Home » ആരോഗ്യം » പയറുവര്‍ഗ്ഗങ്ങളും പോഷകഗുണവും

പയറുവര്‍ഗ്ഗങ്ങളും പോഷകഗുണവും

വി.കെ. ബിന്ദുമോള്‍

payaruvargangal

നമ്മുടെ പഴയ ഭക്ഷണ രീതിയില്‍ പയറു വര്‍ഗ്ഗങ്ങള്‍ക്ക് പ്രമുഖസ്ഥാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ ആധുനികരീതിയിലുള്ള ഭക്ഷണ സംസ്ക്കാരത്തില്‍ പയറുവര്‍ഗങ്ങളുടെ സ്ഥാനം മത്സ്യവും മാംസവും കവര്‍ന്നെടുത്തുത്തിരിക്കുകയാണ്. ഇതിനു കാരണം. അതിന്‍റെ പരിണിതഫലമോ? മനുഷ്യരില്‍ ആരോഗ്യം കുറയുകയും രോഗങ്ങള്‍ കൂടുകയും ചെയ്യുന്നു.

ധാരാളം വിറ്റാമിനുകളും കാത്സ്യവും മറ്റു ധാതുക്കളും അടങ്ങിയിട്ടുള്ള പയറുവര്‍ഗങ്ങള്‍ പോഷകങ്ങളുടെ കലവറയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുമ്പോള്‍ പോഷകത്തോടൊപ്പം ഔഷധഗുണം കൂടിയാണ് നമുക്ക് നഷ്ട്ടപ്പെടുന്നത് എന്നോര്‍ക്കുക. ചില പയറു വര്‍ഗങ്ങളും അവയുടെ പോഷകഗുണങ്ങളും .

കടല 

kdala 1കറുപ്പ്,  ഇളം ചുവപ്പ്, മഞ്ഞ, വെള്ള എന്നിങ്ങനെ കടല നാലുതരം ഉണ്ട്. പുട്ടും കടലയും മലയാളികളുടെ ഇഷ്ട്ടഭോജനമാണ്.

തലേദിവസം വെള്ളത്തില്‍ ഇട്ടുവെച്ച കടല 20 ഗ്രാം പിറ്റേന്ന് രാവിലെ അരച്ച് അല്‍പ്പം പാലും നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ എന്തുകഴിച്ചാലും തടിക്കാത്തവര്‍ പുഷ്ട്ടിപ്പെടും.

ശ്വാസനാളസംബന്ധമായ അസുഖങ്ങള്‍, ജലദോഷം ശ്വാസംമുട്ട്, തുമ്മല്‍ എന്നിവ കൊണ്ട് കഷ്ട്ടപ്പെടുന്നവര്‍ 20 ഗ്രാം കടല വറുത്ത് രാത്രി കിടക്കുവാന്‍ നേരത്ത് തിന്ന് അതിനു ശേഷം ഒരു ഗ്ലാസ്‌ പാല്‍ കുറുക്കി പഞ്ചസാര ചേര്‍ത്ത്‌ കഴിക്കുന്നത്‌ നല്ലതാണ്.

കടലപൊടി തേച്ച് തലകഴുകിയാല്‍ അഴുക്കുകള്‍ പോയി ശുദ്ധിയാകുന്നതും മുടിക്ക് മിനുസം കിട്ടുന്നതുമായിരിക്കും. മുടി ഇടതൂര്‍ന്ന് വളരുന്നതിനും നല്ലതാണ്.

കടലപൊടിയും ഗോതമ്പുപൊടിയും സമം ചേര്‍ത്ത് കുറുക്കി പശപോലെയാക്കി ശീലയില്‍ കട്ടിയായി പുരട്ടി കുരുവില്‍വെച്ച് കെട്ടിയാല്‍ കുരു പൊട്ടുന്നതായിരിക്കും.

കടല അമിതമായി ഉപയോഗിക്കുന്നത് ധഹനക്കേടിനും മൂത്രക്കല്ലിനും കാരണമാകും.വാതരോഗികള്‍ക്കും കടല ഹിതമല്ല.

