Home » ആനപ്പെരുമ » ആനപ്പകയുടെ മനഃശാസ്ത്രം

ആനപ്പകയുടെ മനഃശാസ്ത്രം

പ്രിയഹരി

mad elephantആന എന്നു കേട്ടാല്‍ കേരളീയന്‍റെ മനസ്സിലുണരുക നാദലഹരിയുടെ മേളപ്പെരുക്കമാണ്.  പൂത്തുലയുന്ന പുരുഷാരത്തിനു നടുവില്‍ വര്‍ണ്ണ-മേളങ്ങളുടെ അകമ്പടിയോടെ, തീവെട്ടിയുടെ ജ്വാലയില്‍ വെട്ടിത്തിളങ്ങുന്ന സഹ്യനോളം പോന്ന തലയെടുപ്പ്.
നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ആനയോളം സ്ഥാനമുള്ള മറ്റൊരു ജീവിയില്ല.

എന്നു മുതലാണ് മനുഷ്യന്‍ കാട്ടില്‍ സ്വൈരവിഹാരം നടത്തിയിരുന്ന ആനകളെ ഇണക്കിയെടുത്തതും നാട്ടില്‍ കൊണ്ടുവന്നു പണിയെടുപ്പിക്കാന്‍ തുടങ്ങിയതുമെന്നറിയില്ല. പക്ഷേ ക്രിസ്തുവിനു മുന്‍പ് തന്നെ ഭാരതത്തില്‍ ആനകളെ പരിശീലിപ്പിച്ചു എന്നതിനു രേഖകളുണ്ട്.   ആയിരക്കണക്കിന് വര്‍ഷം മുന്‍പ് ആനചികിത്സക്കുമാത്രമായി സംസ്കൃതത്തില്‍ ഒരു ആയുര്‍വ്വേദ ഗ്രന്ഥമുണ്ടായിരുന്നു.   ഹസ്ത്യായുര്‍വേദസംഹിത എന്ന മാതംഗലീല. രണ്ടു പതിറ്റാണ്ടുമുന്‍പ് വരെ കേരളത്തില്‍ പുഴകളിലും കുളങ്ങളിലും ആനയ്ക്ക് കുളിക്കാന്‍ ആനക്കടവുകളുണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍ ആനക്കഥകളും ആനക്കവിതകളും ഉണ്ടായിട്ടുള്ളതും ആനപ്രേമികളുടെ മലയാളത്തില്‍.   പറഞ്ഞാലും കേട്ടാലും മതിവരാത്തത്ര ആനക്കഥകള്‍ നാമിപ്പോഴും ഉത്സവപ്പറമ്പുകളിലും ആനക്കൊട്ടിലുകളിലും കേള്‍ക്കാറുണ്ടല്ലോ?.   കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലുമുണ്ട് ആനക്കഥകള്‍.   ആനക്കവിതകള്‍ പ്രസിദ്ധം . എന്‍. വി. യുടെയും വൈലോപ്പിള്ളിയുടെയും കൃതികള്‍.
നമ്മുടെ സര്‍ക്കാരിന്‍റെ മുദ്ര, ഗതാഗത വകുപ്പിന്‍റെ മുദ്ര ഒക്കെ ആനയല്ലേ.  രാഷ്ട്രീയത്തിലെ ‘വെള്ളാന’കളും. ‘താപ്പാന’കളും നമുക്ക് ഏറെ പരിചിതമാണല്ലോ !
സാധാരണഗതിയില്‍ ശാന്തനും മൃദുസ്വഭാവിയുമായ ആനകള്‍ രൌദ്രരൂപം പൂണ്ട് നാടിനെയും നാട്ടാരെയും വിറപ്പിച്ച ഒരുപാട് കഥകളുണ്ട്. ഇവയില്‍ ചിലത് കഥകളല്ല, ചരിത്രം തന്നെയാണ്.   പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കൊടുങ്ങല്ലൂരിനടുത്ത്    തി രുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ഒരു ശിവരാത്രി നാളില്‍ കവളപ്പാറക്കൊമ്പന്‍ എന്നൊരാന മദിച്ച് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കി. കുഞ്ഞന്‍ എന്ന പാപ്പാനെഈ കൊമ്പന്‍ കുത്തിമലര്‍ത്തി.  ദിവസങ്ങളോളം നാടിനെയും നാട്ടാരെയും മുള്‍മുനയില്‍ നിര്‍ത്തി.  ഒടുവില്‍ തളച്ചെങ്കിലും ആ കൊമ്പന്‍ ചരിഞ്ഞു.  ഇതിനെ അധികരിച്ച് കവളപ്പാറക്കൊമ്പന്‍ എന്ന പേരിലിറങ്ങിയ കൃതി എക്കാലത്തെയും ആനക്കവിതകളില്‍ മുന്‍പന്തിയിലാണ്.

