ഖനനം

ഡാഗി കെ.ജെ

gananam 1

മുഷിയാത്ത എന്നാല്‍ രസിക്കാത്തതുമായ ഓഫീസ് ഫയലുകളില്‍ തിരയുന്നത് ഏതു തരം സത്യാന്വേഷണമാണെന്ന് തിരിച്ചറിയാനാവാതെ കുഴങ്ങുമ്പോള്‍ മാറാല പിടിച്ച ജനാലകതകുകള്‍ക്കെതിരെ  നീണ്ട നാട്ടു വഴികളുടെ തരിശുഭൂമി ഭൂപട മായി എന്‍റെ കണ്ണുകളില്‍ ഇരുട്ടു കയറ്റും. ചുവന്നതും കരിഞ്ഞതുമായ നിണ ഭൂമിയില്‍ നെല്‍ക്കതിരിലെ ധാന്യമണികളുടെ നിറവിനെ പ്രതിധ്വനിക്കും വിധം മരുപച്ചയായ നീരുറവകള്‍ ഒഴുകുന്നതിനെ മലീമസമാക്കുന്ന അതെ ഇരുട്ട് എന്നെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ചിന്താശേഷിയില്ലാത്ത കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ക്കിടയില്‍ നര ബാധിച്ച തലച്ചോറുള്ള ആധുനിക മോണിറ്ററായി ഞാനും അതെ ഇരിപ്പിരിക്കുന്നു .

രണ്ടു മൈലുകള്‍ക്കപ്പുറത്ത് ഒരുകോടി പാറുന്നുണ്ടാവണം. നാളെ ആദിവാസികളെന്ന പ്രാകൃത മനുഷ്യവാസികളുടെ കൊച്ചു സമ്മേളനം നടക്കുമെന്ന് കൂനുള്ള വൃദ്ധന്‍ വഴിവക്കിലിരുന്ന് അന്യ ഭാഷയില്‍ വിളിച്ചു കൂവുന്നത് ഇന്നലെ ഞാനും കേട്ടിരുന്നു.

സര്‍ക്കാറിന്‍റെ വാഹനത്തില്‍ കേന്ദ്രഗവന്‍മെന്‍റ്ന്‍റെ മാന്യമായ ശമ്പളത്തില്‍ സൗകര്യങ്ങള്‍ കുറവുള്ളതെങ്കിലും പല രീതിയും മെച്ചപെടുത്താവുന്നവാടക വീട്ടില്‍ തനിച്ചു കഴിയുമ്പോള്‍ അഞ്ചക്കശമ്പളം വാങ്ങാനായി എഴുതിതീര്‍ത്ത പരീക്ഷകളുടെയും കോചിംഗ് ക്ലാസുകളുടെയും വെറ്റിലകറ പുരണ്ട ഓര്‍മ്മകള്‍ വികൃതമായി വന്നു കയറുന്നു.

അല്‍പ്പം പഴകിയ ചായം തേഞ്ഞ ചുമരില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചിത്രം തൂക്കിയിരുന്നു. ആദ്യമായി ഉത്തരേന്ത്യയിലെ പ്രാചീനമായ കുഗ്രാമാത്തിലേക്ക് വന്നപ്പോള്‍ എതിരേറ്റ  കൌതുക വസ്തു.

തരിശുഭൂമികളുടെ പഴയചരിത്രം ചിത്രത്തിലെ വിശാലമായ നീരുറവയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തുത്തിരുന്നു. ഏതോ സഞ്ചാരിയായ ചിത്രകാരന്‍ മരതണലിലിരുന്ന്‍പച്ചയിലകളുടെ ചായം ഉപയോഗിച്ച് വരച്ചെടുത്ത ചിത്രമായിരിക്കാമത്. തലമുറകളായി കൈമാറി ഒടുവില്‍ എന്നെ തേടി വന്ന ഒന്ന്.

താമസിക്കുന്ന ഗ്രാമത്തെക്കുറിച്ച് വിവിധ തരം ഭൂപടങ്ങള്‍ വരച്ചുണ്ടാക്കി അടുത്തടുത്ത ഗ്രാമങ്ങളിലെ ധാതുദ്രവ്യങ്ങളെക്കുറിച്ച് താരതമ്യം ചെയ്ത് പുതിയൊരു റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു ആദ്യത്തെ ജോലി. അത് ഭംഗിയായി ചെയ്തതു കൊണ്ടാവാം അരിഞ്ഞും വരിഞ്ഞും കോറിയ നിഴല്‍ യുദ്ധ ഭൂമികള്‍ തരിശായിട്ടും മൂടി വച്ചിരിക്കുന്ന ഖനന സാമഗ്രികളെ പുറത്തെടുക്കാന്‍ ഉത്സാഹിക്കേണ്ടവരുടെ കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്തിയത്‌.

രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ തൃപ്തിപ്പെടുത്താന്‍ നമ്മുടെ തന്നെ അന്ത:സത്തയില്‍ ഒളിച്ചിരിക്കുന്ന ധാതുലോഹങ്ങളുടെ ഖനന srumgha  കൂട്ടണമെന്നും അതിനായി നിയോഗിച്ചിരിക്കുന്നവരാണ് നിങ്ങളെന്നും അവര്‍ പറഞ്ഞിരുന്നു. പുതുതായി വായ്പകളെടുക്കുവാനും തലമുറകള്‍ക്ക് പിന്തുടരാനുള്ള പലിശയുടെ കോമ്പല്ലുകള്‍ ജനിക്കുന്ന ഓരോ ശിശുവിനും കെട്ടി വക്കാനും ഇതുപകാരപ്രദമാവുമോയെന്ന് ആരും പറഞ്ഞതുമില്ല.

സാമ്പത്തികമായി ഉയരുന്നത് മണ്ണിന്‍റെ ആഗാധങ്ങളിലെ നീരുറവകളുടെ തുടിപ്പുകള്‍ അറിഞ്ഞു കാണില്ല. അതുകൊണ്ടായിരിക്കണം അവ ഒന്നൊന്നായി വറ്റിപ്പോകുന്നത്. എന്‍റെ ശബ്ദം ഇരു ചെവികളിലും എനിക്കു മാത്രം കേള്‍ക്കാവുന്ന ഉച്ചത്തില്‍ മുഴങ്ങി .

രാത്രികളില്‍ ഉറക്കം നടിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുമ്പോള്‍ നാട്ടില്‍ തെങ്ങിന്‍റെ ഓലകള്‍ കുറുകി പോവുന്നത് നോക്കി പ്രകൃതി ജന്യമായ രീതിയില്‍ ചികിത്സിക്കുന്ന ഒരു നിഴല്‍ എന്‍റെ കിടക്കയെ പൊതിഞ്ഞു. അപൂര്‍വ്വമായി ലഭിക്കാറുള്ള സായാഹ്നസന്ധ്യകളില്‍ കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ കൈകോര്‍ത്ത് നടക്കുമ്പോള്‍ കിളികളുടെ ചിറകടി ഒച്ചകള്‍ക്കൊപ്പം കൈവിരലുകള്‍ താളം പിടിക്കും. ചിതലരിക്കാത്ത ഓര്‍മ്മകളില്‍ ഒരു നുറുങ്ങായി ഉണങ്ങി പോകുന്നു.കഴിഞ്ഞ തവണ നാട്ടില്‍ പോയി വന്നതിനു ശേഷം അടിവയറില്‍ തുടിപ്പുണ്ടെന്നു തോന്നി തുടങ്ങിയിരിക്കുന്നു.

വ്യക്തി ജീവിതത്തിന്‍റെ കാഴ്ച്ചകളിലേക്ക് വിലയിക്കുവാന്‍ ഉറക്കത്തിനു മുന്‍പുള്ള അല്പ്പസമയമാണ് ആകെ ലഭിക്കുക. അന്വേഷണോത്സുകമായ ദിനങ്ങളിലേക്ക് അതിവേഗത്തില്‍ പായുമ്പോള്‍ ശരീരത്തിന്‍റെ വേദനകള്‍ മനസ്സിനെ മറക്കുന്നു. പുറത്തു വരാനാവാതെ കൊഴിയുന്നു.