 

ചെറുപയര്‍

cherupayar പയറുവര്‍ഗധാന്യമായ ചെറുപയര്‍ മഞ്ഞനിറത്തിലും പച്ചനിറത്തിലും ഉണ്ട്. ഇതില്‍ പച്ചനിറമുള്ള ചെറുപയര്‍ ആണ് ഏറ്റവും  ഉത്തമമായിട്ടുള്ളത്. ചെറുപയര്‍ പുഷ്ട്ടികരമായ ഒരാഹാരധാന്യമാണ്. രുചികരമായിട്ടുള്ള ചെറുപയര്‍ കറിവെക്കാനും പലഹാരങ്ങള്‍ക്കും പരിപ്പ് പ്രഥമന്‍ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. ഇത് കഫപിത്തങ്ങളെ ശമിപ്പിക്കും. ചെറുപയര്‍ കണ്ണിന് വളരെ നല്ലതാണ്. ശരീരത്തിന്‌ ഓജസ്സും ബലവും ഉണ്ടാക്കും. രക്തവര്‍ധനവിന് നല്ലതാണ്. രക്തദോഷം, പിത്തം,കഫം,മഞ്ഞപിത്തം,നേത്രരോഗം,ജ്വരം ഇവയെ ശമിപ്പിക്കും. വാതരോഗികള്‍ക്ക്‌ നല്ലതല്ല.

ചെറുപയറിന്‍റെ സൂപ്പ് രോഗം വന്ന് മാറിയവര്‍ക്ക് പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ ഉതകുന്ന ഒരു ഔഷധപ്രയോഗമാണ്. 100ഗ്രാം ചെറുപയര്‍ 24 ഔണ്‍സ് വെള്ളത്തില്‍ പുഴുങ്ങി 6 ഔണ്‍സ് ആക്കി കുറുക്കി പിഴിഞ്ഞെടുത്ത് മൂന്ന് ഔണ്‍സ് വീതം രണ്ടുനേരം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.ചെറുപയറിന്‍റെ സൂപ്പ് പാല്‍ ചേര്‍ത്തു കഴിച്ചാല്‍ ഉദരപുണ്ണിന് നല്ലതാണ്.കരള്‍ വീക്കം,പ്ലീഹാവീക്കം  എന്നിവയുള്ള രോഗികള്‍ക്ക് ചെറുപയറിന്‍റെ സൂപ്പ് ഫലപ്രദമാണ്. പ്രമേഹരോഗികള്‍ക്കും ഉത്തമമാണ്.

ആയുര്‍വ്വേദ വിധി പ്രകാരം എണ്ണതേച്ച് കുളിക്കുമ്പോള്‍ സോപ്പിനുപകരം ചെറുപയര്‍പൊടി ഉപയോഗിക്കാവുന്നതാണ്‌. ഇത് ശരീരഭംഗി നിലനിര്‍ത്തും. മുലപ്പാല്‍ കെട്ടിനിന്നോ തലനീരിറക്കം കൊണ്ടോ മുലകള്‍ക്ക് ഉണ്ടാകുന്ന വീക്കത്തിന് ( നീര് ) ചെറുപയര്‍ പുഴുങ്ങി അരച്ച് പശപോലെയാക്കി തേച്ചാല്‍ ഫലം കിട്ടും.

പുട്ടും ചെറുപയര്‍കറിയും, വെള്ളപ്പവും ചെറുപയര്‍കറിയും അധ്വാനശീലരുടെ ഭക്ഷണക്രമമാണ്. ചെറുപയറും സമം ഉണക്കലരിയും (പച്ചരിയും ) ചേര്‍ത്ത് കഞ്ഞിവെച്ച് പശുവിന്‍നെയ്യ് ചേര്‍ത്ത് കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് നാഡീസംബന്ധമായ രോഗങ്ങളില്‍ പഴയമുറപ്രകാരമുള്ള നല്ലൊരു ചികിത്സയാണ്. കളരിപയറ്റ് ശീലമാക്കുന്നവര്‍ക്ക് കര്‍ക്കടകമാസത്തില്‍ ഈ കഞ്ഞി വളരെ ഗുണകരമാണ്. സാധാരണക്കാര്‍ക്ക് ശരീരപുഷ്ടിയും ബലവും നല്‍കും. പക്ഷേ ശരീരം തടിച്ചവര്‍ക്ക് അത്ര നല്ലതല്ല.

