ഒരു പെണ്‍കുട്ടിയുടെ ആഭരണശ്രേണിയില് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായിരുന്നു വെള്ളി പാദസരം.എന്നാല്‍ ഫാഷന്‍ കുത്തൊഴുക്കില്‍ വെള്ളി പാദസരം പോയ വഴി കാണാനില്ല. സ്വര്ണപാദസരത്തിന്റെ വരവോടെയാണ് മണി കിലുങ്ങുന്ന വെള്ളി പാദസരത്തിന് പെണ്‍കുട്ടികളുടെ കണങ്കാലിനോട് വിടപറയേണ്ടി വന്നത്. എന്നാല്‍ ഇന്ന് സ്വര്ണപാദസരങ്ങളേയും തട്ടിമാറ്റിക്കൊണ്ട് മുത്തുകളും കല്ലുകളും കോര്‍ത്തിണക്കിയ ആങ്ക് ലറ്റുകള്‍ എന്ന ഓമനപ്പേരുള്ള നേര്‍ത്ത പാദസരങ്ങള്‍ പെണ്മനസ്സ് കീഴടക്കിക്കഴിഞ്ഞു. പണ്ട് രണ്ടു കാലിലും പാദസരം അണിഞ്ഞിരുന്നെങ്കില്‍ ഒറ്റക്കാലില്‍ പാദസരം അണിയുന്നതാണ് ലേറ്റസ്റ്റ് ഫാഷന്‍. ഭാരതീയ നാരീസങ്കല്പത്തിലുള്പ്പെട്ടതാണ് പാദസരമെങ്കിലും ഇപ്പോള്‍ ഒറ്റക്കാലില്‍ ആങ്ക് ലറ്റുകള്‍ ധരിക്കുന്നവരില്‍ ഹോളിവുഡ് താരങ്ങള്‍ വരെ ഉള്‍പ്പെടും. ആങ്ക് ലറ്റുകള്‍ വൈറ്റ് മെറ്റലിലോ ബ്ലാക്ക് മെറ്റലിലോ പല നിറത്തിലുള്ള മുത്തുകള്‍ കോര്‍ത്ത് അലങ്കരിച്ചവയാണ്. മുത്തുകള്‍ തന്നെ പല വലിപ്പതിലുള്ളവ കോര്ത്തവയുമുണ്ട്. ഇത് കൂടാതെ വെള്ളിയിലോ സ്വര്‍ണത്തിലോ തീര്‍ത്ത നേരിയ പാദസരങ്ങള്‍, മുത്തുകള്‍ കോര്‍ത്തവ, നിറമുള്ള ചരടുകള്‍, അല്ലെങ്കില്‍ വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചുള്ള നേരിയ തുണിക്കഷ്ണങ്ങള്‍ എന്നിവയൊക്കെ ഇന്ന് ഒറ്റക്കാലിലൊ രണ്ടു കാലിലോ അണിയുന്നുണ്ട്.
നാല്പതു രൂപ മുതല്‍ പല ഡിസൈനുകളിലുള്ള ആങ്ക് ലറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്നുണ്ട്. എന്നതാണ്ഫാ ഷന് പ്രേമികളെ ആകര്‍ഷിക്കുന്നത്. കപ്രിസ്, ജീന്‍സ്, സ്കര്‍ട്ട്, സാരി, ട്രൌസറുകള്‍ എന്നിവയ്ക്കൊപ്പം ഒറ്റക്കാലിലോ രണ്ടുകാലിലോ ആങ്ക് ലറ്റുകള്‍ അണിഞ്ഞാല്‍ അടിപൊളി.
വസ്ത്രത്തിനനുസരിച് വര്‍ണ്ണങ്ങളിലും ഡിസൈനുകളിലും പാദസരങ്ങള്‍ കിട്ടുമെന്നതും ഇതിന്റെ പ്രിയം വര്‍ദ്ധിപ്പിക്കുന്നു.
ഹാന്‍ഡ് മെയ്ഡ് പാദസരങ്ങളാണ് ഇക്കൂട്ടത്തിലെ മറ്റൊരു ട്രെന്‍ഡ്. നേര്‍ത്ത നൂലില്‍ ഒരു വലിയ മുത്ത് കോര്ത്തവയാണ് ഇവ. ചരടില്‍ ഒന്നിലധികം മുത്തു കോര്ത്തവയും ഹാന്‍ഡ് മെയ്ഡ് പാദസരങ്ങളില്പ്പെടുന്നു. കൂടാതെ നേര്‍ത്ത നൂലിഴകളില്‍ ഹൃദയാകൃതിയിലും മറ്റുള്ള ബീഡ്സ് കോര്‍ത്തിണക്കി വളരെ മോഡേണ്‍ ലുക്ക് തോന്നിപ്പിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഇവയ്ക്കു പക്ഷെ അല്പം വില കൂടും. മുന്നൂറിനു മുകളിലാണ് ഇവയുടെ വില. ഏറെക്കാലം ലാസ്റ്റ് ചെയ്യുന്നവയാണ് ഇവ.
നിറമുള്ള മുത്തുകള്‍ കോര്‍ത്ത ആങ്ക് ലറ്റുകളാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെന്റ്. ചരടില്‍ പല രൂപങ്ങള്‍ കോര്‍ത്തിണക്കിയ ആങ്ക് ലറ്റുകളും ഫഷനബിള് തന്നെ. ടീനേജുകാര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും ഇത്തരം ആങ്ക് ലറ്റുകള്‍ ധരിക്കാം. പാര്‍ട്ടികള്‍ക്കും മറ്റും പോകുമ്പോള്‍ അല്പം വ്യത്യതത ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉത്തമമാണ് ഒരു കാലില്‍ മാത്രം അണിയുന്ന ആങ്ക് ലറ്റുകള്‍.