ആദിവാസി സമ്മേളനം നടന്നോ എന്നറിയില്ല. വാഹനത്തില്‍ ഉപകരണങ്ങളുമേന്തി സര്‍വ്വേക്ക് പോകുന്നതിനിടയിലാണ് പലതും കാണേണ്ടിവരുന്നത്. അപരിചിതമായ ഒരു കൂട്ടം നാട്ടുവാസികള്‍. തലയിലും ശരീരത്തിലും ഭീതി കയറിയ എന്നാല്‍ അക്രമാസക്തരായേക്കാവുന്ന മനുഷ്യര്‍. അവര്‍ക്ക് മണ്ണിന്‍റെ  നനവില്‍ മരിക്കണമെന്ന് പറയുമ്പോള്‍ ഉറുമ്പരിക്കുന്ന നിണത്തിന്‍റെ  ദുര്‍ഗന്ധം വെടിയൊച്ചയാല്‍  നനവാക്കുന്നകറുത്തകുപ്പായക്കാര്‍. അവരവരറിയാതെ പരസ്പരം സ്പര്‍ദ്ധകള്‍ സൃഷ്ടിക്കുന്നത് ജേഷ്ട്ന്‍ അനുജനെ ചോരയുടെ കളിത്തോരണമാക്കുന്നത്. എനിക്കതെല്ലാം പുതിയ കാഴ്ച്ചകളായിരുന്നു. വെടിയൊച്ചകള്‍ ചെവികള്‍ക്കു പുറമേ ചക്രമായി കറങ്ങി. ചര്‍ദിക്കുവാന്‍ തോന്നി.സൂട്ട്‌കേസില്‍ വിദഗ്ദ്ധമായ പദ്ധതികള്‍ക്കുമായി വന്ന ഏതോ കമ്പനിക്കാര്‍ക്കു മുന്‍പില്‍ ഞാന്‍ മഞ്ഞ നിറത്തില്‍ തുപ്പി. എന്‍റെ റിപ്പോര്‍ട്ടുകള്‍ അവര്‍ക്കും ഉപകാരപ്രദമായിരുന്നോ ?

ഏതായാലും അവര്‍ക്ക് രക്ഷകരുടെ വേഷമായിരുന്നു. വില കൂടിയ കാറുകളും അഴുക്കില്ലാത്ത ചന്തം ചാലിച്ച ഫ്ലാറ്റുകളും അവര്‍ക്കുള്ളിലെ ദുര്‍ഗ്ഗന്ധം വമിക്കുന്ന തലച്ചോരുകളുമായിരുന്നിരിക്കണം അവര്‍ക്കെന്ന് സ്വയം പറഞ്ഞു.

മണ്ണിന്‍റെ കുടങ്ങളുമായി ദൂരത്തോളം ഏങ്ങി വലിക്കുന്ന സ്ത്രീ രൂപങ്ങള്‍ എന്നെ ദയനീയമായി നോക്കുന്നതു പോലെയൊരു ചിത്രം എന്‍റെ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ ആരുമറിയാതെ രചിച്ചു.

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ കണ്ടെത്തിയത് പ്രശംസ അര്‍ഹിക്കുന്ന ഒന്നായിരുന്നത്രെ ! ഓഫീസില്‍  നിന്നും എത്തി നോക്കിയാല്‍ കാണാവുന്ന കുന്നിന്‍ ചരിവില്‍ വിലപിടിപ്പുള്ള എന്തോ ഒന്നുണ്ട്. വഴി വക്കിലെ വൃദ്ധന്‍ നിസ്സാരമായി പറഞ്ഞിരുന്ന ഒന്ന് സത്യമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച സന്തോഷം എന്‍റെ മുഖത്ത് പ്രകടമായിരുന്നു. അല്‍പ്പാല്‍പ്പം ക്ഷീണത്തിന്‍റെ നിഴല്‍ തത്തിക്കളിച്ചെങ്കിലും വെടിയൊച്ചകളില്ലാത്ത തിരക്കിന്‍റെ മറവുള്ള നാളുകള്‍ സ്വപ്നം കണ്ടു തുടങ്ങി. സ്വപ്നങ്ങള്‍ വെളിച്ചം വീശാത്ത കരിമ്പിന്‍ തോട്ടങ്ങളാ ണെന്ന് നിഴല്‍ രൂപം താക്കീതു നല്‍കിയെങ്കിലും എന്‍റെ കണ്ണുകള്‍ ഇരുട്ടിലെ വെളിച്ചത്തെ തപ്പി.

നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ ഖനനം തുടങ്ങിയിരുന്നു. തലേന്നു അവസാനിച്ചു തുടങ്ങിയ അന്തേവാസികളുടെ അമ്പരപ്പ്‌ നിലവിളികളായി.വികസനം ഖനനത്തിന്‍റെ ധാതു ലവണങ്ങളായും ഫാക്ടറിയുടെ അടിത്തറയായും  ആഹ്ലാദാരവം മുഴക്കി. ശ്വാസം കിട്ടാതെ മുങ്ങി മരിച്ച മീനുകളുടെ കൂട്ടത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെന്ന് വഴിവക്കിലെ വൃദ്ധന്‍ ഏങ്ങലോടെ പറഞ്ഞു.

