Home » സ്പെഷ്യൽ » മാനത്തിനും മീതെ പൂരം

മാനത്തിനും മീതെ പൂരം

thrissur pooram

തൃശൂര്‍ പൂരം വീണ്ടുമെത്തി.  ആഘോഷമായിട്ടല്ല; ശ്വാസമായി, ജീവനായി, പ്രാണനായി.

സൂര്യന്‍ തലയ്ക്കുമീതെ കത്തിജ്വലിക്കുന്ന മേടമാസത്തിലെ പൂരം നാളിലാണ്‌ തൃശൂര്‍ പൂരം. പക്ഷെ മേടചൂടിന് ഇവിടെ കാഠിന്യമില്ല. പൂരനാളില്‍ കടലായ് പരക്കുന്ന ജനത്തിന് നിലാവിന്‍റെ കുളിരുപോലെ വെയില്‍ വെഞ്ചാമരം വീശുന്നു. ഓരോ പൂരവും ആദ്യമായി കാണുന്ന, അറിയുന്ന അത്ഭുതങ്ങളുടെ മാന്ത്രികചെപ്പാണ്. എത്രയോ വര്‍ഷങ്ങള്‍ പൂരത്തിലളിഞ്ഞ് നടന്നു തീര്‍ത്ത തേക്കിന്‍കാടും സ്വരാജ് റൌണ്ടും പിന്നെ ആനത്താവളവും കന്നിയാത്രയുടെ ആര്‍ദ്രതയോളുപ്പിച്ചു കിടക്കുന്നു. എത്ര ഊളിയിട്ടലും മതിവരാത്ത കാഴ്ചകളുടെ തിരയിളക്കം ഇളനീര്‍ മധുരമായി പതഞ്ഞു പൊങ്ങുന്നു.

നട്ടുച്ച വെയിലില്‍ ജ്വലിക്കുന്ന ഒരായിരം നെറ്റിപ്പട്ടത്തിന്‍റെ വെട്ടിത്തിളകമാണ് പൂരത്തിന്.ഓങ്കാരത്തില്‍ തുടങ്ങി കൊടുങ്കാറ്റായി ആഞ്ഞടിക്കുന്ന പ്രപഞ്ചസംഗീതത്തിന്‍റെ താളമുണ്ടതിന്. എല്ലാ നിറങ്ങളും തേക്കിന്‍ക്കാട്ടില്‍ ആഞ്ഞടിച്ച്‌ ആര്‍ത്തിരമ്പുന്ന ജനസാഗരത്തില്‍ അലിഞ്ഞില്ലാതാകുന്നു. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ആനയഴകോ, നിറങ്ങളുടെ മയില്‍‌പ്പീലിത്തിളക്കമോ, താളമേളങ്ങളുടെ കൊടുംപേമാരിയോ അതോ ആകാശത്തു വിരിയുന്ന  അഗ്നി വര്‍ഷിക്കുന്ന ഇടിമുഴക്കമോ ഏതാണ് പൂരപ്പെരുമ എന്നതിന് ഒരുത്തരമേ തേക്കിന്‍കാട്ടില്‍ അലയടിക്കു. ഇതെല്ലാം ചേര്‍ന്നതാണ് പൂരം. എല്ലാം പൂര്‍ണമാക്കുന്ന പൂരം, തൃശൂര്‍ പൂരം.

