Home » വീട് » ചുവരുകള്‍ക്ക് ഭംഗിയേകാന്‍ പെയ്ന്‍റിങ്ങുകള്‍

ചുവരുകള്‍ക്ക് ഭംഗിയേകാന്‍ പെയ്ന്‍റിങ്ങുകള്‍

ravi varmaഅടുത്തകാലം വരെ ദേവതമാരുടെ പടങ്ങളോ പ്രിയപ്പെട്ടവരുടെ ഛായാചിത്രങ്ങളോ ആയിരുന്നു കേരളത്തിലെ വീടുകളുടെ ചുമരില്‍ തൂക്കിയിരുന്നത്. എന്നാല്‍ ഒാരോ മുറിക്കും യോജിച്ച തരത്തിലുള്ള പെയ്ന്‍റിങ്ങുകള്‍ കൊണ്ട് ചുമരുകള്‍ അലങ്കരിക്കുന്നത് ഇന്ന് ഫാഷനാവുകയാണ്. പണ്ടൊക്കെ ആഢ്യത്വത്തിന്‍റെയും അന്തസ്സിന്‍റെയും മുഖചിത്രങ്ങളായിരുന്ന പെയ്ന്‍റിങ്ങുകള്‍. രാജകൊട്ടാരങ്ങളിലും ജന്മികുടുംബങ്ങളിലും മാത്രമേ ചുവരില്‍ ചിത്രമുണ്ടാവാറുള്ളൂ. ചുമര്‍ ചിത്രങ്ങളായിരുന്നു ഏറ്റവും ശ്രേഷ്ഠമായി കരുതിയിരുന്നത്. എന്നാലിന്ന് എല്ലാ തരം ചിത്രങ്ങളും സ്വീകാര്യമാവുകയാണ്. അലങ്കാരത്തെക്കാളുപരി നിറങ്ങള്‍ക്ക് മനോനിലയെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നതാണ് പെയ്ന്‍റിങ്ങുകളെ പ്രിയങ്കരമാക്കുന്നത്. മനോഹരമായ ചിത്രങ്ങല്‍ മനസ്സില്‍ പ്രകാശം പരത്തുകയും പ്രവര്‍ത്തിയും ചിന്തയും പ്രസാദപൂര്‍ണമാക്കുകയും ചെയ്യുന്നു. കേരളത്തിലും സ്വീകരിക്കപ്പെട്ടു കഴിഞ്ഞ ചൈനീസ് വാസ്തു വിദ്യയായ ഫുങ്-ഷ്വേയില്‍ ഭാഗ്യചിഹ്നങ്ങളായവയുടേയും അവയുടെ പ്രതീകാത്മക രൂപങ്ങളുടെയും പെയ്ന്‍റിങ്ങുകള്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്.

വളരെ പണ്ടുമുതല്‍ക്കേ പാശ്ചാത്യരാജ്യങ്ങളില്‍ പെയ്ന്‍റിങ്ങുകള്‍ പ്രചാരം നേടിയിരുന്നു. മനോനില ഭദ്രമാക്കാനുള്ള നിറങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞു കൊണ്ടാവണം പാശ്ചാത്യരുടെ വീട്ടിലും ഓഫീസിലും വരെ വിവിധതരം പെയ്ന്‍റിങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്നത്.

