Home » അഭിമുഖം » സന്നിധാനന്ദന് മാനേജരോ….?

സന്നിധാനന്ദന് മാനേജരോ….?

ലളിതാംബിക വിയ്യൂര്‍

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലെത്തിയ  സന്നിധാനന്ദന്‍ ഇപ്പോള്‍ പിന്നണി ഗായകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. നമ്മുടെ മലയാളം ‍ഡോട്കോം വായനക്കാര്‍ക്കു മുന്നില്‍ സന്നിധാനന്ദന്‍ മനസ്സു തുറക്കുന്നു.

എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍?sannidanandan 1

 

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ജീവിതത്തിലും സംഗീതത്തിലും ഒരുപാട് സൗഭാഗ്യങ്ങള്‍ ലഭിച്ചു. ജനിച്ചപ്പോള്‍ മേല്‍ചുണ്ടിന് പ്രശ്നം ഉണ്ടായിരുന്നു. അത് ശബ്ദത്തെ നന്നായി ബാധിച്ചിരുന്നു. മംഗലാപുരത്ത് ഡോ. മുസ്തഫയുടെ നേതൃത്വത്തില്‍ സര്‍ജറി കഴിഞ്ഞതിനു ശേഷം ഈശ്വരകൃപയാല്‍ ശബ്ദം ശരിയാവാനും സംഗീതം എന്ന മഹാപ്രപഞ്ചത്തിലേക്ക് എത്തുവാനും സാധിച്ചു. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹവും മുജ്ജന്മ സുകൃതവുമാണെന്ന് കരുതുന്നു.ദൈവത്തിനു തുല്യമായിത്തന്നെ ഡോ : മുസ്തഫയെ കാണുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഇതുപോലെയുള്ളവര്‍ക്കായി ‘സ്മൈല്‍ ട്രെയിന്‍’ എന്ന പേരില്‍ ഒരു സംഘടനയുണ്ട്. അതില്‍ ഒരംഗമാവാനും അവര്‍ക്കായി ആത്മവിശ്വാസവും പ്രചോദനവും നല്‍കുവാനും സാധിക്കുന്നു. ഇതില്‍ ഒരുപാട് സന്തോഷം ഉണ്ട്.

 ഐഡിയ സ്റ്റാര്‍ സിംഗര്‍ സമ്മാനിച്ച  സൗഭാഗ്യങ്ങള്‍ എന്തൊക്കെയാണ് ?

  30 വര്‍ഷത്തോളം പുറമ്പോക്കിലായിരുന്നുജീവിതം . ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ സ്വന്തമായി ഒരു വീടുണ്ടായി . അതില്‍ ഒരുപാട് അഭിമാനിക്കുന്നു.

 ജീവിതം ഭക്തിമയമാണല്ലോ ? എന്താണ് ഈശ്വര സങ്കല്‍പം  ?

ഈശ്വരന്‍ എന്നാല്‍ സത്യം , നന്മ , മാത്തമാറ്റിക്സ് … ഇത് ഉള്ളിടത്തെല്ലാം ഈശ്വരനും ഉണ്ട്. ഈശ്വര വിശ്വാസം പോലെ തന്നെ മരണാനന്തരം പുനര്‍ജന്മത്തിലും ആത്മാവിലും വിശ്വസിക്കുന്നു.

 സന്നിധാന്ദനെ മാനേജര്‍ വഴിയേ ഫോണില്‍കിട്ടൂ, നേരിട്ടു വിളിച്ചാല്‍ കിട്ടാറില്ല എന്നൊക്കെ കേള്‍ക്കുന്നു. എന്താണ് വാസ്തവം ?

ശുദ്ധ അസംബന്ധമാണ് . സംഗീത രംഗത്തു തന്നെയുള്ള പ്രശസ്തനായ ഒരാളാണ് ഈ ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഞാന്‍ അതിന് ഇതുവരെ മറുപടി കൊടുത്തിട്ടില്ല.  പല വലിയ ആളുകളും എന്നോടു പറയുകയുണ്ടായി മറുപടി പറയാതിരുന്നത് നന്നായി എന്ന്. കലാകാരന്‍മാര്‍ പടിപടിയായിട്ടാണ് വളരുക.  എന്നെ സംബന്ധിച്ചാണെങ്കില്‍ ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പെട്ടെന്ന് പ്രശസ്തിയിലെത്തി . ഘട്ടം ഘട്ടമായി വളരുന്ന കലാകാരന് പല ഘട്ടങ്ങളിലായി വേദനകള്‍ അനുഭവിക്കേണ്ടി വരും . പെട്ടന്നു വളരുന്ന കലാകാരന് ഒറ്റയടിക്ക് വേദന അനുഭവിക്കേണ്ടി വരും . അതു മാത്രമേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ.

സ്കൂള്‍..കോളേജ് കാലം     … ?sannidanandan 2

സ്കൂള്‍ വിദ്യാഭ്യാസം തയ്യൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ആയിരുന്നു. മറക്കാനാവാത്ത ഗുരുനാഥന്‍ സൂര്യമാഷ്‌ ( മാടമ്പ് കുഞ്ഞുകുട്ടന്‍റെ അനിയന്‍) .  അതിനു ശേഷം കേരളവര്‍മ്മ കോളേജിലെ പ്രൗഢിയാര്‍ന്ന കലാലയ ജീവിതം . അതില്‍ നിന്ന് ഒരുപാട് ഗുണപാഠങ്ങള്‍ , നല്ല സുഹൃത്തുക്കള്‍ എന്നിവയുണ്ടായി. വായനാശാലം ഒരുപാടുണ്ടായിരുന്നു. ഏറെക്കാലം ഗ്രാമീണ വായനശാലയില്‍ ലൈബ്രേറിയന്‍ ആയിരുന്നു.

