Latest News

Home » സ്പെഷ്യൽ » നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ അളവുകോല്‍

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ അളവുകോല്‍

വിദ്യാ വിജയന്‍

media activisamപണ്ട് നാട്ടിന്‍ പുറത്ത് ഇടിവെട്ടി ആദ്യമഴ പെയ്തൊഴിഞ്ഞ് നേരംപുലരുമ്പോള്‍ ഞാനും മുത്തശ്ശിയും കൂടി പഴയ സഞ്ചിയെടുത്ത് പറമ്പിലേക്കിറങ്ങും. പറമ്പിലെ മുള്ളുവേലി കെട്ടിത്തിരിച്ച വരമ്പുകളില്‍ അപ്പോള്‍ അതിമനോഹരങ്ങളായ കൂണുകള്‍ പൊട്ടിമുളച്ചിരിക്കുന്നത് കാണാം.  വലിയ കുടപോലെ വിരിഞ്ഞ് വിടര്‍ന്നു നില്‍ക്കുന്നവ, പല നിറങ്ങളില്‍ കുറുത്ത പുള്ളിക്കുത്തുകള്‍ ഉള്ളവ, വഴുവഴുപ്പുള്ളവ, മണമുള്ളവ അങ്ങനെ വലുപ്പത്തിലും ആകൃതിയിലും നിറത്തിലും ഗന്ധത്തിലുമെല്ലാം വ്യത്യസ്തമായ കൂണുകള്‍. ഭംഗിയും ആകൃതിയും കണ്ട് ഓടിച്ചെന്ന് പറിച്ചെടുത്താല്‍ പ്രശ്നമാണ്. നല്ലഭംഗിയും ഗന്ധവും ഉള്ളവ അതുപോലെതന്നെ വിഷവും ഉള്ളവയാകും. അത്  കഴിച്ചുകഴിഞ്ഞാല്‍ പണി കിട്ടിയതുതന്നെ.

അങ്ങനെ ഭംഗിയുള്ള നല്ല കൂണുകള്‍ക്കിടയില്‍ നിന്ന് മുത്തശ്ശി ഒട്ടുംഭംഗിയില്ലാത്ത മണമില്ലാത്ത ഒരു കൂണിനെ കാണിച്ചുതന്നു. അങ്ങനെ സഞ്ചിനിറയെ ആ കൂണുകളുമായാണ് ഞങ്ങള്‍ തിരിച്ച് വീട്ടിലെത്തുക. ആ കൂണുകള്‍ നന്നായി കഴുകി  നല്ല തെങ്ങാകൊത്തും കുരുമുളകുപൊടിയും ഇട്ട് നല്ല സ്വയമ്പന്‍ കറിയുണ്ടാക്കുന്നത് അമ്മയാണ്.  അതിന്‍റെ രുചിയോ?  അതൊന്ന് വേറെതന്നെ.

ഈ അവസ്ഥയാണ് ഇന്ന് മലയാളികള്‍ക്കുള്ളത്. അന്ന് ഞാനും മുത്തശ്ശിയും കൂണുകള്‍ തേടി പോയിരുന്നത് നിറയെ മരങ്ങള്‍ നിറഞ്ഞ മുള്ള് വേലികെട്ടിനുള്ളിലെ പഴയ കെട്ടിടമുള്ള വലിയ പറമ്പിലേക്കാണ്. ആ വേലികള്‍ക്കപ്പുറത്തേക്ക് കൂണുകള്‍ വളര്‍ന്നിരുന്നില്ല.  എന്നാല്‍ ഇന്ന് വേലിക്കെട്ടുകളില്ലാത്ത വലിയൊരു മാധ്യമലോകമാണ് മലയാളികള്‍ക്കു മുന്‍പിലുള്ളത്.  അവിടെ കൂണുകളെപോലെ അനേകം മാധ്യമങ്ങളും. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍.

