Home » ടൂറിസം » അഗസ്ത്യമലയിലേക്ക് പോകാം …

അഗസ്ത്യമലയിലേക്ക് പോകാം …

agasthya hills

 

 

 

 

 

 

 

 

 

 

 

 

 

 

 

“ഇനിയീ തപോഭൂവിലവശിഷ്ട സ്വപ്നത്തിലുലയുന്ന  തിരി നീട്ടി നോക്കാം  ….

  അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും
  ഉയിരാം അഗസ്ത്യനെ തേടാം…..”
അതേ.. ഇവിടെ വീശിയടിക്കുന്ന കാറ്റിന് ഔഷധങ്ങളുടെ പുനര്‍നവമായ  സുഗന്ധമാണ്‌ …. ആകാശം മുട്ടിയുരുമ്മി നില്‍ക്കുന്നപാറക്കെട്ടുകളില്‍ നിന്നു പൊടിഞ്ഞ് ഒഴുകുന്ന തീര്‍ഥജലം…അന്തരീക്ഷത്തില്‍ മൃതസഞ്ജീവനി മന്ത്രത്തിന്റെ അലയൊലികള്‍…ആകാശത്ത് കാടിനെ മുത്തമിടുന്ന മഞ്ഞുപാളികളുടെയും വെള്ളിനൂലുപോലെ നീണ്ടുകിടക്കുന്ന കാട്ടരുവികളില്‍ നിന്നു കുതിച്ചു ചാടുന്ന വെള്ളch ചാട്ടങ്ങളുടെയും വിസ്മയ്ക്കാഴ്ച….

ഇത് അഗസ്ത്യമല…ഒരു പര്‍ണ്ണശാലയുടെ വിശുദ്ധിയും പ്രകൃതിയുടെ അമേയമായ സൌന്ദര്യവും സമ്മേളിക്കുന്ന പുണ്യഭൂമി.

പൂത്തുലഞ്ഞു നില്‍ക്കുന്ന കാടും ഹൃദയഹാരിയായ പുല്‍മേടുകളും താണ്ടി മഞ്ഞു പെയ്യുന്ന മലമുകളിലെത്തിയാല്‍ പ്രകൃതി നമ്മളോട് അലിഞ്ഞു ചേരുന്നു. മലമടക്കുകള്‍ താണ്ടിയെത്തിയ ക്ലേശപൂര്‍ണ്ണമായ യാത്രയുടെ ക്ഷീണം ഇവിടത്തെ കാട്ടില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതാവുന്നു.

സഹ്യാദ്രിയുടെ തെക്കേ അറ്റത്തു പ്രകൃതിയുടെ പ്രതിരോധമെന്ന പോലെ ഉയര്‍ന്നു നല്‍ക്കുന്ന അഗസ്ത്യമല കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്നു. ആനമുടി കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. സമുദ്രനിരപ്പില്‍ നിന്നു 1890 അടിയോളം ഉയര്‍ന്നു നില്‍ക്കുന്ന അഗസ്ത്യമല അപൂര്‍വ ഔഷധ സസ്യങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും കലവറയാണ്.

നനവാര്‍ന്ന പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇവിടത്തെ വനമണ്ണ് നൂറ്റാണ്ടുകളുടെ പരിണാമത്തിലൂടെ സ്പോഞ്ച് പോലെ ആയി തീര്‍ന്നിരിക്കുന്നു. വിദേശജൈവജാതികളുടെ കടന്നു കയ റ്റമില്ലാത്ത അഗസ്ത്യമലയും മഴക്കാടുകളും ലോകശ്രദ്ധയിലേക്ക്  നീങ്ങുകയാണ്. ലക്ഷണമൊത്ത ജൈവസംരക്ഷണ മേഖലയായി ഈ കൊടുമുടിയെ യുനെസ്കോ പ്രഖ്യാപിച്ചിട്ടുണ്ട്. അഗസ്ത്യമുനി ഇപ്പോഴും ഇവിടെ തപസ്സനുഷ്ടിക്കുന്നു  എന്നാണ്‌  പലരും വിശ്വസിക്കുന്നത്.

അഗസ്ത്യമുനിയുടെയും ശിഷ്യഗണങ്ങളുടെയും ആവാസ കേന്ദ്രം  എന്ന നിലയിലും ആയുര്‍വേദത്തിന്റെ സിരാകേന്ദ്രം എന്ന നിലയിലും അഗസ്ത്യമല ഇതിഹാസങ്ങളില്‍ വിരചിതമാണ്. ഭാഗവതത്തിലെ ഗജേന്ദ്രമോക്ഷത്തില്‍ അഗസ്ത്യകൂടത്തെക്കുറിച്ച് വര്‍ണ്ണനയുണ്ട്‌.

