Home » നർമ്മം » ചില മറുനാടന്‍ ചിരികള്‍

ചില മറുനാടന്‍ ചിരികള്‍

സജീഷ് കുട്ടനെല്ലൂര്‍

sajeesh kuttanelloor comedianകോമഡി ലൈവ് എന്ന വണ്‍മാന്‍ ഷോയുടെ അവതരണത്തിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച പ്രശസ്ത സ്റ്റേജ് ടി.വി കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ തന്‍റെ അനുഭവങ്ങളും നിരീക്ഷണങ്ങളും നമ്മുടെ മലയാളം ഡോട് കോം വായനക്കാരുമായി പങ്കുവയ്ക്കുന്നു.

 

നീല്‍ ആംസ്ട്രോങ്ങിന്‍റെ നാലാം തലമുറയുടെ കാലമാണ്.  ആ കൊച്ചുമക്കളില്‍ ഒരാളും ചന്ദ്രനില്‍ കാലുംകുത്തി ഇറങ്ങുന്നു.  ശേഷം കണ്ണുമിഴിച്ചുനോക്കിയപ്പോള്‍ ആദ്യംകണ്ടത് പഴയൊരു ചായക്കട.  ജൂണിയര്‍ ആംസ്ട്രോങ്ങ് അതിനകത്തേക്ക് കയറി. അതാ, ചായയടിച്ചുകൊണ്ട് ഒരു ബംഗാളി നില്‍ക്കുന്നു. പാന്‍ മസാലയുടെ കറയുള്ള പല്ലുകൊണ്ട് അയാള്‍ ചിരിച്ചുകാണിച്ചു.

ആംസ്ട്രോങ്ങ്  ജൂണിയര്‍ : ആരുടെയാ ഈ കട?

ബംഗാളി: മലയാളിയായ ചന്ദ്രേട്ടന്‍റെയാണ്.

ആംസ്ട്രോങ്ങ്‌ ജൂനിയര്‍ : ഓഹോ! എന്നിട്ട് ചന്ദ്രേട്ടന്‍ എവിടെ?

ബംഗാളി: പുള്ളിക്കാരന്‍ ചൊവ്വയിലൊരു ചായക്കട പുതിയതായി തുടങ്ങാന്‍ പോയിരിക്കുകയാ.

ഈ നര്‍മ്മചിന്തയില്‍ പകുതി കാര്യമുണ്ട്.  മലയാളി എത്താത്ത സ്ഥലമുണ്ടോ! ഉണ്ടാകില്ല.  അമേരിക്കയില്‍ വൈറ്റ് ഹൗസിനകത്തേക്ക് കടന്നുചെന്നാല്‍ അവിടയും കാണാം വൈറ്റ് സിമെന്റും പൂശിക്കൊണ്ടു നില്‍ക്കുന്ന ഒരു മലയാളി മാമനെ.

‘ഒബാമേട്ടന്‍ മ്മ്ടെ സ്വന്തം ആളണ്ട്ടാ…’ എന്നൊരു ഡയലോഗും കേള്‍ക്കാം.

ഏത് ഉഗാണ്ടയില്‍ എത്തിയാലും അവിടെ അസോസിയേഷനുകള്‍ രൂപീകരിക്കുകയും മീറ്റിംഗ് കൂടി പ്രമേയം പാസാക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍.

***  ***  ***

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള ഈ യാത്ര തുടങ്ങുന്നതിനുമുമ്പ് പല സുഹൃത്തുക്കളും ചോദിച്ചു- ഒറ്റയ്ക്കുള്ള യാത്ര റിസ്കല്ലേ?… പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലൊക്കെ…

ഞാന്‍ പറഞ്ഞു-  ഒറ്റയ്ക്കല്ല, തോള്‍സഞ്ചിയുണ്ട് കൂടെ… പിന്നെ സ്വന്തമായ കുറച്ചു മുറികളും ഉണ്ടല്ലോ…

– മുറി ഇംഗ്ലീഷ്, മുറി ഹിന്ദി, മുറി തമിഴ്.

ഇതൊന്നും പോരെങ്കില്‍ മൈം ഷോ നടത്തിയെങ്കിലും കമ്യൂണിക്കേഷന്‍ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുമുണ്ട്. (ചിലയിടങ്ങളില്‍ അതും വേണ്ടിവന്നു).

***  ***  ***

കേരളത്തിനു പുറത്ത് ചെന്നെത്തിയ മിക്കവാറും എല്ലായിടത്തും മലയാളികള്‍ക്ക് കൂട്ടായ്മകളും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.

ഒന്നാലോചിച്ചുനോക്കൂ- …എതെങ്കിലും ബംഗാളികളോ തമിഴന്മാരോ ഇവിടെവന്ന് അസോസിയേഷന്‍ രൂപീകരിച്ചാലുള്ള അവസ്ഥ.  വച്ചേക്കുമോ നമ്മളവരെ!