എത്ര ചാനലുകളാണ് ഇന്ന് നമ്മുടെ സ്വീകരണമുറികളില്‍ വാര്‍ത്തകളുമായി എത്തുന്നത്. എണ്ണിതുടങ്ങിയാല്‍  സ്വന്തം വിരലുകള്‍ കടന്ന് അന്യ‍‍ന്‍േറതും കൂടി എണ്ണിതുടങ്ങേണ്ടിവരും. നേരത്തെ കൂണുകളെ വര്‍ഗീകരിച്ചതുപോലെ ഇന്ന് വാര്‍ത്താചാനലുകളെ വര്‍ഗീകരിക്കേണ്ടിവരുന്നതും ഒട്ടും വ്യത്യസ്തമായല്ല . ഇന്ന്‍ ഓരോ ചാനലിനും അതിന്‍റെതായ ഓരോ നിറമുണ്ട്, ഓരോ മതമുണ്ട്, ഓരോ രാഷ്ട്രീയമുണ്ട്, ഓരോ അജണ്ടയുണ്ട്.  രാഷ്ട്രീയമെന്നും മതമെന്നും നിറമെന്നും ഞാന്‍ വിശേഷിപ്പിച്ചത് ജനകീയ മതമെന്നോ, ജനകീയ രാഷ്ട്രീയമെന്നോ, ജനകീയ നിറമെന്നോ വിവക്ഷിക്കുന്ന വിശാലാര്‍ത്ഥത്തിലല്ല.  സമകാലീന രാഷ്ട്രിയത്തിന്‍റെ ഏറ്റവും ഷണ്ഡത്വരൂപമായ കക്ഷി-മത-വ്യവസായ-രാഷ്ട്രീയമെന്ന സങ്കുചിത അര്‍ത്ഥം തന്നെയാണ് ഇന്നത്തെ ദൃശ്യമാധ്യമങ്ങള്‍ക്കുള്ളത്.

ഓരോ മതത്തിനും ഓരോ പാര്‍ട്ടിക്കും ഓരോ സംഘടനകള്‍ക്കും വേണ്ടി മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.  എല്ലാ മാധ്യമ ഉടമസ്ഥരും വക്കം മൌലവിമാരാണെന്ന് വിചാരിക്കുന്നത് മൂഡത്വമാണ്‌.  എവിടെ… എങ്ങനെയാണ് നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം സാധ്യമാകുന്നത്? രാഷ്ട്രീയക്കാരും മതവിശ്വാസികളും സംഘടനകളും പ്രത്യേകം ചാനലുകള്‍ തുടങ്ങുന്നത് അവരവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും, അതിനനുസരിച്ച് വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാനും, തങ്ങള്‍ക്ക് എതിരെയുള്ള വാര്‍ത്തകളെ തടഞ്ഞുവയ്ക്കുന്നതിനും വേണ്ടിയാണെന്നത് വ്യക്തമാണ്‌.  അങ്ങനെയെങ്കില്‍ നിഷ്പക്ഷമാധ്യമ പ്രവര്‍ത്തനം എന്നത് സാധ്യമല്ല, എന്നത് സുനിശ്ചിതമാണ്‌.  എന്താണ് നിഷ്പക്ഷതഎന്നതും ചര്‍ച്ചാവിഷയമാണ്.

കാരണം, പക്ഷം പിടിക്കാതെ നമുക്കെങ്ങനെ വാര്‍ത്തകൊടുക്കാനാവും ജനപക്ഷത്തുനില്‍ക്കുന്നതും പക്ഷപാത സമീപനമാണല്ലോ??..

പണ്ട് ഇന്ത്യാവിഷന്‍ എന്ന ചാനല്‍ 24 മണിക്കൂര്‍ ലൈവ് വാര്‍ത്ത‍കളുമായി വരുന്നു എന്ന് പറഞ്ഞപ്പോള്‍ മൂക്കത്തു വിരല്‍ വച്ചവരായിരുന്നു നമ്മളെല്ലാവരും.  24 മണിക്കൂര്‍ കാണിക്കാന്‍ മാത്രം വാര്‍ത്തകള്‍ നമ്മുടെ രാഷ്ട്രീയ കേരളത്തില്‍ സംഭവിക്കുന്നുണ്ടോ എന്ന ആശങ്ക അന്ന് നമു ക്കുണ്ടായിരുന്നു. ഇന്ന് വിരലുകള്‍ എണ്ണിക്കടന്ന്‍ അതിന്‍റെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതിനിടയില്‍ വലിയ വിപ്ലവവീര്യത്തോടെ ചില മാധ്യമങ്ങള്‍ വരികയും അതുപോലെ തന്നെ കൊഴിയുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു. പലതും ഇപ്പോഴും പണിപ്പുരയില്‍ ഒരുങ്ങുന്നു എന്നും അറിയുന്നു. ഒരു കമ്പോള വ്യവസ്ഥിതിയിലേക്ക് മാധ്യമങ്ങള്‍ മാറി എന്നത് ഞെട്ടിക്കുന്ന പുതിയ അറിവല്ലെങ്കില്‍കൂടി അത് പൂര്‍ണ്ണമായും കമ്പോളവസ്തുവായി എന്നതിനെയാണ് ഈ മാധ്യമബാഹുല്യം സൂചിപ്പിക്കുന്നത്.  ഒരു ഉത്പന്നത്തിന്റെ വിവിധ രൂപങ്ങള്‍ വിപണിയിലിറങ്ങുന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്.  കാരണം, അനേകം സാധ്യതകളില്‍ നിന്ന്‍ മികച്ചത് തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് ഉപഭോക്താവിന് അപ്പോള്‍ ലഭിക്കുന്നത്. അതേ അവസ്ഥയാണ് ഇന്ന് മാധ്യമലോകത്തും സംജാതമായിട്ടുള്ളത്.

