Home » കാർഷികം » അഞ്ചപ്പാലത്ത് പാലാഴി തീര്‍ക്കുന്ന ഹബീബ്

അഞ്ചപ്പാലത്ത് പാലാഴി തീര്‍ക്കുന്ന ഹബീബ്

pravasi dairy farm kodungallur

 

“നല്ലരീതിയില്‍ പശുക്കളെ പരിപാലിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ നല്ലത് മാത്രമെ ഉണ്ടാവുകയുളൂ”.കൊടുങ്ങലൂരിനടുത്ത്  അഞ്ചപ്പാലത്ത് ബാവ ഡയറി ഫാം നടത്തുന്ന ഹബീബ് എന്ന ക്ഷീരകര്‍ഷകന്‍റെ വാക്കുകളാണിത്. ” എല്ലാ മതഗ്രന്ഥത്തിലും  പശുവിനെ ദൈവീകവും പവിത്രവുമായാണ് പരാമര്‍ശിച്ചിരിക്കുന്നത്” ഹബീബ് കൂട്ടിച്ചേര്‍ത്തു. “പശുവിന്‍റെ മണമാണ് എന്‍റെ ബാല്യകാല സ്മരണകള്‍ക്ക്. വാപ്പയ്ക്ക് പശു വളര്‍ത്തലായിരുന്നു ജോലി. വീട്ടില്‍ 40 ഓളം പശുക്കളുണ്ടായിരുന്നു.”

hyabeeb kodungallurദുബായില്‍ എ.സി  ടെക്നീഷ്യന്‍ ആയിരുന്ന ഹബീബ് 23 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്കും വാപ്പ മരിച്ചിരുന്നു. വാപ്പയുടെ മരണത്തോടെ വീട്ടില്‍ പശുക്കള്‍ അന്യം നിന്നുപോയി. നാട്ടില്‍ സ്ഥിരതാമസം തുടങ്ങിയതോടെ വീട്ടാവശ്യത്തിനുവേണ്ടി ആദ്യം ഒരു പശുവിനെ വാങ്ങി ഹബീബ് . പിന്നീടത് അഞ്ചെണ്ണമായി . തൊഴുത്ത് വിപുലീകരിച്ചു.  9 വര്‍ഷം പിന്നിടുമ്പോള്‍ ഹബീബിന്‍റെ ഫാമിലെ പശുക്കളുടെ എണ്ണം 32. എച്ച്. എഫ്, ജഴ്സി , സ്വിസ്സ് ബ്രൌണ്‍, ബ്രഹ്മ(ക്രോസ് ഇനം) തുടങ്ങി വിവിധയിനത്തില്‍ പെട്ട ഗോക്കള്‍ ഹബീബിന്‍റെ ഫാമിനെ അലങ്കരിക്കുന്നു.  ബ്രഹ്മ  ഇനം പശു ദിവസേന മുപ്പത് ലിറ്റര്‍ പാല്‍ നല്‍കും. ഗുജറാത്തില്‍നിന്നുള്ള കാന്‍ഗ്രജ്   പശുവിന്‍റെ ബീജം അമേരിക്കയില്‍ സങ്കലനം നടത്തി ഉണ്ടാക്കിഎടുത്ത പുതിയ ഇനമാണ് ബ്രഹ്മ. കൊടുങ്ങല്ലുരില്‍നിന്നും അധികം ദൂരത്തല്ലാതെ സാമാന്യം തിരക്കുള്ള അഞ്ചപ്പാലം ജംഗ്ഷനിലാണ് നാല്പത് സെന്‍റ് സ്ഥലത്ത്  ബാവ ഡയറി ഫാം സ്ഥിതി ചെയ്യുന്നത്.

brahman cow“ഈ തിരക്കു പിടിച്ച ജംഗ്ഷനില്‍  ഫാമോ?”

ഏതൊരാളും അത്ഭുത ത്തോടെ ചോദിച്ചു പോകും.

അതിനുള്ള മറുപടി ഹബീബിന്‍റെ വാക്കുകളില്‍. ” ഈ നാട്ടുകാരെല്ലാം തന്നെ എന്‍റെ കസ്റ്റമേഴ്സ് ആണ്. ഒരു കലര്‍പ്പുമില്ലാത്ത  പാല്‍ ജനങ്ങള്‍ക്കു കൊടുത്തുകൊണ്ടിരിക്കുന്നു.  ലാഭത്തിനുവേണ്ടി മാത്രമല്ല, ഇതൊരു ജനസേവനം കൂടിയാണ്. ഈപ്രവൃത്തിയിലൂടെ ഞാന്‍ നല്ല ആത്മസംതൃപ്തിയും അനുഭവിക്കുന്നു.മുന്നൂറ്ലിറ്റര്‍ പാല്‍ രാവിലെയും നൂറ്റി എണ്പതു ലിറ്റര്‍ പാല്‍  ഉച്ചതിരിഞ്ഞും ഇവിടെ കറക്കുന്നു. ഈ പാല്‍ അത്രയും തന്നെ നാട്ടുകാര്‍ നേരിട്ടു ഫാമിലെത്തി വാങ്ങിക്കൊണ്ടുപോകുന്നു. അതുകൊണ്ട്തന്നെ ഈ ഫാം എന്‍റെ മാത്രമല്ല നാട്ടുകാരുടേയും കൂടി ആവശ്യമാണ്‌. ഇവിടെനിന്ന്‍ ഒരു ദുര്‍ഗന്ധവും ഉയരുകയില്ല.

cow manikandanഹബീബും രണ്ട് സഹായികളും തൊഴുത്‌  അപ്പപ്പോള്‍തന്നെ വൃത്തിയാക്കുന്നു. അമ്പതുകാരനായ

ഹബീബിന്‍റെ ദിനചര്യ ഇങ്ങനെ.