അന്നും ഞാന്‍ യാത്ര ചെയ്തിരുന്നത് അതെ വഴിയിലൂടെയായിരുന്നു .ഖനനത്തിന്‍റെ തുടക്കം മുതല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വേണമെന്നുള്ളത് കൊണ്ട് നേരത്തെ ഓഫീസിലെത്തണമെന്ന് പറഞ്ഞിരുന്നു.

പതിവിനു വിപരീതമായി ശൂന്യമായ നാല്‍ക്കവല.കാറ്റിന്‍റെ തരംഗങ്ങള്‍ ഏറ്റിട്ടും അനങ്ങാത്ത മരത്തിന്‍റെ മഞ്ഞച്ച ഇലകള്‍. അധികം ദൂരമില്ലാത്തതുകൊണ്ട് കാല്‍ നട തെട്ടറ്റില്ലാത്തതാണെന്ന് തോന്നിയിരുന്നു . പട വൃക്ഷത്തിന്‌ ഓരത്ത് ചുവന്ന പട്ടില്‍ പൊതിഞ്ഞ് പൂജിക്കുന്ന കല്ലിന്‍റെ നെറ്റിയില്‍ ചാര്‍ത്തിയ കുങ്കുമം പ്രസാദമായി വൃദ്ധന്‍ നല്‍കിയിരുന്നു. അതിന്നലെ ഷെല്‍ഫില്‍ തപ്പിയിട്ടും കിട്ടില്ലായിരുന്നു. തരിശുഭൂമിയില്‍ ഒരിടത്ത് ശവങ്ങള്‍ മറവുചെയ്യാനാവാത്തതിനാല്‍ എല്ലാം കൂട്ടിയിട്ട് ഒറ്റയടിക്ക് കത്തിച്ചു ചാരമാക്കാമെന്നും ഏതോ ആജ്ഞകള്‍ അശരീരികളായി. വിജനമായി കൊണ്ടിരിക്കുന്ന കുടിലുകള്‍ക്കടുത്തുള്ളസമതലങ്ങള്‍ എന്നെ നോക്കി പല്ലിളിച്ചു.

നടത്തത്തിന്‍റെ വേഗതയോടൊപ്പം ഖനനത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ മുഴങ്ങിക്കേട്ടു. ശബ്ദങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കം. ചുരന്നെടുക്കുന്ന നീരാളി കൈകള്‍ മാംസത്തെ കൊത്തി വലിക്കുന്നു.

ഖനനം തുടരുകയാണ് . മത്തു പിടിച്ച കൈകള്‍ ഓരോ ആവരണങ്ങളും പൊളിച്ചെടു ത്തു. വിലപിടിപ്പുള്ള ശേഖരങ്ങള്‍ കണ്ണുതുറക്കാനവാതെ കരയുന്നത് കേള്‍ക്കാം .

എനിക്ക് അടിവയറ്റില്‍ വേദന തോന്നി.ഭൂമി ഒന്നാകെ പിളര്‍ന്നു വിലയം പ്രാപിക്കുന്നതായ സങ്കല്‍പ്പത്തില്‍ നിന്നും രക്ഷപ്പെടാനാവാതെ ശ്വാസംമുട്ടി.ആരോ പിഴുതെറിയുന്നത് ഞരമ്പിന്‍റെ വേദനകളിലേക്ക് പടര്‍ന്നു. തലയിലൂടെ ഒരു മൂളക്കം പാഞ്ഞു വന്നു. വണ്ടുകളുടെ മുരള്‍ച്ച. കാക്കകളുടെ ശബ്ദത്തേക്കാള്‍ കഴുകന്മാരുടെ ശബ്ദം തരംഗദൈര്‍ഘ്യം ആവൃത്തികളാക്കി ഇരട്ടിപ്പിച്ചു. അടര്‍ന്നു വീഴുന്നത് ജീവനുള്ള എന്തോ  ഒന്ന്‍, ഒരു തളര്‍ച്ചയോടെ നിലംപതിച്ചത്  തരിശായ അതെ മണ്ണില്‍. ഖനനത്തിന്‍റെ അതെ തീവ്രതയില്‍.

