Home » നർമ്മം » കാര്‍ടൂണിസ്റ്റുകള്‍ കൈ വയ്ക്കുന്നതാരെ…

കാര്‍ടൂണിസ്റ്റുകള്‍ കൈ വയ്ക്കുന്നതാരെ…

വേണുഗോപാല്‍

cartoon

ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും,  ‘ജയിച്ചു അധികാരത്തില്‍ കയറുന്നവര്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടി ആയാലും പരിചിതമുഖമായിരിക്കണേ..’ എന്ന് പ്രാര്‍ഥിക്കുന്ന ഒരു വിഭാഗമാണ്‌ കാര്‍ടൂണിസ്റ്റുകള്‍.  അധികാരവര്‍ഗത്ത്തിന്റെ കോപ്രായങ്ങള്‍ അല്പം അധികരിച്ചും വക്രിച്ചും ചിത്രീകരിക്കുമ്പോഴാണല്ലോ ഒരു രാഷ്ട്രീയകാര്‍ടൂണിന്റെ പിറവി.

അധികാരത്തിലെത്തുന്നവര്‍ പരിചിതമുഖങ്ങള്‍ ആണെങ്കില്‍ കാര്‍ടൂണിസ്റ്റിനു അധ്വാനഭാരം കുറയും.  വരച്ചു പരിചയിച്ച മുഖങ്ങള്‍ അല്ലെങ്കില്‍ , പുതിയവ രൂപപ്പെടുത്തി എടുക്കാന്‍ വേണ്ടി വരുന്ന സമയക്കുറവ് തന്നെയാണ് പ്രശ്നം.  ഒരു വാര്‍ത്ത കിട്ടിയാല്‍ വളച്ചൊടിച്ച് കാര്‍ടൂണ്‍ പരുവമാക്കി അച്ചടിച്ച്‌ വരുന്നതിനിടയിലുള്ള സമയം ഏതാനും മണിക്കൂറുകള്‍ മാത്രമാണ്.  കഥാപാത്രങ്ങള്‍ വരയ്ക്കു വഴങ്ങാത്തവരാണെങ്കില്‍ വീണ്ടും വീണ്ടും വരച്ച്‌ സമയത്തിന്റെ പരിധി വിട്ടുപോകും.

സുന്ദരന്മാരും സുന്ദരിമാരുമാണ് കാര്‍ടൂണിസ്റ്റിന്റെ ശത്രുക്കള്‍.  അവരുടെ മുഖം മിനുക്കിയെടുക്കാന്‍ കാര്‍ടൂണിസ്റ്റിനു ഏറെ പാട് പെടേണ്ടി വരും . എന്നാല്‍, അല്പം പ്രായക്കൂടുതല്‍ ഉള്ളവരും വേറിട്ട കാഴ്ചയില്‍പെട്ടവരുമായ കഥാപാത്രങ്ങളാണ് കാര്‍ടൂണിസ്റ്റുകള്‍ക്ക് ഇഷ്ടം.  സുന്ദരന്മാരായതുകൊണ്ട് കാര്‍ടൂണിസ്റ്റിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടുന്നവരുമുണ്ട്.  അങ്ങനെ അധികം ആക്രമിക്കപ്പെടാതെ രക്ഷപ്പെട്ടവരാണ്‌ എം.കെ.മുനീറും ഗണേഷ്കുമാറും.

 

