Home » ആധ്യാത്മികം » കുട്ടികളുടെ സ്വന്തം ക്ഷേത്രം

കുട്ടികളുടെ സ്വന്തം ക്ഷേത്രം

റഹ്മ കരീം

balakokulam vishnu moorthikshethram

 

നിഷ്കളങ്കമായ ഹൃദയത്തിലാണ് ദൈവങ്ങള്‍ കുടിയിരിക്കുന്നത്. അതിനുള്ള തെളിവാണ് ബാലഗോകുലം ശ്രീ വിഷ്ണുമൂര്‍ത്തിക്ഷേത്രം. പ്രകൃതി മനോഹാരിതയ്ക്കിടയില്‍ ഒരു കൊച്ചുക്ഷേത്രം. കുട്ടികളുടെ മനസ്സുപോലെ സ്നേഹവും സാന്ത്വനവും ആര്‍ജവവുമുള്ള ദൈവങ്ങളും. ചെറുവത്തൂരിലെ അച്ചാംതുരുത്തി ദ്വീപിലാണ് ഈ വേറിട്ടകാഴ്ച്ച . വിഷ്ണുമൂര്‍ത്തി തെയ്യം കണ്ട് ആകര്‍ഷിച്ച കുട്ടികള്‍ പിന്നീട് വിഷ്ണുമൂര്‍ത്തി തെയ്യമായി വേഷമിടുകയായിരുന്നു. ശിവരാത്രിനാളില്‍ എല്ലാ കൂട്ടുകാരും ഒരുമിക്കുമ്പോള്‍ അവരിലൊരാള്‍ വിഷ്ണുമൂര്‍ത്തിയായ് മാറും. ശിവരാത്രിനാളുകളില്‍ ഉറക്കാമൊഴിയുമ്പോള്‍ ഒരു വിനോദമായാണ് ദ്വീപിലെ ആണ്‍കുട്ടികള്‍ വിഷ്ണുമൂര്‍ത്തിയെ അവതരിപ്പിച്ച് ആനന്ദം കണ്ടെത്തിയത്. ഈ അവസരത്തില്‍ അവര്‍ സ്നേഹവും ആദരവും ഭക്തിയും ദൈവത്തിന് സമര്‍പ്പിക്കും. മുതിര്‍ന്നവര്‍ ഉത്സവങ്ങള്‍ നടത്തുന്നതിന് സമാനമായി, ചിലപ്പോള്‍ അതിനേക്കാള്‍ കേമകരം എന്ന രീതിയിലാണ് കുട്ടികള്‍ ഭക്തിനിര്‍മ്മലമായ അവരുടെ നിമിഷങ്ങള്‍ ആഘോഷങ്ങളാക്കി തീര്‍ക്കുക. മുരുക്ക് കൊണ്ട് വാളുണ്ടാക്കിയാണ്‌ തെയ്യം കളിച്ചിരുന്നത്. എന്നാല്‍ മുതിര്‍ന്നവരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് തെയ്യംകളി അവസാനിപ്പിച്ചു. അപ്പോഴേക്കും കുട്ടികളുടെ നിഷ്കളങ്കമായ ആ സ്നേഹവും ഭക്തിയും ദൈവത്തെ പ്രീതിപ്പെടുത്തിയിരുന്നു. കുട്ടികളെ കൊണ്ട് തെയ്യംകളി അവസാനിപ്പിച്ചതില്‍ വിഷ്ണുമൂര്‍ത്തി കോപിഷ്ടനായി. ദ്വീപിലെ പ്രദേശവാസികള്‍ക്ക് എല്ലാവര്‍ക്കും ദൈവകോപമുണ്ടായി. എല്ലാ പ്രദേശവാസികള്‍ക്കും മാരകമായ വസൂരി പടര്‍ന്നു പിടിച്ചു. