Latest News

Home » സ്പെഷ്യൽ » മദ്യം എന്ന മഹാ ശത്രു

മദ്യം എന്ന മഹാ ശത്രു

Sukumar-Azhikodeകേരളത്തിന്റെ ഭാഷാ-സാഹിത്യ-സാംസ്കാരിക രംഗത്തെ വേറിട്ട ശബ്ദമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട്‌ 2012ല്‍ എഴുതിയ ലേഖനം. സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആശയത്തെ ‘സദാചാര തിട്ടൂര’മായും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള ‘ഫാസിസ്റ്റ് കടന്നു കയറ്റ’മായും അടയാളപ്പെടുത്തുന്ന ഇന്നും ആ സാഗരഗര്‍ജനം പ്രസക്തമാകുന്നു.

മനുഷ്യന്‍റെ ഏറ്റവും കടുത്ത ശത്രു ഏതാണെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ പറയാനുള്ളൂ – മദ്യം. അതുകൊണ്ട് അത് പിശാചാണെന്നു പല ജനതകളും കരുതി. പിശാച് നമ്മെ കൊണ്ട് ചീത്ത ചെയ്യിക്കുന്നുവെന്നത് സങ്കല്‍പ്പമാണ്. അതിനേക്കാള്‍ നമ്മെ നശിപ്പിക്കുവാന്‍ മദ്യത്തിന് കഴിയും. വിനാശത്തിന്‍റെ പാനീയമാണ് മദ്യം. മദ്യത്തെ നാം കഴിക്കുകയല്ല. നമ്മെ മദ്യം കഴിക്കുകയാണ് ചെയ്യുന്നത്. അത് നേരെ ചെന്ന് കീഴ്പ്പെടുത്തുന്നത് മനുഷ്യന്‍റെ ബുദ്ധിയെയും ചിന്താശക്തിയെയുമാണ്, ബുദ്ധി തകരാറില്‍ ആയാല്‍ മനുഷ്യന്‍ ആകെ തകരാറിലാകുന്നു. സര്‍വ്വത്തെയും മദ്യം സംഹരിക്കുന്നു.

നാരായണ ഗുരു പറഞ്ഞത്  “ചെത്തുകാരനെ നാറും എന്നും അവന്‍ തൊട്ടതെല്ലാം നാറും..” എന്നുമാണ്. നാറ്റം പൊറുക്കാം. പക്ഷെ മദ്യം, കഴിക്കുന്നവനെ മാത്രമല്ല അവന്‍റെ കുടുംബത്തെയും കൂട്ടുകാരെയും എല്ലാം പല തോതില്‍ നശിപ്പിക്കുന്നു. ഒടുവില്‍ സര്‍വ്വ ജനങ്ങളും നാടും നശിക്കുന്നു. നാം ഇന്ന് നാശത്തിന്‍റെ  ആ വലിയ പാതയിലൂടെ അതിവേഗത്തില്‍ കുതിച്ചു മുന്നോട്ടുപോവുകയാണ്. ആരും തടയുന്നില്ല. ഗവണ്‍മെന്‍റും, നേതാക്കളും ആരും അനങ്ങുന്നില്ല. മഹാത്മാഗാന്ധിയെയും, നാരായണഗുരുവിനെയും പോലെ മദ്യത്തിനെതിരെ പോരാടിയ ശ്രേഷ്ഠരായ നേതാക്കള്‍ ഇന്ന് നമുക്കില്ല. ഉള്ള നേതാക്കള്‍ മദ്യത്തെ നിരുപാധികം എതിര്‍ക്കുവാന്‍ ബലം ഇല്ലാത്തവരാണ്. പല ഉപാധികളും വെച്ചുകൊണ്ടേ ഇക്കൂട്ടര്‍ മദ്യവിരോധം പ്രസംഗിക്കുകയുള്ളൂ.

“മറ്റുള്ള കൈകൊണ്ട് കാക്കയെ തെളിയ്ക്ക..” എന്ന്‍ വടക്കന്‍ കേരളത്തില്‍ ഒരു ചൊല്ലുണ്ട്. അതുപോലെയാണ് ഇവരുടെ മദ്യത്തോടുള്ള എതിര്‍പ്പ്. നമ്മുടെ പട്ടണങ്ങള്‍ മദ്യത്തില്‍ മുങ്ങി ; ഗ്രാമങ്ങളും മുങ്ങി; കുടുംബങ്ങളും മുങ്ങി. പുരാണങ്ങള്‍ വര്‍ണ്ണിച്ച പ്രളയം ജലപ്രളയമാണ്.. ഇത് മദ്യത്തിന്‍റെ പ്രളയമാണ്. എങ്കിലും ശക്തവും സത്യസന്ധവുമായ എതിര്‍പ്പും ഉണ്ടാവുന്നുണ്ട്. തൃശ്ശൂര്‍ കുട്ടനെല്ലൂരിലെ മദ്യഷാപ്പിനെതിരായി ഒരു വര്‍ഷത്തില്‍ അധികം കാലം നീണ്ടുനിന്ന സമരം അതിന്‍റെ തെളിവാണ്. ആ സമരത്തിന്‍റെ വിജയം നമ്മുടെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു നല്ല സംഭവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മദ്യം എന്ന മഹാ ശത്രു Reviewed by on . കേരളത്തിന്റെ ഭാഷാ-സാഹിത്യ-സാംസ്കാരിക രംഗത്തെ വേറിട്ട ശബ്ദമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട്‌ 2012ല്‍ എഴുതിയ ലേഖനം. സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആശയത്തെ 'സദാചാര തിട കേരളത്തിന്റെ ഭാഷാ-സാഹിത്യ-സാംസ്കാരിക രംഗത്തെ വേറിട്ട ശബ്ദമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട്‌ 2012ല്‍ എഴുതിയ ലേഖനം. സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആശയത്തെ 'സദാചാര തിട Rating: 0

About nammudemalayalam

scroll to top