Latest News
Home » വ്യക്തിത്വവികസനം » അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയരുത്

അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയരുത്

ഹേമരാജ് കാരിക്കോട്ട്

apriya sathyangal vilichu parayaruth

 

അപ്രിയ സത്യങ്ങള്‍ വിളിച്ചുകൂവുന്നനരെ, പ്രിയ സത്യങ്ങള്‍ മൂടിവേക്കുന്നവരെ  നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വിജയം കൈവരിക്കാന്‍  കഴിയില്ല. നല്ലൊരു ഭാര്യയാണെങ്കിലും വ്യക്തിത്വമുള്ള ഭര്‍ത്താവാണെങ്കിലും അപ്രിയസത്യങ്ങളെ രഹസ്യമായി ബോധ്യപ്പെടുത്താനും പ്രിയസത്യങ്ങളെ പരസ്യമായി അഭിനന്ദിച്ച് പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു പോസറ്റീവ് മനോഭാവം കൂടിയേ കഴിയൂ. അത് നല്ലൊരു എക്സിക്യുട്ടീവാകണമെങ്കിലും, ബിസിനസുകാരനാകണമെങ്കിലും, ഉദ്യോഗസ്ഥരാനാകണമെങ്കിലും സാമൂഹ്യ പ്രവര്ത്തകനാകണമെങ്കിലും അത്യാവശ്യം തന്നെ. അല്ലാത്തപക്ഷം ജീവിതത്തില്‍ ശത്രുക്കള്‍ പെരുകും. അത് മൂലം സാമൂഹിക-ഔദ്യോഗിക-ബിസിനസ്  രംഗത്ത് പരാജയം ഏറ്റുവങ്ങേണ്ടി വരും.

പുരാണത്തില്‍ നാരദമാഹര്‍ഷി ദേവന്മാരോട് സത്യം പറയണോ അതോ പ്രിയം പറയണോ എന്ന് ആരായുന്ന ഒരു സന്ദര്‍ഭമുണ്ട്.അങ്ങ് പ്രിയം പ്രിയം പറയണമെന്ന് നാരദനോട്‌ ദേവന്മാര്‍ പറയുകയുണ്ടായി. ഞാന്‍ പ്രിയമാണു പറയുന്നെതെങ്കില്‍ സത്യത്തിന്‍റെ ഒരു കണികപോലും ഉണ്ടാകില്ല എന്ന് നാരദന്‍. സത്യം പറഞ്ഞാല്‍ മതിയെന്നായി ദേവന്മാര്‍.ഉടനെ ഞാന്‍ സത്യമാണ് പറയുന്നതെങ്കില്‍ അതില്‍ പ്രിയം കാണില്ല എന്നായി നാരദന്‍.

മേല്‍പ്പറഞ്ഞതില്‍ നിന്നുമൊരു കാര്യം നമ്മുക്ക് മനസ്സിലാക്കാം. രാമരാജ്യത്തുപോലും ‘പ്രിയസത്യങ്ങള്‍’ രണ്ടു ധൃവങ്ങളിലായിരുന്നു എങ്കില്‍ ഇന്നത്തെ കലിയുഗത്തില്‍ അവയുടെ സ്ഥാനം എവിടെയായിരിക്കും? ഇവിടെയാണ്‌ നാം നമ്മുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കേണ്ടത്. ഒഴുകി, അഴുകിപോകുന്ന വെറും ശവശരീരങ്ങളായി നാം മാറരുത്. ഒഴുക്കിനെതിരെ നീന്താന്‍ കഴിയുന്ന ഊര്‍ജ്വസ്വലരായ, ജ്വലിക്കുന്ന വ്യക്തികളായി നാം മാറണം.

മറ്റുള്ളവര്‍ക്ക് പ്രിയങ്കരവും അതെ സമയം സത്യവുമായിട്ടുള്ള കാര്യങ്ങള്‍ പറയാന്‍ നമ്മില്‍ ഭൂരിപക്ഷം പേര്‍ക്കും ‘കോംപ്ലക്സ്‌’ ആണ്. അതായത് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ ആത്മാര്‍ത്ഥമായി പ്രശംസിക്കാന്‍ ‘ഞാന്‍ എന്നാ ഭാവം’ നമ്മെ സമ്മതിക്കാറില്ല. സത്യത്തില്‍ പെരുന്തച്ചന്മാരാണ് നമ്മില്‍ അധിക പേരും. കാരണം ഒരു വ്യക്തിയെ തേജോവധം ചെയ്യുന്ന രീതിയില്‍ അപ്രിയസത്യങ്ങള്‍ കഴിവതും ഒഴിവാക്കെണ്ടാട്നു തന്നെയാണ്. അല്ലെങ്കില്‍ സാക്ഷാല്‍ ജോല്‍സ്യന് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിക്കും.