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് അടുത്തുള്ള പണിക്കരുടെ അടുത്ത്‌ ചെന്ന് പ്രശ്നം വെച്ച് നോക്കിയപ്പോഴാണ് കുട്ടിക്കളി കാര്യമായത് മനസ്സിലായത്. പ്രശ്നം കാണലിലെ പരിഹാരമാര്‍ഗ്ഗം കുട്ടികള്‍ കളിച്ചിരുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയുക എന്നതായിരുന്നു. കുട്ടികള്‍ കളിച്ചിരുന്ന സ്ഥലത്ത് ദൈവസാന്നിധ്യം ഉണ്ടായെന്നും ഉടനെ ആ ദണ്ഡം നിര്‍മ്മിച്ച് ദേവനെ കുടിയിരുത്തണമെന്നും പ്രശ്നം കാണലില്‍ തെളിഞ്ഞു. കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന മുരിക്കിന്‍ വാളാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. വാള്‍ ദ്രവിച്ച് പൊടിയായി മാറാന്‍ തുടങ്ങിയപ്പോള്‍ വെള്ളിഉറ നിര്‍മ്മിച്ച് അതിലാണ് വാള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് അതിന്‍റെ  മുക്കാല്‍ ഭാഗവും ദ്രവിച്ചിരിക്കുമെന്നു ആദ്യകാല ക്ഷേത്ര പ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു. ഈ വാള്‍ മാറ്റിയെടുക്കുക എന്നത് സാധ്യവുമല്ല.വിഷ്ണുമൂര്‍ത്തി പ്രധാന ദൈവവും രക്തചാമുണ്ഡി ഉപദൈവവുമായാണ് ക്ഷേത്രാരാധന. രക്തചാമുണ്ഡിയായും വിഷ്ണുമൂര്‍ത്തി തെയ്യമവതരിപ്പിക്കാനുള്ള അവകാശമുള്ളത് മലയ സമുദായക്കാര്‍ക്കാണ്. എന്നാല്‍ ഇവിടെ വണ്ണാന്‍ സമുദായത്തില്‍പ്പെട്ട അവിവാഹിതരായ യുവാക്കളാണ് തെയ്യം കെട്ടാറുള്ളത്. ക്ഷേത്രത്തിലെ ഭാരവാഹിത്തവും പൂജയും കര്‍മ്മങ്ങളും കുട്ടികള്‍ തന്നെയാണ് നിര്‍വ്വഹിക്കാറുള്ളത്. വിവാഹിതരായവര്‍ക്ക്പൂജ ചെയ്യുവാനോ വ്രതമെടുക്കുവാനോ ഉള്ള അവകാശം ഇല്ല. ആഴ്ചയില്‍ പൂജ ചെയ്യുന്ന കുട്ടികള്‍ മാറി മാറി വരും. കുംഭ മാസത്തിലെ ശിവരാത്രിനാളുകളിലാണ് ഇവിടെ ഉത്സവം. ഇതിന്‍റെ ഭാഗമായി ഒരു മരം മുറിയ്ക്കാന്‍ നിശ്ചയിക്കും.

