Home » വിദ്യാഭ്യാസം » പഠനം ലക്ഷ്യവും സമീപനവും

പഠനം ലക്ഷ്യവും സമീപനവും

padanalakshyavum sameepanavum

വിവരണങ്ങളുടെ കേവലമായ കൈമാറ്റത്തിനു പകരം ചിന്തിച്ചും ചോദ്യങ്ങളുയര്‍ത്തിയും സംവാദത്തിലൂടെയും കുട്ടി സൃഷ്ടിച്ചെടുക്കുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് പഠനം. പഠനപ്രക്രിയയുടെ സംഭാവനകളില്‍ ഓരോ ഘടകങ്ങള്‍ മാത്രമാണ് അധ്യാപകനും പുസ്തകവും അധ്യാപകനില്‍നിന്നും കുട്ടി പഠിക്കുന്നതിനേക്കാള്‍ കുട്ടയില്‍ നിന്നും അധ്യാപകന് പഠിക്കാനുണ്ട്. ഇങ്ങനെയാണ് ക്രിട്ടിക്കല്‍ തിയറിയും ക്രിട്ടിക്കല്‍ പെഡഗോജിയും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ പ്രധാനമായി വരുന്നത്

ലോകത്തിലെ ഏറ്റവും നല്ലതെന്നും വലിയതെന്നും നാം അഭിമാനിക്കുന്ന ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തില്‍ കുട്ടിയുടെ ഭൗതിക ശേഷിയെ ഫലപ്രദമായി വികസിപ്പിക്കാന്‍ പഠനപ്രക്രിയക്കും പഠനവിഷയങ്ങള്‍ക്കുംസവിശേഷമായ സ്ഥാനമാണുള്ളത്. എതിര്‍പ്പിന്‍റെ രാഷ്ട്രീയവും വ്യത്യസ്തമായ ആശയങ്ങളും പില്‍കാലത്ത് സ്വീകാര്യമായിവരുന്നത് ജനാതിപത്യത്തിന്‍റെ വിജയമാണ്. ഭൂരിപക്ഷത്തിന്‍റെ ചിന്തകളും അഭിപ്രായങ്ങളും ശരിയായിത്തീരുമെന്ന വിശ്വാസം തെറ്റായിത്തീര്‍ന്ന പല ഉദാഹരണങ്ങളും ചരിത്രസത്യമായിത്തീര്‍ന്നിരിക്കുന്നു.

