Home » സൗന്ദര്യം » നര: അപമാനവും അപകര്‍ഷതയും

നര: അപമാനവും അപകര്‍ഷതയും

white hairസൗന്ദര്യബോധമുള്ള  മലയാളിക്ക്  നര ഒരു പ്രധാന പ്രശ്നമാണ്.

നരയ്ക്കുന്നത് പ്രകൃതി നിയമത്തിന്‍റെ ഭാഗമാണ്. നര സൂചിപ്പിക്കുന്നത് പ്രായത്തേയും.  പ്രായമാകാന്‍ വിസമ്മതിക്കുന്നതാണോ പലരും നര വേണ്ടെന്ന്‍  വെയ്ക്കാന്‍ കാരണം? പലര്‍ക്കും പല ഉത്തരങ്ങളാണുള്ളത് . എന്തായാലും സൗന്ദര്യബോധമുള്ള  മലയാളിക്ക്  നര ഒരു പ്രധാന പ്രശ്നമാണ്. അതേ സമയം അലങ്കാരവുമാണ്

ഇന്നത്തെ കാലത്ത് കണ്ടുപിടിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള  സംഗതിയാണ് നര. നര, പക്വതയുടെ,  വാര്‍ധക്യത്തിന്‍റെ ഒക്കെ ലക്ഷണമായാണ് പഴയതലമുറ കണക്കാക്കിയിരുന്നത്. നരയെ അടിസ്ഥാനമാക്കി ഏകദേശം പ്രായവും കണക്കാക്കിയിരുന്നു.  വാര്‍ധക്യത്തിനൊഴിവാക്കാനാവാത്ത  ഒരു ഘടകമെന്ന നിലയില്‍ നരച്ചതലകള്‍ എങ്ങും ദൃശ്യമായിരുന്നു. കാലത്തിന്‍റെ പോക്കനുസരിച്ച് ‘നര ‘ യ്ക്കും പുതിയ ഭാവങ്ങള്‍ വന്നിരിക്കുകയാണിന്ന്. യുവതലമുറ  ‘ഇരുന്നു നരയ്ക്കാ’ തെതന്നെ  ‘ നരച്ചു ‘ പോകുന്നു. അകാലത്തില്‍ വരുന്ന നര ഒരുപാട് മാനസികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.   നരക്കാരുടെ മനസ്സിലേക്ക് ഒന്ന് കടന്നുചെല്ലാം.

ചെറുപ്പം നര കയറുമ്പോള്‍

കല്യാണം കഴിഞ്ഞ് ഒന്നു രണ്ടു മാസം കഴിഞ്ഞപ്പൊഴല്ലേ മനസ്സിലായത് പുള്ളിക്കാരന്‍റെ തലമുഴുവനും നരച്ചതാണെന്ന് …… ” തൃശൂര്‍ നഗരത്തിലെ ഒരു റെഡിമെയ്ഡ് വസ്ത്ര കടയുടമയുടെ  ഭാര്യ അല്പം കുണ്ഠിതത്തോടെയാണോ പറഞ്ഞതെന്നു  സംശയം. ഹണിമൂണ്‍ കഴിയും മുന്‍പെ ഭര്‍ത്താവിന്‍റെ ശിരോപരിതലത്തില്‍ നിന്നും ഒരു  ‘ എക്സ്‌ട്ര വൈറ്റ് കാര്‍പെറ്റ് ‘ ഉയരുന്നതു കണ്ടപ്പോള്‍ ആദ്യം പേടിയാണു തോന്നിയതെന്ന്  ഒരു കുസൃതിച്ചിരിയോടെ അവര്‍ പറഞ്ഞു. ” പിന്നീട് മനസ്സിലായി ഈ വീട്ടിലെ എല്ലാവരും നരച്ചതാണെന്ന്.  ‘ഡൈ’ അടിച്ചു നടക്കുകയാണെന്ന് ”

പാരമ്പര്യനരയെന്നു ഓമനപ്പേരിട്ടു വിളിക്കാവുന്ന അകാലനരയാണ്  ഈ കുടുംബത്തിലെ വില്ലന്‍ എന്നു  പറയുന്നു ചെറുപ്പക്കാരനായ കടയുടമ.

