപ്പോഴും, ശ്രദ്ധയുള്ള അധ്യാപകരുടെ കണ്ണില്‍ പോലും പതിയാതെ പോകുന്നു.  എല്ലാം വിരല്‍ തുമ്പിലൊതുങ്ങുന്ന ഇന്നത്തെക്കാലത്ത് ഡിജിറ്റല്‍ ലൈംഗീകതയുടെ പിന്നാലെയാണ് കൗമാരം.  മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയാണെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം .  അവരെ വീട്ടിലേക്ക് വരുത്തിയാല്‍ അവരുടെ സ്വഭാവമെന്തെന്നും കുടുംബ പശ്ചാത്തലവും അറിയാല്‍ കഴിയും.  എന്‍റെ കുട്ടി നല്ലതാണ് അവന്‍ തെറ്റു ചെയ്യില്ല എന്ന മുന്‍ധാരണ വെച്ചു പുലര്‍ത്തരുത് .  സാഹചര്യം ആരെയും തെറ്റുകാരാക്കാം.  കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടിയ കാലഘട്ടമാണിത്.  ഒന്നിനും കൊള്ളാത്തവനാണ് കുട്ടി എന്ന ധാരണ ഒരിക്കലും അവരില്‍ ഉണ്ടാക്കരുത് . അവര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അഭിനന്ദിക്കാന്‍ ഒരിക്കലും മടിക്കരുത്.  കുട്ടികളുടെ പ്രവൃത്തികളില്‍ പതിവില്‍ നിന്നു വ്യത്യാസം വന്നാല്‍ അവരോട് തുറന്നു സംസാരിക്കുക.  മനസ്സിനെ അലട്ടുന്ന പ്രശ്നം എന്താണെന്ന് മനസ്സിലാക്കി എപ്പോഴും നമ്മുടെ താങ്ങും തണലുമവര്‍ക്കുണ്ടെന്ന് ഉറപ്പുവരുത്തുക. അപ്പോള്‍ കുഞ്ഞ് ,എത്രവലുതായാലും നമ്മില്‍ നിന്ന് അകന്നു പോവില്ല.

മക്കളോട് കൂട്ടുകൂടാം Reviewed by on . തലേന്നുവരെ ചിരിച്ചു കൊണ്ട് ഉറക്കമുണര്‍ന്നിരുന്ന അഞ്ജു വിതുമ്പിക്കരഞ്ഞു കൊണ്ടാണ് അന്ന് എഴുന്നേറ്റത് .  " മമ്മീടെ വാവയ്ക്ക് എന്തുപറ്റി " എന്ന് അന്വേഷിച്ചു ചെന്ന അ തലേന്നുവരെ ചിരിച്ചു കൊണ്ട് ഉറക്കമുണര്‍ന്നിരുന്ന അഞ്ജു വിതുമ്പിക്കരഞ്ഞു കൊണ്ടാണ് അന്ന് എഴുന്നേറ്റത് .  " മമ്മീടെ വാവയ്ക്ക് എന്തുപറ്റി " എന്ന് അന്വേഷിച്ചു ചെന്ന അ Rating: 0

About nammudemalayalam

scroll to top