Home » വീട് » സ്വസ്ഥം… സുന്ദരം നാലുകെട്ട്

സ്വസ്ഥം… സുന്ദരം നാലുകെട്ട്

Nalukettuഒരു കാലത്ത് സമ്പന്നരും ഉയര്‍ന്ന ജാതിക്കാരും മാത്രം സ്വന്തമാക്കിയിരുന്ന നാലുകെട്ടുകള്‍ ഇന്ന് സാധാരണക്കാര്‍ക്കും പ്രാപ്യമാവുകയാണ്.  ചതുശ്ശാലകള്‍ എന്ന നാലുകെട്ടുകള്‍ കാലം, ദിക്ക്, മനസ്സ് എന്നിവയുടെ താളാത്മകസമ്മേളനം കൊണ്ട് വിശിഷ്ടമാണെന്ന് വാസ്തുശാസ്ത്രം പറയുന്നു. വാസ്തുശാസ്ത്ര സംബന്ധമായ നന്ദ്യാവര്‍ത്തം , സര്‍വ്വതോഭദ്രം തുടങ്ങിയ പലതരം നാലുകെട്ടുകളുടെ ഏറ്റവും നല്ല ഗുണങ്ങള്‍ വിവേചിച്ചെടുത്ത് ആധുനികരീതിയില്‍ ധാരാളം നാലുകെട്ടുകള്‍ ഇന്ന് നിര്‍മിക്കുന്നുണ്ട് . ശില്പചാതുരിയാണ് കേരളത്തിലെ നാലുകെട്ടുകളുടെ പ്രത്യേകത. കേരളീയ നാലുകെട്ടുകളുടെ ഏറ്റവും ശാസ്ത്രീയവും ഭംഗിയാര്‍ന്നതുമായ ഭാഗം ത്രിമാന സ്വഭാവത്തോടു കൂടിയ സ്പെയ്സ് ഫ്രെയ്മില്‍ തീര്‍ത്ത പിരമിഡാക‍ൃതിയോടു കൂടിയ നാലുകെട്ടു മേല്‍കൂരകളാണ്.

ഇത്തരം നാലുകെട്ടുകള്‍ ഒരു കാലഘട്ടം വരെ ഉയര്‍ന്നജാതിയില്‍പെട്ടവര്‍ക്കു മാത്രമേ അനുവദനീയമായിരുന്നുള്ളൂ. എന്നാല്‍ സാധാരണക്കാര്‍ക്കും വലിയ ആഡംബരങ്ങളില്ലാതെ നാലുകെട്ടിന്‍റെ സുഖം അനുഭവിക്കാന്‍ സാധിക്കുക എന്ന ലക്ഷ്യത്തോടെ വാസ്തുശാസ്ത്ര രീതിയില്‍ ചെറിയ നാലുകെട്ടു സ്വഭാവ ഗൃഹങ്ങള്‍ ഇന്നു നിര്‍മിക്കുന്നുണ്ട്. നാലുകെട്ടിന് വീടുകളെ അപേക്ഷിച്ച് ധാരാളം സുഖവാസ പരിസ്ഥിതികള്‍ സൃഷ്ടിക്കാനാവും എന്നതാണ് പ്രത്യേകത . ഇത് തീര്‍ത്തും സത്യമാണെന്ന് അറിയുവാന്‍ ഇവയില്‍ താമസിച്ച് ബോധ്യപ്പെടുക തന്നെ വേണം.

നാലുകെട്ടുകളെ സുഖവാസസ്ഥാനങ്ങളാക്കുന്നത് താപനിലയ്ക്കനുസരിച്ച് അതിനകത്ത് കാറ്റിന്‍റെ പ്രവാഹത്തിന്‍റെ അളവ് കൂടുതലാകുന്നു എന്നതാണ്. സൂര്യന്‍റെ കിരണങ്ങള്‍ നേരിട്ട് നടുമുറ്റത്തു പതിക്കുമ്പോള്‍ അതിനകത്തെ വായുമണ്ഡലം ഒട്ടാകെ ചൂടാകുന്നു. ഇപ്രകാരം ചൂടാകുന്ന വായു വികസിച്ച്, കനം കുറഞ്ഞ് നേരെ തുറന്നു കിടക്കുന്ന മേലോട്ട് ഉയരുന്നു. വായു ഉയര്‍ന്നു പോയ ഇടം നാലുകെട്ടിന്‍റെ പാര്‍ശ്വങ്ങളില്‍ നിന്നു വരുന്ന കാറ്റു കൊണ്ട് നിറയുന്നു. ഈ ഭാഗം വീണ്ടും ചൂടാവുമ്പോള്‍ വായു മേലോട്ട് ഉയര്‍ന്ന് കാറ്റ് രൂപപ്പെടുന്നു. ഈ പ്രക്രിയ നിരന്തരം ഉണ്ടാവുന്നതിനാല്‍ നാലുകെട്ടുകളിലെ വാസം ഏറ്റവും ഹൃദ്യമാകുന്നു.