വാര്‍ത്തകള്‍ വിതരണം ചെയ്യുന്ന ഒരുപാട് കമ്പനികള്‍…..അതില്‍ നിന്ന്‍ പൊതുജനം തിരഞ്ഞെടുക്കുന്നു. ഒന്നോ പത്തോ  റബര്‍ ബട്ടണുകള്‍ നിറഞ്ഞ ചെറിയ റിമോട്ടാണ് ഇന്ന് മാധ്യമങ്ങളെ തെരഞ്ഞെടുക്കുന്നത്.

ആ റിമോട്ടാണ് ഇന്ന് മാധ്യമങ്ങളുടെ നിഷ്പക്ഷതയുടെ അളവുകോല്‍

മൈക്കിനോപ്പം നിയന്ത്രണത്തിന്‍റെ ഒരു ചങ്ങലയുംകൂടി കൈയിലണിഞ്ഞ് മാധ്യമ പ്രവര്‍ത്തനത്തിനിറങ്ങേണ്ട ഗതികേടിലെത്തിയവര്‍, ജനാധിപത്യത്തിന്‍റെ നാലാംതൂണിനെ ചിതലെടുക്കുമ്പോള്‍, റിമോട്ട് കണ്ട്രോളുമായി  നിഷ്പക്ഷത പാലിക്കേണ്ട ചുമതല ഇന്ന് പൊതുജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയാണ്. പക്ഷെ ഒന്നോര്‍ക്കണം ഈ പേക്കൂത്ത് ഇനിയും തുടരുകയാണെങ്കില്‍,  സഹികേടിന്‍റെ നെല്ലിപ്പലകയിലേക്ക് പൊതുജനം എത്തിച്ചേരുമ്പോള്‍  ഏതൊരു ടി.വി റിമോട്ടിന്‍റെയും ഏറ്റവും സുപ്രധാന ബട്ടന്‍ അവര്‍ക്ക് ഉപയോഗിക്കേണ്ടിവരും….

മാധ്യമ സ്വാതന്ത്രത്തിന്‍റെ ആ ചുവന്ന ബട്ടന്‍.

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ അളവുകോല്‍ Reviewed by on . പണ്ട് നാട്ടിന്‍ പുറത്ത് ഇടിവെട്ടി ആദ്യമഴ പെയ്തൊഴിഞ്ഞ് നേരംപുലരുമ്പോള്‍ ഞാനും മുത്തശ്ശിയും കൂടി പഴയ സഞ്ചിയെടുത്ത് പറമ്പിലേക്കിറങ്ങും. പറമ്പിലെ മുള്ളുവേലി കെട്ടിത പണ്ട് നാട്ടിന്‍ പുറത്ത് ഇടിവെട്ടി ആദ്യമഴ പെയ്തൊഴിഞ്ഞ് നേരംപുലരുമ്പോള്‍ ഞാനും മുത്തശ്ശിയും കൂടി പഴയ സഞ്ചിയെടുത്ത് പറമ്പിലേക്കിറങ്ങും. പറമ്പിലെ മുള്ളുവേലി കെട്ടിത Rating: 0

About nammudemalayalam

Comments (1)

  • midhun kk

    good research… keep it up.

scroll to top