ആ മരത്തെ നാള്‍മരം എന്നാണ് വിശേഷിപ്പിക്കുക. മരം മുറിക്കുന്നതും ഒരു ചടങ്ങാണ്, നാള്‍മരം മുറിക്കല്‍ ചടങ്ങ്. മരം മുറിച്ച് നേരെ ക്ഷേത്രത്തിലേയ്ക്കാണ്കൊണ്ട് വരിക. ആ ദിവസം ക്ഷേത്രത്തില്‍ കഞ്ഞിവിതരണമുണ്ടാകും. അതിനായി ദ്വീപിലെ ഓരോ വീടുകളില്‍ നിന്നും പലവ്യഞ്ജനങ്ങള്‍ ശേഖരിച്ചാണ് കഞ്ഞി തയ്യാറാക്കുക. ധനുമാസം ഒന്നാം തീയതി കലവറ നിറയ്ക്കല്‍ ചടങ്ങും ആഘോഷമായി നടത്താറുണ്ടിവിടെ.

ശിവരാത്രിനാളില്‍ കുട്ടികള്‍ വിഷ്ണുമൂര്‍ത്തിയായും രക്തചാമുണ്ഡിയായും മാറുന്നത് കാണാന്‍ ആയിരങ്ങളാണ് അച്ചാംതുരുത്തി ദ്വീപില്‍ ഒരുമിച്ച് കൂടുക.വണ്ണാന്‍ സമുദായത്തിലെ അവിവാഹിതനായ യുവാവ് വിഷ്ണുമൂര്‍ത്തിയായി മാറി കനലാട്ടം നടത്തുമ്പോള്‍ മലയ സമുദായത്തില്‍പ്പെട്ട അവിവാഹിതനായ ഒരു യുവാവ് തെയ്യത്തെ പിടിച്ചുവലിക്കും. ഇളന്നീര്‍ വെള്ളം തളിച്ചതിനു ശേഷമാണ് കനലാട്ടം നടത്തുക. കനലാട്ടം നടത്തുന്ന സമയങ്ങളില്‍ അവിവാഹിതരായ പുരുഷന്മാര്‍ അത് നോക്കി നില്‍ക്കാന്‍ പാടില്ല. നോക്കിയാല്‍ അവരും കനലാട്ടം നടത്തേണ്ടി വരും. ഭക്തിയും സ്നേഹവും നിറഞ്ഞ മനസ്സോടെ പൂജയും കര്‍മ്മങ്ങളും നടത്തി കുട്ടികള്‍ പ്രീതിപെടുത്തിയ ദൈവങ്ങളെ സാക്ഷി നിര്‍ത്തി വിവാഹങ്ങള്‍ നടത്താറുണ്ട്. സൗകര്യങ്ങള്‍ വളരെ പരിമിതമാണെങ്കിലും ക്ഷേത്രപരിസരത്ത്‌ തന്നെ ഒരു ഷെഡ്‌കെട്ടി സദ്യ ഒരുക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ ക്ഷേത്ര വരുമാനം കൊണ്ടും നാട്ടുകാരുടെ സഹകരണങ്ങള്‍ ഉപയോഗപെടുത്തിയും ഒരു ഓഡിറ്റോറിയം നിര്‍മിക്കാനുള്ള തിരക്കിലാണ് ദ്വീപിലെ നിവാസികള്‍ എല്ലാവരുംതന്നെ. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവത്തെ പിണക്കാതെ കുട്ടികളും നാട്ടുകാരും തങ്ങളുടെ നാടിനും ദ്വീപിന്‍റെ  രക്ഷയ്ക്കുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.

