Home » കാർഷികം » ജൈവീക കീട നിയന്ത്രണോപാധികളും ഉപയോഗരീതികളും

ജൈവീക കീട നിയന്ത്രണോപാധികളും ഉപയോഗരീതികളും

87610253

“മുള്ളിനെ മുള്ളുകൊണ്ട്…” എന്ന നയം ശാസ്ത്രീയമായി മലയാളിയെ പഠിപ്പിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല.  രാസകീടനാശിനികളോട് ഇനി ധൈര്യമായി “ബൈ” പറയാം..കൂട്ടുകൂടാം  പുതിയ വേട്ടക്കാരുമായി ..

ട്രൈക്കോഗ്രാമ്മ മുട്ടപരാദം

ട്രൈക്കോഗ്രാമ മുട്ടക്കാര്‍ഡുകള്‍ നെല്ലിലെ ജൈവീക കീട നിയന്ത്രണത്തില്‍ സുപ്രധാന പങ്കുവഹിയ്ക്കുന്നുണ്ട്. തണ്ടു തുരപ്പനെതിരായി ട്രൈക്കോഗ്രാമ ജപ്പോണിയ്ക്കവും, ഓലചുരുട്ടിക്കെതിരെ ട്രൈക്കോഗ്രാമ ചിലോണിസുമാണ് ഉപയോഗിക്കുന്നത്. ഒരു കാര്‍ഡില്‍ ഏകദേശം 18000-20000 വരെ മുട്ടകള്‍ ഉണ്ടാകും. ശലഭങ്ങളെ പാടത്ത് കണ്ടുതുടങ്ങുമ്പോള്‍ ഇത്തരത്തിലുള്ള പത്തുകാര്‍ഡുകള്‍(5 ടി.ജെ+5 ടി.ചി) ഒരു ഹെക്ടറിലേക്ക് എന്ന തോതില്‍ ഒരാഴ്ച ഇടവിട്ട് അഞ്ചുതവണ വെയ്ക്കേണ്ടതാണ്. ഇതിനായി കാര്‍ഡുകളെ പത്തു ചെറിയ കഷണങ്ങളാക്കി അഞ്ചുസെന്റിന് ഒരു കഷണം എന്ന തോതില്‍ വയലുകളില്‍ തെങ്ങോല ഉപയോഗിച്ചോ, പേപ്പര്‍ കപ്പുകളിലാക്കി വടികളില്‍ കുത്തിയോവച്ചു കൊടുക്കണം. ഈ കാര്‍ഡുകളില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന ട്രൈക്കോഗ്രാമ പരാദങ്ങള്‍ തണ്ടുതുരപ്പന്‍റേയും ഓലചുരുട്ടിയുടേയും മുട്ടകളെ പരദീകരിച്ച് അവയെ നശിപ്പിക്കുന്നു. സ്ഥിരമായി മുട്ടകാര്‍ഡുകള്‍ വെയ്ക്കുന്ന പാടശേഖരങ്ങളില്‍ ഒരു ഹെക്ടറിന് 5 കാര്‍ഡുകള്‍ വെച്ച് കീട നിയന്ത്രണം സാദ്ധ്യമാണ്. ഇങ്ങിനെ വെയ്ക്കുമ്പോള്‍ 10 സെന്റിന് ഒരു കഷണം എന്ന തോതില്‍ വെച്ചു കൊടുത്താല്‍ മതി. രാസകീടനാശിനികള്‍ ഉപയോഗിക്കാത്ത വയലുകളില്‍ മാത്രമേ മുട്ടകാര്‍ഡുകള്‍ വെയ്ക്കാവൂ.

മിശ്ര കുമിളുകള്‍

 • ബ്യുവേറിയ

ഇലതീനി പുഴുക്കള്‍, വണ്ടുകള്‍, നീരൂറ്റികുടിയ്ക്കുന്ന കീടങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന മിശ്രകുമിള്‍.

 • ഫ്യുസേറിയം

പയറിലും  മറ്റും കാണുന്ന കറുത്ത മുഞ്ഞയ്ക്കെതിരെ ഉപയോഗിക്കാവുന്നതാണ്‌.

 • വെര്‍ട്ടിസിലിയം

മീലിമൂട്ട, വെള്ളീച്ച, മറ്റു നീരൂറ്റികുടിക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരെ പ്രായോഗിക്കാം.

 • മെറ്റാറൈസിയം

ചിതലുകള്‍, മണ്ണിലുള്ള വേരുതീനിപ്പുഴുക്കള്‍ എന്നിവയെ നശിപ്പിക്കുന്നു.

