Home » ടൂറിസം » മാങ്കുളം: വനത്തിനുള്ളിലെ പറുദീസ

മാങ്കുളം: വനത്തിനുള്ളിലെ പറുദീസ

അഖില്‍ വി.ആര്‍

mankulam_tourism new

ണ്ണടച്ചാലും ചില കാഴ്ചകള്‍ മായാതെ അങ്ങനെ കണ്‍മുന്‍പില്‍  തെളിഞ്ഞു തന്നെ നില്‍ക്കും. ഇനി കണ്‍മുമ്പില്‍ നിന്ന്‍ മാഞ്ഞാലും മനസ്സിനുള്ളില്‍ എവിടെയോ മായാതെ ആ കാഴ്ചകള്‍ ഒട്ടി ചേര്‍ന്നിരിപ്പുണ്ടാവും. ഇടയ്ക്കിടെ മറവിയുടെ പൊടി തട്ടി ഓര്‍മകളായി അവ പൊന്തിവരും. അത്ര സുഖമുള്ള ഓര്‍മകളാണ് ഇടുക്കി ജില്ലയിലെ മാങ്കുളത്തേക്കുള്ള യാത്ര സമ്മാനിച്ചത്. പത്തനംതിട്ട ജില്ലയിലെ ഗവിയിലേക്കുള്ള യാത്രക്ക് സമാനമായ യാത്ര അനുഭവമാണ് മാങ്കുളത്തേക്കുള്ള ബസ്‌ യാത്ര നല്‍കിയത്. പുറം ലോകത്ത് അധികമാരും അറിയാതെ ക്യാമറകളാല്‍ ഒപ്പിയെടുക്കപ്പെടാതെ സഞ്ചാരികളുടെ കണ്ണും കാതും മനവും ഒരുപോലെ കുളിര്‍പ്പിക്കുന്ന പ്രകൃതിയുടെ കൂടിച്ചേരലാണ് മാങ്കുളമെന്ന കൊച്ചു ഗ്രാമം സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.

മാങ്കുളമെന്ന ഗ്രാമത്തെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല. വേണ്ടത്ര വാഹന സൗകര്യമോ മറ്റ് അടിസ്ഥാന വികസനങ്ങളോ എത്തിപ്പെടാതെ കിടക്കുന്ന മാങ്കുളം അക്ഷരാര്‍ത്ഥത്തില്‍ വനത്തിനുള്ളിലെ പറുദീസ തന്നെയാണ്‌. മലകളാല്‍ ചുറ്റപ്പെട്ട് പച്ചപ്പിന്‍റെ മേലങ്കിയണിഞ്ഞ് കാട്ടരുവികളാലും പുഴകളാലും വെള്ളച്ചാട്ടങ്ങളാലും സമൃദ്ധമായി തണുത്ത കാറ്റിന്‍റെ സ്പര്‍ശനത്താല്‍ കുളിരണിഞ്ഞ് നില്‍ക്കുന്ന മാങ്കുളം മൂന്നാറിനോട്‌ ചേര്‍ന്ന് കിടക്കുന്ന അറിയപ്പെടേണ്ടുന്ന എന്നാല്‍ അറിയാന്‍ ബാക്കി വെച്ച പ്രകൃതി സൗന്ദര്യത്തിന്‍റെ ഒരു തുരുത്താണ്.