പുലര്‍ച്ചെ 2 മണിക്ക് രണ്ട് സഹായികളുമൊന്നിച്ച് ഫാമിലെത്തും. ആദ്യം തൊഴുത്ത് വൃത്തിയാക്കും. പിന്നീട് പശുക്കളെ കുളിപ്പിക്കും. അതിനുശേഷം കറവ ആരംഭിക്കും. മിഷ്യന്‍ ഉപയോഗിച്ചാണ് കറവ. കൈസ്പര്‍ശം പോലും പാലില്‍ ഏല്‍ക്കരുത് എന്ന്‍ നിര്‍ബന്ധബുദ്ധിക്കാരനാണ് ഹബീബ്. സമീപത്തെ 3 അമ്പലങ്ങളിലേക്ക് പാല് കൊണ്ടുപോകുന്നുണ്ട്. പിന്നീട് ചായക്കടക്കാര്‍ വരും. പിന്നെ വീടുകളില്‍നിന്നും ആളുകള്‍ വരും. 7 മണിവരെ കച്ചവടം തുടരും. 10 മണിവരെ ക്ലീനിംഗ്. 11 മണി പശുക്കളെ വീണ്ടും കുളിപ്പിക്കും. അല്പനേരത്തെ വിശ്രമത്തിനുശേഷം തിരിച്ചെത്തി ഉച്ചക്കുശേഷമുള്ള  കറവ ആരംഭിക്കും. ശുദ്ധിയുടെ കാര്യത്തില്‍ വിട്ടു വീഴ്ച്ചയുമില്ലാത്ത ഹബീബ് പശുക്കളെ ഒരു ദിവസം 3 തവണയാണ് കുളിപ്പിക്കുന്നത്. പരുത്തിക്കുരു, അരിത്തവിട്, അവല്‍, ചോളത്തവിട്, ഗോതമ്പ് തവിട്, ഉഴുന്ന് തവിട്, കെ.എസ്, ഗോദ്റേജ്  എന്നിവയാണ് പശുക്കള്‍ക്കുള്ള പ്രധാന തീറ്റ.

തൊഴുത്തില്‍ 9 സീലിംഗ് ഫാനുണ്ട്. ഇതിനു പുറമെ 4 എയര്‍ വെന്‍റിലേറ്റര്‍ ഫാനും ഉണ്ട്.

habeeb dairy farmചാണകം ചെറിയ പച്ചക്കറി  കര്‍ഷകര്‍ക്ക് ഫ്രീയായിട്ട് കൊടുക്കും. ബാക്കിയുള്ളത് വില്‍ക്കും. ഈ മേഖലയിലേക്ക് വരുന്ന പുതിയ കര്‍ഷകര്‍ക്കുള്ള ഹബീബിന്‍റെ ഉപദേശം ഇതാണ്.

“കൃഷി ഏറ്റവും ലാഭകരമായ ബിസിനസ്സാണ്. നോക്കി നടത്തിയില്ലെങ്കില്‍ വലിയ നഷ്ടo സംഭവിക്കും. ഉറക്കമൊഴിയാനും അദ്ധ്വാനിക്കാനും തയ്യാറുള്ളവര്‍ മാത്രം ഈ ഫീല്‍ഡിലേക്ക് വന്നാല്‍ മതി.

78 പശുക്കളെ കെട്ടുന്ന വിപുലീകരിച്ച വലിയ ഫാമാണ് അടുത്തലക്ഷ്യം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഭാര്യ ഷാജിതയും ദുബായിലുള്ള മകള്‍ റുഖ്സാനയും മരുമകന്‍ മുഹസീനും ഹബീബിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  ഊര്‍ജ്ജം നല്‍കിക്കൊണ്ട് കൂടെയുണ്ട്. ഒപ്പം നല്ല പരിശുദ്ധിയുള്ള പാലിന്‍റെ ആവശ്യക്കാരായ നാട്ടുകാരും.

ഹബീബ് പി.ബി.

ബാവ ഡയറി ഫാം , അഞ്ചപ്പാലം, കൊടുങ്ങലൂര്‍

ഫോണ്‍: 9744444095

 

 

അഞ്ചപ്പാലത്ത് പാലാഴി തീര്‍ക്കുന്ന ഹബീബ് Reviewed by on .   "നല്ലരീതിയില്‍ പശുക്കളെ പരിപാലിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ നല്ലത് മാത്രമെ ഉണ്ടാവുകയുളൂ".കൊടുങ്ങലൂരിനടുത്ത്  അഞ്ചപ്പാലത്ത് ബാവ ഡയറി ഫാം നടത്തുന്ന ഹബീബ   "നല്ലരീതിയില്‍ പശുക്കളെ പരിപാലിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ നല്ലത് മാത്രമെ ഉണ്ടാവുകയുളൂ".കൊടുങ്ങലൂരിനടുത്ത്  അഞ്ചപ്പാലത്ത് ബാവ ഡയറി ഫാം നടത്തുന്ന ഹബീബ Rating: 0

About nammudemalayalam

scroll to top