സാഹചര്യങ്ങളോട് പരമാവധി ഇണങ്ങി പൊരുത്തപ്പെട്ടു ജീവിക്കുന്നവയാണ് ആനകള്‍. ആത്യന്തികമായി ആന ഒരു വന്യജീവിയാണ് എന്ന പരിഗണനയോ കരുതലോ ഇല്ലാതെ കച്ചവടതാല്പര്യം മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള സമീപനമാണ് ആന ഉടമകളും കോണ്‍ട്രാക്ടര്‍മാരും അനുവര്‍ത്തിച്ചുപോരുന്നത്.  ഉത്സവപ്പറമ്പില്‍ നിന്ന് ഉത്സവപ്പറമ്പിലേക്ക് ഓടിക്കുന്നതിനിടെ ആനയുടെ ശാരീരിക പ്രത്യേകതകളോ അസ്വാസ്ഥ്യങ്ങളോ ആരും കണക്കാക്കാറില്ല.   ഇവിടെ ആനയെപ്പോലെ പാപ്പാനും തീരാ അവഗണനയില്‍ തന്നെ.
ഒരു പത്തു നാല്പതു വര്‍ഷം മുന്‍പ് വരെ കേരളത്തില്‍ ആനകളെ വളര്‍ത്തിയിരുന്നത് ഐശ്വര്യത്തിന്‍റെ പ്രതീകമായിട്ടായിരുന്നു.   അങ്ങനെ എല്ലാവര്‍ക്കും ആനകളെ വാങ്ങാനും കഴിഞ്ഞിരുന്നില്ല.  ഒരാന സ്വന്തമായി ഉണ്ടാവുക എന്നത് ഒരു മേന്മയായിട്ടാണ് കണക്കാക്കിയിരുന്നത്.

മിക്കവാറും മനകളിലായിരുന്നു അന്ന് ആനകള്‍ ഉണ്ടായിരുന്നത്. മനവളപ്പ് ലക്ഷണയുക്തമായിരിക്കണമെന്നതും നിര്‍ബ്ബന്ധം. കിഴക്കോട്ട് അഭിമുഖമായി വീടും തെക്ക് ഉയര്‍ന്ന് വടക്ക് താഴ്ന്ന നിലവും, ധാരാളം വന്‍മരങ്ങളും. ആനകളെ തളച്ചിരുന്നത്, പൂമുഖത്തിരുന്ന്‍  ഗൃഹനാഥന് കാണത്തക്കവിധത്തില്‍ തെക്കുഭാഗത്തെ വൃക്ഷത്തിലായിരിക്കും. പ്രത്യേക പരിഗണനയും ശുശ്രുഷയും. ആന നില്‍ക്കുന്ന സ്ഥലം ഉയര്‍ന്നതായതുകൊണ്ട് നീര്‍വാഴ്ചക്കു പ്രശ്നമില്ല, മൂത്രവും വെള്ളവും കെട്ടിനില്‍ക്കില്ല. സ്ഥലപരിമിതി മൂലം സ്വകാര്യവ്യക്തികളും ദേവസ്വങ്ങളും ഇന്ന് ആനകളെ തളക്കുന്നത് നിന്നുതിരിയാന്‍ കഴിയാത്ത വിധം മൂത്രവും പിണ്ടവും മലിനമാക്കിയ ഇടങ്ങളിലാണ്.

പണ്ടൊക്കെ അടുത്തുള്ള രണ്ടോ മൂന്നോ ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു ആനകളെ എഴുന്നെള്ളിച്ചിരുന്നത്. അതും പ്രതിഫലമൊന്നും പറ്റാതെ, തനിക്ക് ആനയുണ്ടെന്നുള്ള പ്രൗഢി വെളിവാക്കാന്‍. എഴുന്നെള്ളിക്കാനും കൂപ്പിലെ പണിക്കും പ്രത്യേക പരിശീലനം ലഭിച്ച ആനകളുണ്ടായിരുന്നു. എഴുന്നെള്ളിക്കാനുള്ളവയെ എഴുന്നെള്ളിപ്പിനും കൂപ്പുപണിക്കുള്ളവയെ കൂപ്പുപണിക്കും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