തമിഴ് നാട്ടുകാര്‍ മലയാളിയായ എം.ജി. ആറിനെ മുഖ്യമന്ത്രിയാക്കി.  മഹാരാഷ്ട്രക്കാരനായ ശിവാജി റാവുവിനെ സ്വന്തം അണ്ണനും സൂപ്പര്‍സ്റ്റാറുമാക്കി…

എന്തുപറയുന്നു മലയാളിച്ചേട്ടാ?

ഓ പിന്നേ…. തമിഴമ്മാര് അതല്ല അതിനപ്പുറം ചെയ്യും.  അതിനൊന്നും നമ്മളെ കിട്ടില്ല…

***  ***  ***

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ സ്റ്റേജ് പ്രോഗ്രാം ഒരു കല്യാണമണ്ഡപത്തില്‍വച്ചായിരുന്നു.  സയന്‍റ്റിസ്റ്റായ ജോര്‍ജ് സാറാണ് സംഘാടകന്‍.  പരിപാടി സ്ഥലത്ത് നേരത്തെതന്നെ എത്തിയ എന്നെ സാറ് സ്റ്റേജിന്‍റെ സൈഡിലുള്ള ഒരു മുറിയിലേക്ക് നയിച്ചു.  മുറിയുടെ വാതിലില്‍ ‘മണമകള്‍ ‘ എന്ന് തമിഴില്‍ എഴുതിവച്ചിട്ടുണ്ട്.  ഞാന്‍ മുറിയില്‍ കുറേനേരം കാത്തിരുന്നിട്ടും മണമകള്‍ മാത്രം എത്തിയില്ല.  കല്യാണം നടക്കുമ്പോള്‍ മണമകള്‍ക്ക് (കല്യാണപ്പെണ്ണിന്) ഒരുങ്ങാനുള്ള മുറിയാണ് വിശ്രമത്തിനായി എനിക്ക് നല്‍കിതെന്ന് പിന്നീടാണ് മനസിലായത്.

*** *** ***

ഹൈദരാബാദിലെ ഷോ കഴിഞ്ഞതിന്‍റെ പിറ്റേന്ന് പുലര്‍ച്ചെയായിരുന്നു ഗുവാഹത്തിയിലേക്കുള്ള ഫ്ലൈറ്റ്.  തെലങ്കാന പ്രശ്നമാണെങ്കില്‍ കത്തിക്കാളി നില്‍ക്കുന്നു.  നേരംപുലര്‍ന്നാല്‍ അവിടെ ബന്ദാണ്.  പുലര്‍ച്ചെ വിമാനത്താവളത്തിലേക്കു പായുമ്പോള്‍ മനസ്സില്‍ ഇതായിരുന്നു പ്രാര്‍ത്ഥന-

ഈശ്വരാ… തെലങ്കാന രണ്ടാക്കിയാലും വേണ്ടില്ല, സമരാനുകൂലികളുടെ കണ്ണില്‍പ്പെട്ടാല്‍ അവരെന്നെ രണ്ടാക്കരുതേ……….

***  ***  ***

ലോകത്തിന്‍റെ ഏതുകോണിലും മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റുകളില്‍ എല്ലായിടത്തുമുള്ള ഒരു സമാന  കാഴ്ചയുണ്ട്.  മുറിയുടെ ഏതെങ്കിലുമൊരു ഭാഗത്ത് മണ്‍ചട്ടിയില്‍ വളര്‍ത്തുന്ന വള്ളിപ്പടര്‍പ്പുകളാണ് അത്.  നമ്മുടെ വംശാവലിയിലെ ആദ്യ കണ്ണികളുടെ ഓര്‍മപുതുക്കലാകാം അതെന്നു കരുതാം.

ആദിമ മനുഷ്യര്‍ വള്ളിച്ചെടിക്കൂട്ടത്തിലാണല്ലോ താമസിച്ചിരുന്നത്‌.  ത്രീസ്യൂട്ട് ബെഡ് റൂമിനകത്തും ഒരു വള്ളിപ്പടര്‍പ്പ് കാണുന്നത് സന്തോഷമുള്ള കാര്യം.  പ്രകൃതിയില്‍ ഇങ്ങനെയുള്ള പച്ചിലച്ചെടികളെ അവശേഷിക്കുന്നുള്ളൂ എന്നത് മറ്റൊരു സത്യം.

***  ***  ***

മംഗോളിയന്‍ മുഖമുള്ള നാഗാലാന്‍ഡുകാര്‍ എപ്പോഴും കൌതുകക്കാഴ്ചയായിരുന്നു.  ഓഗസ്റ്റ് 15 ഒന്നും അവരിലെ ഒരുസംഘം ആഘോഷിക്കില്ലത്രേ.  തങ്ങള്‍ സ്വതന്ത്ര രാഷ്ട്രമാകേണ്ടവരാണെന്ന ചിന്തയാണ് നാഗാ പോരാളികള്‍ക്കെന്നു പറയുന്നു.

പലരുടെയും പേരു കേട്ടാല്‍ നമുക്ക് ചിരിവരും.  മദൂം, കയേപ്പു, പുലാറ്റോ കിക്കി, ഇസുനുക, നെരിമുലോത്ത, മുഗാഹോ എന്നൊക്കെയാണ് പേരുകള്‍.  മുഖ്യമന്ത്രിയുടെ പേര് നെഫിയൂ റിയോ എന്നാണ്.

