Home » കാർഷികം » വയല്‍ സ്മൃതികളിലെ പതിരുജീവിതങ്ങള്‍

വയല്‍ സ്മൃതികളിലെ പതിരുജീവിതങ്ങള്‍

അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍

 

rice paddy field

 

ഓര്‍മ്മകളുടെ അടരുകളിലേക്ക് ഒരാന്തരികസഞ്ചാരം കൊണ്ടു തിരിച്ചു പോകുന്നത് ആത്മ സുഖത്തിനുള്ള ആലോചനയല്ല. അത് സ്വന്തം അസ്തിത്വത്തിന്‍റെ വേരുകള്‍ തേടിയുള്ള യാത്ര കൂടിയാണ്.നഷ്ടപ്പെട്ടുപോയ ചില ബന്ധ ങ്ങള്‍, സൗഹൃദങ്ങള്‍, മനപൂര്‍വ്വമല്ലെങ്കിലും ഉപേക്ഷിക്കേണ്ടിവന്ന ഇടങ്ങള്‍ അങ്ങനെ പലതും വീണ്ടെടുക്കാന്‍ ഒരാന്തരിക യാത്ര കാരണമായേക്കും. അത്, നാം എത്തിനില്‍ക്കുന്ന, നാം പടുത്തുയര്‍ത്തിയ പൊള്ളയായ ജീവിതത്തിന്‍റെ അനര്‍ത്ഥകത ബോധ്യപ്പെടുത്താനെങ്കിലും സഹായിച്ചേക്കും.  ഗൃഹാതുരത്വം മനുഷ്യ വംശത്തിനുമാത്രമുള്ള ഒരു ജൈവവികാരമാണല്ലോ. ഓര്‍മ്മകളിലെ ബാല്യം വരെ അതിന്‍റെ വേരുകള്‍ പടര്‍ന്നുകിടക്കുന്നു. വൃക്ഷം എത്രത്തോളം ഉയരങ്ങളിലേക്കു പോകുമ്പോഴും അതിന്‍റെ വേരുകള്‍ ജലം തേടി മണ്ണിന്‍റെ അടരുകളിലേക്ക് പോകുന്നതുപോലെ മനസ്സ് ചിലപ്പോഴെങ്കിലും അസ്തിത്വത്തിന്‍റെ ഉറവകളിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്.

ചിങ്ങത്തിലെ കൊയ്ത്തു കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ തകൃതിയായി കളിച്ചിരുന്നത് വയലിലാണ്. തൊട്ടരികില്‍, ഏതെങ്കിലുമൊരു കണ്ടത്തില്‍ അമ്മമാരും അമ്മൂമമാരും കൊയ്തുകൊണ്ടിരിക്കുന്നുണ്ടാകും. ഇടയ്ക്ക് ഓരോ കറ്റ ചുമന്നു കൊണ്ടുപോകണം. അത്രയെ ഞങ്ങള്‍ ചെയ്യേണ്ടിയിരുന്നുള്ളൂ. പക്ഷെ കളിയുടെ രസം മുറിയുമ്പോഴുള്ള ആ നീരസം കൊണ്ട് ഞങ്ങള്‍ പലപ്പോഴും അനുസരണക്കേടു  കാട്ടിയിരുന്നു. തോട്ടുവരമ്പത്തിരുന്ന്‍, താഴെ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഞങ്ങള്‍ കാലിട്ടിരിക്കും. കാലനക്കാതെവച്ചാല്‍ ചെറുമീനുകള്‍ വന്നുകൊത്തും. ഇക്കിളികൂട്ടുന്ന ആ ഒരു സുഖം ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. ഉച്ചക്ക്, അമ്മമാര്‍ക്കു  കഴിക്കാന്‍ ചോറ്റുപാത്രത്തില്‍ കൊണ്ടുവന്നിരുന്ന കഞ്ഞിയില്‍നിന്ന് roadഞങ്ങളും പങ്കുകൊള്ളും. കൊയ്ത്തു കഴിഞ്ഞ് അവര്‍ സന്ധ്യക്ക് കറ്റയും ചുമന്നു പോകുമ്പോഴെ ഞങ്ങള്‍ വീട്ടിലേക്കു തിരിക്കൂ. ഓരോ കറ്റകള്‍ ഞങ്ങളുടെ തലയിലുമുണ്ടാകും. നിറം മങ്ങിത്തുടങ്ങിയ ആകാശത്ത് പടിഞ്ഞാറെ ചക്രവാളത്തില്‍നിന്ന് കിളികള്‍ കൂട്ടം കൂട്ടമായ്‌, കൂടു കൂട്ടിയ മരങ്ങളിലേക്ക് പറന്നു വരുന്നുണ്ടാകും അപ്പോള്‍.

