അരവയറില്‍ തോര്‍ത്തും ചുറ്റി
ഓഹോഹൈ പാടിപ്പാടി
കാളകളെ യാക്കംക്കൂട്ടി
പൂട്ടി മണ്ണുഴുതു മറിച്ചു.
തന്നൂര്‍ജ്ജം നല്കി മണ്ണില്‍
ചേതനയുണര്‍ത്തി പാവം
വിളയിക്കും നെല്ലിന് തങ്ക -
ക്കതിരോന്‍ തന് നിറവും പേറി.
തച്ചോളി ചേകോന് പാട്ടും
സിരകളിലതുണര്ത്തും വീര്യം
നിരനിരയായ് കൊയ്തു നിരത്തും
തരുണികളുടെ കരവിരുതുകളും
തുമ്പിപാട്ടൊഴുകി നടക്കും
അരുവികളുടെ കളകളവും
തുമ്പപ്പൂ തേടി നടക്കും
ബാലികയുടെ കുഞ്ഞു മനസ്സും
ഓണനിലാവോളം തുള്ളും
ഓര്‍മ്മകള്‍ തന് പാലാഴിയുമി-
ന്നെവിടെപ്പോയ് മറയുന്നയ്യോ-
നിറയുന്നൂ വിഷവും പുകയും !
മറയുന്നൂ പൊന്‍പുലരികളും
മാനവരുടെ മനസ്സില്‍ നിന്നും
മറയുന്നൂ സാഹോദര്യ-
ക്കരുതലുകളുടെ കാലവുമെല്ലാം
സാങ്കേതികവിദ്യകള്‍ നല്‍കും
മായികമാം ലോകത്തല്ലോ
സ്വയമില്ലാതായി തീരും
മാനവരുടെ സഞ്ചാരം !