ചെറുപയര്‍ രണ്ടുദിവസം വെള്ളം നനച്ചു വെച്ചാല്‍ മൂന്നാം ദിവസം ചെറിയ മുള പൊട്ടുന്നതായി കാണാം. മുളച്ച ചെറുപയര്‍ സാധാരണപോലെ വറുത്ത് ഒറ്റക്കോ മറ്റ് ആഹാരത്തോടു കൂടിയോ പ്രഭാതത്തില്‍ കഴിക്കുക. ഇത് കൊണ്ടു തന്നെ കഞ്ഞി ഉണ്ടാക്കി തേങ്ങയും സ്വല്‍പ്പം മധുരവും ചേര്‍ത്ത് കഴിക്കാം. വിറ്റാമിന്‍ -ഇ ധാരാളം ഈ കഞ്ഞിയില്‍ ഉണ്ടാകും ഹൃദ്രോഗികള്‍ക്ക് ഏറ്റവും ഫലം ചെയ്യുന്ന ഒരു ഭക്ഷ്യപദാര്‍ത്ഥമാണ് ഈ കഞ്ഞി. കളരിയഭ്യാസം, ഭാരോദ്വഹനം മുതലായ വ്യായാമമുറകള്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ചും ഈ കഞ്ഞി അമൃതിന് സമം ഫലം ചെയ്യും.

കണ്ണിന്‍റെ ഉഷ്ണം തീര്‍ക്കാന്‍ ചെറുപയര്‍ പൊടിച്ച് റോസ് വെള്ളത്തില്‍  അരച്ച് പശപോലെയാക്കി കണ്ണടച്ച് കണ്ണിനുമുകളില്‍ വെക്കുക. നല്ല കുളിര്‍മ കിട്ടും. ചെറുപയര്‍ കഷായം തേള്‍ കടിച്ച വിഷത്തിന് കഴിക്കാവുന്നതാണ്.ചെറുപയറിന്‍റെ  പൊടിയില്‍ ചുണ്ണാമ്പ് കൂട്ടിച്ചേര്‍ത്ത് കടിവായില്‍ പുരട്ടുകയും ചെയ്യാറുണ്ട്.

 

മുതിര

muthira  കുതിരയുടെ  ഭക്ഷണമായിട്ടാണ് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രാം (Horse gram) എന്ന ഇംഗ്ലീഷ് പദം മുതിരക്ക് കിട്ടിയത്.മുതിര ഉഷ്ണമാണ്‌. ദഹനരസം പുളിപ്പാണ്. മലബന്ധം ഉണ്ടാക്കും, രക്തപിത്തത്തെ വര്‍ധിപ്പിക്കും. വിയര്‍പ്പിനെ കുറയ്ക്കും കഫം ,വാതംഎന്നിവ ശമിപ്പിക്കും. പീനസം, അര്‍ശസ്, കാസം, ചുമ എന്നിവയ്ക്ക് മുതിര ഫലപ്രദമാണ്. മൂത്രക്കല്ല് വയറുവീര്‍പ്പ്,പ്രമേഹം എന്നീ രോഗങ്ങള്‍ക്കും മുതിര വളരെ നല്ലതാണ്. മൂത്രത്തെ വര്‍ദ്ധിപ്പിക്കും.തടിച്ചവര്‍ മെലിയുന്നതിന് മുതിര നല്ലതാണ്.വണ്ണമുള്ളവര്‍ കഴിക്കുമ്പോള്‍ ആരോഗ്യം ഉണ്ടാവുകയും ക്ഷീണം തോന്നുകയുമില്ല.

പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഗര്‍ഭാശയശുദ്ധിക്കുവേണ്ടി കൊടുക്കുന്ന ഔഷധങ്ങളില്‍ പ്രഥമഗണനീയമായിട്ടുള്ളത് മുതിരയാണ്. മുതിര കഷായംവെച്ച് കഴിക്കുകയാണ് പതിവ്. സ്ത്രീകള്‍ക്ക്  വെള്ളപോക്കിന് മുതിരക്കഷായം നല്ലതാണ്. 60 ഗ്രാം മുതിര ഇടങ്ങഴി വെള്ളത്തില്‍ കഷായംവെച്ച് കുറുക്കി നാഴിയാക്കിയെടുക്കുക. ആ കഷായം 2 നേരം കഴിക്കുക.