ഉപയോഗിക്കുന്ന വിധം

കുമിളുകളുടെ വിത്തുകള്‍ ‘ടാല്‍ക്കിന്‍’ കലര്‍ത്തിയാണ് വിപണനം നടത്തുന്നത്.  ഇത്തരത്തിലുള്ള 10 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചുകൊടുക്കാവുന്നതാണ്.  ഒരു ലിറ്റര്‍ മിത്രകുമിള്‍ ലായനിയില്‍ 5 ഗ്രാം ബാര്‍സോപ്പ് അലിയിച്ച് പതപ്പിച്ച് ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.  സോപ്പിനുപകരം ‘ട്വീന്‍ 80’ എന്ന ‘എമള്‍സി ഫയര്‍’ 2 മില്ലി ഒരുലിറ്റര്‍ ലായനിയ്ക്ക് ചേര്‍ത്താലും മതി.  സാധാരണ ഷാംപൂ ‘ട്വീന്‍ 80’ പോലെ തന്നെ പ്രവര്‍ത്തിക്കുന്നതായി കണ്ടിട്ടുണ്ട്.  മീലിമൂട്ട പോലുള്ള കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ 20 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കണം.  വിളകള്‍ക്ക് ദോഷം ചെയ്യാത്ത വിധത്തില്‍ സോപ്പുലായനി തനിയെ തളിച്ചതിനുശേഷം മിശ്രകുമിള്‍ ലായനി തളിച്ചു കൊടുക്കുന്നത് കൂടുതല്‍ ഫലം ചെയ്യുന്നു.

മുന്‍കരുതലുകള്‍

 • രാസകീടനാശിനികള്‍ /രാസവളങ്ങള്‍ ഇവയ്ക്കൊപ്പം മിശ്രകുമിളുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
 • രാസകീടനാശിനികള്‍/ രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ 15 ദിവസത്തിനുശേഷമേ ഇവ ഉപയോഗിക്കാവൂ.
 • ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഇര്‍പ്പം ഉണ്ടായിരിക്കണം.
 • നേരിട്ടു സൂര്യ പ്രകാശം ഏല്‍ക്കാത്ത സ്ഥലങ്ങളില്‍ മാത്രം സുക്ഷിക്കുക.

ജൈവീക രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ 

സ്യൂഡോമോണാസ്

ചേടികളുടെ വേരിനോട് ചേര്‍ന്നു ജീവിക്കുന്ന ഒരു മിത്ര ബാക്ടീരിയയാണിത്.  ഇത് ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനോടൊപ്പം രോഗ പ്രതിരോധശേഷിയും നല്‍കുന്നു.  വിളകളില്‍ കുമിള്‍, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ഇത് ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം

വിത്തില്‍ പുരട്ടുന്നതിന്:  10 ഗ്രാം സ്യൂഡോമോണാസ് പൊടി ഒരു കിലോഗ്രാംവിത്തിന് എന്ന തോതില്‍ വിത്തുമായി കലര്‍ത്തി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവെച്ച ശേഷം മുളയ്ക്കാന്‍ വെക്കണം.

വേരില്‍ മുക്കുന്നതിന്:  പറിച്ചു നടുന്നതിനുമുമ്പ് ചെടിയുടെ വേര് സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ 20 മിനിറ്റുനേരം മുക്കി വെച്ചശേഷം നടാവുന്നതാണ്.

മണ്ണില്‍ ചേര്‍ക്കുന്നതിന്:  സ്യൂഡോമോണാസ് പൊടി ഒരു കിലോഗ്രാം ഒരേക്കറിന് എന്ന തോതില്‍ ചാണകപ്പൊടിയുമായോ മണലുമായോ കലര്‍ത്തി മണ്ണില്‍ ചേര്‍ത്തുകൊടുക്കാനുപയോഗിക്കാം.

തളിക്കുന്നതിന്:  2-10 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചും രോഗത്തെ നിയന്ത്രിക്കാവുന്നതാണ്.  നെല്ലിന്‍റെ രോഗങ്ങള്‍ക്കും വഴുതന, വെള്ളരി, പയറുവര്‍ഗ്ഗവിളകള്‍, സുഗന്ധ വിളകള്‍ എന്നിവയില്‍ കാണുന്ന തൈചീയല്‍, കായ്‌ചീയല്‍, തണ്ടുചീയല്‍, ഇലപ്പൊട്ടുരോഗങ്ങള്‍, മഞ്ഞളിപ്പുരോഗങ്ങള്‍ എന്നിവയ്ക്കുമെതിരെ വളരെ ഫലപ്രദമാണ്.

