Home » പൈതൃകം » ഐശ്വര്യത്തിന്‍റെ വിഷു

ഐശ്വര്യത്തിന്‍റെ വിഷു

vishukkaniഐശ്വര്യത്തിന്‍റെ പൂത്താലവുമേന്തി ഒരിക്കല്‍ക്കൂടി വിഷുവെത്തുന്നു. കണിക്കൊന്നയുടെ നിറശോഭയോടെയെത്തുന്ന വിഷു മലയാളത്തിന് ആഘോഷത്തിമാര്‍പ്പിന്‍റെ ദിനങ്ങളാണ് സമ്മാനിക്കുനത്.

കാലത്തിന്‍റെ ഗതിക്കനുസരിച്ച് ആര്‍ക്കും ജീവിതരീതികളില്‍ മാറ്റം വന്നുവെങ്കിലും സംസ്കാരത്തിലധിഷ്‌ഠിതമായ വിശ്വാസങ്ങളാണ് ജീവിത വഴിയില്‍ നമുക്കെന്നും പാഥേയം. അതുകൊണ്ടുതന്നെ ഓരോ ഉത്സവവേളകളും നമ്മിലേക്കു തന്നെയുള്ള ഒരു തിരിച്ചുപോക്കാണ്.

രാക്ഷസാധിപത്യം അവസാനിപ്പിക്കാന്‍ ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച ദിനമെന്നാണ് വിഷുവിനെക്കുറിച്ചുള്ള ഐതിഹ്യം. ഭദ്രകാളി ധാരികന്‍റെ കഥ കഴിച്ചതും ഇതേ ദിനത്തിലാണേന്നൊരു വിശ്വാസവുണ്ട്.

വിളവെടുപ്പിന്‍റെ സമൃദ്ധിയില്‍ അറയും നിറയും നിറഞ്ഞു തുളുമ്പുന്നതിന്‍റെ ഉല്ലാസവേളയാണ്ഓണമെങ്കില്‍ വിളവിറക്കാനുള്ള തയ്യാറെടുപ്പിന്‍റെ ഉത്സവമാണ് വിഷു. പുതുമഴ പെയ്യുമ്പോള്‍ പുതുവര്‍ഷം പിറക്കുന്നു എന്നതാണ് കേരള കര്‍ഷകന്‍റെ വിശ്വാസ പ്രമാണം. കൊടിയ വേനലേറ്റു തപിച്ചു കിടക്കുന്ന ഭൂമി പുതുമഴയേറ്റു തരളിതയാവുമ്പോള്‍ കിളച്ചും ഉഴുതു മറിച്ചും കൃഷിയിറക്കാന്‍ കര്‍ഷകര്‍ പാടത്തേക്കിറങ്ങുന്നു. മണ്ണില്‍ കനകം വിളയിക്കാന്‍ ശുഭം വിഷുദിനമാണെന്നും കരുതിയിരുന്നു.

“വിത്തും കൈക്കോട്ടും

ചക്കയ്ക്കുപ്പുണ്ടോ”

എന്ന കിളിപ്പെണ്ണിന്‍റെ ശീലുതന്നെ കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരത്തില്‍ നിന്നുടലെടുത്തതാണ്. കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ ചടങ്ങുകള്‍ വിഷുവിനുണ്ട്. ചാലുകീറലാണ് ഇതില്‍ പ്രധാനം. ഭൂമിപൂജ കഴിഞു പണിയാള്‍ ആയുധങ്ങള്‍ ഭൂഉടമയ്ക്കു നല്‍കുന്നു. അദ്ധേഹം അതുകൊണ്ട് ഭൂമിയില്‍ മൂന്ന് പ്രാവശ്യം ചാലു കീറും. തുടര്‍ന്ന് കൃഷി ആരംഭിക്കുകയായി. സൂര്യനെ നോക്കി തൊഴുത് ഭൂമി തൊട്ടു വന്ദിച്ച് കൃഷി ഇറക്കുന്നു.