കൊച്ചി-ടോണ്ടി ദേശീയ പാതയില്‍ കല്ലാറ്റില്‍ നിന്നുമാണ് മാങ്കുളത്തേക്കുള്ള യാത്രയുടെ ആരംഭം. മാങ്കുളത്തേക്ക് പതിനേഴ്‌ കിലോമീറ്റര്‍ എന്ന പൊതുമരാമത്ത് വകുപ്പിന്‍റെ ബോര്‍ഡാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. വീതി കൂടിയ ദേശീയ പാതയില്‍ നിന്നും ഏറെ വീതി കുറഞ്ഞ് ഗട്ടറുകള്‍ നിറഞ്ഞ പതിനേഴ്‌ കിലോമീറ്റര്‍ ദൂരം താണ്ടുക എന്നത് തന്നെയാണ് മാങ്കുളത്തേക്ക് എത്താനുള്ള പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ വന്ന് പോകുന്ന സ്വകാര്യ ബസ്സുകളാണ് പ്രദേശത്തേക്കുള്ള തരക്കേടില്ലാത്ത യാത്രാ സംവിധാനം. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിലൂടെ കുരിശുപാറയും പീച്ചാടും പിന്നിട്ടാല്‍ പിന്നെ മറ്റൊരു ലോകമായി. മാനം മുട്ടെ വളര്‍ന്ന് നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന കാട്ടാറിനരികിലൂടെ സുഗന്ധം പൊഴിക്കുന്ന ഏലച്ചെടികള്‍ക്കിടയിലൂടെയുള്ള യാത്ര ഏതൊരു സൗന്ദര്യാസ്വാദകന്‍റെയും മനസ്സില്‍ എണ്ണമറ്റ പൂക്കള്‍ വിരിയിക്കും. വലിയ മരങ്ങള്‍ പിന്നിട്ട് റോഡിനിരുവശവും പരന്ന്‍ കിടക്കുന്ന  തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ്  പിന്നീടുള്ള സഞ്ചാരം. നിരനിരയായി വെട്ടി നിര്‍ത്തിയിരിക്കുന്ന തേയിലച്ചെടികള്‍ക്കിടയില്‍ വളര്‍ന്ന് നില്‍ക്കുന്ന ചൗക്ക മരങ്ങളും കരിവീരന്‍റെ ഗാംഭീര്യത്തോടെ ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കൂട്ടങ്ങളും മണ്ണിലേക്ക് പെയ്തിറങ്ങാന്‍ വെമ്പുന്ന മഞ്ഞു കണങ്ങളും അങ്ങനെ മാമരങ്ങള്‍ക്കിടയില്‍ നിന്നും വിശാലമായ പച്ച വിരിച്ച് കിടക്കുന്ന തേയിലചെടികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ് പോകുന്ന സുന്ദര നിമിഷങ്ങളെ ഓര്‍മ്മകള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ മത്സരിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന സഞ്ചാരികളെ  വഴിയരികുകളില്‍ കാണാം. തേയിലത്തോട്ടവും പിന്നിട്ട് കുത്തനെയുള്ള കുന്നിറങ്ങി എത്തിച്ചേരുന്നതാണ് നാഗരികതയുടെ കാറ്റുവീശാത്ത, ഗ്രാമീണത കൈവിട്ടു പോകാത്ത വനത്തിനുള്ളിലെ പറുദീസയാണ് മാങ്കുളം.

തേയിലത്തോട്ടങ്ങള്‍

      മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണെങ്കിലും ആഡംബരത്തിന്‍റെ വലിയ റിസോര്‍ട്ടുകളോ മുന്തിയ ഹോട്ടലുകളോ വാഹനങ്ങളുടെ തിരക്കോ ഒന്നും ഈ ഗ്രാമത്തില്‍ കാണാന്‍ കഴിയില്ല. പകരം എവിടേയ്ക്ക് നോക്കിയാലും മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന മലകളും മലകള്‍ക്കപ്പുറം മാനത്തെതഴുകുന്ന  മേലെ പാളികളും മാത്രം. താമസ സൗകര്യത്തിനായി വിരലിലെണ്ണാവുന്ന ഏതാനും ചില ലോഡ്ജുകളെ ആശ്രയിക്കുക എന്നതാണ് മാങ്കുളത്തെത്തിയാല്‍ ചെയ്യേണ്ട ആദ്യ ജോലി. ദീര്‍ഘ നേരത്തെ യാത്രാക്ഷീണം ഒഴിവാകാന്‍ ഗ്രാമത്തിലെ തണുത്ത വായുമാത്രം ശ്വസിച്ചാല്‍ മതിയാകും.  123 ചതുരശ്ര  കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഗ്രാമത്തില്‍ 12,000 ജനസംഖ്യ മാത്രമാണുള്ളത്. ചരിത്രം പരിശോധിച്ചാല്‍ പൂഞ്ഞാര്‍ രാജാക്കന്മാരുടെ കീഴിലായിരുന്നു ഈ പ്രദേശമെന്ന്‌ മനസ്സിലാക്കാം. ബ്രിട്ടീഷ്‌ ആധിപത്യത്തിന്‍റെ പൊലിമ വിളിച്ചോതുന്ന അവശേഷിപ്പുകള്‍ ഇന്ന് മാങ്കുളത്ത് ബാക്കിയായിട്ടുണ്ട്. ജനവാസ മേഖലകളെക്കാളും വനപ്രദേശമാണ് ഗ്രാമത്തില്‍ അധികമായുള്ളത് എന്നതാണ് മാങ്കുളത്തിന്‍റെ വലിയ സവിശേഷതകളില്‍ ഒന്ന്‍.