വിചിത്രമായ വേറൊരു പേരും കെട്ടു- എവിടെ പറയാന്‍ കൊള്ളില്ല, മലയാളത്തില്‍ അസഭ്യമാണ്.

തിരിച്ചുകടിക്കാത്ത എന്തിനെയും നമ്മള്‍ മലയാളികള്‍ ഭക്ഷിക്കും.  നാഗാലാ‌‍ന്‍ഡുകാര്‍ക്ക് തിരിച്ചുകടിക്കുന്ന പട്ടി വിശേഷ ഭോജ്യമാണ്.  പട്ടിയിറച്ചി വറുത്തും പൊരിച്ചുമൊക്കെ അവര്‍ അകത്താക്കും.  ചില്ലി ഭൌ ഭൌ, ഭൌ ഭൌ 65 ഒക്കെയുണ്ട്.  പട്ടിയായതുകൊണ്ട് വിലകുറയുമല്ലോ എന്നു കരുതേണ്ട- കിലോയ്ക്ക് 600 ലേറെ  രൂപയുണ്ട്.

***  ***  ***

യാത്രക്കിടയില്‍ പരിചയപ്പെട്ട ഒരു മലയാളി വിദ്യാര്‍ത്ഥിയോട് പേനയും പേപ്പറും കൊടുത്തശേഷം കേരളം എന്നെഴുതാന്‍ പറഞ്ഞു.  അവന്‍ ആത്മവിശ്വാസത്തോടെ എഴുതി.  നോക്കിയപ്പോള്‍ ഞാന്‍ ഇളിഭ്യനായിപ്പോയി .

‘കോരളം’ എന്നാണ് അവന്‍ എഴുതിയിരുന്നത്!!!

 

വാല്‍ക്കഷ്ണം

മറുനാട്ടില്‍ കേട്ട മലയാളി മൊഴികള്‍

സാറേ…, കേരളം കാണാന്‍ രസമാണ്.  പക്ഷേ അവിടെ ജീവിക്കാന്‍ പ്രയാസമാണ് (കാണാന്‍ നല്ലത് തിന്നാന്‍ കൊള്ളില്ലെന്നോ?)

ബിസിനസുകാരന്‍, ആന്ധ്ര

നാട്ടില്‍ വന്നാല്‍ എന്തുചെയ്യാനാണ്.  കൂലിപ്പണി പോലും കിട്ടില്ല.  എല്ലാത്തിനും ബംഗാളികളും ബീഹാറികളും മതി.  നാട്ടുപണികളൊക്കെ തൊഴിലുറപ്പുകാരും ഏറ്റെടുത്തു.

ഇലക്ട്രിക്കല്‍ തൊഴിലാളി, മുംബൈ

ഞാനിനി നാട്ടിലേക്കു വന്നാല്‍ നാട്ടുകരെന്നെ തമിഴന്‍ എന്ന് വിളിക്കും. പക്ഷേ, ഒരിക്കലും ഒരു തമിഴന്‍ അങ്ങനെ വിളിക്കില്ല.

മുന്‍ സൈനികന്‍, ചെന്നൈ

പഴയതുപോലെ ഇപ്പോള്‍ നൊസ്റ്റാള്‍ജിയയൊന്നും ഇല്ല.  സോഷ്യല്‍ മീഡിയ  വന്നതിനുശേഷം നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അവിടെയുള്ളവര്‍ അറിയുന്നതുതന്നെ ഞങ്ങള്‍ ഇവിടെന്നു വിളിച്ചുപറയുമ്പോഴാണ്.  പിന്നെ കുട്ടികളൊക്കെ ഇവിടെ പഠിച്ചു, ഇവിടത്തെ കള്‍ച്ചറുമായി ഇണങ്ങിച്ചേര്‍ന്നു.  നാട്ടില്‍ച്ചെന്നാല്‍ അവര്‍ക്ക് പൊരുത്തപ്പെടാനാകില്ല.

ബിസിനസുകാരന്‍, കൊല്‍ക്കത്ത

(2013ല്‍  വിവിധ സംസ്ഥാനങ്ങളിലൂടെ ലേഖകന്‍ നടത്തിയ യാത്രയില്‍ കണ്ടതും കേട്ടതും അറിഞ്ഞതും ..)

 

 

 

ചില മറുനാടന്‍ ചിരികള്‍ Reviewed by on . കോമഡി ലൈവ് എന്ന വണ്‍മാന്‍ ഷോയുടെ അവതരണത്തിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച പ്രശസ്ത സ്റ്റേജ് ടി.വി കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ തന്‍റെ അനുഭവങ്ങളും കോമഡി ലൈവ് എന്ന വണ്‍മാന്‍ ഷോയുടെ അവതരണത്തിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച പ്രശസ്ത സ്റ്റേജ് ടി.വി കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ തന്‍റെ അനുഭവങ്ങളും Rating: 0

About nammudemalayalam

scroll to top