Home » ആരോഗ്യം » ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കാം

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കാം

food testing

ഭക്ഷണവസ്തുക്കളിലെല്ലാം വിഷമോ മായമോ കലര്‍ന്നിരിക്കുകയാണല്ലോ ഇന്ന്. കഴിക്കുന്ന ഭക്ഷണത്തില്‍ മായവും വിഷവും ഇല്ലെന്നു ഉറപ്പു വരുത്തി കഴിക്കേണ്ടത്‌ ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതം.  സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന്‍ തിരിച്ചറിയാന്‍ ചില എളുപ്പവഴികള്‍

ദിവസവും നമ്മള്‍ ധാരാളം ഭക്ഷ്യവസ്തുക്കള്‍ കടകളില്‍നിന്നു വാങ്ങാറുണ്ടല്ലോ? ഈ ഭക്ഷ്യ വിഭവങ്ങളെല്ലാം പരസ്യവാചകങ്ങളില്‍ പറയുന്നതുപോലെ ശുദ്ധമാണോ? തീര്‍ച്ചയായും അല്ല.  നമ്മള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പല വിധത്തിലുള്ള മായം കലരുന്നുണ്ട്. ഗുണമേന്മ വെറും പരസ്യത്തിലൊതുങ്ങുന്നുവെന്ന് സാരം. വിപണിയില്‍നിന്നും മറ്റും വാങ്ങുന്ന ഭക്ഷ്യവസ്തുക്കളിലാണ് മായം കൂടുതലായി ചേര്‍ക്കുന്നത്. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക വഴി പല  മാരകരോഗങ്ങളും നമ്മെ പിടികൂടുമെന്നതാണ് സത്യം.

അല്പം ശ്രദ്ധിച്ചാല്‍ ഭക്ഷ്യവസ്തുക്കളിലെ മായം നമുക്ക് തന്നെ കണ്ടുപിടിക്കാനും അതുവഴി മാരകരോഗങ്ങള്‍ വരുന്നത് തടയാനും സാധിക്കും. നമ്മള്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളില്‍ കലരുന്ന മായം കണ്ടുപിടിക്കാന്‍ ചില വഴികള്‍.

ചായപ്പൊടി

ചായപ്പൊടിയോടൊപ്പം മറ്റു പല ചെടികളുടെയും ഇലകള്‍ ഉണക്കിപ്പൊടിച്ച് മഞ്ഞ, പിങ്ക്, ചുവപ്പ്തുടങ്ങിയ അനുവദനീയമല്ലാത്ത നിറങ്ങള്‍ ചേര്‍ക്കുകയാണ് സാധാരണ ചെയ്യുന്നത്. കൂടാതെ കശുവണ്ടിപ്പരിപ്പിന്‍റെ പുറം തൊലിയും നിറഭേദം വരുത്തി ചേര്‍ക്കാറുണ്ട്.

ചായപ്പൊടിയുടെ ഗുണനിലവാരം പരിശോധിക്കുന്ന രീതി :

ചായപ്പൊടിയുടെ അല്പം സാമ്പില്‍ ഒരു നനഞ്ഞ വെള്ളക്കടലാസില്‍ വിതറിയിടുക. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ക്രമേണ പടരുന്നതായി കാണാം. ഇങ്ങനെ വരുന്ന പക്ഷം ചായപ്പൊടിയില്‍ വന്‍തോതില്‍  മായം കലര്‍ത്തിട്ടുള്ളതായി മനസ്സിലാക്കാം. മറ്റൊരുമാര്‍ഗ്ഗം കൂടിയുണ്ട്. അല്പം ചുണ്ണാമ്പ് കടലാസ്സില്‍ പുരട്ടുക. അതിനുമുകളില്‍, ചായപ്പൊടി വിതറി നോക്കുക. മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ചുണ്ണാമ്പില്‍ ചായം ഇളകിപ്പിടിക്കും. അല്ലെങ്കില്‍ ഇളം നിറത്തിലായിരിക്കും കാണുക.

പഞ്ചസാര

പഞ്ചസാരയില്‍ അലക്കുകാരമാണ് സാധാരണ ചേര്‍ക്കാറുള്ളത് . പഞ്ചസാര ലായനിയില്‍ ചുവന്ന ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ നീലനിറമാകുന്നുവെങ്കില്‍ ഇക്കാര്യം ഉറപ്പാക്കാം.