    വ്യത്യസ്തങ്ങളായ മൂന്ന്‌ തരത്തിലുള്ള കാലാവസ്ഥയാണ് മാങ്കുളത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പൂജ്യത്തിലും താഴെ അന്തരീക്ഷ ഊഷ്മാവെത്തുന്ന വിരിപ്പാറപ്പും, തണുപ്പും ചൂടും സമ്മിശ്രിതമായ മാങ്കുളം, ചൂടേറെയുള്ള ആനക്കുളം ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ തന്നെ വ്യത്യസ്തങ്ങളായ ഈ മൂന്ന്‌ കാലാവസ്ഥയും അനുഭവിക്കാന്‍ കഴിയും. മാങ്കുളത്തെത്തിയാല്‍ ആശ്രയിക്കാവുന്ന ഏറ്റവും നല്ല വാഹനം ജീപ്പ് തന്നെയാണ്.മണ്ണും കല്ലും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാന്‍ ഇതിലും ഉചിതമായ മറ്റൊരു വാഹനം അവിടെ കിട്ടാനില്ലാ എന്നതു തന്നെയാണ് അതിന്‍റെ പ്രധാന കാരണം. മാങ്കുളത്തിന്‍റെ വിവിധ മേഖലകളിലേക്ക് സഞ്ചരിക്കാന്‍ തയ്യാറായി കിടക്കുന്ന ടാക്സി ജീപ്പുകള്‍ കാണുവാന്‍ സാധിക്കും.

    അതിശയിപ്പിക്കുന്ന ഉയരത്തില്‍ നിന്നും ഇടതടവില്ലാതെ നുരഞ്ഞ് പതഞ്ഞ് താഴേക്ക് പതിക്കുന്ന ഒന്നിലധികം വെള്ളച്ചാട്ടങ്ങളാല്‍ സമ്പന്നമാണ് മാങ്കുളം ഗ്രാമം. ചിന്നാര്‍ വെള്ളച്ചാട്ടം, വിരിപ്പാറ വെള്ളച്ചാട്ടം, കോഴിവാലന്‍കുത്ത്, പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത് തുടങ്ങി അരഡസനിലധികം വെള്ളച്ചാട്ടങ്ങള്‍ മാങ്കുളത്തുണ്ട്. അവയിലേറെയും ഇരുന്നൂറ് ഇരുന്നൂറ്റമ്പത് അടിക്കുമേല്‍ ഉയരത്തില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. കലര്‍പ്പില്ലത്ത ശുദ്ധജലമാണ് എന്നു മാത്രമല്ല തൊട്ടാല്‍ ശരീരം കോച്ചുന്നത്ര തണുപ്പുള്ള വെള്ളമാണ് നുരഞ്ഞ് ഒഴുകുന്നത്. വെള്ളച്ചാട്ടങ്ങളാല്‍ സമ്പന്നമായതിനാലാവണം സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിന് വില്‍പ്പന നടത്തുന്ന സംസ്ഥാനത്തെ ഏക പഞ്ചായത്ത് എന്ന ബഹുമതി മാങ്കുളത്തിനുണ്ട്. നക്ഷത്രക്കുത്തിനോട് ചേര്‍ന്നാണ് ഇത്തരത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവര്‍ഹൗസും മറ്റ് അനുബന്ധ ഉപകരണങ്ങളും.