 പ്രണയിച്ചിട്ടുണ്ടോ ? പ്രണയത്തെ കുറിച്ചുള്ള കാ ഴ്ചപ്പാട് ..

പ്രണയവിവാഹമായിരുന്നു. ഇപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.  പ്രണയമില്ലെങ്കില്‍ ഇല പൊഴിഞ്ഞ ശിശിരം പോലെ വാടിപ്പോകുമായിരുന്നു ജീവിതം.  ഭാര്യയേയും സംഗീതത്തേയും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.

ഗായകന്‍ എന്ന നിലയില്‍ പണ്ടത്തെയും ഇപ്പോഴത്തെയും സിനിമാ ഗാനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ? 

സിനിമാ ലോകത്തിന് സംഗീതത്തിന്‍റെ ഒരുപാട് സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്,അന്നും ഇന്നും .  ഇപ്പൊഴും നല്ല ഗാനങ്ങള്‍ ഉണ്ട്… എങ്കിലും പഴയ മൂല്യത്തിലേക്ക് എത്തിപ്പെടുവാന്‍ സാധിക്കുന്നില്ല എന്നത് ഒരു സത്യമാണ്.

സന്നിധാനന്ദന്‍റെ  മുഖമുദ്ര തന്നെ ലാളിത്യമാണല്ലോ ?

ഒരുപാട് വലിയ കലാകാരന്മാരെ കണ്ടും അടുത്ത് ഇടപഴകിയും അവരുടെ നന്മകളും എളിമയും അടുത്തറിഞ്ഞിട്ടുണ്ട്.  അതുകൊണ്ടു തന്നെ ഏത് ഉയരത്തിലെത്തിയാലും എളിമ കൈവെടിയുകയില്ല.

ഇതുവരെയുള്ള സിനിമകള്‍ ?

ആകെ 14 പടങ്ങളില്‍ പാടി . ദീപക്ദേവ്, മോഹന്‍ സിത്താര, എം.ജയചന്ദ്രന്‍, വിദ്യാസാഗര്‍ , ശരത്, നിഖില്‍ പ്രഭ എന്നീ അതുല്യ പ്രതിഭകളുടെ അവസരം ഉണ്ടായി. റിലീസാവാനുള്ളത് തിലോത്തമ.

 കുടുംബം …. 

അഛന്‍, അമ്മ, ഭാര്യ, മകന്‍ വേദാസ്വംഗന്‍ എന്നിവര്‍ അടങ്ങിയതാണ് ഫാമിലി. ഭാര്യ നല്ല പാട്ടുകാരിയാണ് . അച്ഛനും അമ്മയും തുകിലുണര്‍ത്തുപാട്ട് കലാകാരന്‍ന്മാരാണ്. അതു കേട്ട് വളര്‍ന്ന ബാല്യമാണ് എന്‍റേത്. ആ തുകിലുണര്‍ത്തുപാട്ടാണ് സംഗീതത്തിന്‍റെ വിത്ത് എന്നില്‍ മുളയാവാന്‍ സഹായിച്ചത്.

പുതിയ പദ്ധതികള്‍…  

അധികവും ഡിവോഷണല്‍ ആല്‍ബം സോങ്ങുകളാണ്  ചെയ്യുന്നത്.  ഒരു മുസ്ലിം ഡിവോഷണല്‍ ആല്‍ബം ചെയ്തു.  അതിന്‍റെ സന്തോഷത്തിലാണ്. അതുപോലെ തന്നെ, തമിഴകത്തെ മാനസഗുരുനാഥനായ വീരമണിയുടെ മകന്‍ വീരമണി കണ്ണന്‍ സംവിധാനം ചെയ്യുന്ന  7  ആല്‍ബം സോങ്ങുകള്‍ പാടാനുള്ള സൗഭാഗ്യവും ഉണ്ടായി.

പിന്നെ..യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്.  അടുത്ത് തന്നെ ഒരു കാശ്മീര്‍ യാത്ര ഉണ്ട്.  ആത്മീയ യാത്രകളാണ് കൂടുതല്‍ ഇഷ്ടം.

ആരാധകരോട് എന്താണ് പറയാനുള്ളത് ? 

ആരാധകരുടെ വലിയ സപ്പോര്‍ട്ട് തന്നെയാണ്  സംഗീതത്തെ  കൂടുതല്‍ അറിയാന്‍  സഹായിച്ചത്. ആ നന്ദിയും കടപ്പാടും എന്നും മനസ്സില്‍ ഉണ്ട് . സംഗീതവുമായി  ബന്ധപ്പെട്ട ഒരുപാട് സ്വപ്നങ്ങള്‍ ഇനിയുമുണ്ട് ഒരുപാട് .

 

 

 

 

 

 

 

 

 

സന്നിധാനന്ദന് മാനേജരോ….? Reviewed by on . ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലെത്തിയ  സന്നിധാനന്ദന്‍ ഇപ്പോള്‍ പിന്നണി ഗായകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. നമ്മുടെ മലയാളം ‍ഡോട്കോം വാ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലെത്തിയ  സന്നിധാനന്ദന്‍ ഇപ്പോള്‍ പിന്നണി ഗായകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. നമ്മുടെ മലയാളം ‍ഡോട്കോം വാ Rating: 0

About nammudemalayalam

scroll to top