വിദ്യാലയങ്ങളില്‍ സവിശേഷമായ സ്വാതന്ത്ര്യം കുട്ടിയില്‍ പഠനത്തിന്‍റെ വിശാല വികസന മേഖല വെട്ടിത്തെളിക്കുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ ഇത്തരം സ്വാതന്ത്ര്യം കുട്ടികളില്‍ വളര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുന്നു. മുന്‍കാമികള്‍ പറഞ്ഞുപോയതും ചെയ്തുപോയതും മാത്രം ശരിയെന്നും അതുമാത്രം പിന്തുടരുക എന്നുള്ള പരമ്പരാഗതമായ ധാരണ കുട്ടിയേയും സമൂഹത്തേയും മുന്നോട്ടുനയിക്കുകയില്ല. കുട്ടിയുടെ പഠനത്തിന്‍റെ അളവുകോല്‍ കുട്ടിയുടെ പരീക്ഷയിലെ തോല്‍വിയും ജയവും മാര്‍ക്കിന്‍റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത് 99% കുട്ടികള്‍ SSLC ക്ക് വിജയിച്ചാല്‍ അത് മഹത്തായ വിജയമെന്നും മറിച്ച് നിലവാരത്തകര്‍ച്ചയുടെ പ്രകടമായ ഉദാഹരണങ്ങളാണെന്നും നമ്മുടെ സമൂഹം വിലയിരുത്തുന്നു. എന്തിനാണ് ഇത്രമാത്രം കുട്ടികളെ വിജയിപ്പിക്കുന്നത്? എന്തുകൊണ്ടാണ് കുട്ടികള്‍ തോല്‍ക്കുന്നത്? അപ്പോള്‍ നാം ചെന്നെത്തുന്നത് നമ്മുടെ പഠനരീതിയുടെ പോരായ്മയും വിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ചയും ടീച്ചറുടെ പഠിപ്പിക്കലിന്‍റെ രീതിയിലേക്കുമായിരിക്കും. കുട്ടി എന്തുകൊണ്ടാണ് തോല്‍ക്കുന്നത് എന്ന് അന്വേഷിക്കുമ്പോള്‍ കുട്ടിയുടെ യഥാര്‍ഥമായ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലേക്കുള്ള തിരിച്ചറിവിലേക്ക് നമ്മള്‍ എത്തിച്ചേരുന്നു. സര്‍ക്കാര്‍ അഥവാ പോതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ പഠനനിലവാരം കുറവാണെന്നും സ്വകാര്യവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ ഒഴുകുന്നു എന്നും നമ്മള്‍ വിശ്വസിക്കുന്നു. നമ്മുടെ നേതാക്കന്മാരും മാധ്യമങ്ങളും അങ്ങനെ വിശ്വസിക്കുന്നു. സ്വകാര്യ വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികള്‍ ഏതു പശ്ചാത്തലത്തില്‍ നിന്നും വരുന്നവരാണ് എന്തുകൊണ്ടാണ് അവര്‍ ഉന്നത വിജയം കൈവരിക്കാനിടയായ സാഹചര്യമെന്നും നാം സൗകര്യപൂര്‍വ്വം വിശ്വസിക്കുന്നു. എന്തുകൊണ്ട് ഒരു കൂട്ടം വിദ്യാലയങ്ങള്‍ അനാദായകാരം എന്ന നിലയിലേക്ക് എത്തപ്പെടുന്നു എന്ന് ചിന്തിക്കുമ്പോള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ആരാണ് മറുപടി പറയുക? എല്ലാവര്‍ക്കും ഗുണമേന്മയുടെ വിദ്യാഭ്യാസം ലഭ്യമാക്കാന്‍ സമൂഹം, സംവിധാനം ചെയ്യണം എന്നത് പ്രധാനപെട്ട കാര്യമാണ്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസരംഗത്തു നടപ്പിലാക്കാന്‍ സമൂഹവും സര്‍ക്കാരും നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് ഡി.പി.ഇ.പി യും, എസ്.എസ്.എ യും ഇപ്പോള്‍ ആര്‍.എം.എസ്. ഉം നിലവില്‍ വന്നത്. എന്നാല്‍ ഈ സംവിധാനങ്ങള്‍ നമ്മുടെ നിലവിലുള്ള സാമൂഹ്യസംവിധാനത്തില്‍  പൊട്ടിത്തകര്‍ന്ന് നോക്കുകുത്തിയായിപ്പോയി എന്നുള്ള വിമര്‍ശനത്തെ നേരിട്ടുകൊണ്ടിരിക്കുന്നു.

ഗാന്ധിജിയും ടാഗോറും ബ്രിട്ടിഷ് വിദ്യാഭ്യാസ രീതിയെ വിമര്‍ശനാത്മകമായി പരിശോധിക്കുകയും വ്യക്തിയുടെ സംസ്ക്കാരത്തിനു യോജിച്ച രീതിയിലൂടെ വളരാനും വികസിക്കാനുമുള്ള വഴി കാത്തിരിക്കുകയും ചെയ്തു. ആ അടിസ്ത്ഥാന വിദ്യാഭ്യാസ പദ്ധതിയെ നാം പിന്തുടര്‍ന്ന് പരിപോഷിപ്പിച്ചിരുന്നെങ്കില്‍ വിദ്യാസമ്പന്നരായ ഒരൊറ്റ ഗ്രാമീണ യുവാവിനും തൊഴില്‍ തേടി നഗരത്തില്‍ പോകേണ്ടിവരുമായിരുന്നില്ല. ഗാന്ധിജിയെ നാം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ കൃഷിയെ അടിസ്ഥാനമാക്കിയ തൊഴിലുകളും ഗ്രാമീണ കരകൗശല വിദ്യകളും വ്യവസായങ്ങളും അതതു പ്രദേശത്തെ പുഷ്ടിപ്പെടുത്തുകയും ഉല്‍പ്പാദന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുമായിരുന്നു. വ്യക്തിയുടെ വികസനത്തിലൂടെ ഗ്രാമത്തിന്‍റെയും പൊതുവില്‍ സമൂഹത്തിന്‍റെയും വികസനമാണ് ആവശ്യം. നമ്മുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ ഗ്രാമങ്ങള്‍ നേരിടുന്ന മുരടിപ്പ് എന്നിവ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതും പഠനപ്രക്രിയയുടെ അവസ്ഥ പഠനമാക്കേണ്ടതു തന്നെയാണ്.