ചുവരിലെന്തിന് പെയ്ന്‍റിങ്ങ്

ചിത്രങ്ങളോടും ചിത്രകലയോടുമുള്ള കാഴ്ചപ്പാട് മാറിയതോടെ ഇന്‍റീരിയല്‍ ഡക്കറേഷന്‍റെ ഭാഗമായും അല്ലാതെയും പെയ്ന്‍റിങ്ങുകളും ചിത്രങ്ങളും ചുമരുകള്‍ക്ക് അലങ്കാരമാവുകയാണ്. ഇന്‍റീരിയറുകള്‍ ഒരുക്കുന്നതിന്‍റെ പ്രാധാന്യം സാധാരണക്കാര്‍ വരെ മനസ്സിലാക്കി തുടങ്ങിയതോടെ ചുമരുകളില്‍ ചിത്രങ്ങള്‍ ഒരു ഷോ പീസ് മാത്രമല്ലെന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഓരോ മുറിക്കും യോജിക്കുന്ന വിധത്തിലുള്ള പെയ്ന്‍റടിച്ച് മനോ ഹോരമാക്കിയ ചുമരുകള്‍ക്ക് ജീവന്‍ നല്‍കുകയാണ് പെയ്ന്‍റിങ്ങുകള്‍ ചെയ്യുന്നത്. നിറങ്ങള്‍ക്ക്  മനുഷ്യ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയും. ഇത് ഏറ്റവും ഫലപ്രദമായി ചെയ്യാന്‍ കഴിയുക പെയ്ന്‍റിങ്ങുകള്‍ക്കാണ്.  നിറത്തോടൊപ്പം വികാരവും കലര്‍ന്ന പെയ്ന്‍റിങ്ങുകള്‍ ജീവന്‍ തുടിക്കുന്നവയാണ്.  നിങ്ങളുടെ മനോഭാവത്തെ വ്യക്തമായി പ്രകടിപ്പിക്കാനും സ്വാധീനിക്കാനും അനുകൂലമായി രേഖപ്പെടുത്താനും ചിത്രങ്ങള്‍ക്കു കഴിയും.  എന്നാല്‍ ഇതൊക്കെ ശരിയായി ലഭിക്കണമെങ്കില്‍ ചിത്രങ്ങള്‍ വളരെ സൂക്ഷ്മതയോടെയും  ശ്രദ്ധയോടെയും  തെരഞ്ഞെടുക്കണം.

മുറികള്‍ക്കിണങ്ങുന്ന മൂഡ്

പെയ്ന്‍റിങ്ങുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യം വീടിന്‍റെ മൊത്തത്തിലുള്ള ശൈലിയും ഓരോമുറികല്‍ക്കും വേണമെന്നാഗ്രഹിക്കുന്ന മൂ‍ഡും ആണ്. മുറികള്‍ക്കു വേണ്ട മൂഡു തീരുമാനിക്കേണ്ടത് നിങ്ങളുടെ ജീവിത രീതികളെ ആശ്രയിച്ചായിരിക്കണം. കൂടുതല്‍ വില നല്‍കി നിങ്ങല്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പെയ്ന്‍റിങ്ങ് വാങ്ങി വയ്ക്കുന്നത് തന്നോടു തന്നെ ചെയ്യുന്ന ആത്മാര്‍ത്ഥത ഇല്ലായ്മയായിരിക്കും.

ഒരുമുറി എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് അവയുടെ മൂഡ് തീരുമാനിക്കേണ്ടത്. പാര്‍ടികള്‍ക്കും മറ്രു വിനോദങ്ങള്‍ക്കും ഉപയോഗിക്കുന്ന മുറിയില്‍ മനസ്സിന് ഉന്മേഷം നിറയ്ക്കുന്ന ഇമേജുകലും നിറങ്ങളും ഉള്ള ചിത്രങ്ങളാണ് യോജിക്കുക. നിറങ്ങള്‍ ശാന്തമായിരിക്കാന്‍ ആഗ്രഹിക്കുന്ന മുറിയില്‍ പച്ച നിറത്തിലുള്ള ചിത്രങ്ങള്‍ ഇണങ്ങും. ഏതു നിറത്തിന്‍റെയും ബ്രൈറ്റായ ഷേഡുകള്‍ കുട്ടികളുടെ മുറിയില്‍ യോജിക്കും. ഓഫീസ് മുറിയില്‍ ഇളം നീല , ഇളം പച്ച, ഗ്രേ തുടങ്ങിയ നിറങ്ങള്‍ നന്നായിരിക്കും . ഇതിനെല്ലാമുപരി നിങ്ങളുടെ മാനസികസ്ഥിതിയും താത്പര്യവും അനുസരിച്ച് പെയ്ന്‍റിങ്ങുകള്‍ തെരഞ്ഞടുക്കാം.

വീടിന്റെ ശൈലിക്കും ഇണങ്ങണം

ഒാരോ വീടിന്‍റെയും ശൈലിക്കനുസരിച്ചുള്ള പെയ്ന്‍റിങ്ങുകള്‍ തെരഞ്ഞടുക്കാനു ശ്രദ്ധിക്കണം . ഇതിലും മൂഡ് പ്രധാനം തന്നെ. പരമ്പരാഗത ശൈലിയോ ക്ലാസിക് ശൈലിയോ ആവിഷകരിച്ച് ഇന്‍റീരിയര്‍ ചെയ്തിരിക്കുന്ന വീടുകളില്‍ മ്യൂറലുകളോ ലൈറ്റ് ആന്‍റ് ഷെയ്ഡ് പെയ്ന്‍റിങ്ങുകളോ ആയിരിക്കും ചേരുക. മോഡേണ്‍, കണ്ടമ്പററി , കാഷ്വല്‍ എത്നിക് തുടങ്ങി വീടിന് നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത ശൈലികള്‍ക്കനുസരിച്ച് വൈവിധ്യമാര്‍ന്ന മൂഡുകളിലുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കാം.