മുതിര വറുത്ത് പൊടിച്ച് കിഴിയാക്കി ചൂടുള്ള മുതിര കഷായത്തില്‍ മുക്കി കിഴിവെച്ചാല്‍ കൈക്ക് സ്വാധീനം കുറയല്‍, കൈകാലുകളുടെ വേദന, നീര്, കടച്ചില്‍ എന്നിവയെ ശമിപ്പിക്കും. മുതിരപ്പൊടി വാതരോഗികള്‍ക്ക് ഉദ്വര്‍ത്തനത്തിന്  നല്ലതാണ്. ഈ ഉദ്വര്‍ത്തനം അമിത വിയര്‍പ്പിനെ ഇല്ലാതാക്കും.

 

60 ഗ്രാം മുതിര കഷായംവെച്ച് 6 ഔണ്‍സ് നല്ലെണ്ണ ചേര്‍ത്ത് കാച്ചിയെടുക്കുന്ന തൈലം വാതത്തിനും തണുപ്പിനും തരിപ്പിനും പുറമേപുരട്ടി തലോടിയാല്‍ പെട്ടെന്ന് ഫലം കിട്ടും.

മുതിരകഷായമുണ്ടാക്കി അതില്‍ സ്വല്‍പ്പം മല്ലിയും ജീരകവും വെളുത്തുള്ളിയും കടുകും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്ത് കഷായം വറവില്‍ ഒഴിച്ച് കഴിച്ചാല്‍ രക്താര്‍ബുദത്തില്‍ ഉണ്ടാകുന്ന പ്ലീഹാവീക്കവും മഞ്ഞപിത്തവും മാറുന്നതാണ്.

മുതിരക്കഷായം കഴിച്ചാല്‍ മൂത്രക്കല്ല് പൊടിഞ്ഞ് പോകുമെന്നു മാത്രമല്ല വൃക്കയില്‍ കല്ല്‌ ഉണ്ടാകുന്നത് തടയുകയും ചെയ്യും. രണ്ട് ഔണ്‍സ് മുതിരക്കഷായത്തില്‍ സമം മുള്ളങ്കിനീര് ചേര്‍ത്ത് കഴിച്ചാല്‍ മൂത്രക്കല്ല് പെട്ടെന്ന് പൊടിഞ്ഞു പോകും.

 

 

ഉഴുന്ന്  

       uzhnnu  ഉഴുന്ന്  വാതത്തെ ശമിപ്പിക്കുകയും പിത്തത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു വായു കോപത്തെ ഉണ്ടാക്കുന്നതിനാല്‍ അല്‍പ്പം കായം ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാകും.

അഗ്നിമന്ദ്യം തീര്‍ക്കുന്നതിന് ഉഴുന്ന് വളരെ നല്ലതാണ് ഉഴുന്നുകൊണ്ടുള്ള ഏതു ഭക്ഷ്യവസ്തുക്കളും മെലിഞ്ഞശരീരമുള്ളവര്‍ക്ക് ഉത്തമമായ ആഹാരമാണ്. പ്രമേഹരോഗികള്‍ക്ക് രാത്രി ഭക്ഷണത്തിന് ഉഴുന്നുകൊണ്ടുള്ള ഇഡലി നല്ലതാണ്.ഇഡലിയുടെ മാവ് അധികം പുളിപ്പിക്കാതെ ഉപയോഗിക്കുകയാണ് വേണ്ടത്.

ഞരമ്പുരോഗങ്ങള്‍, വയറുകടി , പക്ഷാഘാതം, അതിസാരം എന്നിവയ്ക്ക് ഉഴുന്ന് വളരെ ഫലപ്രദമാണ്.

ഗ്ര്ഭാപാത്രസംബന്ധമായ രോഗങ്ങള്‍ക്ക് ഉഴുന്ന് വറുത്ത് കഴിക്കുന്നത്‌ നല്ലതാണ്. സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും ഉഴുന്ന്  ഫലപ്രദമാണ്.

