Home » കാർഷികം » പഞ്ചഗവ്യം എന്ന ഒറ്റമൂലി

പഞ്ചഗവ്യം എന്ന ഒറ്റമൂലി

organic farmജൈവകൃഷിയിലേക്ക് മടങ്ങുക എന്ന ഫയല്‍  കുറച്ചു നാളായി മലയാളി അവന്റെ  സ്മാര്‍ട്ട് സ്വപ്നങ്ങളുടെ ഫോള്‍ഡറില്‍ അപ് ലോഡ് ചെയ്തിട്ട്.   ജന്മനാ സിദ്ധിച്ച മടിയും ദുരഭിമാനവും കാരണം സിസ്റ്റം മൊത്തം ഹാങ്ങാവുകയാണ്.  കീടങ്ങളും, പശിമ നഷ്ടപ്പെട്ട മണ്ണും ചേര്‍ന്ന് ഉള്ള പവര്‍ സപ്ലൈയും  കെടുത്തുന്നു.

ഇതിനെല്ലാമുള്ള പരിഹാരവുമായാണ്, ജൈവികകൃഷി രീതികളുടെ പൌരാണികവും ശാസ്ത്രീയവുമായ വഴികളിലേക്ക് ഒരു കൂട്ടം കാര്‍ഷിക ശാസ്ത്രജ്ഞര്‍ നമ്മളെ നയിക്കുന്നത്. (ശാസ്ത്രീയ വിശദീകരണം ഇല്ലാത്ത എന്തെങ്കിലും നമ്മള്‍ വില വക്കുമോ?)

ആയതിനാല്‍, മണ്ണിനെയും അന്തരീക്ഷത്തെയും മലീമസമാക്കാത്ത ജൈവകീടനാശിനികളും ജൈവവളങ്ങളും ഇത്തിരി പണിപ്പെട്ടാണെങ്കിലും നമുക്കിന്നു ലഭ്യമാണ്. എന്നാല്‍ ഒരേ സമയം കീടനാശിനിയും വളവും ആയി ഉപയോഗപ്പെടുത്താവുന്ന പഞ്ചഗവ്യം തന്നെയാണ്  ഇതില്‍ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാം. കയ്യിലൊരു ഗ്ലൌസ് ഇട്ടിട്ട്‌ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് തോന്നുകയാണെങ്കില്‍ ഇന്ന് തന്നെ നല്ല ദിവസം– നല്ലൊരു അടുക്കളത്തോട്ടം തുടങ്ങാന്‍.

‘ഗവ്യം’ എന്നാല്‍ ‘ഗോവില്‍ നിന്ന് ലഭിച്ചത്’.  പശുവില്‍ നിന്ന് ലഭിക്കുന്ന അഞ്ചു ഉല്പന്നങ്ങളുടെ ശ്രേഷ്ഠമായ ഒരു മിശ്രിതമാണ് പഞ്ചഗവ്യം. നാടന്‍ പശുക്കളില്‍ നിന്നു ലഭിക്കുന്നതായാല്‍ ഇത് അത്യുത്തമം തന്നെ.

5  കിലോ ചാണകം, 5 ലിറ്റര്‍ ഗോമൂത്രം, 3 ലിറ്റര്‍ പാല്‍, 3 ലിറ്റര്‍ തൈര്, 1 ലിറ്റര്‍ നെയ്യ്  എന്നിവയാണ് പഞ്ചഗവ്യത്തിന്റെ അടിസ്ഥാന ചേരുവകള്‍. ചാണകവും നെയ്യും കൂട്ടിക്കുഴച്ചതിലേക്ക് ഗോമൂത്രവും ശേഷം തൈരും ഒഴിച്ച് നന്നായി ഇളക്കണം. പിന്നീടാണ് പാല്‍ ചേര്‍ക്കുന്നത്. കറന്നു എടുത്ത ഉടനെയുള്ള പാലാണ് ചേര്‍ക്കേണ്ടത്.  ഈ മിശ്രിതം പിന്നീട് വായുഭദ്രമായ ഒരു പാത്രത്തില്‍ അടച്ചു വെക്കണം.  15 ദിവസമെങ്കിലും ഇങ്ങനെ വെക്കേണ്ടതാണ്. ഓരോ ദിവസവും നന്നായി ഇളക്കി കൊടുക്കണം. നന്നായി പുളിച്ച ഈ മിശ്രിതം ചുരുങ്ങിയത് 2 മാസത്തേക്ക് കേടുകൂടാതെ ഇരിക്കും.