വസന്തകാലാരംഭം കൂടിയാണ് വിഷു. അതുകൊണ്ട് വിഷു വസന്തോല്‍സവമായും കൊണ്ടാടുന്നു. വസന്തത്തിന്‍റെ ആഗാമനമറിയിച്ചുകൊണ്ട് കടുത്ത വേനലിലും കൊന്ന പൂക്കള്‍ അടിമുടി പൂക്കുന്നു.

മീനമാസത്തില്‍നിന്നും മേട മാസത്തിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന രാശിയാണ് വിഷു. മേടമാസത്തിലാണ് സൂര്യന്‍ കൃത്യമായി കിഴക്ക് ദിശയില്‍ ഉദിക്കുക. വിഷുവിന്‍റെ തലേ ദിവസങ്ങളില്‍ വീടും പരിസരവും അടിച്ചും കഴുകിയും വൃത്തിയാക്കി ചേട്ടയെ  പുറത്തു കളയുന്നു. ശ്രീ ഭഗവതിയെ എതിരേല്‍ക്കാന്‍.

കണി കാണലാണ് വിഷുവിന്  മുഖ്യo. വിഷു പുലരിയില്‍ കണികാണുന്ന ഐശ്വര്യം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുമെന്നാണ് വിശ്വാസം. മഞ്ഞപ്പുടവ ഉടുത്ത ശ്രീകൃഷ്ണ വിഗ്രഹം, വെള്ളോട്ടുരുളിയില്‍ അഷ്ടമംഗല്യം, ഗ്രന്ഥം, ദശപുഷ്പം, കോടിമുണ്ട്, ഫലമൂലാധികള്‍, സ്വര്‍ണം, നാളികേരം, വെള്ളരിക്ക, കൊന്നപ്പൂ എന്നിവയൊക്കെ വെച്ചാണ് കണി ഒരുക്കുക. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിലുള്ള കണി കണ്ടുണരുമ്പോള്‍ ഐശ്വര്യത്തിന്‍റെ നിറവ് മനസ്സിലും കവിഞ്ഞൊഴുകുന്നു. വളര്‍ത്തു മൃഗങ്ങളെയും കണി കാണിക്കുന്ന പതിവുണ്ട്.

കണി കണ്ടുകഴിഞ്ഞാല്‍ കുളിച്ചു പുതുവസ്ത്രമിടുന്നു. അതിനുശേഷം വിഷുക്കൈനീട്ടം നല്‍കുന്നു. വീട്ടിലെമുതിര്‍ന്നവര്‍ ഇളയവര്‍ക്ക് കൈയിലൊരു വെള്ളി നാണയം വെച്ചു കൊടുക്കുന്നു. ഒരു വര്‍ഷക്കാലം ഐശ്വര്യം പൂത്തുലയും, താന്‍ ഇളയവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു എന്നുള്ള സൂചനയാണ് വിഷുകൈനീട്ടം. വിഭവ സമൃദമായ സദ്യ കൂടിയായാല്‍ വിഷു കെങ്കേമം. പടക്കം പൊട്ടിച്ചും ലാത്തിരി, കമ്പിത്തിരി എന്നിവ കത്തിച്ചും വിഷു ആഘോഷമാക്കുന്നു.

 

 

ഐശ്വര്യത്തിന്‍റെ വിഷു Reviewed by on . ഐശ്വര്യത്തിന്‍റെ പൂത്താലവുമേന്തി ഒരിക്കല്‍ക്കൂടി വിഷുവെത്തുന്നു. കണിക്കൊന്നയുടെ നിറശോഭയോടെയെത്തുന്ന വിഷു മലയാളത്തിന് ആഘോഷത്തിമാര്‍പ്പിന്‍റെ ദിനങ്ങളാണ് സമ്മാനിക് ഐശ്വര്യത്തിന്‍റെ പൂത്താലവുമേന്തി ഒരിക്കല്‍ക്കൂടി വിഷുവെത്തുന്നു. കണിക്കൊന്നയുടെ നിറശോഭയോടെയെത്തുന്ന വിഷു മലയാളത്തിന് ആഘോഷത്തിമാര്‍പ്പിന്‍റെ ദിനങ്ങളാണ് സമ്മാനിക് Rating: 0

About nammudemalayalam

scroll to top