ed3കാട്ടാനക്കൂട്ടം പതിവായി വെള്ളം കുടിക്കാനെത്തുന്ന ആനക്കുളമാണ് മാങ്കുളത്തിന്‍റെ ഏറ്റവും ആകര്‍ഷണീയമായ കേന്ദ്രം. ഈ അപൂര്‍വ്വ സുന്ദര കാഴ്ച കാണാന്‍ ദിവസവും ഒട്ടേറെ സഞ്ചാരികള്‍ ആനക്കുളത്തെത്താറുണ്ട്. ആനക്കുളത്ത് വനത്തിനോട് ചേര്‍ന്ന്‍ കിടക്കുന്ന പുഴയിലാണ് ഗജവീരന്മാരുടെ നീരാട്ട്. വേനല്‍ക്കാലമാകുന്നതോടെ ഉള്‍വനങ്ങളില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടും. ഈ സമയത്ത് കുടിക്കാനും കുളിക്കാനുമുള്ള വെള്ളം തേടിയാണ് കാട്ടാനക്കൂട്ടം ആനക്കുളത്ത് എത്താറുള്ളത്. പുഴയിലെ ഒരു പാറയുടെ കീഴില്‍ നിന്നുയരുന്ന കുമിളകള്‍ക്ക് ഉപ്പ് രസം ഉണ്ടെന്നും ‘ഓര്’ എന്ന് പ്രദേശവാസികള്‍ വിളിക്കുന്ന ഈ ഓര് വെള്ളം ആനകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് കുടിക്കുവാനായാണ് ദിവസേന നിരവധി ആനകള്‍ ഇവിടേയ്ക്ക് എത്തുന്നതെന്നും പറയപ്പെടുന്നു. മുപ്പത് ആനകള്‍ വരെ കൂട്ടമായി എത്തിയ ദിവസങ്ങള്‍ ഉണ്ടെന്ന്‍ പ്രദേശവാസികള്‍  പറഞ്ഞു. വെള്ളം കുടിക്കാനായി എത്തുന്ന കാട്ടാന കൂട്ടത്തിന്‍റെ സാമിപ്യം മൂന്ന്‌ നാല് മാസത്തോളം ഇവിടെയുണ്ടാകും. മഴക്കാലം ആരംഭിക്കുമ്പോള്‍ മാത്രമാണ് ഇവ തിരികെ ഉള്‍വനങ്ങളിലേക്ക് പോകാറുള്ളതത്രേ. കുട്ടിയാനകള്‍ മുതല്‍ കൊലക്കൊമ്പന്മാര്‍ വരെ പുഴയില്‍ കളിച്ച് തിമിര്‍ക്കുമ്പോള്‍ പുഴയോട് ചേര്‍ന്നുള്ള വലിയ മൈതാനത്ത് കുട്ടികള്‍ കാല്‍പ്പന്ത്‌ കളിക്കുന്നത് ഏറെ കൗതുകത്തോടെ മാത്രമേ കാണാന്‍ കഴിയൂ. വെള്ളം കുടിക്കാന്‍ എത്തുന്ന ആനകള്‍ പുഴ കടന്ന്‍ ജനവാസ മേഖലയിലേക്ക് വരികയോ ആളുകളെ ഉപദ്രവിക്കുകയോ ചെയ്യാറില്ല എന്നും ഇവിടുത്തുകാര്‍ പറയുന്നു. ആനക്കൂട്ടം വിഹരിക്കുന്ന ആനകളും ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള ഈ വനമേഖലയും സഞ്ചാരികളെ ത്രസിപ്പിക്കുന്നതാണ്. പച്ചപ്പ്‌ നിറഞ്ഞ പുല്‍മൈതാനത്ത് ആനകളെ കാണാന്‍ സഞ്ചാരികള്‍ തമ്പടിക്കുന്നത്. വന്‍ മരങ്ങളാലും ജൈവസമ്പന്നത്താലും അനുഗ്രഹീതമായ ഈ വനമേഖല അപൂര്‍വ്വ ഇനത്തില്‍ പെട്ട വേഴാമ്പല്‍ ഉള്‍പെടെയുള്ള പക്ഷികളുടെ സംരക്ഷിത മേഖല കൂടിയാണ്.