” നരച്ചതല ഒരു പ്രശ്നം തന്നെയാണ്. നരച്ച ഞാനിരിക്കുന്ന കടയിലേയ്ക്ക് ചെറുപ്പക്കാര്‍ കയറാന്‍ മടിക്കും. കാരണം ഞാനിവിടെ വില്‍ക്കുന്നത്  ഫാഷനാണ്. നാല്പത്തിയഞ്ചു വയസ്സുവരെയെങ്കിലും ചായമടിച്ചു നടന്നേ മതിയാവൂ ” അദ്ദേഹം നയംവ്യക്തമാക്കി.

white hair wigമുടിക്ക് നിറം നല്‍കുന്ന മെലനിന്‍റെ അഭാവമാണ് മുടിയുടെ സ്വാഭാവിക കറുപ്പുനിറം നഷ്ടപ്പെടുത്തി നരപ്പിക്കുന്നതെന്ന് വൈദ്യശാസ്ത്രം  പറയുമ്പോള്‍, ഫാസ്റ്റ്ഫുഡ് ഭക്ഷണക്രമവും കീടനാശിനികളുടെ ഉപയോഗത്താല്‍ വിഷലിപ്തമായ പച്ചക്കറികളും ഹോര്‍മോണുകള്‍  കലര്‍ന്ന മരുന്നുകളും വരുത്തി വയ്ക്കുന്ന വിനയാണിതെന്ന് അനുഭവസ്ഥര്‍ തറപ്പിച്ചു പറയുന്നു.

സ്വന്തം യൗവനം അച്ഛനു വിട്ടു കൊടുത്തുകൊണ്ട് ജരാനരകളേറ്റു വാങ്ങിയ പുരുവിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, തലനരച്ച ഒരു മകന്‍ അച്ഛന്‍റെ കറുത്ത കോലന്‍ മുടി തഴുകി പറഞ്ഞു. ” തലമാത്രം നോക്കുക, ആരാണ് കാരണവര്‍….?

” ഇതൊക്കെ നല്ല നീരോലിത്താളീടെ ഗുണമാ…” ‘ ഇവന്‍റെ ദാനമല്ല’ എന്ന് ഗുഢാര്‍ത്ഥത്തില്‍ അച്ഛന്‍ ചിരിച്ചു.

നല്ലെണ്ണ തേച്ച് പച്ചിലത്താളി തേച്ച് കുളത്തില്‍ മുങ്ങിക്കുളിച്ചിരുന്ന കഴിഞ്ഞ തലമുറയല്ല ഇന്നത്തേത്. ‘ മെഴുക്ക് ‘ എന്ന വാക്കു തന്നെ അലര്‍ജിയായ ഇന്നത്തെ ചെറുപ്പക്കാര്‍  – രാസവസ്തുക്കളും മൃഗക്കൊഴുപ്പും ചേര്‍ത്തുണ്ടാക്കുന്ന ഷാംപൂവും സോപ്പും കണ്ടീഷനറുമൊക്കെ തലമുടി വിടര്‍ത്തിയിടാനും പാറിപ്പറത്താനും ഉപയോഗിക്കുന്നു. എണ്ണയുടെ ഉപയോഗം ഇല്ലാതായി എന്നുതന്നെ പറയാം. ചിലര്‍ മുടി വളര്‍ച്ചയ്ക്കു വേണ്ടി വിപണിയില്‍ ലഭ്യമാകുന്ന ചില മരുന്നുകള്‍ ചേര്‍ത്ത എണ്ണകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ രാസവസ്തുക്കളുപയോഗിച്ച് അപ്പാടെ കഴുകിക്കളയുകയും ചെയുന്നു.

” എന്തേ ഇത്രവേഗമിങ്ങനെ നരച്ചു പോയതെന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ട് – ഇതിനെ ‘ ടെന്‍ഷന്‍ നര ‘ എന്നു വിളിക്കാനാണെനിക്കിഷ്ടം.” സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഷാജി പറയുന്നു.