കാപ്പിപ്പൊടി

കാപ്പിപ്പൊടിയില്‍ പുളിങ്കുരുവിന്‍റെ തോട്, ചിക്കറി മുതലായവ കലര്‍ത്തുക പതിവാണ്.  ഇതു വേര്‍തിരിച്ചറിയുന്നതിനുവേണ്ടി ബ്ലോട്ടിംഗ് പേപ്പറില്‍ അല്പം കാപ്പിപ്പൊടി വിതറിയശേഷം അതിനുപുറത്ത് അല്പം പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനി തളിക്കുക. പൊടിക്കുചുറ്റും തവിട്ടുനിറം പ്രത്യക്ഷപ്പെട്ടാല്‍  മായം ചേര്‍ത്തിട്ടുണ്ടെന്ന്‍ ഉറപ്പിക്കാം. കാപ്പിപ്പൊടിയില്‍ ചിക്കറി ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ പൊടി വെള്ളത്തില്‍  വിതറി നോക്കുക. ചിക്കറിപ്പൊടി വെള്ളത്തില്‍ താഴുകയും വെള്ളം തവിട്ടുനിറമാകുകയും ചെയും. ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ സൂര്യകാന്തിയരി തുടങ്ങിയവ വറുത്ത് പൊടിച്ചും ചേര്‍ക്കും. ഈ മായം തിരിച്ചറിയാന്‍ കാപ്പിപ്പൊടിയുടെ സാമ്പിള്‍ അല്പം വെള്ളത്തില്‍  ലയിപ്പിച്ച് തനിയെ അടിയാന്‍ അനുവദിക്കുക. ശരിയായ കാപ്പിപ്പൊടി വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുമ്പോള്‍ മായ വസ്തുക്കള്‍ വെള്ളത്തിന്‍റെ അടിയില്‍ അടിഞ്ഞുകൂടും.

അരി

അരിയില്‍ കാവി പൂശി കുത്തരിയില്‍ നിറം വരുത്തുന്നു. ചൂടുവെള്ളത്തില്‍ കഴുകിയാല്‍ ഈ നിറം ഇളകിവരും.

 ഗോതമ്പു പൊടി

ഗോതമ്പുപൊടിയില്‍ എര്‍ഗോട്ട് എന്ന പൂപ്പല്‍ പൊടിച്ചു ചേര്‍ക്കുന്നു.പൊടി വെള്ളത്തില്‍ കലക്കിയാല്‍ ഗോതമ്പിന്‍റെ അംശം അടിയിലും പൂപ്പല്‍ മുകളിലുമായി കാണാം.

മുളകുപൊടി

മുളകുപൊടിയില്‍ ചേര്‍ത്തുവരുന്ന കലര്‍പ്പു വസ്തുവാണ് ഇഷ്ടികപ്പൊടി, ചായം കലര്‍ത്തിയ മരപ്പൊടി തുടങ്ങിയവ. ഇതു കണ്ടുപിടിക്കാന്‍ നനഞ്ഞ ബ്ലോട്ടിംഗ്പേപ്പറില്‍ കുറച്ച് പൊടി വിതറുക. നിറം ബ്ലോട്ടിങ്ങ് പേപ്പറില്‍ പടരും. അല്ലെങ്കില്‍ അല്പം പൊടി വെള്ളത്തില്‍ പൊങ്ങിക്കിടക്കും, മുളകുപൊടി ലയിക്കാതെ അടിയുകയും ചെയും.

മഞ്ഞള്‍പ്പൊടി

മെറ്റാനിന്‍യെല്ലോ എന്ന ചായം, ഗോതമ്പ്, ചോളം എന്നിവയുടെ പൊടി ഇവയാണ് മഞ്ഞള്‍പ്പൊടിയില്‍ കണ്ടുവരുന്ന മായം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയില്‍ കുറച്ച് ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് നേര്‍പ്പിക്കുക. നീലനിറം കാണുന്നുവെങ്കില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന്‍ മനസ്സിലാക്കാം. യഥാര്‍ത്ഥ മഞ്ഞള്‍ പ്പൊടിയാണെങ്കില്‍ യാതൊരു നിറവ്യത്യാസവും ഉണ്ടാകില്ല. മഞ്ഞളില്‍ ഗ്രൂ എന്ന വസ്തുവും മായമായി ചേര്‍ക്കാറുണ്ട്. ഇത് കണ്ടെത്തുന്നതിന് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയെടുത്ത്  കത്തിക്കുക. തവിട്ടു നിറത്തിലുള്ള ചാരം സാമ്പിളിന്‍റെ അര ഇരട്ടികൂടി ലഭിക്കുകയാണെങ്കില്‍ മായം ചേര്‍ന്നിട്ടുള്ളതായി കണക്കാക്കാം.