നമ്മുടെ സ്കൂളുകള്‍ 

നമ്മുടെ നാട്ടില്‍ പലതരത്തിലുള്ള വിദ്യാലയങ്ങള്‍ നിലവിലുണ്ട്. “എഡുക്കേഷന്‍ ഫോര്‍ ഓള്‍ ” എന്നതാണ് അന്തര്‍ദേശീയവും ദേശീയവുമായ മുദ്രാവാക്യം. ക്വാളിറ്റി എഡുക്കേഷന്‍ ഫോര്‍ ഓള്‍ എന്നതാണ് സര്‍വശിക്ഷാഅഭിയാന്‍റെ ലക്ഷ്യം. 2000 മുതല്‍ 2010ല്‍ ലക്ഷ്യമാക്കിയ എസ്.എസ്.എ ലക്ഷ്യത്തിലെത്താതെ അനന്തമായി നീണ്ടു പോകുന്നു. അന്തര്‍ദേശീയ സിലബസുള്ള ഇന്‍റര്‍നാഷണല്‍ സ്കൂളുകള്‍ (ICSE) നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് തലങ്ങും വിലങ്ങും N.O.C കൊടുത്തുകൊണ്ടിരിക്കുന്നു. നമ്മുടെ മഹാന്മാര്‍ പഠിച്ച നാട്ടു വിദ്യാലയങ്ങള്‍ കുട്ടികളില്ലാതെ നിലനില്‍പ്പിനുവേണ്ടി പരക്കം പായുന്നു. സമൂഹത്തിലെ ഉന്നതന്മാര്‍ക്കും അത്തരക്കാരിലേക്ക് ചേക്കേറാന്‍ വെമ്പുന്ന ഇടത്തരക്കാര്‍ക്കും അവരുടെ മക്കള്‍ക്കും പഠിക്കാന്‍ വളരെ മെച്ചപ്പെട്ട സ്കൂള്‍ സംവിധാനം നിലനിറുത്തുകയോ, ഉണ്ടാക്കാന്‍ അവസരങ്ങള്‍ നല്‍കുകയോ ചെയ്തതിനു ശേഷം നമ്മുടെ രാഷ്ട്രീയനേതൃത്വം “എല്ലാവര്‍ക്കും വേണ്ടിയുള്ള…” എന്ന പ്രഖ്യാപനം നടത്തി സാമൂഹിക വേര്‍തിരിവിന് അടിത്തറയിടുന്നു. ഗുണമേന്മയും തുല്യതയും ഉണ്ടെന്നുള്ള പ്രഖ്യാപനങ്ങള്‍ കേട്ട പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും മേല്‍പ്പറഞ്ഞ ഗുണമേന്മ ലഭിക്കുന്നുണ്ടോ? നമ്മുടെ നാട്ടിലെ പൊതുവിദ്യാലയങ്ങളില്‍ ഭൂരിപക്ഷവും കാലത്തിന്‍റെ ഒരു വിധത്തിലുള്ള മാറ്റവും സ്വീകരിക്കാതെ മണ്ണും പൊടിയും നിറഞ്ഞ് പഴമയുടെ മാറാപ്പും ചുമന്ന് പി.കെ.ഇ.ആര്‍ എന്ന നേര്‍ച്ചപ്പെട്ടിയും ചുമന്നു നില്‍ക്കുന്നു. (എസഎസ.എ വഴി ചില മെച്ചപ്പെട്ട ഭൌതിക സൌകര്യങ്ങള്‍ ഉണ്ടായത് വിസ്മരിക്കുന്നില്ല.) പാവപ്പെട്ടവന്‍റെ കുട്ടികള്‍ ഇന്നും ഉച്ചക്കഞ്ഞിക്കുവേണ്ടി സ്കൂള്‍ വരാന്തയില്‍ ക്യൂ  നില്‍ക്കുന്നത് സത്യമല്ലോ? ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം കാലം ചെയ്ത കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നു.

സര്‍വശിക്ഷാ അഭിയാന്‍

 

ഇന്ത്യയില്‍ 2001 മുതല്‍ ആരംഭിച്ച എസ്.എസ.എ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

•പാഠപുസ്തകങ്ങളിലും പ്രക്രിയയിലും മാറ്റങ്ങള്‍ പ്രകടമായി

• പരമ്പരാഗത ബോധന പ്രക്രിയയില്‍ നിന്നും അധ്യാപകര്‍ക്ക്  കേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠവുമായ ബോധന ശാസ്ത്രത്തി  (Pedagogi) ലേക്കുള്ള വഴി തുറന്നു കൊടുത്തു.

•  സര്‍ക്കാര്‍ വിദ്യാലങ്ങളില്‍ സിവില്‍ വര്‍ക്ക് വഴി   ഭൗതികവും അക്കാദമികവുമായ മികവിന് വഴിയൊരുക്കി.  (വിദ്യാലയങ്ങളില്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ വികസനത്തിന് എസ്.എസ്.എ ഫണ്ട് വിനിയോഗിക്കേണ്ടത് തന്നെയാണ്.)

• ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രത്യേക പരിഗണന ലഭിക്കുവാനിടവന്നു.

• പരീക്ഷ എന്നതിനെ മൂല്യനിര്‍ണ്ണയം എന്ന വീക്ഷണത്തില്‍ പരിഷ്കരിച്ചു.

 

മേല്‍പ്പറഞ്ഞ ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തനമനുസരിച്ച് എസ്.എസ്.എ സംവിധാനം അതിന്‍റെ പ്രവര്‍ത്തന പരിപാടിയിലെ അപചയം മൂലം കാര്യക്ഷമമല്ലാതായിത്തീര്‍ന്നു. കേരളത്തിന്‍റെ സവിശേഷമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തു പരിഷ്കരിക്കാന്‍ മുന്‍,പിന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. പ്രവര്‍ത്തന മികവില്ലാത്ത അധ്യാപകര്‍ക്ക് ചേക്കേറാനും പണിയെടുക്കാതെ ഉഴപ്പി നടക്കാതെ എസ്.എസ്.എ അവസരമുണ്ടാക്കി എന്നുള്ള ആക്ഷേപം സാമൂഹത്തില്‍ നിലനില്‍ക്കുന്നു. വിദ്യാലയങ്ങളില്‍  ഗുണനിലവാരമുള്ള അധ്യാപനവും പഠനപ്രക്രിയയും ഉറപ്പുവരുത്താനും   പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും തല്‍സമയ പിന്തുണ സംവിധാനം നല്‍കാനുമുള്ള അധ്യാപക പരിശീലകരെ ഏകോപിപ്പിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ട്രെയിനര്‍മാരും എസ്.എസ്.എ സംവിധാനവും പരാചയപ്പെടുന്ന സര്‍ക്കാര്‍   സ്കൂളില്‍ നിന്നും അക്കാദമിക മികവുള്ള അധ്യാപകരെത്തിരഞ്ഞെടുത്ത് വിദ്യാലയങ്ങളിലെ തല്‍സമയ പിന്തുണ സംവിധാനം ശക്തിപ്പെടുത്തിയാല്‍ ഒട്ടേറെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

സംസ്ഥാന സര്‍ക്കാര്‍,ഡിപ്പാര്‍ട്ട്മെന്‍റ് എല്‍.എസ്.ജി മാനേജ്മെന്‍റ് കമ്മിറ്റി (SMC) എന്നിവയുടെ ഫലപ്രദമായ ആസൂത്രണവും ഇടപെടലുകളും നമ്മുടെ വിദ്യാലയങ്ങളില്‍ അനിവാര്യമാണ്.

വിദ്യാഭ്യാസ അവകാശനിയമം 

2009 മുതല്‍ പാര്‍ലമെന്‍റ് പാസാക്കി ഇന്ത്യയില്‍ നടപ്പില്‍ വരുത്തിയ പതിനാല് വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവകാശ നിയമം (RTE) കേരളത്തില്‍ എട്ടിലെ പശുവായി നില്‍ക്കുകയാണ് 5+3+2 എന്ന പാറ്റെന്‍ ഇനിയും നടപ്പില്‍ വരുത്തിയിട്ടില്ല. നിയമങ്ങള്‍ നിര്‍മിക്കുക എന്നതില്‍ കവിഞ്ഞ് അത് കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ഭരണസംവിധാനത്തിന്‍റെ ഇഛ്ചാശക്തി മെച്ചപ്പെട്ട ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമാണ്. ഇത് നടപ്പില്‍ വരുത്താനുള്ള നിതാന ജാഗ്രത സമൂഹത്തിനുമുണ്ടായിരിക്കണം.

പഠനം ലക്ഷ്യവും സമീപനവും Reviewed by on . വിവരണങ്ങളുടെ കേവലമായ കൈമാറ്റത്തിനു പകരം ചിന്തിച്ചും ചോദ്യങ്ങളുയര്‍ത്തിയും സംവാദത്തിലൂടെയും കുട്ടി സൃഷ്ടിച്ചെടുക്കുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് പഠനം. പഠനപ്രക്രിയ വിവരണങ്ങളുടെ കേവലമായ കൈമാറ്റത്തിനു പകരം ചിന്തിച്ചും ചോദ്യങ്ങളുയര്‍ത്തിയും സംവാദത്തിലൂടെയും കുട്ടി സൃഷ്ടിച്ചെടുക്കുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് പഠനം. പഠനപ്രക്രിയ Rating: 0

About nammudemalayalam

scroll to top