Home » സ്പെഷ്യൽ » പ്രവാസികളുടെ നാട്ടിലെ പ്രവാസം

പ്രവാസികളുടെ നാട്ടിലെ പ്രവാസം

അനില അശോകന്‍

bangalis1

 

ദൈവത്തിന്‍റെ സ്വന്തം നാട്; കേള്‍ക്കുമ്പോള്‍ യാതൊരു വികാരവും തോന്നാതെ, വെറുതെ ഒരഹങ്കാരമായി തലയിലേറ്റി നടക്കുന്ന ഈ വാചകത്തെ ഇതിന്‍റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു ജനസമൂഹം ഇന്ന് കേരളത്തിലുണ്ട്. കേരളജനത രണ്ടാംകിടക്കാരായി മാത്രം കാണുന്ന അന്യസംസ്ഥാനതൊഴിലാളികള്‍. 15 വര്‍ഷം മുമ്പേ തുടങ്ങിയ ഈ തൊഴിലാളിപ്രവാഹം നിര്‍ത്താതെ അതിന്‍റെ ഒഴുക്ക് തുടര്‍ന്നു  കൊണ്ടേയിരിക്കുന്നു. 25  ലക്ഷത്തിലേറെ ഇതര സംസ്ഥാനക്കാര്‍ ഇന്ന് കേരളമൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയുടെ തെക്കു – കിഴക്കന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ഒഡിഷ, പശ്ചിമബംഗാള്‍, ബീഹാര്‍, അസം, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കേരളത്തിലേക്ക് കുടിയേറുന്നവരില്‍ ഏറെയും. സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ബംഗാളികളെന്ന വ്യാജേന ചേക്കേറുന്ന ബംഗ്ലാദേശികളും കുറവല്ല. ഈ കുടിയേറ്റ തൊഴിലാളികളെ കേരളത്തിലേക്കാകര്‍ഷിക്കാനുള്ള പ്രഥമകാരണം, ഉയര്‍ന്ന വേതനവും കൃത്യമായി കിട്ടുന്നു എന്നതുതന്നെ. എന്നാല്‍ മലയാളികള്‍ ഇക്കൂട്ടരെ അംഗീകരിക്കാനുള്ള പ്രധാന കാരണം തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള ഇവരുടെ തികഞ്ഞ അജ്ഞതയും ജോലിയില്‍ കാണിക്കുന്ന ആത്മാര്‍പ്പണവും സത്യസന്ധതയുമാണ്‌.

ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് പറയുമ്പോള്‍,  ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഈ കൊച്ചുസംസ്ഥാനം എങ്ങനെ 25 ലക്ഷത്തിലേറെ പേര്‍ക്ക് കുടിയേറാന്‍ പാകത്തിന് ഒരുങ്ങി എന്ന് പറയാതെ പോകുക വയ്യ.  കേരളീയര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വര്‍ഷങ്ങളായി ഇന്നും കുടിയേറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികനേട്ടം തന്നെയാണ് ആകര്‍ഷണം. മരുഭൂമിയിലെ അത്യുഷ്ണവും ലേബര്‍ക്യാമ്പിലെ ഞെങ്ങിഞ്ഞെരുങ്ങിയുള്ള  ജീവിതസാഹചര്യങ്ങളും പകര്‍ച്ചാവ്യാധികളും മലയാളിയുടെ ഗള്‍ഫ് എന്ന തൃഷ്ണയെ ശമിപ്പിച്ചില്ല. എന്തിന് തെങ്ങുകയറാന്‍ പോലും ആളെ കിട്ടാത്തൊരു അവസ്ഥ കേരളം അഭിമുഖികരിച്ചു. കണക്കുകള്‍ പ്രകാരം 25 ലക്ഷം കേരളീയര്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവരാണ്. ഇത്തരത്തില്‍ രൂപപ്പെട്ട ശൂന്യതയെ മറികടക്കേണ്ടത് നമ്മുടെ ആവശ്യമായിരുന്നു.

