Home » കുട്ടികളുടെ ലോകം » പഠനവൈകല്യം മറികടക്കാന്‍

പഠനവൈകല്യം മറികടക്കാന്‍

Taare-Zameen-Par-04“എന്തിനും നിനക്ക് ഉടനെ മറുപടിയുണ്ടല്ലോ.  ആ സാമര്‍ത്ഥ്യമെന്താ പഠിക്കുന്നതില്‍ കാണാത്തത്? കൂട്ടുകാരുമൊത്ത് കളിച്ചു നടന്നിട്ടല്ലേ ഇത്.” പഠിക്കുന്ന കുട്ടികളുള്ള ഏതൊരു വീട്ടിലും മിക്കപ്പോഴും കേള്‍ക്കുന്ന വാക്കുകളാണ് ഇവ –  പ്രത്യേകിച്ച് പ്രോഗ്രസ്സ് കാര്‍ഡ്‌ കിട്ടുന്ന സമയത്ത്.

“ഞാന്‍ നന്നായി ക്ലാസ്സില്‍ ശ്രദ്ധിക്കുന്നുണ്ട്.  എന്നിട്ടും എനിക്ക് പരീക്ഷക്ക്  ഒന്നും എഴുതാന്‍ പറ്റുന്നില്ല.” ഇതാവും ആദ്യത്തെ  മറുപടി.

പല വീടുകളിലും കാണാവുന്ന ഒരു രംഗമാണിത്.  ചിലപ്പോള്‍ നമ്മളും ഈ ഒരു കാലഘട്ടത്തിലൂടെ കടന്നുവന്നവരാകാം.  സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള പല കുട്ടികളും പഠനകാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നത് കാണാം.  സംസാരിക്കുന്നതിലും മറ്റുള്ളവരോട് ഇടപെടുന്നതിലും വളരെ മിടുക്കന്മാരാണെന്നു തോന്നുമെങ്കിലും ഇവര്‍ എഴുത്തിലും വായനയിലും വളരെ പിറകിലാവും.  എന്നാല്‍ ഇതൊരു വൈകല്യമായി കാണാതെ മാതാപിതാക്കള്‍ കുട്ടികളെ കടുപ്പത്തില്‍ ശിക്ഷിക്കുന്നു.  മിടുക്കന്മാരായ കുട്ടികളില്‍ കണ്ടുവരുന്ന ഇത്തരം താല്പര്യക്കുരവിനെ പഠനവൈകല്യമായാണ് പൊതുവെ കണക്കാക്കുന്നത്.

ലോകപ്രശസ്തരായ പലരും ഇത്തരം വൈകല്യങ്ങള്‍ ഉള്ളവരായിരുന്നു.  പ്രശസ്ത  ശാസ്ത്രജ്ഞനായിരുന്ന തോമസ് ആല്‍വാ എഡിസന്  അക്ഷരമാല ഹൃദിസ്ഥമാക്കാന്‍ മരണം വരെ കഴിഞ്ഞിട്ടില്ല.  വാള്‍ട്ട് ഡിസ്നി, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ബില്‍ഗേറ്റ്സ് തുടങ്ങിവരെല്ലാം ഈ വൈകല്യം മറികടന്ന് ജീവിതവിജയം നേടിയവരാണ്.

