Home » സ്പെഷ്യൽ » ഓര്‍മയിലെ ഓണനിലാവ്‌      

ഓര്‍മയിലെ ഓണനിലാവ്‌      

ആതിര ദേവന്‍ കെ.ജെ

geetha suraj

ഗീത സുരാജ്

onam

 ഇന്ന് ഓണം എന്ന് പറയുന്നത് ഒരു കച്ചവടമാണ്. മായമില്ലാത്ത  ഭക്ഷണവും മായമില്ലാത്ത മനസ്സും പഴങ്കഥമാത്രം!

         

     കര്‍ക്കടക  കൊയ്ത്ത് കഴിഞ്ഞാല്‍ പിന്നെ പുതുനെല്ലിന്‍റെ  മണമുള്ള ചിങ്ങപുലരിയാണ്‌. അത്തം തുടങ്ങുന്നതിനു മുന്‍പ് തന്നെ ചിങ്ങനിലാവ് ഓണത്തിന്‍റെ വരവറിയിക്കും. കൊയ്ത്ത് കഴിഞ്ഞു, പറയന്മാര്‍  വീടുകളിലേക്കെത്തിക്കുന്ന  സാധനങ്ങളുടെ  കൂട്ടത്തില്‍ ഒരു കൊച്ചു പൂക്കൂടയും  ഉണ്ടാകും .ഓണപൂക്കള്‍ക്കായുള്ള പുത്തന്‍  പൂകൂടകളില്‍ നിന്നായിരുന്നു കുട്ടികാലത്തെ എന്‍റെ  ഓണം തുടങ്ങുന്നത്.

വയലോരങ്ങളില്‍ പൂത്തുനില്‍ക്കുന്ന തുമ്പ പൂവില്‍നിന്നും തുടങ്ങി വേലിപടര്‍പ്പുകളിലെ  കോളാമ്പിപൂവും ചെമ്പരത്തിയും, തൊടിയിലെ  മുക്കുറ്റിയും കാശിത്തുമ്പയും.. പിന്നെയും ഉണ്ട് പേരറിയാത്ത,  മണമില്ലാത്ത പൂക്കള്‍. അങ്ങനെ ഒരുക്കിയിരുന്ന പൂക്കളങ്ങള്‍ക്ക് ഇന്നത്തെ  പൂക്കളങ്ങളെക്കാള്‍ നിറമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും മധുരയില്‍ നിന്നും പൂക്കളെത്തിയില്ലെങ്കില്‍ ഇന്ന് മലയാളികള്‍ പൂക്കളിടേണ്ട എന്ന് തീരുമാനിക്കും. കാരണം ; ഇന്നത്തെ തലമുറക്കറിയില്ല, പൂപറിക്കുന്നതും പൂവിടുന്നതും മുതല്‍ ഓണത്തിന്‍റെ  വിവിധ ഭാവങ്ങളില്‍ അനുഭവിക്കുന്ന ആനന്ദത്തെക്കുറിച്ച് .

ഇന്ന് ഓണം എന്ന് പറയുന്നത് ഒരു കച്ചവടമാണ്. മായമില്ലാത്ത  ഭക്ഷണവും മായമില്ലാത്ത മനസ്സും പഴങ്കഥമാത്രം!. അന്യസംസ്ഥാനങ്ങളിലെ വിഷം കലര്‍ന്ന അരിയും  പച്ചക്കറിയുമില്ലെങ്കില്‍ മലയാളികള്‍ ഓണം ആഘോഷിക്കില്ല .