സ്വാഭാവികമായും (കേരളത്തിലെ തൊഴിലാളികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ) തുച്ഛവേതനത്തിന് ക്വാറി, നിര്‍മാണ, ഹോട്ടല്‍ തുടങ്ങി വിവിധ മേഖലയിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കിനെ സ്വാഗതം ചെയ്യേണ്ടുന്ന നില സംജാതമായി. ഇന്ന് ലക്ഷങ്ങള്‍ വരുന്ന വിദേശമലയാളികളുടെ പണം ഇന്ത്യയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാനുള്ള  ഇടനിലക്കാരനായി വര്‍ത്തിക്കേണ്ടിവരുന്നു ദൈവത്തിന്‍റെ സ്വന്തം നാടിന്. ഒരു അന്യസംസ്ഥാന തൊഴിലാളി പ്രതിവര്‍ഷം സ്വന്തം നാട്ടിലേക്ക് അയക്കുന്നത് 7൦,൦൦൦ രൂപയാണ്, അതായത് കേരളത്തിന്‍റെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനായി വിനിയോഗിക്കേണ്ട 17,5൦൦ കോടി രൂപ. സ്വന്തം നാട്ടിലേക്ക് അയക്കാന്‍ കഴിയുന്ന പണത്തിന്‍റെ മൂല്യം, ഈ തൊഴിലാളികളെ അടുക്കളയും കക്കൂസുമില്ലാതെ കൂട്ടമായി കൊച്ചുമുറികളില്‍ നരകതുല്യമായൊരു ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒറ്റയ്ക്കും കൂട്ടായും കുടുംബമായും കേരളത്തിലേക്ക് ചേക്കേറുന്നവരാണ് ഇവരിലേറെയും.

കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്‍ കുടിയെറപ്പെടുന്ന ഇതരസംസ്ഥാനത്തെ വ്യവസായ-തൊഴില്‍ വകുപ്പുകളിലോ, തൊഴിലാളികളുടെ ക്ഷേമത്തിനായി വര്‍ത്തിക്കുന്ന ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ഏര്‍പ്പാടുകളിലോ ഈ തൊഴിലാളികളെക്കുറിച്ചു പരാമര്‍ശിക്കുന്ന രേഖകളില്ല. അന്യസംസ്ഥാനക്കാരുടെ സാന്നിദ്ധ്യം കേരളത്തിലെ നിര്‍മാണ-തൊഴില്‍ മേഖലക്ക് ആവശ്യമാണ്‌. എന്നാല്‍ തൊഴിലാളികളെ മുന്‍നിര്‍ത്തി പിന്നാമ്പുറങ്ങളില്‍ അരങ്ങേറുന്ന കുഴല്‍പ്പണത്തിന്‍റെയും കള്ളപണത്തിന്‍റെയും ഒഴുക്കും, ടി.ബി, മലമ്പനി പോലുള്ള പകര്‍ച്ചവ്യാധികളും, ഇറക്കുമതി ചെയ്ത് കേരളമൊട്ടാകെ വിപണനം നടക്കുന്ന പലതരം മയക്കുമരുന്നുകളെയും അവഗണിച്ചുകൂടാ. എച്ച്.ഐ.വി അനുബാധിതരും, അമിതപുകയില ഉപഭോഗം സൃഷ്ടിച്ച ക്യാന്‍സര്‍ ബാധിതരും ഈ കൂട്ടത്തിലുണ്ടെന്ന്‍ കണക്കുകള്‍ പറയുന്നു. തൊഴിലാളിസമൂഹത്തിന്‍റെ മറവിലൂടെ മാവോയിസ്റ്റുകള്‍ കേരത്തില്‍ (പശ്ചിമഘട്ടനിരകളില്‍ ) തമ്പടിക്കുന്ന സാഹചര്യങ്ങളും തള്ളിക്കളയാവുന്നതല്ല. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയും ഭാര്യ ബീചാ സുഗുണാ അലിയാസ് സംഗീതയും കേരളത്തിലെ അങ്കമാലിയില്‍ നിന്നും 20൦7ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ സമഗ്രവിവരശേഖരണം സംസ്ഥാനത്തിന്‍റെ സുഗമമായ നടത്തിപ്പിന് ഒരു അവശ്യഘടകമാണെന്നത് ബോധ്യപ്പെടുത്തി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് വൃത്തിഹീനമായ താമസ സൗകര്യങ്ങളാണ് പൊതുവേ തൊഴിലുടമകള്‍ നല്‍കുന്നത്. കേരളത്തിന് ഒഴിച്ചുകൂടാനാവാത്ത ഈ മനുഷ്യവിഭവത്തിന്‍റെ പ്രധാന ഭക്ഷണം യാതൊരു പോഷകഘടകവും അടങ്ങാത്ത വില്‍പ്പന നിര്‍ത്തലാക്കണമെന്ന് തിരിച്ചും മറിച്ചും ചര്‍ച്ചചെയ്യുന്ന ‘പൊറോട്ട’യാണ്. കൊ
ച്ചുമുറികളില്‍ ഒട്ടനവധി പേരെ കുത്തിനിറക്കുകയും, കക്കൂസ്, കുളിമുറി തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കാതിരിക്കുകയാണ് പതിവ്. ഇതുതന്നെയാണ് രോഗവ്യാപനത്തിന്‍റെ പ്രധാനഹേതു. രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഭൂരിപക്ഷം തൊഴിലാളികളും ശ്രമിക്കാറില്ല. എന്നതാണ് സത്യം. ഇതിന്‍റെ പ്രധാന കാരണം ഭാഷതന്നെ. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തൊഴിലുടമകള്‍ മുതലെടുക്കാറുണ്ട്. ഇത്തരം ചൂഷണങ്ങളെ തടയാനും, താമസസ്ഥലത്തും ജോലിസ്ഥലത്തും മെച്ചപ്പെട്ട സാഹചര്യം നേടിയെടുക്കാനും തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം ആവശ്യമാണ്. കേരള പബ്ലിക് സര്‍വീസ് കമീഷന്‍റെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പോലെ തന്നെ കേരളത്തിലെത്തുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ സമഗ്രവിവരങ്ങള്‍ (പേര്, വയസ്സ്, സംസ്ഥാനം, ആരോഗ്യവിവരം) ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്യുക, ഇതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു ശാഖ തുടങ്ങുക, രജിസ്ട്രേഷന് തുടര്‍ച്ചയായി ഗവണ്‍മെന്‍റ് നല്‍കുന്ന കാര്‍ഡ് ഉള്ളവരെ മാത്രം ജോലിയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കുക, തൊഴില്‍ നിയമങ്ങളെയും അവകാശങ്ങളെയും കടമകളെയും തൊഴിലാളികളെ ബോധ്യപ്പെടുത്തുക, അന്യസ്ഥാനതൊഴിലാളികള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളും ജോലിസ്ഥലത്തെ അരക്ഷിതാവസ്ഥയും ഗവണ്‍മെന്റിനെ അറിയിക്കാന്‍ ഹെല്പ്ലയിന്‍ (വ്യത്യസ്തഭാഷകളില്‍ ) ആരംഭിക്കുക, തുടങ്ങിയവയെല്ലാം അന്യസംസ്ഥാനതൊഴിലാലികളുമായി കേരളത്തിന് ആരോഗ്യകരമായ ബ്ന്ധം നിലനിര്‍ത്താന്‍ ആവശ്യമാണ് എന്ന് ഡി.എം.എല്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു.

