Home » സ്പെഷ്യൽ » സെല്‍ഫിസൂക്തങ്ങള്‍

സെല്‍ഫിസൂക്തങ്ങള്‍

സജീഷ് കുട്ടനെല്ലൂര്‍ എഴുതുന്ന പ്രതിവാര പംക്തി

sajeesh wok 3സെല്‍ഫി സൂക്തങ്ങള്‍’ ആരംഭിക്കുന്നു. ആദ്യമേ പറയട്ടെ… ഞാനൊരു എഴുത്തുകാരനൊന്നുമല്ല.  സൗഹൃദങ്ങളുടെ സ്നേഹനിര്‍ബന്ധത്തില്‍,  മുന്‍പ് ചില കുറിപ്പുകളും പംക്തികളുമൊക്കെ എഴുതിപ്പോയിട്ടുണ്ട് എന്നുമാത്രം. കണ്ടതുംകേട്ടതുമായ കാര്യങ്ങളും, എന്‍റെ നിരീക്ഷണങ്ങളും, ചിന്തകളും, ഈ കൊച്ചു വര്‍ത്തമാന പംക്തിയിലൂടെ നിങ്ങളുമായി പങ്കു വെക്കുകയാണിവിടെ.

പ്രധാനമന്ത്രി മോദിജി അത്ര പ്രധാനമല്ലാത്ത പാര്‍ലമെന്‍റ് കാന്‍റീനില്‍ കയറി ഉച്ച ഭക്ഷണം കഴിച്ചത് കഴിഞ്ഞവാരം മാധ്യമങ്ങള്‍ക്കൊരു പ്രധാന വാര്‍ത്തയായിരുന്നു. മോദിയെകണ്ട വിളമ്പുകാര്‍ ആദ്യം ഞെട്ടി. പിന്നെ വിളമ്പുവാന്‍ വേണ്ടി മത്സരിച്ചു. ഭക്ഷണം കഴിക്കാനെത്തിയവരും സ്വയം വിളമ്പുകാരായി മാറിയെന്നും പറയപ്പെടുന്നു.

വാര്‍ത്താ പത്രികകളുടെ നിത്യകാമുകനായ മോദിജി അമേരിക്കയില്‍ പോയപ്പോള്‍ ഒന്നും കഴിച്ചില്ല എന്ന കാരണത്താലാണ് മാധ്യമങ്ങളിലിടം നേടിയത്. ഒബാമയുടെ വിരുന്നില്‍ പങ്കെടുത്ത അദ്ദേഹം ഒരു ഗ്ലാസ് പച്ചവെള്ളം മാത്രം വാങ്ങി കുടിച്ച് ഇന്ത്യ ഒരു ദരിദ്ര രാഷ്ട്രം തന്നെയാണെന്ന് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയുണ്ടായി.

‘അപ്രസക്തനായി’ എന്ന് മാധ്യമങ്ങളും ‘അപ്രത്യക്ഷനായി’ എന്ന് എതിര്‍ ചേരികളും വിശേഷിപ്പിച്ചു  കൊണ്ടിരിക്കുന്ന സാക്ഷാല്‍ രാഹുല്‍ജിയും ഇത്തരം കാര്യങ്ങളില്‍ സമര്‍ത്ഥനാണ്. സെക്യൂരിറ്റിക്കാരുടെ കണ്ണുവെട്ടിച്ച് തട്ടുകടയില്‍ കയറി പുട്ടടിച്ച് ജനകീയനായ രാഹുല്‍ജിയുടെ ചിത്രവും പത്രത്തില്‍ വെണ്ടയ്ക്ക സമം വരികയുണ്ടായി. ജനക്കൂട്ടത്തെ കണ്ട ആവേശത്താല്‍ ജീപ്പിനു മുകളിലേക്ക്  ഓടിക്കയറിയും ഇദ്ദേഹം വാര്‍ത്താ പുരുഷനാവുകയുണ്ടായി. ജീപ്പിനു മുകളില്‍ ഓടികയറുവാന്‍ ഏത് നേതാവിനും പറ്റും പക്ഷേ ജനഹൃദയങ്ങളില്‍ കയറുക…. അതെളുപ്പമല്ല.

കേന്ദ്രപ്രദേശത്ത് ഇങ്ങനെയെങ്കില്‍ കേരള ഭൂവില്‍ സ്ഥിതി വ്യത്യസ്ഥമാണ്. ഭക്ഷണ കാര്യത്തില്‍ അതിവേഗം പുറകിലായ ഉമ്മന്‍ജി നേരാനേരത്ത് ഭക്ഷണം കഴിക്കാതെയാണ് വാര്‍ത്തകളിലിടം പിടിച്ചത്. പ്രതിപക്ഷ നായകന്‍ ഭക്ഷണ കാര്യത്തില്‍ പ്രകൃതി പക്ഷമത്രേ.

“കട്ടന്‍ ചായയും പരിപ്പുവടയും വേണ്ടേ വേണ്ട

നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം….” (വീയെസ്സിന്റെ സ്വന്തം ഈണവും താളവും ചേര്‍ത്ത് വായിക്കുക)

തൊട്ടാല്‍ പഞ്ഞിക്കു സമവും  മസാലഗന്ധിയും കൊഴുപ്പാല്‍ നിര്‍മ്മിതവുമായ ബീഫിന്‍റെ നിരോധനം മഹാരാഷ്ട്രയിലെ ബീഫ് കൊതിയന്മാരുടെ ആമാശയത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. കേട്ടപാതി ഇവിടുത്തെ താമര ചന്ദ്രന്‍ ഐ .പി. എസ് പ്രസ്താവിച്ചു “ഞാന്‍ ബീഫ് കഴിക്കാറെയില്ല” എന്ന്. ടിയാന്‍ കഴിച്ച  ബീഫ് മൃഗത്തിന്‍റെ ബാല്യകാലചിത്രവും ആത്മാവിന്‍റെ സാക്ഷ്യപത്രവും നിമിക്ഷങ്ങള്‍ക്കകം- ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു…

താമരചന്ദ്രന്‍ ഐ.പി.എസ് ഓഫ് ലൈനിലേക്ക് മറഞ്ഞു. കേരളത്തിലെ നാല്‍ക്കാലികള്‍ വിധി കാത്തു കഴിയുന്നു.

ഇരുകാലികളുടെ വിധിക്ക് പ്രത്യേകിച്ച് മാറ്റമൊന്നു മുണ്ടാകാനിടയില്ല  –

 ലേഖകന്‍റെ വാട്ട്സ് ആപ്പ് നനമ്പര്‍

+919846391755

സെല്‍ഫിസൂക്തങ്ങള്‍ Reviewed by on . 'സെല്‍ഫി സൂക്തങ്ങള്‍' ആരംഭിക്കുന്നു. ആദ്യമേ പറയട്ടെ... ഞാനൊരു എഴുത്തുകാരനൊന്നുമല്ല.  സൗഹൃദങ്ങളുടെ സ്നേഹനിര്‍ബന്ധത്തില്‍,  മുന്‍പ് ചില കുറിപ്പുകളും പംക്തികളുമൊക് 'സെല്‍ഫി സൂക്തങ്ങള്‍' ആരംഭിക്കുന്നു. ആദ്യമേ പറയട്ടെ... ഞാനൊരു എഴുത്തുകാരനൊന്നുമല്ല.  സൗഹൃദങ്ങളുടെ സ്നേഹനിര്‍ബന്ധത്തില്‍,  മുന്‍പ് ചില കുറിപ്പുകളും പംക്തികളുമൊക് Rating: 0

About nammudemalayalam

scroll to top