   പ്രകൃതിയുമായി ഏറെ അടുത്തിടപഴകുന്ന ആദിവാസി വിഭാഗങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിയാന്‍ മാങ്കുളത്തേക്കുള്ള യാത്ര സഹായിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ജനസാന്ദ്രത നന്നേ കുറഞ്ഞ മാങ്കുളത്ത് ഏകദേശം ഇരുപത്തിയഞ്ച് ശതമാനത്തോളം ആദിവാസി ജനതയാണുള്ളത്. പ്ലാമലക്കുടി, താളുകണ്ടംകുടി, വിരിപ്പാറ ആദിവാസി സെറ്റില്‍മെന്‍റ്, കൊഴിയിളക്കുടി, ചിക്കണംകുടി, ശേവലുക്കുടി, കള്ളക്കൂട്ടിക്കുടി തുടങ്ങിയ മേഖലകളിലാണ് ആദിവാസി ജനത ജീവിച്ച് വരുന്നത്. മുതുവാന്‍, മന്നാന്‍ സമുദായാത്തില്‍പെട്ട ആദിവാസി വിഭാഗങ്ങളെയാണ്‌ ഇവിടെ കണ്ട് വരുന്നത്. ഉള്‍ക്കാടുകളില്‍ തങ്ങളുടേതായ പാരമ്പര്യ ജീവിത ശൈലി നയിക്കുന്ന ഇവര്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമാണ് പുറംലോകവുമായി ബന്ധപ്പെടാറ്. ഭാഷ, വസ്ത്രധാരണ രീതി, ആചാരങ്ങള്‍, ഭക്ഷണം, പണ സമ്പാദനം എന്നിവയിലൊക്കെ ഏറെ കൗതുകകരമായ കാഴ്ചകളാണ് ഈ ആദിവാസി ജനത കാണിച്ച് തരുന്നത്. തമിഴ് മിശ്രിതമായ മലയാളഭാഷയാണ് പൊതുവായി ഇവര്‍ ഉപയോഗിക്കുന്നത് എങ്കില്‍ കൂടിയും ഈ വിഭാഗത്തിന്‍റെ തനതായ ഭാഷയ്ക്ക് ലിപി ഇല്ലയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഇവര്‍ ധാരാളമായി ആഭരണങ്ങളും അണിയാറുണ്ട്. വെറ്റില കൂട്ടി മുറുക്കുക എന്നത് ഇവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. പുരുഷന്മാര്‍ പലരും മുടി നീട്ടി വളര്‍ത്തിയിട്ടുണ്ടാകും. വന വിഭവങ്ങളാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. മൂര്‍ച്ചയുള്ള ഒരായുധം എപ്പോഴും ഇവര്‍ കയ്യില്‍ കരുതിയിട്ടുമുണ്ടാകും. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീടുകളില്‍ നിന്നും മാറി വനത്തിനുള്ളില്‍ വെവ്വേറെ വീടുകള്‍ നിര്‍മ്മിച്ചാണ് താമസിക്കാറ്. ഗോത്രത്തിനുള്ളിലെ പ്രശ്നപരിഹാരത്തിനായി ഒരു മൂപ്പന്‍ ഇവര്‍ക്കുണ്ടായിരിക്കും. ആര്‍ത്തവ സമയങ്ങളില്‍ ഈ വിഭാഗത്തിലെ സ്ത്രീകള്‍ “വാലായ്മപ്പുരകള്‍” എന്ന് പേരിട്ടിരിക്കുന്ന കുടിലുകളില്‍ മാറിയാണ് താമസിക്കാറ്. ഗോത്രത്തിനകത്തും പുറത്തും ഉള്ള അന്യപുരുഷന്മാരുടെ മുമ്പില്‍ കഴിവതും ഈ വിഭാഗത്തിലെ സ്ത്രീകള്‍ വരാറില്ല. മരച്ചീനി, ചേമ്പ്, തിന, ചോളം, തുവര എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന കൃഷികള്‍. ഈറ്റ ഉപയോഗിച്ച് തീര്‍ത്തവയായിരിക്കും ഇവരുടെ കുടിലുകള്‍. തെറ്റ് ചെയ്‌താല്‍ ഊര് വിലക്കുള്‍പ്പെടെയുള്ള ശക്തമായ ശിക്ഷാവിധികളും ഈ ജനവിഭാകം പിന്തുടര്‍ന്ന് വരുന്നുണ്ട്. ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു ജനവിഭാഗത്തെ അടുത്തറിയാനുള്ള ഒരു സാഹചര്യവും മാങ്കുളത്തേക്കുള്ള യാത്രയിലൂടെ സാധിച്ചെടുത്തു.