ദേവമേളയായ ആറാട്ട്പുഴ പൂരത്തില്‍നിന്ന് വേറിട്ട്‌ പോരേണ്ടി വന്നതു മുതല്‍ തുടങ്ങുന്നു തൃശൂര്‍ പൂരത്തിന്‍റെ ചരിത്രം. വടക്കുംനാഥന്‍റെ തിരുസന്നിധിയില്‍ പുതിയൊരു പൂരത്തിന് വെള്ളവും കരിമ്പടവും വിരിച്ച്‌ ആരതിയുഴിയാന്‍ ധൈര്യം കാണിച്ച യോഗാതിരിപ്പാടും പിന്നീട്‌ പൂരം മിഴിവാര്‍ന്നൊരു സൗന്ദര്യശില്പമായി കൊത്തിയെടുത്ത ശക്തന്‍ തമ്പുരാനും പൂരപ്പെരുമയിലെ ദീപസതംഭങ്ങള്‍. നടുവില്‍ വടക്കുംനാഥനും, ചുറ്റും തേക്കിന്‍കാടും, അതിനു ചുറ്റും പ്രദക്ഷിണ വഴിയും, പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളും, ചുറ്റു ഭാഗത്തുള്ള വേറെ എട്ട് അമ്പലങ്ങളും പങ്കാളികളാകുന്ന ഇന്നത്തെ പൂരം ഒരുങ്ങിയത് രണ്ടു നൂറ്റാണ്ടുകള്‍ക്കുമുന്‍പ്.

മേടമാസത്തിലെ പൂരം നക്ഷത്രം… യോഗനിദ്രയിലാണ്ട ശിവഭഗവാന് മുന്നില്‍ പൂരപൊലിമയുടെ ശംഖൊലിയുയരുന്ന ദിവസം. തേക്കിന്‍ കാട്, എന്ന വടക്കുംനാഥന്‍റെ കൈലാസഭുമിയെ താള മേളങ്ങളുടെ മുഴക്കം  ഇളക്കിമറിക്കുന്ന ദിവസം. തിരതള്ളുന്ന ജനതതിസാക്ഷിയായി പരമേശ്വരന് മുന്നിലേക്ക്‌ ദേവിദേവന്മാര്‍ എഴുന്നള്ളുമ്പോള്‍ ആഘോഷത്തിന്‍റെയും ആനന്ദത്തിന്റെയും ആര്‍പ്പുവിളികള്‍ പ്രകമ്പനം കൊള്ളുന്ന ദിവസം.

പൂരംനാളില്‍ വെയിലുദികുന്നതിനുമുന്പേ വടക്കുംനാഥന്‍റെ തെക്കേ ഗോപുരം കടന്നെത്തുന്ന കണിമംഗലം ശാസ്താവ് പൂരാഘോഷത്തിന്‍റെ തിരശീല ഉയര്‍ത്തുന്നു. ഒന്നര ദിവസത്തെ പൂരമാമാങ്കത്തിനു ദേവി ദേവന്മാരുടെ എഴുന്നള്ളത്ത് ആരംഭിക്കയായി പിന്നെ.കണിമംഗലം ശാസ്താവ്, പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പുകാവ് ഭഗവതി, പൂക്കാട്ടിക്കര-കാരമുക്ക് ഭഗവതി, അയ്യന്തോള്‍ ഭഗവതി, ലാലൂര്‍ ഭഗവതി, നൈതലക്കാവ് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി എന്നീ ദേവതകള്‍ ശിവസന്നിതിയിലേക്ക് കൊട്ടിക്കയറുമ്പോഴേക്കും നാമമന്ത്രങ്ങള്‍ പവിത്രമാക്കിയ പഴയ നടക്കവിന്‍റെ നടവഴിയിലേക്ക് ഉണ്ണിക്കണ്ണന്‍റെ കോലത്തില്‍ തിരുവമ്പാടി ഭഗവതി തിരുവെഴുന്നെള്ളത്ത് ആരംഭിച്ചിരിക്കു൦.

ഗൃഹാതുരമായ ഒരു യാത്രയുടെ ഓര്‍മയും പേറി നടുവില്‍ മ൦ത്തില്‍ വരവ് പ്രൌഡിയുടെ  ഉന്നതങ്ങളിലേക്ക് കയറിപ്പോകുമ്പോള്‍ വിരലുകളില്‍ ദൈവിക സന്നിധ്യമായി തിമിലയും ഇടക്കയും പഞ്ചവാദ്യത്തിന്‍റെ സംഗീതപാലാഴി തീര്‍ക്കും. ദേവിക്കൊപ്പം ആയിരങ്ങളും അതില്‍ നനഞ്ഞു കയറി ശിവസന്നിധിയിലേക്ക്.