പഠനവൈകല്യമുള്ള കുട്ടികളില്‍ പല പ്രത്യേകതകളും കാണാം. ഇവരുടെ വായന വളരെ സാവകാശത്തിലായിരിക്കും.  വായിക്കുമ്പോള്‍ വരികള്‍ക്കിടയിലൂടെ വിരലുകള്‍ നീക്കുന്നതു കാണാം.  വാക്കുകള്‍ക്കു പകരം അക്ഷരങ്ങള്‍ ഓരോന്നായിട്ടായിരിക്കും വായിക്കുക.  വായിക്കുന്നത് എന്തെന്ന് ഗ്രഹിക്കാന്‍ ഇവര്‍ക്കാവില്ല.  അതുകൊണ്ടുതന്നെ കഷ്ട്ടപ്പെട്ട് ഒരു ഖണ്ഡിക വായിച്ചാലും അതിന്‍റെ സാരാംശം പറയാന്‍ ഇവര്‍ക്കു കഴിയാറില്ല.
എഴുതുന്നതും വളരെ ശ്രമപ്പെട്ടായിരിക്കും.  അക്ഷരങ്ങള്‍ കടലാസില്‍ അമര്‍ത്തി എഴുതുന്നതിനാല്‍ താഴെയുള്ള അഞ്ചാറു പേജുകളില്‍വരെ ഇതിന്‍റെ പാടുകള്‍ കാണാം.  ഇവര്‍ എഴുതിത്തുടങ്ങുന്നതും വളരെ വിഷമിച്ചായിരിക്കും.  പേനയും പെന്‍സിലും കടലാസില്‍നിന്നു നീങ്ങില്ല.  മറ്റു കുട്ടികള്‍ ഒരു പേജ് എഴുതിക്കഴിഞ്ഞാലും പലപ്പോഴും ഇവര്‍ തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാവും.  അതോടെ ഒന്നും ചെയ്യാനാവാതെ ഇവര്‍ ആകെ വിഷമിക്കും.  മാത്രമല്ല, എഴുതിയെടുക്കാത്തതിന് ടീച്ചറുടെ വക വേറെയും കിട്ടും.  ബോര്‍ഡില്‍ ടീച്ചര്‍ എഴുതുന്നത് പകര്‍ത്തി എഴുതാനും ഇത്തരക്കാര്‍ക്ക് സാധിക്കില്ല.  സാവധാനത്തില്‍ എഴുതിതുടങ്ങുമ്പോഴേക്കും ടീച്ചര്‍ ബോര്‍ഡ്‌ മായിക്കുകയും പുതിയത് എഴുതി തുടങ്ങുകയും ചെയ്യും.  ഇത്തരം കുട്ടികളുടെ ഡയറിയും നോട്ടും പരിശോധിച്ചാല്‍ അറിയാം അവ എന്നും അപൂര്‍ണ്ണമായിരിക്കും.  ” ഞാന്‍ എഴുതി എടുക്കാന്‍ തുടങ്ങുമ്പോഴേക്കും ടീച്ചര്‍ എല്ലാം മായ്ച്ചുകളയും” എന്ന് കുട്ടി സത്യസന്ധമായി പറഞ്ഞാലും മാതാപിതാക്കള്‍ വിശ്വസിക്കണമെന്നില്ല.  അതിന്‍റെ പേരില്‍ കുട്ടിയെ വഴക്കുപറയുകയോ അടിക്കുകയോ ചെയ്യാം.
അക്കങ്ങള്‍ എഴുതുമ്പോഴും തെറ്റിപോകുന്നു. 23 എന്നെഴുതി 32  എന്ന് വായിക്കും.  ഈ തെറ്റ് പകര്‍ത്തി എഴുതുമ്പോഴും സംഭവിക്കുന്നു.  ഇംഗ്ലീഷിലെ b, d, p, q എന്നീ അക്ഷരങ്ങള്‍ ഇവര്‍ക്ക് മാറിപ്പോകുന്നു.  ഇടതും വലതും തിരിച്ചറിയാനും ഇവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നു.  സമയം നോക്കാന്‍ അറിയാതെ വെരുന്നു.  ഇവരുടെ വസ്ത്രധാരണയിലും തെറ്റുകള്‍ ഉണ്ടാവാം.  ഇവര്‍ ഷൂലെയിസുകള്‍ കെട്ടുന്നതും ആശ്രദ്ധമായിട്ടാവും.
എന്താണ് പഠനവൈകല്യം?

സ്കൂള്‍ എന്നതുപോലെ തന്നെ വീട്, സമൂഹം എന്നിവയും പഠനത്തെ  സ്വാധീനിക്കുന്ന ഘടകങ്ങളാണ്.  സന്തോഷകരമായ സ്കൂള്‍ അന്തരീക്ഷം, നല്ല അധ്യാപകര്‍,, കുടുംബത്തിന്‍റെ അന്തരീക്ഷം ഇവയെല്ലാം പഠനത്തെ സഹായിക്കുമ്പോള്‍, തകര്‍ന്ന കുടുംബബന്ധങ്ങള്‍, പിതാവിന്‍റെ അമിത മദ്യപാനം, വീട്ടിലെ പഠിക്കാനുള്ള അസൌകര്യം തുടങ്ങിയവ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.  പേടി, നിരാശ, വിഷാദം തുടങ്ങിയവയും കുട്ടിയുടെ പഠനത്തെ സാരമായി ബാധിക്കുന്നു.

എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ, സാമാന്യമോ, അതില്‍ കൂടുതാലോ ബുദ്ധി വൈഭവമുള്ള കുട്ടികളില്‍ പഠനത്തിന് ആവശ്യമായ ഭാഷ, എഴുത്ത്, വായന, കണക്ക് എന്നിവയില്‍ കഴിവ് ആര്‍ജിക്കുന്നതിലും അവ പ്രായോഗിക്കുന്നതിലും ഉള്ള ബുദ്ധിമുട്ടിനെയാണ് പഠനവൈകല്യം  (Learning disability)  എന്നു പറയുന്നത്.

ഇത് ബുദ്ധികുറവല്ല.  മണ്ടത്തരവുമല്ല .  മറിച്ച് ഒളിഞ്ഞു കിടക്കുന്ന ഒരു വൈകല്യമാണ്.  തലച്ചോറിന്‍റെ ഘടനയില്‍ ഉണ്ടാകുന്ന ചില പ്രത്യേകതകളാണ് പഠന വൈകല്യത്തിനു കാരണം.

പഠനവൈകല്യത്തെ പ്രധാനമായും മൂന്നായി തിരിക്കാം:

  1. ഡൈയ്സ്ലെസിയാ (വായനയില്‍ കാണുന്ന വൈകല്യം)
  2. ഡിസ്ഗ്രാഫിയ (എഴുത്തില്‍ കാണുന്ന വൈകല്യം)
  3. ഡിസ്കാല്‍ക്കൂലിയ (കണക്കിലുള്ള വൈകല്യത്തെ)

കാര്യമെന്തെന്ന് അറിയാതെ മാതാപിതാക്കളും അധ്യാപകരും കുട്ടികളെ നിരന്തരം പീഡിപ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ അത് കുട്ടികളില്‍ ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ സൃഷ്ടിക്കും.  ഇവര്‍ക്ക് സമൂഹത്തോടുതന്നെ അമര്‍ഷം തോന്നി സാമൂഹിക വിരുദ്ധരായി വളരാനും ഇടയുണ്ട്.  ദുര്‍ഗുണപാഠശാലയിലെ അന്തേവാസികളായ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ നല്ലൊരു ശതമാനം കുട്ടികള്‍ക്കും പഠന വൈകല്യമുള്ളതായി കണ്ടെത്തിയിരുന്നു.

ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം.  കുട്ടികള്‍ക്ക് പഠനത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ കാണുകയാണെങ്കില്‍ അവരെ ശിക്ഷിക്കുന്നതിനുമുമ്പ് ഒരു നിമിഷം ചിന്തിക്കൂ; അവര്‍ക്ക് നിങ്ങളുടെ സ്നേഹത്തോടെയുള്ള സാന്ത്വനവും സഹായവുമാണ് വേണ്ടത്.

 

 

 

പഠനവൈകല്യം മറികടക്കാന്‍ Reviewed by on . "എന്തിനും നിനക്ക് ഉടനെ മറുപടിയുണ്ടല്ലോ.  ആ സാമര്‍ത്ഥ്യമെന്താ പഠിക്കുന്നതില്‍ കാണാത്തത്? കൂട്ടുകാരുമൊത്ത് കളിച്ചു നടന്നിട്ടല്ലേ ഇത്." പഠിക്കുന്ന കുട്ടികളുള്ള ഏതൊ "എന്തിനും നിനക്ക് ഉടനെ മറുപടിയുണ്ടല്ലോ.  ആ സാമര്‍ത്ഥ്യമെന്താ പഠിക്കുന്നതില്‍ കാണാത്തത്? കൂട്ടുകാരുമൊത്ത് കളിച്ചു നടന്നിട്ടല്ലേ ഇത്." പഠിക്കുന്ന കുട്ടികളുള്ള ഏതൊ Rating: 0

About nammudemalayalam

scroll to top