ed1

മരങ്ങളുടെ ശിഘരങ്ങളില്‍ നിര്‍മ്മിച്ച ഹൗസ്ട്രീകള്‍

  സമ്പൂര്‍ണ്ണ ജൈവഗ്രാമം കൂടിയാണ് മാങ്കുളം. കാര്‍ഷിക വൃത്തിയുടെ കാര്യത്തില്‍ ഈ ഗ്രാമം ഏതാണ്ട് സ്വയംപര്യാപ്തമാണ്. ഏലം, റബ്ബര്‍, കാപ്പി, കുരുമുളക്, തേയില എന്നിവയ്ക്കു പുറമെ വാഴ, മരച്ചീനി, നെല്ല്, ചേന, ചേമ്പ് തുടങ്ങിയ ഭക്ഷ്യവിളകളും ഇവിടുത്തെ കര്‍ഷകര്‍ ഉത്പാദിപ്പിച്ചു വരുന്നു. മാങ്കുളത്തെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളും കര്‍ഷകരാണ്. ജൈവകൃഷി പിന്തുടരുന്ന മാങ്കുളത്തെ കര്‍ഷകര്‍ക്ക് നൂറുമേനി വിജയമാണ് ഇവിടുത്തെ മണ്ണും കാലാവസ്ഥയും സമ്മാനിക്കുന്നത്. 100 കിലോയ്ക്ക് മുകളില്‍ തൂക്കമുള്ള വാഴക്കുലകളും ഒറ്റക്കെടുത്തുയര്‍ത്താന്‍ പറ്റാത്ത മരച്ചീനിയും ഈ ജൈവഗ്രാമാത്തിന്‍റെ പ്രത്യേകതകളാണ്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി കര്‍ഷക വിപണിയും ഇവിടെയുണ്ട്. കാര്‍ഷികമേഖലയോടും മൃഗപരിപാലനത്തോടും ചേര്‍ന്നുനിന്നുകൊണ്ടുള്ള വിനോദസഞ്ചാരത്തേയും ഇവിടുത്തുകാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിരവധിയായ  സ്പൈസസ് ഗാര്‍ഡനുകളും, ഫാമുകളും സഞ്ചാരികള്‍ക്കായി ഇവിടെ തുറന്നിട്ടുണ്ട്. മീന്‍ പിടിക്കലും ഇവിടുത്തെ ടൂറിസത്തിന്‍റെ ഭാഗമാണ്.ഇവിടുത്തെ കുടുംബങ്ങളിലധികവും വിഷമയമല്ലാത്ത പച്ചക്കറികളാണ് ഏറെയുമുപയോഗിക്കുന്നത്. അവയൊക്കെത്തന്നെയും അവരവരുടെ തൊടികളില്‍ വിളഞ്ഞവയുമാണ്.