അഗസ്ത്യമലയിലെക്കുള്ള യാത്ര വിവിധ ആവാസവ്യവസ്ഥകളുള്ള വനങ്ങളിലൂടെയാണ്. ചെറുമരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന സവാള പുല്‍മേടുകളും, നനവാര്‍ന്ന നിത്യഹരിത വനങ്ങളും, ചോലക്കാടുകളും ഒക്കെയുള്ള അഗസ്ത്യമല ദര്‍ശനം തീര്‍ഥാടകരുടെ മനസ്സില്‍ വേറിട്ടൊരു അനുഭവമാകും. ഭക്തിയും  പ്രപഞ്ചസൗന്ദര്യവും ഒന്നു ചേര്‍ന്നൊരു വിശ്വാസമാണ് അഗസ്ത്യമല നല്‍കുന്നത്. ഈ തീര്‍ഥാടനം ആയുരാരോഗ്യസൗഖ്യത്തിനുള്ള  ഏറ്റവും നല്ല മാര്‍ഗമായി ഭക്തര്‍ കരുതുന്നു.

കേരളത്തില്‍ വ്യത്യസ്ത മലമ്പാതകളിലൂടെയാണ് തീര്‍ഥാടകര്‍ മല കയറുന്നത്. തമിഴര്‍ അംബാസമുദ്രത്തില്‍  നിന്നു തമിഴ്നാട്ടിലെ വനാന്തര്‍ഭാഗത്തുകൂടി അഗസ്ത്യമലയിലെത്തുന്നു. കാനന മധ്യത്തിലൂടെ ഒരുപാടു പ്രകൃതി സൌന്ദര്യം കണ്‍ കു ളിര്‍ക്കെ കാണാന്‍ തീര്‍ഥാടകര്‍ക്ക് കഴിയുന്നത് നെയ്യാറിന്റെ ഹൃദയത്തിലൂടെയുള്ള യാത്രയിലാണ്. പ്രകൃതി പോലും കോ രിത്തരിച്ചു പോകുന്ന പുളിവിഴുന്നാംചെന്ന വെള്ളചാട്ടത്തിനരികിലൂടെയുള്ള യാത്ര  തീര്‍ഥാടകര്‍ക്ക് വശ്യസുന്ദരമായ കാഴ്ചകള്‍ ഒരുക്കുന്നു.

യാത്രയില്‍ തീര്‍ഥാടകര്‍ ഇറങ്ങിച്ചെല്ലുന്നത് പ്രകൃതിയുടെ നിഗൂഡതതയിലേക്കാണ് . ഏഴു മടക്കന്തെരിയും താണ്ടി അതിരുമാലയിലൂടെയാണ് അഗസ്ത്യമലയുടെ നിറുകയിലെത്തുന്നത്.

പര്‍വതത്തിന്റെ കിഴക്കുഭാഗത്തുകൂടി മാത്രമേ മലമുകളില്‍ എത്താന്‍ കഴിയൂ. ബാക്കി  മൂന്നു ഭാഗവും ചെങ്കുത്തായ ചെരിവുകള്‍ ആണ്. അഗസ്ത്യമലയിലെ ഒരു വിശേഷപ്പെട്ട ദിനമാണ് കുംഭ മാസത്തിലെ ശിവരാത്രി . ഈ നാളില്‍ ഉറങ്ങാതിരുന്ന് അര്‍ദ്ധരാത്രിയിലെ ചന്ദ്രോദയം കാണുന്നത്  പുണ്യമായി ഭക്തര്‍ കരുതുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മലമുകളില്‍ സ്ഥാപിച്ച അഗസ്ത്യവിഗ്രഹത്ത്തില്‍ പൂജ നടത്തിയ ശേഷമാണ് ഭക്തര്‍ മലയിറങ്ങുന്നത്.

പ്രകൃതിയെ സ്നേഹിക്കുന്ന ആര്‍ക്കും അത്ര പെട്ടെന്ന് ഈ മലയോടു വിട പറഞ്ഞിറങ്ങാന്‍ കഴിയില്ല. പ്രകൃതിയും മനുഷ്യനും ഇവിടെ ഭക്തിയുടെ നിറവില്‍ അലിഞ്ഞു ഒന്നാകുന്നു.

 

 

അഗസ്ത്യമലയിലേക്ക് പോകാം … Reviewed by on .                               "ഇനിയീ തപോഭൂവിലവശിഷ്ട സ്വപ്നത്തിലുലയുന്ന  തിരി നീട്ടി ന                               "ഇനിയീ തപോഭൂവിലവശിഷ്ട സ്വപ്നത്തിലുലയുന്ന  തിരി നീട്ടി ന Rating: 0

About nammudemalayalam

scroll to top