Home » ആധ്യാത്മികം » ഐതിഹ്യപ്പെരുമയുമായി കീഴ്ത്തളി ശ്രീമഹാദേവക്ഷേത്രം

ഐതിഹ്യപ്പെരുമയുമായി കീഴ്ത്തളി ശ്രീമഹാദേവക്ഷേത്രം

keezthali mahadeva templeഭഗവാന്‍ ശ്രീപരമേശ്വരന്‍ കിരാതമൂര്‍ത്തിയായി കുടികൊള്ളുന്ന  കീഴ്ത്തളി ശ്രീമഹാദേവക്ഷേത്രം അതിപുരാതന സംസ്കൃതിയുടെ പ്രോജ്വല പ്രതീകമാണ്‌. തൃശൂര്‍ ജില്ലയിലെ  വടക്കാഞ്ചേരിക്കടുത്ത് വരവൂരിലെ തളി ഗ്രമത്തിലാണ് കീഴ്ത്തളി മഹാദേവന്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നത്. 2000ലേറെ വര്‍ഷത്തെ പഴക്കമുള്ള ശിവലിംഗ പ്രതിഷ്ഠ ലോകത്തിലെതന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലോന്നായി കണക്കാക്കുന്നു. തറനിരപ്പില്‍നിന്ന് 8 അടി ഉയരവും ഏഴര അടി ചുറ്റളവും ഉള്ള ശിവലിംഗം അനാദികാലത്ത് ദേവന്മാര്‍ പൂജിച്ചാരാധിച്ചിരുതാണത്രേ. മൃത്യുഞ്ജയ ജീവനകല കൊത്തിവെയ്ക്കപ്പെട്ടിട്ടുള്ള  അപൂര്‍വങ്ങളില്‍ അപൂര്‍വ ക്ഷേത്രമാണിതെന്നും പ്രാധാന്യം  വര്‍ധിപ്പിക്കുന്നു. ചെറിയൊരു കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്‍റെ പഴമയെക്കുറിച്ച് വ്യക്തമായ രേഖകളൊന്നുമില്ലെങ്കിലും പ്രാക്തന സംസ്കാരത്തിന്‍റെ മഹിമ വിളിച്ചോതുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യം പറയുന്നത് കുന്നിന്‍ മുകളില്‍ തപസ്സ് ചെയ്തിരുന്ന ഒരു യോഗിവര്യനില്‍ പ്രസാധിച്ച പരമശിവന്‍ യോഗ്യവര്യന്‍റെ ആവശ്യപ്രകാരം ക്ഷേത്രത്തില്‍ കിരാതമൂര്‍ത്തിയായി  കുടികൊള്ളുകയായിരുന്നു എന്നാണ്. പിന്നീട്, ചേരരാജാക്കന്മാരുടെ ഭരണകാലത്ത് കടുത്ത  ശിവഭക്തനായിരുന്ന ചേരമാന്‍ പെരുമാള്‍ തന്‍റെ കോട്ടയായ തളിയിലും പരിസരപ്രദേശങ്ങളിലുമയി 108 ശിവാലയങ്ങള്‍ നിര്‍മിച്ചുവെന്നും അതില്‍ കീഴ്ത്തളി മഹാദേവനാണ് അധിപസ്ഥാനം നല്‍കിയിരുന്നതെന്നും പറയപ്പെടുന്നു. ചേരമാന്‍ പെരുമാള്‍ ഈ 108 ശിവാലയങ്ങളില്‍ നിത്യദര്‍ശനം നടത്തിയിരുന്നത്രേ.

സ്വര്‍ണ്ണ വാണിജ്യ കേന്ദ്രമായിരുന്ന ഇവിടം ടിപ്പു സുല്‍ത്താന്‍റെ പടയോട്ടക്കാലത്ത് ആക്രമിക്കപ്പെട്ടു. നാടും ക്ഷേത്രവും ഒരേ പോലെ തകര്‍ക്കപ്പെട്ടു. വര്‍ഷങ്ങളോളം പൂജാവിധികള്‍ ഒന്നുംതന്നെ ഇല്ലാതെ കിടന്ന 108 ശിവക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും പിന്നീട് ഇല്ലാതായി. ശിവലിംഗങ്ങളും ചിതറപ്പെട്ടു. പ്രദേശവാസികള്‍ക്ക് കഷ്ടതയും ദുരിതവും ഏറിവന്നപ്പോള്‍  അഷ്ടമംഗലപ്രശ്നം നടത്തി. ക്ഷേത്ര പുനരുദ്ധരണത്തിലൂടെ ദേവചൈതന്യം മടങ്ങി എത്തിയാലെ നാടിനെ ദുരിതങ്ങളില്‍ നിന്നും കരകയറ്റുവനാകൂ എന്ന പ്രശ്നവിധിയനുസരിച്ച്  കീഴ്ത്തളി മഹാദേവക്ഷേത്രത്തിന്‍റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അങ്ങനെ ക്ഷേത്രം അതിന്‍റെ പ്രതാപകാലത്തേക്ക് മടങ്ങിവന്നു.