ed4

തൂക്കുപാലം

വലിയ മരങ്ങളുടെ ശിഖരങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഏറുമാടങ്ങള്‍ അഥവ ട്രീ ഹൗസുകളാണ് മാങ്കുളത്തെ മറ്റൊരു ആകര്‍ഷണ കേന്ദ്രം. ആദ്യ കാലത്ത് ഈ മേഖലയില്‍ ട്രീ ഹൗസുകള്‍ നിര്‍മിച്ചിരുന്നത് കാട്ടു മൃഗങ്ങളില്‍ നിന്ന് രക്ഷ നേടാനായിരുന്നു എങ്കില്‍ ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ്    ഇത്തരം മരങ്ങളുടെ വീടുകള്‍നിര്‍മിച്ചിരിക്കുന്നത്. നിലത്തുനിന്നും ഗോവണി കയറി മുകളിലെത്തിയാല്‍ ഒരു കൊച്ചു വീടിനു സമാനമായ എല്ലാ ക്രമീകരണങ്ങളും ഈ ട്രീ ഹൗസുകളില്‍ ഒരുക്കിയിട്ടുണ്ട്. ഭൂമിക്കും ആകാശത്തിനുമിടയില്‍ മാമരങ്ങള്‍ക്ക് മുകളില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സിലല്‍പ്പം ഭയം കയറിപ്പറ്റാതില്ല. എങ്കിലും ഇളം കാറ്റേറ്റ് ഇലകളുടെ മര്‍മരങ്ങള്‍ക്ക് കാതോര്‍ത്ത് വനത്തിനുള്ളിലെ പറുദീസയില്‍ ദൂരേക്ക് കണ്ണും നട്ടങ്ങനെ നില്‍ക്കുക എന്നത് ഏറെ ആസ്വാദ്യകരം തന്നെ. വലിയ കാട്ടാറിനു കുറുകെ ബലിഷ്ഠമായ കമ്പികള്‍ ബന്ധിപ്പിച്ച് നിര്‍മിച്ചിരിക്കുന്ന പാലങ്ങളാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ച. “ആട്ടുപാല″മെന്നും “തൂക്കുപാല″മെന്നുമൊക്കെ പ്രദേശവാസികള്‍ പേരിട്ടു വിളിക്കുന്ന ഈ പാലത്തിലൂടെയുള്ള സാഹസിക യാത്രയ്ക്ക് അല്‍പം മനോധൈര്യം തന്നെ വേണം. പാലത്തില്‍ കാലെടുത്തു വെക്കുമ്പോള്‍ മുതല്‍ പാലം താഴേയ്ക്കും മുകളിലേയ്ക്കും ഒരേ താളത്തിലാടാന്‍ തുടങ്ങും. ആ താളത്തിനൊത്ത് കാലുകള്‍ പറിച്ച് വെച്ച് മറുകരയെത്തുക എന്നത് ഏറെ പ്രയാസകരം തന്നെ. ഇടക്കെങ്ങാനും വെള്ളത്തിലേയ്ക്ക് നോക്കിയാല്‍ പാലം ഉള്‍പ്പെടെ ഒഴുകിപ്പോകുന്നതായി തോന്നും അതിനാല്‍ പാലത്തില്‍ കയറുമ്പോള്‍ മുതല്‍ മുമ്പോട്ടു മാത്രമേ നോക്കാവൂ എന്ന് പ്രദേശ വാസികള്‍ മുന്നറിയിപ്പ് തന്നിരുന്നു.  സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ യാതൊരു സങ്കോചവുമില്ലാതെ കൈകള്‍ പോലും പിടിക്കാതെ പാലത്തിലൂടെ അക്കരെയിക്കരെ യാത്ര ചെയ്യുന്നത് എന്നെ അത്ഭുതപ്പെടുത്തി.

     മുമ്പ് സൂചിപ്പിച്ച പോലെ രാജഭരണത്തിന്‍റെയും ബ്രിട്ടീഷ്‌ ഭരണത്തിന്‍റെയും അവശേഷിപ്പുകള്‍ കൂടി കണ്ട ശേഷമേ മാങ്കുളത്തുനിന്നും മടങ്ങാന്‍ മനസ്സ് അനുവദിച്ചുള്ളൂ. പൂഞ്ഞാര്‍ രാജഭരണ കാലത്ത് നിര്‍മിച്ച ബംഗ്ലാവുകളും “ഫൗണ്ടേഷനുകള്‍” ശിലായുഗ സംസ്കാരത്തിലെന്നപോലെ ഇപ്പോഴും മാങ്കുളത്ത് അവശേഷിക്കുന്നുണ്ട്. “ബംഗ്ലാവ് തറ” എന്ന് സ്ഥല വാസികള്‍ പേരിട്ട് വിളിക്കുന്ന ഈ ചരിത്ര ഭൂമിയില്‍ നിന്ന് പ്രദേശവാസികള്‍ക്ക് വളരെ വിലപ്പെട്ട മുത്തുകളും സ്വര്‍ണമണികളും ദ്രവിച്ചു തീരാറായ ആയുധങ്ങളും അടുത്ത കാലത്ത് വരെ ലഭിച്ചിരുന്നു എന്നാണ് പറയുന്നത്. ബ്രിട്ടീഷ്‌ ഭരണ കാലത്ത് കുതിരക്കുളമ്പടികളാല്‍ മുഖരിതമായിരുന്ന പഴയ ആലുവ- മൂന്നാര്‍ റോഡിന്‍റെ ഭാഗങ്ങളും യാത്രയ്ക്കിടയില്‍ കാണാന്‍ സാധിക്കും. നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ ശക്തമായ വെള്ളപ്പാച്ചിലിനേയും ഉരുള്‍ പൊട്ടലിനേയും അതിജീവിച്ച പാലങ്ങളുടേയും കലുങ്കുകളുടേയും  ബാക്കിപത്രം ഇപ്പോഴും കൗതുകം ജനിപ്പിക്കുന്നതാണ്. സാങ്കേതിക വിദ്യ വികസിക്കാത്ത കാലത്ത് പോലും ഭീമാകാരമായ കരിങ്കല്ലുകള്‍ കീറി ഉണ്ടാക്കിയ വലിയ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചാണ് കലുങ്കുകളും പാലങ്ങളും അക്കാലത്ത് നിര്‍മിച്ചിരുന്നത്. ആലുവ മുതല്‍ മൂന്നാര്‍ വരെയുള്ള രാജപാതയില്‍ ഒരിടത്തും കാര്യമായ കയറ്റിറക്കങ്ങള്‍ ഇല്ല എന്നതും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു.

