Latest News
Home » ആരോഗ്യം » നടുവേദന

നടുവേദന

backpainഅധികം ആരും കാര്യമാക്കാത്ത, എന്നാല്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രേഗമാണ് നടുവേദന. ജീവിതത്തില്‍ എപ്പോഴെങ്കിലും നടുവേദന വരാത്തവര്‍ വളരെ വിരളമാണ്. പത്തില്‍ ഒന്‍പതു പേര്‍ക്കും ജീവിതത്തിലെരിക്കല്‍ നടുവേദന ഉണ്ടായിട്ടുണ്ടാകും. ഇതിന്‍റെ ആരംഭം പല രീതിയിലാകാം. മാംസപേശി, ഞരമ്പ്, എല്ല്, സന്ധികള്‍, നട്ടെല്ല് തുടങ്ങിയവയില്‍ ഏതില്‍നിന്നുമാകാം നടുവേദനയുടെ ഉത്ഭവം.

ചിലപ്പോള്‍ ചെറിയ തോതിലാണ് നടുവേദനയെങ്കില്‍ മറ്റു ചിലപ്പോള്‍ കഠിന വേദന അനുഭവപ്പെടാം. തുടര്‍ച്ചയായുള്ള വേദനയും  ഇടവിട്ടുള്ള വേദനയും ഉണ്ടാകാം. നടുവേദനയോടൊപ്പം കണ്ടുവരുന്ന മറ്റു ചില ലക്ഷണങ്ങളാണ് ക്ഷീണം, തളര്‍ച്ച, ശരീരത്തിന് തരിപ്പ് തുടങ്ങിയവ. സാധാരണയായി നടുവേദന വരുമ്പോള്‍ ഉടനെ വിദഗ്ധ ചികിത്സ തേടാറില്ലെങ്കിലും ചിലപ്പോള്‍ വളരെ ഗൗരവമേറിയ ചികിത്സ വേണ്ടിവരുന്ന ഒരു രോഗലക്ഷണമാകാം ഇത്.
നടുവേദന കൂടുതലായും നീര്‍ക്കെട്ടുകാരണമാകാം ഉണ്ടാകുന്നത്. സാധാരണയായി ഈ നടുവേദന രണ്ടാഴ്ച മുതല്‍ 3 മാസം വരെ നീണ്ടു നില്‍ക്കാം. മാനസിക കാരണങ്ങളാലും നടുവേദന വരാവുന്നതാണ്. ജോലി സമ്മര്‍ദ്ധവും കുടുംബജീവിതത്തിലെ അസ്വസ്ഥതകളും ഇതിനു കാരണമാകാം എന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ പല ജോലികളും പ്രത്യേകിച്ച്, കംപ്യൂട്ടറിന്‍റെ മുന്നില്‍ അധിക സമയം ചെലവഴിക്കേണ്ടി വരുന്നത് നടുവേദനക്ക് കാരണമാവുന്നതാണ്.

പെട്ടന്നു വരുന്ന, എന്നാല്‍ വളരെ കുറച്ചു സമയം മാത്രം ഉണ്ടാകുന്ന നടുവേദന ഏതാനും ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്നതാണ്. മിക്കപ്പോഴും ഇത്തരം നടുനവേദനക്കു കാരണം നടുവിനുണ്ടാകുന്ന ആഘാതമോ വാതരോഗമോ ആകാം. 3 മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന നടുവേദനയുടെ കാരണം കണ്ടെത്തല്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.

നടുവേദനയുടെ കാരണങ്ങള്‍

  • മാംസപേശികളുടെ കഠിനാധ്വാനം

ഏറ്റവും അധികം കണ്ടുവരുന്ന ഒന്നാണ് മാംസപേശികളുടെ കഠിനാധ്വാനം കൊണ്ടുണ്ടാവുന്ന നടുവേദന. നടുവിലെ മാംസപേശികള്‍ക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന ആഘാതം ഇത്തരം നടുവേദനക്ക് കാരണമാകുന്നു.

  • ഞരമ്പിനുണ്ടാകുന്ന ഉളുക്ക്

മാംസപേശികളുടെ കഠിനാധ്വാനം കൊണ്ട് ഞരമ്പിനുണ്ടാകുന്ന ഉളുക്കുകൊണ്ട് നടുവേദന ഉണ്ടാകാം.