ദിവസങ്ങളുടെ പുലര്‍ക്കാഴ്ചയില്‍ മെലിഞ്ഞ തോളില്‍ തലചായ്ച്ച്  ആശുപത്രികിടക്കയില്‍ അഭയം പ്രാപിച്ചപ്പോള്‍ ഖനനം വീണ്ടും അലര്‍ച്ചയോടെ വിഭ്രാന്തികളുണര്‍ത്തി.

രാജ്യത്തിന്റെ അവസാന വാക്കും എഴുതിയുറപ്പുവരുത്തി യാത്രക്കായി ഒരുങ്ങുമ്പോള്‍ മനസ്സില്‍ വഴിവക്കിലെ അതെ വൃദ്ധന്‍ താഴ്മയോടെ യാചിക്കുന്നത് തികട്ടി വന്നു. തലമുറകള്‍ പരസ്പരം വെട്ടിമരിക്കുന്നത് നിസ്സഹായതയോടെ കണ്ടു നില്‍ക്കേണ്ടി വന്നതുകൊണ്ടാവാം ഏങ്ങലടികള്‍ വൃദ്ധനില്‍ നിന്നും മണ്ണിലേക്ക് വേരുകളിറക്കിയത്.

ചോരയുടെ മണമുള്ള ചരിത്രത്തില്‍ ഒരധ്യായം കൂടി അവശേഷിപ്പിച്ചുകൊണ്ട് പാറിപറക്കുന്ന ചുമന്ന പൊടിയില്‍ക്കൂടി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ശവമായി കിടക്കുന്നുണ്ടാവുമോ?

മെലിഞ്ഞ രൂപം എന്നില്‍ നിന്നും കുന്നിന്‍ ചരിവിലെ ഇടിഞ്ഞ മണ്ണിനെയും നിസ്സഹായനായ ആ വൃദ്ധനെയും സ്വതന്ത്രമാക്കി. വിരളമായ വിചിത്രമായ ആലാപനം റേഡിയോവില്‍നിന്നും ഒഴുകി വന്ന്‍ മറവികളെ പ്രോത്സാഹിപ്പിക്കുന്ന പോലെ മനസ്സും ചിന്തകളും ശാന്തമാവാന്‍ കൊതിക്കുന്ന സമയം… പഴകിയ കാഴ്ചപ്പാടുകള്‍ മാഞ്ഞു പോകുന്നുവോ? നീറുന്ന വ്രണങ്ങള്‍ പോട്ടിയോലിക്കാത്ത അന്ധകാരത്തിന്‍റെ നേര്‍ത്ത രാത്രികള്‍… ആഞ്ഞടിക്കുന്ന തിരകള്‍ മണല്‍ത്തരികളില്‍ വിശ്രമം കൊള്ളുന്നതും മയക്കത്തിന്റെ ഇടവേളകളില്‍ പുതു മണ്ണിന്‍റെ ഗാന്ധമുള്ള കുളിര്‍മഴയെ കാത്ത് വെറുതെ ആരോ വിതുംബുന്നുണ്ടാവണം. ആരോ രക്തബന്ധങ്ങള്‍ക്കപ്പുറം വിലപിക്കുന്നുണ്ടാവണം. എവിടെയോ പൊള്ളുന്ന  ഖനനമാധുരികള്‍…. ദീനരോധനങ്ങള്‍ അവരുടേതായിരിക്കും. സാമ്പത്തിക വളര്‍ച്ചകളെപ്പറ്റി അവബോധമില്ലാത്ത ഏതോ സത്യങ്ങള്‍…!

 

 

ഖനനം Reviewed by on . മുഷിയാത്ത എന്നാല്‍ രസിക്കാത്തതുമായ ഓഫീസ് ഫയലുകളില്‍ തിരയുന്നത് ഏതു തരം സത്യാന്വേഷണമാണെന്ന് തിരിച്ചറിയാനാവാതെ കുഴങ്ങുമ്പോള്‍ മാറാല പിടിച്ച ജനാലകതകുകള്‍ക്കെതിരെ   മുഷിയാത്ത എന്നാല്‍ രസിക്കാത്തതുമായ ഓഫീസ് ഫയലുകളില്‍ തിരയുന്നത് ഏതു തരം സത്യാന്വേഷണമാണെന്ന് തിരിച്ചറിയാനാവാതെ കുഴങ്ങുമ്പോള്‍ മാറാല പിടിച്ച ജനാലകതകുകള്‍ക്കെതിരെ   Rating: 0

About nammudemalayalam

scroll to top