വിലയിലും കാര്യമുണ്ട്

പെയ്ന്‍റിങ്ങുകള്‍ വാങ്ങുന്നത് ചിന്തിക്കുമ്പോള്‍ തന്നെ അതിന്‍റെ ഉയര്‍ന്ന വിലയായിരിക്കും മനസ്സില്‍ തെളിയുക. ചിത്രം ഒറിജിനല്‍ ആണോ , ചിത്രകാരന്‍റെ പ്രശസ്തി , ചിത്രത്തിന്‍റെ ആശയ പരമായ പ്രാധാന്യം , ചിത്രത്തിന്‍റെ വലുപ്പം , ഫ്രെയ്മിന്‍റെ മികവ് തുടങ്ങിയ ഘടകങ്ങളാണ് ഒരു ചിത്രത്തിന്‍റെ വിലയുടെ അടിസ്ഥാനം. ഒറി‍ജിനലുകള്‍ക്കുള്ള പ്രൗഢിയും അന്തസ്സും ചിത്രകാരന്മാരുടെ സ്റ്റഡി വര്‍ക്കുകളും റെപ്ലിക്കകള്‍ക്കും ( ഒരു ചിത്രം ചിത്രകാരന്‍ തന്നെ പകര്‍ത്തി വരയ്ക്കുന്നത് ) വന്‍ വില വരും. കോപ്പി വര്‍ക്കുകള്‍ക്ക് ( ഒരു ചിത്രകാരന്‍റെ ചിത്രം മറ്റൊരാള്‍ പകര്‍ത്തി വരയ്ക്കുന്നത് ) എന്നാല്‍ താരതമ്യേന വില കുറവായിരിക്കും.

ഏകദേശം 2000 രൂപ മുതല്‍ ഒറിജിനല്‍ ചിത്രങ്ങള്‍ കേരളത്തില്‍ ലഭ്യമാണ്. കുറഞ്ഞ വിലയില്‍ വാങ്ങുന്ന ഒറിജിനല്‍ ചിത്രങ്ങള്‍ക്ക് കാലാനുസൃതമായ വില വര്‍ധനയും ഭാവിയില്‍ ചിത്രകാരന്‍റെ പ്രശസ്തിക്ക് അനുസൃതമായ വില വര്‍ധനയും ലഭിക്കും എന്നതാണ് ഒറിജിനല്‍ പെയ്ന്‍റിങ്ങുകള്‍ ഒരു ഇന്‍വെസ്റ്റ്മെന്‍റായി കണക്കാക്കുന്നതിന് കാരണം . ഒറിജിനലുകളേക്കാള്‍ കുറവായിരിക്കുമെങ്കിലും പ്രിന്‍റുകല്‍ക്കും റീ – സെയില്‍ വാല്യൂ കിട്ടും.

ചുവരുകള്‍ക്ക് ഭംഗിയേകാന്‍ പെയ്ന്‍റിങ്ങുകള്‍ Reviewed by on . അടുത്തകാലം വരെ ദേവതമാരുടെ പടങ്ങളോ പ്രിയപ്പെട്ടവരുടെ ഛായാചിത്രങ്ങളോ ആയിരുന്നു കേരളത്തിലെ വീടുകളുടെ ചുമരില്‍ തൂക്കിയിരുന്നത്. എന്നാല്‍ ഒാരോ മുറിക്കും യോജിച്ച തരത് അടുത്തകാലം വരെ ദേവതമാരുടെ പടങ്ങളോ പ്രിയപ്പെട്ടവരുടെ ഛായാചിത്രങ്ങളോ ആയിരുന്നു കേരളത്തിലെ വീടുകളുടെ ചുമരില്‍ തൂക്കിയിരുന്നത്. എന്നാല്‍ ഒാരോ മുറിക്കും യോജിച്ച തരത് Rating: 0

About nammudemalayalam

scroll to top