  • ഡിസ്ക്കിന്‍റെ സ്ഥാനചലനം

കഠിനഭാരം എടുക്കുന്നത് മൂലമോ ഡിസ്ക്കിനുണ്ടാകുന്ന വിറയല്‍ മൂലമോ ഡിസ്ക്കിന് സ്ഥാനചലനം ഉണ്ടാകാം. ഇത് നടുവേദനക്ക് കാരണമാകുന്നു. ഡ്രൈവിങ് പോലുള്ള ജോലികള്‍ ചെയ്യുന്നവരിലും ഭാരമെടുക്കുന്നവരിലും ഇതുവരാന്‍ സാധ്യതയുണ്ട്.

  • സുഷുമ്നാനാളം ചുരുങ്ങുക

സുഷുമ്നാനാളം ചുരുങ്ങുന്നതുകൊണ്ടുള്ള നടുവേദന 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് പൊതുവേ കണ്ടുവരുന്നത്. ഇത്തരം നടുവേദക്ക് മിക്കപ്പോഴും ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

  • ഓസ്റ്റിയോ ആര്‍ത്രൈറ്റീസ്

നട്ടെല്ലിന്‍റെ സന്ധികളെയാണ് ഇത് ബാധിക്കുന്നത്. ഇതും 50 വയസ്സിനു മുകളില്‍ പ്രായമായവരെ കൂടുതലായി ബാധിക്കുന്നത്. ഓസ്റ്റിയോ ആര്‍ത്രൈറ്റീസ് മൂലം സന്ധികള്‍ക്ക് നാശം സംഭവിക്കുന്നു.

  • ഓസ്റ്റിയോ പൊറോസിസ്

ഇത് സാധാരമയായി സ്ത്രീകളിലാണ് കണ്ടുവരുന്നത്. എല്ലിന്‍റെ കനവും ബലവും ക്രമേണ കുറഞ്ഞുവരുന്ന അസുഖമാണിത്. ഇതു മൂലം എല്ലിന് ഒടിവും ക്ഷതവും സംഭവിക്കാം. ഓസ്റ്റിയോ പൊറോസിസും നടുവേദനക്ക് ഒരു കാരണമാകാം.

  • ഫൈബ്രോമയാല്‍ജിയ ക്രോണിക്

നടുവേദനക്ക് കാരണമാകുന്ന ഒന്നാണിത്. വാതസഹജമായ ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നടുവേദനയോടൊപ്പം കോശങ്ങള്‍ക്കുണ്ടാകുന്ന വേദന, ശരീര തളര്‍ച്ച, ഉറക്കമില്ലായ്മ തുടങ്ങിയവയാണ്.

ചികിത്സ

നടുവേദന വന്നാല്‍ നട്ടെല്ലിന് പരിപൂര്‍ണ്ണ വിശ്രമം നല്‍കുകയാണ് ആദ്യം വേണ്ടത്. ഭാരമെടുക്കുക, ശരീരം വളയ്ക്കുക, ശാരീരികമായ അമിതാധ്വാനം എന്നിവ ഒഴിവാക്കുക. വേദനയുള്ള ഭാഗത്ത് ചൂട് നല്കുന്നത് വേദന കുറയ്ക്കുന്നു.
നീരുമാറുന്നതിന് മരുന്നുകള്‍ കഴിക്കേണ്ടതാണ്. പുറകിലെ മാംസപേശികള്‍ക്ക് ശക്തികൊടുക്കുന്ന വ്യായാമമുറകള്‍ നടുവേദന മാറാന്‍ ഫലപ്രദമാണ്.

നടുവേദന Reviewed by on . അധികം ആരും കാര്യമാക്കാത്ത, എന്നാല്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രേഗമാണ് നടുവേദന. ജീവിതത്തില്‍ എപ്പോഴെങ്കിലും നടുവേദന വരാത്തവര്‍ വളരെ വിരളമാണ്. പത്തില്‍ ഒന്‍ അധികം ആരും കാര്യമാക്കാത്ത, എന്നാല്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രേഗമാണ് നടുവേദന. ജീവിതത്തില്‍ എപ്പോഴെങ്കിലും നടുവേദന വരാത്തവര്‍ വളരെ വിരളമാണ്. പത്തില്‍ ഒന്‍ Rating: 0

About nammudemalayalam

scroll to top