” തലയിലെപ്പോഴും വലിയ വലിയ കമ്പനികളുടെ പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂട്ടലും കിഴിക്കലുമാണ്. വ്യക്തി ജീവിതത്തിലും ടെന്‍ഷന്  കുറവൊന്നുമില്ല. പണ്ടുള്ള കാരണവന്മാര്‍ക്ക് അന്നത്തെ കാര്യം നോക്കിയാല്‍ മതിയായിരുന്നു. ഇന്നത്തെ ജീവിതരീതി അങ്ങനെയാണോ ? ഭാര്യയും ഒന്നോരണ്ടോ കുട്ടികളും മാത്രമടങ്ങുന്ന ചെറിയ കുടുംബമാണ് ഇന്നത്തെതെങ്കിലും ബാധ്യത നൂറിരട്ടിയാണ്. ഇന്‍സ്റ്റാള്‍മെന്‍റുകള്‍, ആശുപത്രി ച്ചെലവുകള്‍ തുടങ്ങിയ ബാധ്യതയുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുകയാണ്.”  മുപ്പത്തിയഞ്ചാം വയസ്സില്‍ എഴുപതിന്‍റെ ഭാരം പേറുന്നുവെന്നു പറയുന്ന ഷാജി തന്‍റെ അകാലനരയെപ്പറ്റി പ്രതികരിച്ചു.

ഷാജിയും ‘ഡൈ ‘  അടിക്കുന്നുണ്ട്. കാരണം ലുക്ക് തന്നെ. യുവത്വം എപ്പോഴും അവസരങ്ങള്‍ സൃഷ്ടിക്കുന്നു. അനുവാദമില്ലാതെ കടന്നു വരുന്ന വാര്‍ധക്യം, നഷ്ട്പ്പെടലും  നഷ്ട്പ്പെടുത്തലുമാണ്. മനസ്സില്‍ യുവത്വം സൂക്ഷിക്കുന്ന  ‘ മീശ നരച്ചാലും ആശ നരയ്ക്കാത്ത’ വര്‍ക്ക് ഡൈ അടിക്കലേ നിവൃത്തിയുള്ളൂ.

സ്ത്രീകളും ഈ ദുരവസ്ഥയില്‍ പരിതപിക്കുന്നവര്‍ തന്നെ. ‘ഡൈ ‘ അടിയ്ക്കുവാന്‍ എളുപ്പത്തിനായി നീണ്ട ഇടതൂര്‍ന്ന തലമുടി കഴിത്തിനൊപ്പം വെച്ചു മുറിക്കേണ്ടി വന്നതിന്‍റെ  തീരാവേദന  പേറുന്നവര്‍ നിരവധിയാണ്. എങ്കിലും മുടിയുടെ സൗന്ദര്യത്തെ കടത്തിവെട്ടാന്‍ യുവത്വത്തിനു കഴിയും എന്നവര്‍ വിശ്വസിക്കുന്നു. കാരണം, യുവത്വത്തിന്‍റെ പ്രവര്‍ത്തനതലങ്ങള്‍ വിപുലവും വൈവിധ്യമുള്ളതുമാകുന്നു.

ചെറുപ്പക്കാര്‍ കറുത്തമുടി സ്വര്‍ണ്ണനിറമാക്കാനും ചുവപ്പിക്കാനും വരുമ്പോള്‍ മധ്യവയസ്ക്കരും അകാലവൃദ്ധരും മുടി കറുപ്പിക്കാന്‍ വരുന്നു. രണ്ടിനും തിരക്കേതാണ്ട് ഒരു പോലെത്തന്നെയെന്നാണ് നഗരത്തിലെ  ഒരു പ്രശസ്ത ബ്യൂട്ടീഷന്‍ പറഞ്ഞത്. സായ്പിന്‍റെ മഞ്ഞ ത്വക്കിനിണങ്ങുന്ന സ്വര്‍ണ്ണതലമുടി ഇന്ത്യാക്കാരന്‍റെ  ഇരുണ്ട  മുഖത്തിന് ആരോചകമാണേങ്കിലും ആവശ്യക്കാര്‍ ഏറിവരികയാണ്. അപ്പോള്‍ പിന്നെ, സ്വാഭാവികമായ  കറുപ്പു നിറമടിച്ചു കൊടുക്കാന്‍  എന്തിനു മടിക്കണം എന്ന് അദ്ദേഹം ചോദിക്കുന്നു. ഗോദ്ററെജ് , ബ്ലാക്ക് റോസ്, ബ്ലാക്ക് ഗോള്‍ഡ്‌ തുടങ്ങിയ  ‘ഹെന്ന’ പ്രയോഗങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഇതൊക്കെ പലരിലും അലര്‍ജിയുണ്ടാക്കുമെങ്കിലും ഒരു പരിധിവരെ എല്ലാവരും സഹിക്കുന്നു. എത്ര തിരക്കുണ്ടായാലും ഒന്നൊന്നര മണിക്കൂര്‍ ചായം പൂശാന്‍ ഇരുന്നു കൊടുക്കും.