     വനമേഖലകളാല്‍ ചുറ്റപ്പെട്ട ഈ കൊച്ചു ഗ്രാമത്തിലേക്ക് മലയാള സിനിമയുടെ ക്യാമറ കണ്ണുകള്‍ തുറന്ന് കഴിഞ്ഞു. ഏതാനും ചില സീരിയലുകളുടെയും സിനിമകളുടെയും ചിത്രീകരണം ഈ ഗ്രാമത്തിനുള്ളില്‍ പുരോഗമിക്കുകയാണ് വിനോദത്തോടൊപ്പം സാഹസികതയ്ക്കും മാങ്കുളം അവസരമൊക്കുന്നതിനാലാവണം വിവിധ വിദ്യാലയങ്ങളില്‍ നിന്നും എന്‍.എസ്.എസ് വിദ്യാര്‍ഥികളും എന്‍.സി.സി കേഡറ്റുകളും ക്യാമ്പിനായി ഇവിടേയ്ക്ക് എത്താറുള്ളത്.പ്രകൃതിയുടെ മടിത്തട്ടില്‍ പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന്‍ കിടക്കുന്ന ഈ കൊച്ചു ഗ്രാമം സഞ്ചാരികളെ മാടി വിളിക്കുകയാണ്‌. കാറ്റിന്‍റെ ഇളം സ്പര്‍ശനത്തില്‍ നിന്നും ഇലകളുടെ മര്‍മ്മരങ്ങളില്‍ നിന്നും അകന്ന്‍ തേയില കാടുകള്‍ക്കിടയിലൂടെ തിരികെ മൂന്നാറിലേക്ക് മടങ്ങുമ്പോള്‍ മനസ്സ് മാത്രം ഒപ്പമെത്തിയില്ല. വീണ്ടും ഒരു മടങ്ങി വരവിനായി കാതോര്‍ക്കുന്ന നിശബ്ദതക്കൊപ്പം മനസ്സും അലിഞ്ഞു ചേര്‍ന്നിരുന്നു.

മാങ്കുളം: വനത്തിനുള്ളിലെ പറുദീസ Reviewed by on . കണ്ണടച്ചാലും ചില കാഴ്ചകള്‍ മായാതെ അങ്ങനെ കണ്‍മുന്‍പില്‍  തെളിഞ്ഞു തന്നെ നില്‍ക്കും. ഇനി കണ്‍മുമ്പില്‍ നിന്ന്‍ മാഞ്ഞാലും മനസ്സിനുള്ളില്‍ എവിടെയോ മായാതെ ആ കാഴ്ചകള കണ്ണടച്ചാലും ചില കാഴ്ചകള്‍ മായാതെ അങ്ങനെ കണ്‍മുന്‍പില്‍  തെളിഞ്ഞു തന്നെ നില്‍ക്കും. ഇനി കണ്‍മുമ്പില്‍ നിന്ന്‍ മാഞ്ഞാലും മനസ്സിനുള്ളില്‍ എവിടെയോ മായാതെ ആ കാഴ്ചകള Rating: 0

About nammudemalayalam

scroll to top