പശ്ചിമ ഘട്ടത്തിലെ ചെങ്കുത്തായമലകളില്‍ നിന്ന് ഇടതൂര്‍ന്ന വന്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെ തടിയിറക്കി കൊണ്ടുവന്ന് ലോറിയില്‍ മനോഹരമായി അടുക്കി വെച്ചിരുന്ന കാഞ്ഞങ്ങാട്ട് കേശവനെപ്പോലുള്ള ആനകള്‍ ഇന്നും ആന പ്രേമികളുടെ ദീപ്തസ്മരണകളാണ്. ആനകളെ പരിചരിച്ചിരുന്നത് പാരമ്പര്യ കുടുംബങ്ങളിലെ പാപ്പാന്‍‌ മാരായിരുന്നു. അതുകൊണ്ടുതന്നെ ആനയെ മനസ്സിലാക്കുന്ന, ശക്തിദൌര്‍ബല്യങ്ങളറിയുന്ന, കുടുംബങ്ങളിലെ ഒരംഗത്തെപ്പോലെ സ്നേഹിക്കുന്ന, ആനയുടെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സന്തതസഹ ചാരിയാണ് പാപ്പാന്‍‌. പാരമ്പര്യമനുസരിച്ച് ഇളമുറക്കാര്‍ പാപ്പാന്‍‌മാരായി വരുന്നതുകൊണ്ട് ആനയെക്കുറിച്ചുള്ള വിവരങ്ങളത്രയും കൈമാറികിട്ടിയിരുന്നു.

ഇതിനെല്ലാം കടകവിരുദ്ധമാണ് ഇന്നത്തെ അവസ്ഥ. ഇന്ന് നമുക്ക് ആനകളുണ്ട്, പക്ഷെ, ആനപ്പാപ്പാന്‍ ഇല്ല. ഉള്ളത് മാസ ശമ്പളം പറ്റുന്ന ആനത്തൊഴിലാളികള്‍ …സര്‍വ രാജ്യങ്ങളിലും ഉള്ള സര്‍വ തൊഴിലാളികളുടെയും തനത്  ഗുണങ്ങള്‍ തികഞ്ഞവര്‍. അവര്‍ തൊഴില് ചെയ്യും, കൂലി വാങ്ങും (നോക്കുകൂലി വരെ വാങ്ങും), ബോണസ് ചോദിച്ചു വാങ്ങും ..മുതലാളിക്കെതിരെ ഇങ്കിലാബ് വിളിക്കും..അത്ര തന്നെ..ഇതിനിടക്ക്‌ ഒരു ജീവിയുണ്ടെന്ന പരിഗണനക്കൊക്കെ എവിടെ നേരം..

ആനകള്‍ക്കിന്ന് എഴുന്നെള്ളിപ്പെന്നോ തടിപിടുത്തമെന്നോ വകഭേദമില്ല. ഏതാണ് ലാഭം? അത്രമാത്രം. എവിടെയ്ക്കായാലും നട്ടുച്ചയ്ക്കുപോലും നടത്തിക്കൊണ്ടു പോകുന്നു. ശരീരത്തില്‍ വിയര്‍പ്പുഗ്രന്ഥികള്‍ കുറവായതിനാല്‍ അധികനേരം ചൂടുസഹിക്കാന്‍ ആനകള്‍ക്ക് കഴിയില്ല. സൂര്യപ്രകാശമേല്‍ക്കാത്ത വന്‍ കാടുകളില്‍പ്പോലും വെയിലൊന്നുറച്ചാല്‍ ആനകൂട്ടം ഏതെങ്കിലും വൃക്ഷതണലില്‍ അഭയം തേടി ചെറുതായൊന്നുമയങ്ങുകയാണ് പതിവ്. സൂര്യനുദിക്കുന്നതിനു മുന്‍പും  സൂര്യനസ്തമിച്ചതിനുശേഷവും മാത്രമേ ആനകളെ നടത്താവൂ എന്നത് ആരും പാലിക്കാറില്ല.

കാട്ടിലെ ഇലകള്‍ വീണു പതുപതുത്ത പ്രതലത്തിലൂടെ സഞ്ചരിക്കാനായി ഈശ്വരന്‍ സൃഷ്ടിച്ച  പാദങ്ങള്‍ ചുട്ടുപഴുത്ത ടാറിട്ട റോഡില്‍ നടക്കാന്‍ പറ്റിയതല്ല. രാത്രി നടത്തുമ്പോള്‍ ചുവന്ന റിഫ്ളക്ടര്‍ പിടിപ്പിക്കാതെയും ആനയെ കൊണ്ടുപോകുന്നവരുണ്ട്‌. ദൂരസ്ഥലങ്ങളിലേക്ക് വണ്ടിയില്‍ കയറ്റിപോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളും കാറ്റില്‍ പറത്തുകയാണ്. ഇക്കാരണംക്കൊണ്ട് വണ്ടി ബ്രേക്കിട്ടപ്പോള്‍ ആന പുറത്തു ചാടിയ സംഭവവും ഉണ്ടായല്ലോ.