പണ്ട് പച്ചമണ്ണ്  നനച്ച് ഓട് ചേര്‍ത്ത് പാകം വരുത്തിയ മണ്ണില്‍ തീര്‍ത്ത തൃക്കാക്കരയപ്പനെ ഉണ്ടാക്കി, മഹാബലി പൂജ നടത്തുമ്പോള്‍ കിട്ടിയിരുന്ന സന്തോഷവും ആത്മസംതൃപ്തിയുമൊന്നും ഇന്ന് കടകളില്‍ നിന്നും വാങ്ങിക്കുന്ന മണ്‍ പ്രതിമകളില്‍  നിന്നും അനുഭവിക്കാന്‍ സാധിക്കില്ല. തൃക്കാക്കരയപ്പന് കിരീടം ചാര്‍ത്തിയിരുന്ന കൃഷ്ണകിരീടം എന്ന പൂവുപോലും ഇന്നത്തെ തലമുറ കണ്ടുകാണില്ല. ഓലക്കുടക്കുപകരമിന്ന് മഹാബലിയെ വരവേല്‍ക്കുന്നത് കളര്‍കുടകളാണ്. പൂവടയുണ്ടാക്കി മഹാബലിക്ക് നിവേദിച്ചിരുന്ന ആചാരങ്ങള്‍ മണ്‍മറഞ്ഞു പോയി. സമൃദ്ധിയുടെ കാലമായിരുന്നു.

ഓണം, കമ്പോളവല്‍ക്കരിക്കപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടുപോയത് പാരമ്പര്യത്തിന്‍റെയും   പൈതൃകത്തിന്‍റെയും  വേരുകളാണ്. ഒത്തുകൂടലിന്‍റെയും  കളങ്കമില്ലാത്ത ചിരിയുടേയും, മാറ്റിവെയ്ക്കപ്പെട്ട ദാരിദ്ര്യത്തിന്‍റെയും  സുഖമുള്ള ഓര്‍മ്മയാണ് എന്‍റെ  ഓണം. പണ്ടൊരു പഴഞ്ചൊല്ലു തന്നെ ഉണ്ടായിരുന്നു.

 

                                ” തിരുവോണം  തിരുതകൃതി

                                  രണ്ടോണം  രണ്ടും ചമഞ്ഞു

                                   മൂന്നോണം മുക്കീം മൂളീം

                                  നാലോണം നക്കീം നുണഞ്ഞും

                                  അഞ്ചോണ്ണം  അരിവാളും വള്ളീം “.

 

തിരുവോണദിനത്തിലെ ആഘോഷവും, അതുകഴിഞ്ഞുള്ള  ദിവസങ്ങളിലെ ശേഷിപ്പുകളും പങ്ക് വെച്ച്  അഞ്ചാം ഓണത്തിന്  വീണ്ടും അരിവാള്‍ എടുത്ത് പാടത്തിറങ്ങുകയാണ് അടുത്തവര്‍ഷത്തേക്കുള്ള ധാന്യമണികള്‍ക്കായ്‌…

ഇന്നെത്തെ തലമുറ ആഡംബരത്തില്‍ ഓണമാഘോഷിക്കുമ്പോള്‍  നഷ്ട്ടപ്പെടുന്നത്  മലയാള തനിമയാണ്. പൂവിളികളും ഓണപ്പാട്ടും,സദ്യയും ഒരുക്കി ഒത്തൊരുമയോടെ ആഘോഷിക്കടേപ്പെണ്ട ദേശീയോത്സവത്തെ മദ്യത്തിലും മയക്കുമരുന്നിലും, കെട്ടുകാഴ്ച്ചകളിലും ഒതുക്കി ഇല്ലാതാക്കുമ്പോള്‍ പഴമകളെ നെഞ്ചിലെറ്റുന്നവര്‍ക്ക് അതൊരു തീര്‍ത്ത തീരാത്ത സങ്കടമായിമാറുന്നു.

 

ഓര്‍മയിലെ ഓണനിലാവ്‌       Reviewed by on . [caption id="attachment_3109" align="alignleft" width="201"] ഗീത സുരാജ്[/caption]  ഇന്ന് ഓണം എന്ന് പറയുന്നത് ഒരു കച്ചവടമാണ്. മായമില്ലാത്ത  ഭക്ഷണവും മായമില്ലാത്ത [caption id="attachment_3109" align="alignleft" width="201"] ഗീത സുരാജ്[/caption]  ഇന്ന് ഓണം എന്ന് പറയുന്നത് ഒരു കച്ചവടമാണ്. മായമില്ലാത്ത  ഭക്ഷണവും മായമില്ലാത്ത Rating: 0

About nammudemalayalam

scroll to top