വ്യക്തിത്വമുള്ള ഒരാളുടെ ലക്ഷണമാണ് നല്ല പെരുമാറ്റരീതി. ഒരു വ്യക്തിയുടെ സംസാരം, സ്വഭാവം, പ്രവര്‍ത്തി തുടങ്ങിയവയെല്ലാം അയാളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഒരു വ്യക്തിക്ക് തന്റെ ഭാവി സ്വന്തം പെരുമാറ്റത്തിലൂടെ മാറ്റാന്‍ സാധിക്കും. ഓരോരുത്തരുടെയും മനോഭാവങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ അവരുടെ പെരുമാറ്റ രീതികളും വിഭിന്നമായിരിക്കും. വ്യക്തിത്വ രൂപീകരണം 90 ശതമാനവും നടക്കുന്നത് ബാല്യ-ശൈശവ ഘട്ടങ്ങളിലായാണ്. ‘ചുട്ടയിലെ ശീലം ചുടല വരെ’ എന്നൊരു പഴമൊഴി തന്നെയുണ്ട്.
ഒരു വ്യക്തി എപ്പോള്‍, എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ വ്യക്തിത്വത്തെ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. കുടുംബമാണ് ഒരു വ്യക്തിയുടെ ആദ്യ വിദ്യാലയം. അവന്റെ വ്യക്തിത്വത്തിന് അടിത്തറ പാകുന്നത് കുടുംബത്തില്‍ നിന്നാണ്. അതു പോലെ തന്നെ ഒരാള്‍ സമൂഹത്തില്‍ എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുന്നത് വിദ്യാലയത്തില്‍ നിന്നാണ്.
മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍ അവരുടെ പ്രായത്തിനെ ബഹുമാനിക്കണം. അതുപോലെ തന്നെ അവരുടെ അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും മാനിക്കണം. പഴഞ്ചന്‍ ചിന്താഗതിയെന്ന് പറഞ്ഞ് തള്ളികളയുന്നതും നിഷേധിക്കുന്നതും നല്ല വ്യക്തിത്വമുള്ള ഒരാള്‍ക്ക് യോജിച്ചതല്ല. ശരിയും തെറ്റും ചൂണ്ടികാണിച്ച് ഒരു വ്യക്തിയെ നല്ല പെരുമാറ്റ ചട്ടത്തില്‍ വാര്‍ത്തെടുക്കുന്നത് മാതാപിതാക്കളാണ്. ചെറുപ്പം മുതല്ക്കു തന്നെ അങ്ങനെ വളര്‍ത്തിയെടുക്കുന്നത് വഴി, അച്ചടക്കവും സത്യസന്ധതയും സംസാരശുദ്ധിയുമുള്ള വ്യക്തികളായി മാറുന്നു. ഇത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിനു മാതൃകയാകും.
പെരുമാറ്റ ദൂഷ്യമുള്ളവര്‍ എവിടെയും മാറ്റി നിര്‍ത്തപ്പെടുന്നു. അശ്ലീല ചുവയുള്ള സംസാരം,ചേഷ്ടകള്‍,പ്രവര്‍ത്തികള്‍,എന്നിവയെല്ലാം പെരുമാറ്റദൂഷ്യത്തില്പ്പെടുന്നു.
വ്യക്തിത്വ രൂപീകരണത്തിനെ സ്വാദീനിക്കുന്ന മറ്റൊരു ഘടകമെന്ന് പറയുന്നത് സുഹൃത്തുക്കളാണ്. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് ഒരു ചൊല്ല് തന്നെയുണ്ട്. ചീത്ത കൂട്ടുകെട്ടുകള്‍ പല അപകടങ്ങളിലേക്കും വഴിവെക്കുന്നു. അതുപോലെ തന്നെ നല്ല സുഹൃത്തുക്കള്‍ ഉയര്‍ച്ചയിലേക്കും നയിക്കുന്നതാണ്.
വ്യക്തിത്വരൂപീകരണത്തില്‍ പങ്കുവഹിക്കുന്ന വേറൊരു ഘടകം മാധ്യമങ്ങളാണ്. ശരി തെറ്റുകളെ മനസ്സിലാക്കുന്നതും നല്ല വഴികള്‍ തുറന്നു കാട്ടുന്നതും മാധ്യമങ്ങളുടെ ധര്‍മ്മമാണ് അത് ഒരു പരിധി വരെ വ്യക്തിയുടെ പെരുമാറ്റം, അച്ചടക്കം, തുടങ്ങി ജീവിതരീതിയെ വരെ സ്വാധീനിക്കുന്നുണ്ട്.
ഒരു വ്യക്തിയിലേക്ക് നമ്മെ അടുപ്പിക്കുന്നത് ആദ്യ കാഴ്ച്ചയിലെ അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ടാവാം ‘ First Impression is the best Impression ‘ എന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ആദ്യത്തെ കാഴ്ച്ചയില്‍ തന്നെ ഒരു വ്യക്തിയില്‍ നമ്മുക്ക് മതിപ്പ് തോന്നുന്നുണ്ടെങ്കില്‍ അത് അയാളുടെ പെരുമാറ്റത്തിലൂടെ ആര്‍ജ്ജിച്ചെടുക്കുന്നതാണ്.