നരസിംഹം,  ഗണപതി, അയ്യപ്പന്‍, ഭഗവതി, നാഗങ്ങള്‍ എന്നിവയാണ് ഉപപ്രതിഷ്ഠകള്‍. മേടമാസത്തിലെ പുണര്‍തം നാളിലാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. ആഘോഷത്തിന് മുന്നോടിയായി സപ്താഹ പാരായണം നടക്കും. പുണര്‍തം നാളിന് ഒരാഴ്ച  മുന്‍പ്  പാരായണം  ആരംഭിച്ച് ഏഴാം നാള്‍  അവസാനിക്കുകയും  എട്ടാം നാള്‍ പ്രതിഷ്ഠാദിനം  കൊണ്ടാടുകയാണ് പതിവ്. ഭഗവാനു ചൈതന്യമേറ്റുന്ന എല്ലാ പൂജകളും അന്ന് നടത്തും. തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ 51 കലശങ്ങളും മറ്റു കലശങ്ങളോടുംകൂടി  അന്ന് കലശമാടി മറ്റുള്ള പൂജകളും നടത്തും. ഭഗവാന്‍റെ പിറന്നാള്‍ ആഘോഷത്തിന് ഭക്തര്‍ക്ക് അന്നദാനം നടത്തുന്ന പതിവും ഇവിടെയുണ്ട്.ശിവരാത്രിയും ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആഘോഷമാണ്.

വിവാഹം, സന്താനലബ്ധി, വിദ്യ എന്നിവക്ക് കിരാതമൂര്‍ത്തിയുടെ അനുഗ്രഹം ശ്രേഷ്ഠമാണെന്നാണ് ഭക്തജന വിശ്വാസം. കുട്ടികളുണ്ടാകാതെ വിഷമിച്ചിരുന്ന ഒരുപാട് ഭക്തര്‍ക്ക് സന്താനഭാഗ്യം കൈവന്നതായി അനുഭവസ്ഥര്‍ പറയുന്നു. മൃത്യുഞ്ജയഹോമം, ശനശ്വരപൂജ,  വിദ്യഗോപാല മന്ത്രാര്‍ച്ചന ഇതെല്ലം പ്രധാനവഴിപാടുകളാണ്. മാസത്തില്‍ രണ്ടുതവണ പ്രദോഷപൂജ നടത്താറുണ്ട്. ചില മാസങ്ങളില്‍ മൂന്നു തവണയും വരാം. അന്നേ ദിവസങ്ങളില്‍ വൈകുന്നേരം കേളികൊട്ടും സമ്പൂര്‍ണ്ണ നെയ്‌വിളക്കും ഉണ്ടാകുന്നതാണ്. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്‌ വില്വപത്രം (കൂവള ഇല) പുഷ്പാഞ്ജലിയാണ്. എല്ലാ ദിവസവും അന്നദാനമുണ്ടെന്നുള്ളതും ഇവിടുത്തെ പ്രത്യേകതയാണ്. ഭക്തജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ക്ഷേത്രത്തെ സര്‍വ്വ ഐശ്വര്യങ്ങളോടെ പഴമയുടെ പ്രൌഢയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു.

ക്ഷേത്രത്തിന്‍റെ ഭരണകര്യ നടത്തിപ്പ് നാട്ടുക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച മഹാദേവ ചാരിറ്റബിള്‍ട്രസ്റ്റിനാണ്. ഇ. ഗോവിന്ദന്‍കുട്ടി നായര്‍ ( ചെയര്‍മാന്‍), എം. നാരായണന്‍കുട്ടി (സെക്രട്ടറി), സി. എം. ഗോവിന്ദന്‍ നായര്‍ (ട്രഷര്‍) എന്നിവരാണ് ഭാരവാഹികള്‍.

വെബ്സൈറ്റ്: www.keezhthalitemple.com

ഐതിഹ്യപ്പെരുമയുമായി കീഴ്ത്തളി ശ്രീമഹാദേവക്ഷേത്രം Reviewed by on . ഭഗവാന്‍ ശ്രീപരമേശ്വരന്‍ കിരാതമൂര്‍ത്തിയായി കുടികൊള്ളുന്ന  കീഴ്ത്തളി ശ്രീമഹാദേവക്ഷേത്രം അതിപുരാതന സംസ്കൃതിയുടെ പ്രോജ്വല പ്രതീകമാണ്‌. തൃശൂര്‍ ജില്ലയിലെ  വടക്കാഞ്ച ഭഗവാന്‍ ശ്രീപരമേശ്വരന്‍ കിരാതമൂര്‍ത്തിയായി കുടികൊള്ളുന്ന  കീഴ്ത്തളി ശ്രീമഹാദേവക്ഷേത്രം അതിപുരാതന സംസ്കൃതിയുടെ പ്രോജ്വല പ്രതീകമാണ്‌. തൃശൂര്‍ ജില്ലയിലെ  വടക്കാഞ്ച Rating: 0

About nammudemalayalam

scroll to top