ഉഴുന്ന് കഷായംവെച്ച് ഇരട്ടിമധുരം അരച്ചുകലക്കി എണ്ണ കാച്ചി തേയ്ക്കുകയും രാത്രി നെയ്യില്‍ ഉണ്ടാക്കിയ ഉഴുന്നുവട കഴിച്ച് മീതെ പാല്‍ കഴിക്കുകയും ചെയ്‌താല്‍ തലവേദന എത്ര പഴകിയതായാലും കുറയുന്നതാണ്.

60 ഗ്രാം ഉഴുന്ന് കിഴികെട്ടി ഉരി പാലില്‍ രണ്ടു നാഴി വെള്ളം ചേര്‍ത്ത് കിഴി അതില്‍ ഇട്ട് കുറുക്കി പാലളവായാല്‍ കിഴി പിഴിഞ്ഞ് പഞ്ചസാര ചേര്‍ത്ത് രാത്രി കുടിക്കുക. നല്ല ഉറക്കം കിട്ടും.

ഉഴുന്ന്,ഇരട്ടിമധുരം, പാല്‍ ,മുതുക്കിന്‍കിഴങ്ങ് എന്നിവ ശീലപൊ ടിയാക്കി പഞ്ചസാര ചേര്‍ത്ത് തേനില്‍ കുഴച്ച് അതിരാവിലെ വെറും വയറ്റില്‍ കഴിച്ചതിനുശേഷം പാല്‍ കുടിക്കുക. അസ്ഥിസ്രാവം ശമിക്കും.

ഉഴുന്ന്,നായ്ക്കുരണവേര്, വെളുത്ത ആവണക്കിന്‍ വേര് ഇവകൊണ്ടുള്ള കഷായം ഇന്തുപ്പും കായവും മേമ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പക്ഷാഘാതത്തിന്‌ ആശ്വാസം  ലഭിക്കും.

 

അമരപ്പയര്‍

amarapayarമൂത്രം പോകാത്ത അവസ്ഥ ഉണ്ടായാല്‍ അമരപ്പയര്‍ 240 ഗ്രാം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസവും രണ്ടുനേരമായി കഴിക്കുക. മൂത്രം  പോകുകയും നീര് വലിയുകയും ചെയ്യും. ഹൃദ്രോഗികള്‍ക്ക് ഉണ്ടാകുന്ന നീരിനും ഇത് ഫലപ്രദമാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ ഇല്ലെങ്കില്‍ അമരപ്പയര്‍ തോരന്‍ വെച്ച് നാളികേരം ചിരകിയിട്ട് കഴിച്ചാല്‍ മതി.

സോറിയാസിസിന് അമരപ്പയര്‍ വളരെ നല്ലതാണ്. അമരപ്പയര്‍ മേല്‍പ്പറഞ്ഞ വിധത്തില്‍ കഷായം വെച്ച് കഴിക്കുകയും ആ കഷായത്തില്‍ അമരക്കായ കല്ക്കമാക്കി ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

ഇത് വാതത്തെയും പിത്തത്തെയും രക്തത്തെയും മൂത്രത്തെയും വര്‍ദ്ധിപ്പിക്കും.നേത്രരോഗികള്‍ക്ക്‌ നല്ലതല്ല.കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കും.

 

പയറുവര്‍ഗ്ഗങ്ങളും പോഷകഗുണവും Reviewed by on . നമ്മുടെ പഴയ ഭക്ഷണ രീതിയില്‍ പയറു വര്‍ഗ്ഗങ്ങള്‍ക്ക് പ്രമുഖസ്ഥാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ ആധുനികരീതിയിലുള്ള ഭക്ഷണ സംസ്ക്കാരത്തില്‍ പയറുവര്‍ഗങ്ങളുടെ നമ്മുടെ പഴയ ഭക്ഷണ രീതിയില്‍ പയറു വര്‍ഗ്ഗങ്ങള്‍ക്ക് പ്രമുഖസ്ഥാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ ആധുനികരീതിയിലുള്ള ഭക്ഷണ സംസ്ക്കാരത്തില്‍ പയറുവര്‍ഗങ്ങളുടെ Rating: 0

About nammudemalayalam

scroll to top