” ഞാന്‍ നരച്ചു തുടങ്ങിയിട്ട് 40 വര്‍ഷം കഴിഞ്ഞു. കറുപ്പിക്കാനൊന്നും പോയില്ല.ദൈവഹിതമല്ലെ.” നീണ്ട ഇടതൂര്‍ന്ന വെള്ളക്കൂന്തല്‍  കോതിമിനുക്കിക്കൊണ്ട് ഓമനമ്മ പറഞ്ഞു. മുടി നരച്ചതില്‍ തെല്ലും നഷ്ട്ബോധം തോന്നുന്നില്ലെന്നു പറയുന്ന അവര്‍, തന്‍റെ മുടിയ്ക്ക് ആരാധകരുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു.

” പേരക്കുട്ടികള്‍ക്ക് ഈ മുടി ഒരു ഭ്രാന്താണ് . ‘ എങ്ങനാ അമ്മൂമ്മേ ഇത്ര മുടീണ്ടായേ ? എന്തൊരു മിനുസാ ഈ മുടിക്ക്  തുടങ്ങി നൂറുനൂറ് ചോദ്യങ്ങളാണ് അവര്‍ക്കു ചോദിക്കാനുള്ളത്.” അഭിമാനം നിറയുന്ന ചിരി മറയ്ക്കുമ്പോഴും തുമ്പു കെട്ടിയിട്ട വെള്ളിനൂലുകള്‍ മുന്നിലേയ്ക്ക് എടുത്തിടാനും തലോടാനും അവര്‍ക്ക് മറന്നില്ല.

brown hairമനസ്സ് ചെറുപ്പമാണെങ്കിലും മുടി കറുപ്പിക്കാനിഷ്ടമില്ലാത്തവര്‍ നിരവധിയാണ്. ‘ഡൈ’യോടുള്ള ഭയം, അലര്‍ജി എന്നിവ ചിലര്‍ക്ക് കാരണമെങ്കിലും നരയുടെ മാഹാത്മ്യം അനുഭവിക്കുന്നവരാണ് മറ്റു ചിലര്‍. ഒരു പൊതു സ്ഥലത്തു ചെന്നാല്‍ നരച്ച  തലയ്ക്കു കിട്ടുന്ന സ്ഥാനമാനങ്ങള്‍ ഒരു കറുത്ത തലയ്ക്ക്  ലഭിക്കാന്‍ സാധ്യത കുറവാണ്. ബസില്‍ കയറിയാല്‍, ” ആ വല്യമ്മ ഒന്നിരുന്നോട്ടെ,  പിള്ളേരൊന്നെണീറ്റേ”  എന്നു പറയുന്ന കണ്ടക്ടര്‍ക്ക് രണ്ടാണ് ഗുണം. പിള്ളേരെ  (ആനൂകൂല്യത്തില്‍ യാത്രചെയ്യുന്ന ) ഒന്നു ദ്രോഹിക്കാന്‍ സാധിച്ച ആശ്വാസവും വല്യമ്മേടെ കുരുത്തവും.

ഇടയ്ക്കിടെ വിദേശയാത്ര നടത്തുന്ന ഒരു അറുപത്തിയഞ്ചുകാരന് പറയാനുള്ളത് വേറൊന്നാണ്. ” സാധാരണ ഇരുപതു കിലോയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകാന്‍ പാടില്ലെന്നാണ് നിയമം. പക്ഷേ  ഏത് എയര്‍പോട്ടിലും എന്നോട് എല്ലാവരും കണ്ണടയ്ക്കും. കാര്‍ന്നോരല്ലേ. പിന്നെ ഹാന്‍ഡ്  ബാഗ് പോലും കൈയില്‍ പിടിക്കേണ്ടിവരാറില്ല. അതുപിടിക്കാനും കാണും കുറെ സഹയാത്രികര്‍ .”

തനിക്ക് വന്ദ്യവയോധികത്വം നേടി തന്ന തൂവെള്ള മുടി കൃതജ്ഞതയോടെ തടവിക്കൊണ്ട്‌ ആരോഗ്യദൃഢ ഗാത്രനായ അദ്ദേഹം പറഞ്ഞു.