കൊയ്ത്തുകഴിഞ്ഞാല്‍ ഏറെ വൈകാതെ ഞങ്ങള്‍ കുട്ടികള്‍ക്കുള്ള പ്രധാന ജോലി കതിരു പെറുക്കലാണ്. കൊയ്തു  പോകുന്നതിനിടയില്‍ ചിതറിവീണ ചെറിയ നെല്‍ക്കതിരുകള്‍ കണ്ടങ്ങളിള്‍ കിടപ്പുണ്ടാകും. അതു കൊത്തിപ്പെറുക്കാന്‍ വയല്‍ ക്കിളികളും ധാരാളം കാണും. കതിരെല്ലാം പെറുക്കിക്കഴിഞ്ഞാല്‍ വീട്ടില്‍ വന്ന് നെല്‍മണികള്‍ ഉരിഞ്ഞ്  വേര്‍ത്തിരിക്കും. അങ്ങനെ ശേഖരിക്കുന്ന നെല്ല് നിലത്തിന്‍റെ ഉടമക്ക് നല്‍കിയാല്‍ കാശുകിട്ടും. ഇടങ്ങഴിയില്‍ അളന്നാണ് അതു തിട്ടപ്പെടുത്തുക. പകരം കിട്ടുന്ന വളരെ കുറച്ചു കാശുകൊണ്ട് പലതും വാങ്ങാന്‍ ആഗ്രഹിക്കും. ഒന്നും നടക്കാറില്ല. ജീവിതത്തിന്‍റെ കണ്ണീരില്‍ വലിയ കിനാക്കളൊന്നും നടക്കാറില്ല. വയലില്‍ കതിരുപെറുക്കി  കിട്ടിയ കാശില്‍നിന്ന് ഒരു ചാട്ടയും പമ്പരവും വാങ്ങാനുള്ളതുമാത്രം കയ്യില്‍ കിട്ടും.എങ്കിലും ഓണക്കാലത്തു പമ്പരം കൊത്തിയം വൃശ്ചികത്തില്‍ പാടത്ത് പട്ടവും ഓലപമ്പരവും പറത്തി ഞങ്ങള്‍ സങ്കടങ്ങളെ  അതിജീവിച്ചു.