18 നും 35 നും മദ്ധേ പ്രായമുള്ള, രണ്ടാം കിടക്കാരായി നാം കാണുന്ന ഈ ലക്ഷക്കണക്കിന് വരുന്ന അന്യസംസ്ഥാനക്കാരാണ് ഇന്ന് കേരളത്തിന്‍റെ ധനസ്രഷ്ടാക്കളില്‍ ഒരു വിഭാഗം.

അക്കാരണത്താല്‍ തന്നെ ഒരു സാധാരണ മലയാളിക്ക് നല്‍കുന്ന അത്രതന്നെ പ്രാധാന്യം ഈ തൊഴിലാളികളും അര്‍ഹിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം നാമെല്ലാം ഉള്‍ക്കൊള്ളണ്ടതായുണ്ട്. മലയാളിയോ ബീഹാറിയോ ബംഗാളിയോ ആയിക്കൊള്ളട്ടെ: ആത്യന്തികമായി നമ്മളെല്ലാം ഭാരതമെന്ന മഹാപ്രഭാവത്തിന്‍റെ മക്കള്‍ തന്നെ.

പ്രവാസികളുടെ നാട്ടിലെ പ്രവാസം Reviewed by on .   ദൈവത്തിന്‍റെ സ്വന്തം നാട്; കേള്‍ക്കുമ്പോള്‍ യാതൊരു വികാരവും തോന്നാതെ, വെറുതെ ഒരഹങ്കാരമായി തലയിലേറ്റി നടക്കുന്ന ഈ വാചകത്തെ ഇതിന്‍റെ പൂര്‍ണമായ അര്‍ത്ഥത്തില   ദൈവത്തിന്‍റെ സ്വന്തം നാട്; കേള്‍ക്കുമ്പോള്‍ യാതൊരു വികാരവും തോന്നാതെ, വെറുതെ ഒരഹങ്കാരമായി തലയിലേറ്റി നടക്കുന്ന ഈ വാചകത്തെ ഇതിന്‍റെ പൂര്‍ണമായ അര്‍ത്ഥത്തില Rating: 0

About nammudemalayalam

scroll to top