ധനു, മകരം, കുംഭം, മീനം,മേടം മാസങ്ങളില്‍ മധ്യകേരളത്തില്‍ (തൃശൂര്‍, പാലക്കാട് ) ഉത്സവങ്ങളുടെ പൂരമാണ്‌. ഇക്കാലത്ത്. എഴുന്നെള്ളിപ്പിന് ആന തികയാതെ വന്നാല്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍, വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ആനകളെ ഇറക്കുമതി ചെയ്യുന്നു. ഇങ്ങനെ ആനയെ പിടിച്ചുതരാന്‍ പാകത്തില്‍ ഇവിടെ ബ്രോക്കര്‍മാരുണ്ട്. ഉത്സവവും, വെടിക്കെട്ടും പുരുഷാരവും ആദ്യമായി കാണുകയാവും  ഇങ്ങനെയെത്തുന്ന ആനകളിലധികവും.

ഖേദകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇവിടത്തെ സ്ഥലവും രീതികളും പിടിക്കാതെ വരുന്ന ഇവയുടെ പാപ്പാന്മാര്‍ താല്‍ക്കാലികമായി ഇവിടത്തെ പാപ്പന്മാര്‍ക്ക് ആനകളെ ഏല്‍പ്പിച്ചു കൊടുക്കുന്നു. ഇതെത്ര ഭീകരമാണ്. ഒരു പാപ്പാനെ സ്ഥിരമായി ഒരാനയ്‌ക്കു നിലനിര്‍ത്താന്‍ കഴിയുന്ന ദേവസ്വങ്ങള്‍ പോലും ഇക്കാര്യത്തില്‍ അലംഭാവമാണ് കാണിക്കുന്നത്. ഈ ഉത്സവസീസണില്‍ ആനകള്‍ കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാത്ത ഓട്ടത്തിലായിരിക്കും. ഈ ഓട്ടത്തിനിടയില്‍ ആവശ്യമായ വെള്ളമോ (250 ലിറ്റര്‍, ഒരു ദിവസം ) പട്ടയോ (ശരീര ഭാരത്തിന്‍റെ അഞ്ചിരട്ടി) കിട്ടാത്ത ദിവസങ്ങളുണ്ടാകാം. അവയ്ക്കുവേണ്ടി അലയേണ്ടി വരാം.

മറ്റു മതങ്ങളിലേക്കുകൂടി കാഴ്ചകളും എഴുന്നെള്ളിപ്പുകളും വ്യാപിച്ചതോടെ ആനകളുടെ ജോലിഭാരം വര്‍ദ്ധിച്ചിരിക്കയാണ്. പാപ്പാനെ ആനയെ ഏല്‍പ്പിച്ച് കുറച്ചു പണം നല്‍കി എല്ലാ ഉത്തരവാദിത്തവും അവസാനിച്ചു എന്നുള്ള ആന ഉടമകളുടെ മുട്ടാ പ്പോക്ക് നയം ക്രൂരമാണ്. പാപ്പാന്മാരുടെ സ്ഥിതിയും ആനകളുടെതില്‍നിന്ന് വ്യത്യസ്തമല്ല.

നിര്‍ഭാഗ്യവശാല്‍ ഉത്സവസീസണായ ഇക്കാലത്തുതന്നെയാണ് കേരളത്തിലെ ഒട്ടുമിക്ക ആനകളുടെയും മദപ്പാടുകാലം. കൊമ്പനാനകള്‍ക്ക് കാണുന്ന ഒരു ശാരീരിക പ്രതിഭാസമാണിത്. തലയ്ക്ക് ഇരുവശത്തും കണ്ണിനും ചെവിക്കുമിടയിലുള്ള ഒരു ഗ്രന്ഥിയില്‍ നിന്നാണ് മദജലം ഇറ്റിറ്റു പുറത്തെക്കൊഴുകുക. ഈ സമയത്ത് ആനകള്‍ക്ക് ശക്തമായ ലൈംഗികാഭിനിവേശമായിരിക്കും. ശരീരത്തിലെ പുരുഷഹോര്‍മോണ്‍ പെട്ടന്ന് വര്‍ദ്ധിക്കുന്നതിനാലാണിത്. ശാന്തസ്വഭാവിയും ഈ സമയത്ത് ക്രുദ്ധനാവും. ആരേയും അടുപ്പിക്കില്ല. അവസരം കിട്ടിയാല്‍ കൊല്ലും. മദപ്പാടുകാലത്ത് കാട്ടിലെ ആനകള്‍ തന്‍റെ ഇണയോടൊത്ത് ഒറ്റപ്പെട്ടു കഴിയാനാണ് ഇഷ്ടപ്പെടുന്നത്.