മല്ലിപ്പൊടി

ചാണകപ്പൊടി, തവിട്, മരപ്പൊടി എന്നിവ മല്ലിപ്പൊടിയില്‍ കണ്ടുവരുന്നു. മല്ലിപ്പൊടി വെള്ളത്തില്‍ അലിയിപ്പിക്കുമ്പോള്‍ മരപ്പൊടി, തവിട് എന്നിവ പൊങ്ങിവരികയാണെങ്കില്‍ സംശയം ഉറപ്പിക്കാം.

മുളക്

കുരുമുളകില്‍ കപ്ലങ്ങ (പപ്പായ) യുടെ കുരു ഉണക്കിപ്പൊടിച്ച് ചേര്‍ക്കുന്നു. കുരുമുളക് പൊടി വെള്ളത്തില്‍  ലയിപ്പിക്കുക. യഥാര്‍ത്ഥ കുരുമുളകു പൊടി വെള്ളത്തില്‍ അടിയും. മായ വസ്തു വെള്ളത്തില്‍ പൊങ്ങിക്കിടക്കും.

പരിപ്പ്

പരിപ്പില്‍ കേസരിപരിപ്പ് ചേര്‍ക്കുന്നു.  ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ത്താല്‍ മായമുണ്ടെങ്കിലും മിശ്രിതം ചുവപ്പുനിറമാകും.

ചെറുപയര്‍

കൃത്രിമചായങ്ങളുപയോഗിച്ച് ചെറുപയര്‍ മാര്‍ക്കറ്റിലെത്താറുണ്ട്. വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ ചായം ഇളകിവരും.

കടുക്

ആര്‍ഗിമണ്‍ എന്ന മുള്ളന്‍ ചെടിയുടെ വിത്താണ് കടുകില്‍ ചേര്‍ക്കുന്നത്. ഇത് കടുകിനേക്കാള്‍ വലുതായിരിക്കും.

ഉപ്പുപൊടി

ഉപ്പുപൊടിയില്‍ ചോക്ക്

പൊടി ചേര്‍ത്തിട്ടുണ്ടെങ്കില്‍ വെള്ളത്തില്‍ കലക്കി നോക്കുക. വെള്ളത്തില്‍ ചോക്കുപൊടി കലങ്ങിക്കാണാം.

പാല്‍

പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ചെറിഞ്ഞ പ്രതലത്തില്‍ അല്പം പാല്‍ ഒഴിക്കുക. പാടില്ലാതെ ഒഴുകി താണാല്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്.

 വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ ആവണക്കെണ്ണയും മറ്റു പലതരം വിലകുറഞ്ഞ എണ്ണകളും ചേര്‍ക്കും. വെളിച്ചെണ്ണയില്‍ അല്പം പെട്രോളിയം ഈതര്‍ ചേര്‍ത്ത് തണുപ്പിക്കുക. വെള്ളനിറമാകുന്നുവെങ്കില്‍ ആവണക്കെണ്ണ ചേര്‍ന്നിട്ടുണ്ട്.

 

 

 

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കാം Reviewed by on . ഭക്ഷണവസ്തുക്കളിലെല്ലാം വിഷമോ മായമോ കലര്‍ന്നിരിക്കുകയാണല്ലോ ഇന്ന്. കഴിക്കുന്ന ഭക്ഷണത്തില്‍ മായവും വിഷവും ഇല്ലെന്നു ഉറപ്പു വരുത്തി കഴിക്കേണ്ടത്‌ ആരോഗ്യസംരക്ഷണത്തി ഭക്ഷണവസ്തുക്കളിലെല്ലാം വിഷമോ മായമോ കലര്‍ന്നിരിക്കുകയാണല്ലോ ഇന്ന്. കഴിക്കുന്ന ഭക്ഷണത്തില്‍ മായവും വിഷവും ഇല്ലെന്നു ഉറപ്പു വരുത്തി കഴിക്കേണ്ടത്‌ ആരോഗ്യസംരക്ഷണത്തി Rating: 0

About nammudemalayalam

scroll to top