പലരും ആദ്യം അമ്പരപ്പോടെയും പിന്നെ പേടിയോടെയുമാണ് കാണുന്നത്. പിന്നീടത് സ്വാഭാവികതയാവുകയാണ്. കലത്തിന്‍റെ വികൃതികളിലൊന്നായെടുത്ത് അതിന്‍റെ  സാത്വികതയെ തിരിച്ചറിയുന്നു. മനസ്സ് പിന്നീട് തയ്യാറെടുപ്പ് നടത്തുകയാണ്. ശരീരത്തിനനുസരിച്ച് പാകപ്പെടാന്‍. പിന്നെ നരമറയ്ക്കാനുള്ള തത്രപ്പാടായി. പക്ഷേ, നരയെ അംഗീകരീക്കാന്‍ കഴിയാതെ വിഷാദരോഗികളായി തീരുന്നവരുമുണ്ട്. ഒരു ന്യൂനപക്ഷം.

എന്നാല്‍ ചിലര്‍ കാലത്തിന്‍റെ കുസൃതിയെ നിസ്സംഗതയോടെ നേരിടുന്നു. ത്വക്കിന്‍റെ മൃദുത്വം നഷ്ടപ്പെടുന്നതും, കവിളുകള്‍ തൂങ്ങുന്നതും കണ്‍തടങ്ങള്‍ ചുളിയുന്നതും തടയാന്‍ കഴിയാതെ മുടി മാത്രം കറുപ്പിച്ച് നാട്ടുകാരെ പറ്റിയ്ക്കാന്‍ എത്ര നാള്‍ കഴിയും എന്നു ചോദിക്കുന്നവര്‍.

നര ഒരു ആഘോഷമാക്കുന്നവരുമുണ്ട്. പൊതുവെ ജീവിതത്തോടുള്ള ഇക്കൂട്ടരുടെ കാഴ്ചപ്പാടു തന്നെ വ്യത്യസ്തമായിരിക്കും. ആര്‍ത്തുല്ലസിച്ചു  ജീവിക്കുന്ന ഇവര്‍ക്ക് നര ബാധിക്കാനുള്ള സാധ്യതയും കുറവായി കാണുന്നു. അഥവാ നരച്ചാല്‍ തന്നെ നരച്ച മുടിയോടെപ്പം താടിയും മീശയും നീട്ടി വളര്‍ത്തി അതു ചീകി മിനുക്കി ശുശ്രൂഷിച്ചു നടക്കുന്നതില്‍, വെള്ളിനര ഒരു ഐഡന്‍റിറ്റി യാക്കുന്നതില്‍ സുഖം കണ്ടെത്തുന്നവര്‍.

കരുണാകരന്‍റെ  പഞ്ഞിക്കിരീടവും എം .എഫ് .ഹുസൈന്റെ മഞ്ഞുപോലെയുള്ള മുടിയും താടിയും പി.എന്‍. മേനോന്‍റെ വെഞ്ചാമരം പോലത്തെ മുടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നരയിലെ ജെന്‍റില്‍ ലുക്കും ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. പ്രായത്തിന്‍റെ, പക്വതയുടെ, വാത്സല്യത്തിന്‍റെ എല്ലാം മികവായി നമ്മളീ വെന്മയെ സ്നേഹിക്കുന്നു, ആദരിക്കുന്നു. അവിടെ നിന്നൊഴുകുന്ന വാത്സല്യത്തെ, മുത്തശ്ശിക്കഥപോലെ, ഗുരുവന്ദനം പോലെ ചേര്‍ത്തു പിടിക്കുന്നു.

  

നര: അപമാനവും അപകര്‍ഷതയും Reviewed by on . സൗന്ദര്യബോധമുള്ള  മലയാളിക്ക്  നര ഒരു പ്രധാന പ്രശ്നമാണ്. നരയ്ക്കുന്നത് പ്രകൃതി നിയമത്തിന്‍റെ ഭാഗമാണ്. നര സൂചിപ്പിക്കുന്നത് പ്രായത്തേയും.  പ്രായമാകാന്‍ വിസമ്മതിക് സൗന്ദര്യബോധമുള്ള  മലയാളിക്ക്  നര ഒരു പ്രധാന പ്രശ്നമാണ്. നരയ്ക്കുന്നത് പ്രകൃതി നിയമത്തിന്‍റെ ഭാഗമാണ്. നര സൂചിപ്പിക്കുന്നത് പ്രായത്തേയും.  പ്രായമാകാന്‍ വിസമ്മതിക് Rating: 0

About nammudemalayalam

scroll to top