കൊയ്ത്തുകാലം കഴിഞ്ഞാല്‍ അടുത്ത  കൃഷിയിറക്കുന്ന  കാലം വരെ പാടത്ത് ധാരാളം പശുക്കള്‍ പുല്ലുമേയുന്നുണ്ടാകും. നാട്ടിന്‍പുറത്തെ ചില കര്‍ഷക കുടംബങ്ങള്‍ക്ക് നെല്ലിനു പുറമെ തെങ്ങുകൃഷി കൂടി ഉണ്ടാകും. ഈ തെങ്ങുകള്‍ക്കു വേണ്ട ചാണകം ഞങ്ങള്‍ പെറുക്കി കൊടുക്കും. മധ്യവേനല്‍  സ്കൂള്‍  അവധിയില്‍ ചാണകം പെറുക്കാന്‍ ഓരോ കുട്ടയുമായ ഞങ്ങള്‍ പാടത്തേക്കിറങ്ങും. ഒരു ദിവസം രണ്ടോ മൂന്നോ കുട്ട ചാണകം മാത്രമെ  കിട്ടു. അതിനു കിട്ടുന്ന നിസ്സാര പൈസ ഞങ്ങള്‍ക്ക് ഒരു വലിയ സമ്പാദ്യമായിരുന്നു. സ്കൂള്‍ തുറക്കുമ്പോഴേക്കും പുസ്തകവും കുടയും വാങ്ങാനായി ആ പണം സൂക്ഷിച്ചു വക്കും. പക്ഷെ ജൂണ്‍ മാസമാകുമ്പോഴേക്കും, പല രാത്രികളിലെ അന്നത്തിനായ്‌ ആ പണം ഞങ്ങള്‍ക്കു പ്രയോജനപ്പെട്ടിട്ടുണ്ടാകും. ചില ചില്ലറത്തുട്ടുകള്‍ മാത്രമേ  ബാകിയുണ്ടാകൂ. വയല്‍, മുതിര്‍ന്നവര്‍ക്ക് അന്നദാതാവും ഞങള്‍ കുട്ടികള്‍ക്ക് കളിത്തൊട്ടിലുമായിരുന്നു. മീന്‍ പിടുത്തം ഇന്നത്തെപ്പോലെ ഒരു വിനോദമായിരുന്നില്ല. ഞങ്ങളില്‍ ചിലര്‍ക്ക് അതൊരു ജീവിതമാര്‍ഗ്ഗം കൂടിയായിരുന്നു. പാടത്തിനു നടുവിലൂടെ ഒഴുകിപ്പോകുന്ന തോടിന്‍റെ നീണ്ടുപോകുന്ന വരമ്പത്ത് നിരനിരയായ് ആളുകള്‍ വെടിവട്ടം  പറഞ്ഞും ചിരിച്ചും ചൂണ്ടയിട്ടിരിക്കും. തോടിനു കുറുകെ ചാട്ടം കെട്ടിയും കുരുത്തിവെച്ചും മീന്‍ പിടിക്കുന്ന കാഴ്ചകളും കാണാം. കലര്‍പ്പില്ലാത്ത സ്നേഹവും സഹകരണവും നാട്ടിന്‍പുറത്തെ അത്തരം സാധാരണക്കാര്‍ക്കിടയിലുണ്ടായിരുന്നു. നാട്ടിലെ വെറുമൊരു കൂലി വേലക്കാരനായിരുന്ന എന്‍റെ അപ്പന്‍, പണിയില്ലാത്ത ദിവസങ്ങളില്‍ ചൂണ്ടയുമായി പാടത്തേക്കിറങ്ങും. പലപ്പോഴും ഒരു ചെറുചൂണ്ടയുമായി ഞാനുണ്ടാകും കൂടെ. കിട്ടുന്ന മീനെല്ലാം പച്ച ഈര്‍ക്കിലില്‍ കോര്‍ത്ത് കോര്‍മ്പയാക്കി കൊണ്ടു വരും; ജീവിതത്തിലെ ചില നിസ്സാരമായ ‘വലിയ’ സമ്പാദ്യങ്ങള്‍.

ഓണക്കാലത്ത് പൂ പറിക്കാന്‍ ചെമ്പില കുമ്പിള്‍ കൂട്ടി വയല്‍വരമ്പിലൂടെ ഞങ്ങള്‍ നടക്കും. കൈതോല നിറഞ്ഞ തോട്ടുവക്കുകളിലും വയല്‍വരമ്പിലും ചെറുതും വലുതുമായ ധാരാളം പൂക്കളുണ്ടാകും. പൂക്കള്‍ക്കൊണ്ടു ഞങ്ങളുടെ ഓണക്കളവും നെല്ലുകൊണ്ടു പത്തായവും നിറച്ചായിരുന്നു വയല്‍ ഞങ്ങളുടെ ഓണക്കാലത്തെ പൂവണിയിച്ചിരുന്നത്. ഉഴുതു മറിച്ച പൂതമണ്ണിന്‍റെയും നെല്ലിന്‍തണ്ടിന്‍റെയും  ചേറിന്‍റെയും പച്ചഗാന്ധ൦ നിറഞ്ഞ ജൈവ സമൃദ്ധിയുടെ അത്തരം ഇടങ്ങള്‍ ഇന്നു ഭൂമിയുടെ അടരുകളിലേക്ക് ആണ്ടുപോയിരിക്കുന്നു. എന്നിട്ടും ഓര്‍മ്മകളിലെ ആ ഗാന്ധ൦ പഴയതലമുറയെ ഗൃഹാതുരത്വത്തിന്‍റെ മത്തുപിടിപ്പിക്കുന്നുണ്ട്. ജീവിതത്തിന്‍റെ ഈ മധ്യാഹ്നത്തില്‍ ഒരു വയല്‍ കാണുന്നത് അപൂര്‍വ്വമായിരിക്കുന്നു.ഞങ്ങളുടെ ജീവിതം വിതയേറ്റിയ ആ കണ്ണീര്‍പ്പാടം പുതിയ തലമുറക്കന്യമാണ്. പരല്‍മീനും വയല്‍പ്പൂക്കളും കൈത്തോടും കൊക്കും കുളക്കോഴിയും ഇല്ലാത്ത, ഓര്‍മ്മകളിലെവിടെയും ഞാറ്റടിപ്പാട്ടിന്‍റെ ഒരീണ൦. പോലുമില്ലാത്ത ബാല്യവും കൌമാരവും ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഇന്നത്തെ കുട്ടികള്‍ എത്ര നിര്‍ഭാഗ്യവാന്മാരാണ്.