ജനിച്ചതിനു ശേഷവും തലച്ചോറുവളരുന്ന മൃഗമാണ് ആന. ഇക്കാരണത്താല്‍ ആനകള്‍ക്ക് കൂര്‍മമായ ഓര്‍മശക്തി യാണുള്ളത്. മദപ്പാടുകാലത്താണ് ആന കഴിഞ്ഞകാല സംഭവങ്ങള്‍ ഓര്‍ക്കുന്നത്. ആ ഓര്‍മയിലെ പ്രധാന വില്ലന്‍ എത്ര സ്നേഹമുണ്ടെങ്കിലും ശരി, തന്നെ ചൊല്‍പ്പിടിക്കു നിര്‍ത്തിയിരുന്ന ഒന്നാം പാപ്പാനായിരിക്കും കൈയില്‍ കിട്ടിയാല്‍ തട്ടുക തന്നെ ചെയ്യും. അതുകൊണ്ടാണ് മദപ്പാടുകാലത്ത് ഒന്നാം പാപ്പാമാര്‍ ആക്രമണത്തിനിരയാവുന്നത്.

ചെറിയൊരു പ്രലോഭാനമോ പ്രകോപനമോ പോലും ആനയിലെ വന്യ മൃഗത്തെ ഉണര്‍ത്തും. അതുകൊണ്ടാണ് പാപ്പന്‍ മറ്റൊരു വീട്ടിലേക്കു കയറിയപ്പോള്‍ വലിച്ചിട്ട് കൊന്നു കൊലവിളിക്കുന്നപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. ആനയുടെ മദകാലം ശരീരലക്ഷണമനുസരിച്ച് പാപ്പാന്മാര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുമെങ്കിലും പരിചയക്കുറവുകൊണ്ടും ആനയുടെ ശരീരശാസ്ത്രമറിയാത്തതുകൊണ്ടും ചിലര്‍ക്ക് ഇതിനാകാറില്ല. ഉത്സവകാലം പോക്കറ്റുവീര്‍പ്പിക്കുമെന്നതിനാല്‍ മദകാലം മറച്ചു വെച്ച് ആനയുടമകള്‍ ആനയെ ജനസഞ്ചയത്തിനിടയിലേക്ക് ഇറക്കിവിടുന്നു.

ആനയെ വളര്‍ത്തുന്നതിലും കൊണ്ടുനടക്കുന്നതിലും നില വിലുള്ള രീതികളില്‍ ഒരു പൊളിച്ചെഴുത്താണ് വേണ്ടത്. ഇതിന് മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരാണ്. പ്രാവര്‍ത്തികമാക്കാനാകാത്ത ഏട്ടിലെ പശുക്കള്‍ മാത്രമായ നിയമങ്ങള്‍ക്കൊണ്ട് ഇതിന് പരിഹാരമാകില്ല.  കാരണം മിണ്ടാപ്രാണിയായ ആനയുടേയും ആനക്കാരനായി എന്നതുകൊണ്ടുമാത്രം നികൃഷ്ട ജീവിതവും അവഗണനയും സഹിക്കേണ്ടിവരുന്ന പാപ്പാന്‍റെയും ജീവന് നമ്മുടെ ജീവനോളം തന്നെ വിലയുണ്ട്.

 

 

 

ആനപ്പകയുടെ മനഃശാസ്ത്രം Reviewed by on . ആന എന്നു കേട്ടാല്‍ കേരളീയന്‍റെ മനസ്സിലുണരുക നാദലഹരിയുടെ മേളപ്പെരുക്കമാണ്.  പൂത്തുലയുന്ന പുരുഷാരത്തിനു നടുവില്‍ വര്‍ണ്ണ-മേളങ്ങളുടെ അകമ്പടിയോടെ, തീവെട്ടിയുടെ ജ്വാ ആന എന്നു കേട്ടാല്‍ കേരളീയന്‍റെ മനസ്സിലുണരുക നാദലഹരിയുടെ മേളപ്പെരുക്കമാണ്.  പൂത്തുലയുന്ന പുരുഷാരത്തിനു നടുവില്‍ വര്‍ണ്ണ-മേളങ്ങളുടെ അകമ്പടിയോടെ, തീവെട്ടിയുടെ ജ്വാ Rating: 0

About nammudemalayalam

Related Posts

scroll to top