എന്നാല്‍ വെറുതെ ഒരു നടുമുറ്റത്തിന്‍റെ ചുറ്റുവശം വീടു തീര്‍ക്കുന്നത് നാലുകെട്ടല്ല എന്നുകൂടി അറിയുക . കാറ്റു കൂടുകയും വെളിച്ചം കുറയ്ക്കുകയും വേണം എന്ന അടിസ്ഥാനതത്വം പ്രാവര്‍ത്തികമാക്കിയില്ലെങ്കിലും നാലുകെട്ടും സാധാരണ വീടാകും . ജനലുകള്‍ ധാരാളം ഉണ്ടെങ്കിലും വായുവിന്‍റെ നേര്‍ പ്രവാഹത്തിന് തടസങ്ങള്‍ ഉണ്ടായിരിക്കുക , നിര്‍മാണ പ്രക്രിയയ്ക്ക് താളാത്മകതയില്ലാതെ പോകുക, വര്‍ണ്ണവിന്യാസം കൃത്യമായി പാലിക്കാതെ വരിക ഒക്കെയാണ് സുഖവാസത്തിന് തടസ്സമായി നില്‍ക്കുന്നത്.

പൊടി ഗൃഹാന്തര്‍ഭാഗത്ത് എത്തുന്നത് തടയാനും നാലുകെട്ടുരീതി വളരെയധികം ഉപകരിക്കും . അതേസമയം പ്രകൃതിയുടെ അനുഭവം മുഴുവനായി ആവാഹിക്കാന്‍ നടുമുറ്റത്തിനു കഴിയുന്നു. വാസ്തുപഥത്തില്‍ വിന്യസിക്കപ്പെടുന്ന നാല് സൂത്രങ്ങള്‍ക്കുള്ള ദ്വാരങ്ങള്‍ ( ചരടു പിടിച്ചാല്‍ യാതൊരു തടസവുമില്ലാതെ കടന്നു പോകുന്ന ദ്വാരങ്ങള്‍ ) കൃത്യമായി സമന്വയിപ്പിക്കാനും അതുവഴി പ്രകൃതിയുടെ താപ – മര്‍ദ്ദ വ്യതിയാനത്തെ ഗൃഹാന്തര്‍ഭാഗത്ത് തുല്ല്യപ്പെടുത്തുവാനും നാലുകെട്ടിലാണ് ഏറ്റവും എളുപ്പത്തില്‍ സാദ്ധ്യമാകുന്നത്. യോഗശാസ്ത്രമനുസരിച്ചാണ് സൂത്രങ്ങള്‍ വിന്യസിച്ചിരിക്കുന്നത് . നിര്‍മ്മിതിയെ തന്നെ പുരുഷനായിട്ടാണ് – ഭാവനാ പുരുഷനായിട്ടാണ് വാസ്തു ശാസ്ത്രം കാണുന്നത്. ഭൂമിയിലെ പുരുഷനെയും, വാസ്തു പുരുഷനെയും ശാസ്ത്രം യോഗ നിബന്ധമായിട്ടാണ് ചിന്തിക്കുന്നത്. ഇത്തരം സൂത്രദ്വാരങ്ങള്‍ക്ക് വേധം പാടില്ല എന്നും പ്രമാണമുണ്ട്. കാരഹണം അത്തരം തടസ്സങ്ങള്‍ വായുപ്രവാഹത്തെ തടുക്കുന്നു. നടുമുറ്റം ഒഴിച്ചിട്ട് അതിനുചുറ്റും പദവിന്യാസം ചെയ്ത് രൂപകല്‍പന ചെയ്യുന്ന നാലുകെട്ട് പത്തുദിക്കിലേക്കുമുള്ള തുലനതയോടുകൂടിയിരിക്കുന്നതാണ് . ഭൂമിയുടെ കാന്തികശക്തിയില്‍ നിന്നുണ്ടാകുന്ന ഗ്രാവിറ്റേഷന്‍ ഫോഴ്സ് പത്തു ദിക്കിലേക്കുള്ള സന്തുലിതാവസ്ഥയില്‍ തുല്ല്യമായി വിഭജിച്ചു പോവുന്നതിനാല്‍ ഭൂമികുലുക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങളില്‍ തകരാതെ ഒരു പരിധി വരെ നാലുകെട്ടുകള്‍ക്ക് പിടിച്ചു നില്‍ക്കാനാവും .

വലിയ ധനവ്യയം ചെയ്താലേ നാലുകെട്ടുകള്‍ ഉണ്ടാക്കാന്‍ പറ്റൂ എന്നൊരു തെറ്റിദ്ധാരണ നമുക്കുടയിലുണ്ട്. അധികം പണച്ചിലവില്ലാതെ ഇപ്പോള്‍ സാധാരണക്കാര്‍ക്കും നാലുകെട്ടുകള്‍ സ്വന്തമാക്കാം.

സ്വസ്ഥം… സുന്ദരം നാലുകെട്ട് Reviewed by on . ഒരു കാലത്ത് സമ്പന്നരും ഉയര്‍ന്ന ജാതിക്കാരും മാത്രം സ്വന്തമാക്കിയിരുന്ന നാലുകെട്ടുകള്‍ ഇന്ന് സാധാരണക്കാര്‍ക്കും പ്രാപ്യമാവുകയാണ്.  ചതുശ്ശാലകള്‍ എന്ന നാലുകെട്ടുകള ഒരു കാലത്ത് സമ്പന്നരും ഉയര്‍ന്ന ജാതിക്കാരും മാത്രം സ്വന്തമാക്കിയിരുന്ന നാലുകെട്ടുകള്‍ ഇന്ന് സാധാരണക്കാര്‍ക്കും പ്രാപ്യമാവുകയാണ്.  ചതുശ്ശാലകള്‍ എന്ന നാലുകെട്ടുകള Rating: 0

About nammudemalayalam

scroll to top