കാര്‍ടൂണിസ്റ്റുകള്‍ക്ക് എന്നും പ്രിയപ്പെ ട്ട സൂപ്പര്‍സ്റ്റാര്‍ ആണ് കെ.കരുണാകരന്‍.  ഒന്ന് രണ്ടു വരകളിലൂടെ കരുണാകരന്റെ രൂപം പെട്ടെന്ന് തെളിഞ്ഞു വരും.  ഒരു കൊച്ചു മൂക്കും, കട്ടി കണ്ണടയും, കുട്ടിത്തലമുടിയും കൊണ്ട് ചിരിച്ചുകൊണ്ട് ചിരിപ്പിക്കുന്ന ഇ.കെ.നായനാരും കാര്‍ടൂണിസ്റ്റിനു എളുപ്പം വഴങ്ങുന്ന മുഖമായിരുന്നു.  എന്നാല്‍ സഖാവ് അച്ചുതാനന്ദന്‍ ആദ്യമാദ്യം വഴങ്ങാന്‍ അല്പം മടി കാണിച്ചിരുന്നുവെങ്കിലും പിന്നീട് പിണറായിയെപ്പോലെ താനെ വരകള്‍ക്ക് കീഴടങ്ങി. ആകൃതി കൊണ്ടും വികൃതികള്‍ കൊണ്ടും കെ.സുധാകരനെ  പെരുത്തിഷ്ടമാണ് കാര്‍ടൂണിസ്റ്റുകള്‍ക്ക്.  വരയില്ലാത്ത  നോട്ട് ബുക്ക് പോലെ വെളുത്തു നരച്ച താടിയും തലയുമുള്ള ബേബിയും കാര്‍ടൂണിസ്റ്റിന്റെ ഇഷ്ട കഥാപാത്രമാണ്.  ജൂബ്ബയും താടിയും കൊണ്ട് ഐസക് തോമസും കട്ടിമീശയും ഗാന്ധിക്കണ്ണടയുമായി എ.കെ. ബാലനും മുന്‍ നിരയില്‍ എത്തുമ്പോള്‍,  മറ്റു പല രാഷ്ട്രീയക്കാരും അപ്രത്യക്ഷരാവുന്നത് അവരില്‍  കാര്‍ടൂണിസ്റ്റുകള്‍ക്ക് വേണ്ട ‘ഫീച്ചേഴ്സ്’ ഇല്ലാത്തതുകൊണ്ടാവാം.achuthanandan caricature

 

ദേശീയ നേതാക്കളില്‍ എന്നും ഒന്നാം സ്ഥാനം ഇന്ദിരാഗാന്ധിക്ക് തന്നെ.  നീണ്ടു വളഞ്ഞ മൂക്കും, ഒന്ന് രണ്ടു നരച്ച മുടിയും, ത്രികോണമുഖവും കൊണ്ട് ഓ.വി. വിജയന്‍ ഇന്ദിരാഗാന്ധിയെ അനശ്വരയാക്കി.

 

താടിയും തലപ്പാവും കൊണ്ട് മാത്രം മന്‍മോഹന്‍സിംഗ് പ്രത്യക്ഷനാവുന്നില്ല. ആണവ കരാര്‍ പോലെ വളഞ്ഞു ചുറ്റിയ തലപ്പാവ് ഉയര്‍ന്ന നെറ്റി കാണും വിധം ഉയര്‍ത്തി വക്കണം. ടോയലെറ്റ് ബ്രഷ് പോലുള്ള മീശയും തിളങ്ങുന്ന കഷണ്ടിയുമുള്ള അദ്വാനിയെ വരക്കാനും അധികം അധ്വാനം വേണ്ട.

 

ഗ്രൂപ്പ് വഴക്കും കാലുവാരലും കലാപരിപാടികള്‍ ആക്കിയ രാഷ്ട്രീയ രംഗം വിട്ടു തമ്മില്‍ത്തല്ല് തുടങ്ങിയ സിനിമാരംഗത്ത് ചേക്കേറി നിത്യവൃത്തിക്ക് വഴി കണ്ടെത്താന്‍  കാര്‍ടൂണിസ്റ്റുകള്‍ ശ്രമം നടത്താതിരിക്കാന്‍ കാരണം അവര്‍ സുന്ദരന്മാരും സുന്ദരികളും ആയതായിരിക്കാം….

അല്ലെങ്കില്‍, പൊങ്ങച്ചം പുതച്ച സിനിമാക്കാരെക്കാള്‍ തൊലിക്കട്ടിയുടെ കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ മുന്‍പില്‍ ആയതുകൊണ്ടുമാവാം…

 

 

കാര്‍ടൂണിസ്റ്റുകള്‍ കൈ വയ്ക്കുന്നതാരെ… Reviewed by on . ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും,  'ജയിച്ചു അധികാരത്തില്‍ കയറുന്നവര്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടി ആയാലും പരിചിതമുഖമായിരിക്കണേ..' എന്ന് പ്രാര്‍ഥിക്കുന്ന ഒരു വിഭാഗമാണ് ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും,  'ജയിച്ചു അധികാരത്തില്‍ കയറുന്നവര്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടി ആയാലും പരിചിതമുഖമായിരിക്കണേ..' എന്ന് പ്രാര്‍ഥിക്കുന്ന ഒരു വിഭാഗമാണ് Rating: 0
scroll to top