സൂര്യന്‍ തലയ്ക്കുമീതെ കത്തിയരിയുന്ന നട്ടുച്ചയ്ക്ക് സൂര്യനെ വെല്ലുന്ന തേജസോടെ പാറമേക്കാവ് ഭഗവതി വടക്കുംനാഥന്‍റെ മതില്‍ക്കകം കടക്കുന്നു. ചെമ്പടയില്‍ കാലങ്ങള്‍ മാറി ഇലഞ്ഞിച്ചോട്ടലെത്തുമ്പോള്‍ പാണ്ടി രൗദ്രതയുടെ കൊടുംക്കാറ്റാവുന്നു. ആവേശതിമിര്‍പ്പിന്‍റെ കലാശകൊട്ടിനൊടുവില്‍ മുഖദര്‍ശനത്തിനായി പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കേഗോപുരനടയിറങ്ങുമ്പോള്‍ ആള്‍ സമുദ്രത്തിനുമീതെ കുടകള്‍ വര്‍ണ്ണങ്ങളിലേക്കു നിവരും. മയില്‍‌പ്പീലി കണ്ണിളക്കി നിറങ്ങളുടെ കുടമാറ്റം സന്ധ്യയിലേക്ക് തുടരും.

വീണ്ടും പൂരം…മദ്ദളത്തിന്‍റെ മന്ത്രധ്വനിയും ചെണ്ടയുടെ ദ്രുതതാളവും ഒഴുകിയെത്തുന്നു. ഒടുവില്‍ തിരുവമ്പാടി ഭഗവതിയും പാറമേക്കാവ് ഭഗവതിയും പന്തലുകളില്‍ ആനപ്പുറമേറി നില്‍ക്കവേ കരളിലും കനവിലും പൂരം പൂത്തിറങ്ങുന്നു.

പിന്നെ മാനത്തെപൂരം. കൊടും ശബ്ധത്തോടെ അഗ്നി തുപ്പുന്ന വെടികെട്ട്‌ ശിവപുരിയെ കുലുക്കുന്നു. ഉറക്കച്ചടവിന്‍റെ ആലസ്യത്തില്‍ പൂരം വര്‍ണ്ണമായി നാദമായി പകലിലേക്ക് വീണ്ടും ഒഴുകുന്നു.

ഭഗവതിമാരെ വണങ്ങി സൂര്യന്‍ ആകാശത്തിന്‍റെ ഉച്ചിയിലെത്തുമ്പോള്‍ ശിവഭഗവാനെ സാക്ഷിയാക്കി ദേവിമാര്‍ വിട ചൊല്ലുന്നു.വരും വര്‍ഷം വീണ്ടും കാണാമെന്ന മോഹം ബാക്കിവെച്ച്; ഒപ്പം ജനവും…

മാനത്തിനും മീതെ പൂരം Reviewed by on . തൃശൂര്‍ പൂരം വീണ്ടുമെത്തി.  ആഘോഷമായിട്ടല്ല; ശ്വാസമായി, ജീവനായി, പ്രാണനായി. സൂര്യന്‍ തലയ്ക്കുമീതെ കത്തിജ്വലിക്കുന്ന മേടമാസത്തിലെ പൂരം നാളിലാണ്‌ തൃശൂര്‍ പൂരം. പക് തൃശൂര്‍ പൂരം വീണ്ടുമെത്തി.  ആഘോഷമായിട്ടല്ല; ശ്വാസമായി, ജീവനായി, പ്രാണനായി. സൂര്യന്‍ തലയ്ക്കുമീതെ കത്തിജ്വലിക്കുന്ന മേടമാസത്തിലെ പൂരം നാളിലാണ്‌ തൃശൂര്‍ പൂരം. പക് Rating: 0

About nammudemalayalam

scroll to top