ഒരു ലിറ്റര്‍ പഞ്ചഗവ്യം പത്ത് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. ഇത് ഇലകളില്‍ തളിച്ച് കൊടുത്താല്‍ കീടങ്ങളും കുമിളുകളും ചെടിയെ ബാധിക്കുകയില്ല. മണ്ണില്‍ ഒഴിച്ച് കൊടുക്കുന്നത് മണ്ണിന്റെ നൈട്രജന്‍ ആഗിരണ ശേഷി വര്‍ദ്ധിപ്പിക്കുകയും മണ്ണിനെ ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും. നനക്കുമ്പോള്‍ വെള്ളത്തില്‍ കലര്‍ത്തിയും ഇത് നല്‍കാവുന്നതാണ്.

പഞ്ചഗവ്യത്തില്‍ അടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍, ഹോര്‍മോണുകള്‍, വിറ്റാമിനുകള്‍ എന്നിവ ചെടികള്‍ കരുത്തോടെ വളരുന്നതിനും നല്ല വിളവു തരുന്നതിനും സഹായിക്കുന്നു.

ഒരിക്കല്‍ ഉപയോഗിച്ചതിനു ശേഷം ബാക്കിയുള്ളത് മൂടി തണലില്‍ സൂക്ഷിക്കാവുന്നതാണ്.

വാല്‍ക്കഷണം:

മേല്‍ പറഞ്ഞ ചാണകം, പാല്‍, തൈര്, നെയ്യ് തുടങ്ങിയ ഓരോ ഉത്പന്നവും വെവ്വേറെ വച്ചാല്‍ പോലും മണിക്കൂറുകള്‍ക്കുള്ളില്‍ കേട് വരും എന്നത് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, നിശ്ചിത അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയാല്‍ അത് അമൃതായി മാറുന്നതായാണ് കാണുന്നത്. പശുവിനെ ‘ഗോമാതാ’വായി ആരാധിക്കുന്ന ഭാരതീയര്‍ ക്ഷേത്രങ്ങളില്‍ അഭിഷേകത്തിനും മറ്റും പഞ്ചഗവ്യം  ഉപയോഗിക്കുന്നു.  ആയുര്‍വേദത്തില്‍ ഇത്  മികച്ച ഒരു ഔഷധം കൂടിയാണ്.

പഞ്ചഗവ്യം എന്ന ഒറ്റമൂലി Reviewed by on . ജൈവകൃഷിയിലേക്ക് മടങ്ങുക എന്ന ഫയല്‍  കുറച്ചു നാളായി മലയാളി അവന്റെ  സ്മാര്‍ട്ട് സ്വപ്നങ്ങളുടെ ഫോള്‍ഡറില്‍ അപ് ലോഡ് ചെയ്തിട്ട്.   ജന്മനാ സിദ്ധിച്ച മടിയും ദുരഭിമാനവ ജൈവകൃഷിയിലേക്ക് മടങ്ങുക എന്ന ഫയല്‍  കുറച്ചു നാളായി മലയാളി അവന്റെ  സ്മാര്‍ട്ട് സ്വപ്നങ്ങളുടെ ഫോള്‍ഡറില്‍ അപ് ലോഡ് ചെയ്തിട്ട്.   ജന്മനാ സിദ്ധിച്ച മടിയും ദുരഭിമാനവ Rating: 0

About nammudemalayalam

scroll to top