ട്രൈക്കോഡെര്‍മ

വിളകളിലെ മണ്ണിലൂടെ പകരുന്ന കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു മിശ്ര കുമിളാണ് ട്രൈക്കോഡെര്‍മ.

ഉപയോഗക്രമം

ഒരു കിലോഗ്രാം ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ 100  കിലോഗ്രാം ചാണകപ്പൊടി, 10 കിലോഗ്രാം വേപ്പിന്‍പ്പിണ്ണാക്ക് എവയുമായി കലര്‍ത്തി വെള്ളം തളിച്ച് ഇളക്കി തണലുള്ള സ്ഥലത്ത് ചെറുകൂനയാക്കി ഈര്‍പ്പമുള്ള  ചാക്ക് ഉപയോഗിച്ച് മൂടിയിടുക.  ഈ മിശ്രിതം വീണ്ടുമിളക്കി ആവശ്യത്തിന് വെള്ളം തളിച്ച് കൂനയാക്കി ഒരാഴ്ച കൂടി മൂടിയിടുക.  ഇപ്രകാരം തയ്യാറാക്കിയ ട്രൈക്കോഡെര്‍മ മിശ്രിതം മണ്ണില്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്.

വിവിധ വിളകളിലെ ഉപയോഗക്രമം:

കുരുമുളകിലെ ദ്രുതവട്ടം തടയുന്നതിന് കൊടിയൊന്നിന് 5 കിലോഗ്രാം മിശ്രിതം മഴ കിട്ടുന്നതോടൊപ്പം കൊടിയുടെ ചുവട്ടില്‍ മണ്ണില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.  ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ മൂടുചീയല്‍ തടയുന്നതിന് വിത്ത് നടുന്ന കുഴിയില്‍ 25ഗ്രാം മിശ്രിതമിട്ട് അതിനുമുകളില്‍ വിത്ത് നടാം.  നഴ്സറി തൈകള്‍ തയ്യാറാക്കുമ്പോള്‍ പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാന്‍ ഉപയോഗിക്കാം.

വാനില, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, വഴ, വെറ്റില, ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവയില്‍ കാണുന്ന മിക്ക രോഗങ്ങളേയും നിയന്ത്രിക്കാന്‍ സ്യൂഡോമോണാസ്  ട്രൈക്കോഡെര്‍മയും ഉപയോഗിക്കാവുന്നതാണ്.

മുന്‍കരുതലുകള്‍

കുമിള്‍ നാശിനികള്‍, രാസവളങ്ങള്‍, ചാരം കലര്‍ന്ന ജൈവവളങ്ങള്‍ ഇവയോടൊപ്പം സ്യൂഡോമോണാസും ട്രൈക്കോഡെര്‍മയും ഉപയോഗിക്കാന്‍ പാടുള്ളതല്ല.

 • കുമിള്‍ നാശിനികള്‍/ രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ 15 ദിവസമെങ്കിലും കഴിഞ്ഞേ ഇവ ഉപയോഗിക്കാവൂ.
 • മണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ മാത്രം ഇവ ഉപയോഗിക്കുക.
 • നേരിട്ടു സൂര്യ പ്രകാശം ഏല്‍ക്കാത്ത സ്ഥലങ്ങളില്‍ മാത്രം സൂക്ഷിക്കുക.

ഇത്തരത്തില്‍ ജൈവീക നിയന്ത്രണ രീതികള്‍ അനുവര്‍ത്തിക്കുന്നതുകൊണ്ട് കൃഷിയിടങ്ങളിലെ പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നു.

ജൈവീക കീട നിയന്ത്രണോപാധികളും ഉപയോഗരീതികളും Reviewed by on . "മുള്ളിനെ മുള്ളുകൊണ്ട്..." എന്ന നയം ശാസ്ത്രീയമായി മലയാളിയെ പഠിപ്പിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല.  രാസകീടനാശിനികളോട് ഇനി ധൈര്യമായി "ബൈ" പറയാം..കൂട്ടുകൂടാം "മുള്ളിനെ മുള്ളുകൊണ്ട്..." എന്ന നയം ശാസ്ത്രീയമായി മലയാളിയെ പഠിപ്പിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല.  രാസകീടനാശിനികളോട് ഇനി ധൈര്യമായി "ബൈ" പറയാം..കൂട്ടുകൂടാം Rating: 0

About nammudemalayalam

scroll to top