ജീവിതത്തില്‍, എന്‍റെ കുടുംബത്തിന് ദേശാടനക്കാരെപ്പോലെ പലയിടങ്ങളില്‍ താമസിക്കേണ്ടിവന്നിട്ടുണ്ട്. മുന്‍പ് ഒരു വയലുണ്ടായിരുന്നിടത്ത് ഇന്ന്‍വീടുകള്‍ നിറഞ്ഞിരിക്കുന്നു. ആ വയലിലൂടെ ഒഴുകിയിരുന്ന ഒരു കൈത്തോട് വായനയും കവിതയുമായി കഴിയുന്നത്‌. അവസാനമായി പടിയിറങ്ങി പോകും മുന്‍പേ തോട്ടുവരമ്പത്ത് അപ്പന്‍ നാട്ടു പിടിപ്പിച്ച ഒരു ഞാവല്‍ ച്ചെടിയും നാട്ടു മാവും ഇന്നു വളര്‍ന്നു വലിയ മരങ്ങളായിരിക്കുന്നു. വേനലില്‍, കൃഷ്ണ മണികള്‍ പോലുമുള്ള ഞാവല്‍പ്പഴങ്ങളും വാത്സല്യം മധുരിക്കുന്ന മാമ്പഴങ്ങളും കാറ്റില്‍ ഉതിര്‍ന്നു വീഴുമ്പോള്‍ മക്കള്‍ ഓടിച്ചെന്ന് അവയെടുക്കും. ഞാനവരോട് പറയും, ” മുന്‍പ് ഇവിടെ ഒരു വയലയിരുന്നു. ഈ തോട്ടുവക്കത്ത് നിങ്ങളുടെ അപ്പൂപ്പന്‍ നട്ടതാണ് ഈ മരങ്ങള്‍. മാമ്പഴത്തിലും  ഞാവല്‍പ്പഴങ്ങളിലും അപ്പൂപ്പന്‍റെ സ്നേഹമുണ്ട്”. ബാല്യത്തിലും കൌമാരത്തിലും എത്തിയ മക്കള്‍ അതിന്‍റെ പൊരുളറിയാതെ ചിരിച്ചുകൊണ്ട് അതു തിന്നുകൊണ്ടിരിക്കും. പക്ഷെ, എനിക്കറിയാം, അവരുടെ പുഞ്ചിരിയില്‍ ദൂരെ ഒരിടത്ത് ഒരസ്ഥിമാടം സ്പന്ദിക്കുന്നുണ്ട്.

 

വയല്‍ സ്മൃതികളിലെ പതിരുജീവിതങ്ങള്‍ Reviewed by on .     ഓര്‍മ്മകളുടെ അടരുകളിലേക്ക് ഒരാന്തരികസഞ്ചാരം കൊണ്ടു തിരിച്ചു പോകുന്നത് ആത്മ സുഖത്തിനുള്ള ആലോചനയല്ല. അത് സ്വന്തം അസ്തിത്വത്തിന്‍റെ വേരുകള്‍ തേടിയുള്     ഓര്‍മ്മകളുടെ അടരുകളിലേക്ക് ഒരാന്തരികസഞ്ചാരം കൊണ്ടു തിരിച്ചു പോകുന്നത് ആത്മ സുഖത്തിനുള്ള ആലോചനയല്ല. അത് സ്വന്തം അസ്തിത്വത്തിന്‍റെ വേരുകള്‍ തേടിയുള് Rating: 0

About nammudemalayalam

scroll to top