മതഭേദമില്ലാതെയാണ് ക്ഷേത്ര പ്രവേശനം. ക്ഷേത്രത്തിന്‍റെ ചരിത്രവും മതസൗഹാര്‍ദ്ദ ത്തെ വിളിച്ചോതുന്നത് തന്നെയാണ്. 1942-ല്‍ കുട്ടികളോടൊപ്പം മുതിര്‍ന്നവരും ചേര്‍ന്ന് സഹകരിച്ച് തുടങ്ങിയ ക്ഷേത്രം പിന്നീട് 1993-ല്‍  പുതുക്കിപണിയുകയായിരുന്നു. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു ജന്മിയുടേതായിരുന്നു. ഇസ്ലാം മതവിശ്വാസിയായിരുന്ന അദ്ദേഹം കാലങ്ങളോളം കാത്തിരുന്ന് ഒരു കേസില്‍ അനുകൂല വിധി വന്നു. അദ്ദേഹത്തിന് അനുകൂലമായ വിധി വരാന്‍ കാരണം വിഷ്ണുമൂര്‍ത്തി തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുടിയിരിക്കുന്നതാണ് കാരണമെന്ന് വിശ്വസിച്ചു. പിന്നീട് ദാനമായി 60 സെന്‍റ് ഭൂമി ക്ഷേത്രാവശ്യത്തിനായി നല്‍കുകയായിരുന്നു. തേജസ്വിനി പുഴയുടെ തീരത്ത് വേരുറപ്പിച്ച ബാലഗോകുലം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം ടൂറിസ്റ്റ്കളെയും ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ദൈവവും പ്രകൃതിയും ഒരുമിക്കുന്ന കാഴ്ച്ചകള്‍ ഇവിടെ കാണാം. ദൈവത്തില്‍ നിന്ന് പ്രകൃതിയിലേക്കും പ്രകൃതിയില്‍ നിന്ന് ദൈവത്തിലേക്കും ഒരുമിച്ച് ഇണങ്ങി ചേരാനുള്ള ഒരു അവസരമാണ് അച്ചാംതുരുത്തി ദ്വീപ്‌ നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്.ആദ്യ കാലങ്ങളില്‍ ജന്മികള്‍ വാഴ്ന്നിരുന്ന പ്രദേശമാണ് അച്ചാംതുരുത്തി. ജന്മി വാഴ്ച്ച  അവസാനിച്ചപ്പോള്‍ അവിടേക്ക് കുടിയേറിയവരാണ് ഇവിടുത്തെ പ്രദേശവാസികളില്‍ പലരും. തങ്ങളുടെ നാട്ടിലേക്ക് വിഷ്ണുമൂര്‍ത്തിയെ വിളിച്ചു വരുത്തി ദൈവപ്രീതി നേടിയതില്‍ ഇവര്‍ ഏറെ അഭിമാനിക്കുകയും ചെയ്യുന്നു. ഏകാധിപതികളായ ജന്മിമാര്‍ പിടിച്ചടക്കി ഭരിച്ചിരുന്ന അച്ചാംതുരുത്തി ഇന്ന്‍ വിഷ്ണുമൂര്‍ത്തി അധിപനായ മണ്ണായിമാറി കഴിഞ്ഞു. എണ്‍പത്തിരണ്ട് വര്‍ഷമായി വിഷ്ണുമൂര്‍ത്തി അച്ചാംതുരുത്തി ദ്വീപിന് കാവലാളായിട്ട്. മനോഹരമായ തേജസ്വിനി പുഴയ്ക്ക് ചുറ്റുമായി 399 വീടുകളാണ് ഉള്ളത്. രണ്ടുവീടുകളൊഴിച്ച് ബാക്കി എല്ലാ വീടുകളും തിയ്യ സമുദായക്കാരുയാണ്. ഒരു വണ്ണാന്‍ സമുദായക്കാരുടേയും ഒരു പുലയ കുടുംബത്തിന്‍റെയും വീടുകളാണ് അവ.

കുട്ടികളുടെ സ്വന്തം ക്ഷേത്രം Reviewed by on .   നിഷ്കളങ്കമായ ഹൃദയത്തിലാണ് ദൈവങ്ങള്‍ കുടിയിരിക്കുന്നത്. അതിനുള്ള തെളിവാണ് ബാലഗോകുലം ശ്രീ വിഷ്ണുമൂര്‍ത്തിക്ഷേത്രം. പ്രകൃതി മനോഹാരിതയ്ക്കിടയില്‍ ഒരു കൊച്ചുക   നിഷ്കളങ്കമായ ഹൃദയത്തിലാണ് ദൈവങ്ങള്‍ കുടിയിരിക്കുന്നത്. അതിനുള്ള തെളിവാണ് ബാലഗോകുലം ശ്രീ വിഷ്ണുമൂര്‍ത്തിക്ഷേത്രം. പ്രകൃതി മനോഹാരിതയ്ക്കിടയില്‍ ഒരു കൊച്ചുക Rating: 0

About nammudemalayalam

scroll to top