പഴയ രാജഭരണകാലത്ത് നാട്ടില്‍ ഒരിക്കല്‍ ജോല്‍സ്യന്മാരെ കാണ്മാനില്ലാതായി. ധാരാളം ജോല്‍സ്യന്മാരുണ്ടായിരുന്ന നാട്ടില്‍ എന്തേ അവരുടെ വംശനാശം? വംശനാശം സംഭവിച്ചതല്ലത്രെ! മരണഭയം മൂലം ജോല്‍സ്യന്മാരില്‍ പലരും നാടു വിട്ടതാണ്. മറ്റു ചിലരാകട്ടെ ഒളിവിലും പോയി. ഇതിന്റെ കാരണം അറിയണ്ടേ; പറയാം..

അന്നാട്ടിലെ രാജാവിന് നിരന്തരം ദുരന്തങ്ങളും സ്വജനക്ലേശങ്ങളും ഭവിച്ചപ്പോള്‍ ഉറക്കമില്ലാത്ത ദുര്‍ദിനങ്ങളായി. ആയതുകൊണ്ട് തന്നെ ഭാവികാര്യങ്ങള്‍ അറിയാന്‍ രാജാവിന് ആകാംഷയായി. അതിനായി നാട്ടിലെ പ്രശസ്ഥനും പ്രഗല്‍ഭനുമായ ജോത്സ്യനെ കൊണ്ട് തന്റെ ജാതകം വായിച്ച് കേള്‍പ്പിക്കാന്‍ തീരുമാനിച്ചു. അതു പ്രകാരം രാജസദസ്സിലേക്ക് യോഗ്യനായ ചാമ്മുണ്ണി ജോത്സ്യരെ വിളിച്ച് വരുത്തി. രാജാവിന്‍റെ ജാതകഫലം കേള്‍ക്കാന്‍ രാജസദസ്സ് ഉത്സുകരായി.

ജോത്സ്യന്‍ ജാതകം പരിശോധിച്ച് വിവരണം തുടങ്ങി. നിര്‍ഭാഗ്യകരമായ ഒരു ജാതകമാണ് അങ്ങയുടെത്. സ്വജനങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുരന്തങ്ങളും ദുര്‍മരണങ്ങളും ദീര്‍ഘായുസ്സുമുഴുവന്‍ കണ്മുന്നില്‍ കാണേണ്ടിവരും. എന്തിനേറെ, ഭാര്യയുടെയും മക്കളുടെയും വരെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ട യോഗം ജാതകവശാല്‍ കാണുന്നുണ്ട്. ഇത് കേട്ട മാത്രയില്‍ രാജാവിന് കോപം കൊണ്ട് കണ്ണുകാണാതായി. നാവിടറി. എന്താണിയാള്‍ പുലമ്പുന്നത്. ആരവിടെ? ഈ ജോത്സ്യനെ കൊണ്ടുപോയി തുറുങ്കിലടക്കൂ. രാജാവ് ആജ്ഞാപിച്ചു. അങ്ങനെ ജോത്സ്യന്‍ തുരുങ്കിലടക്കപ്പെട്ടു. ഈ വാര്‍ത്തകേട്ട നാട്ടിലെ ജോത്സ്യഗണം ഞെട്ടിപ്പോയി. അടുത്ത ഊഴം തങ്ങളായിരിക്കുമെന്നും ഏറ്റവും പരമയോഗ്യനായ ജോത്സ്യന് ഈ ഗതിയാണെങ്കില്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. അതുകൊണ്ടാണ് പ്രാണരക്ഷാര്‍ത്ഥം ജോത്സ്യര്‍ ഒന്നടങ്കം അപ്രത്യക്ഷരായത്.

ജോത്സ്യരെ തുരുങ്കിലടച്ചതുകൊണ്ടു മാത്രം രാജാവിന് സ്വസ്ഥത ലഭിച്ചില്ല. നാട്ടിലെ സകല ജോത്സ്യരെയും ജാതകം വായിക്കാന്‍ കൊണ്ടുവരാന്‍ ആവശ്യപെട്ട് വിളംബരം തന്നെ നടത്തി. നാട്ടില്‍ ജോത്സ്യന്മാരുടെ നാട്ടില്‍ ജോത്സ്യന്മാരുടെ പൊടിപോലുമില്ല. രാജാവിനു വ്യസനവും സങ്കടവും വന്നു. ഇനി എന്ത് ചെയ്യുമെന്നു  ചിന്തിച്ച് വിഷണ്ണനായ രാജാവിന്‍റെ മുന്നിലേക്ക് ഒരു ബാലന്‍ കടന്നു വന്നു. ബഹുമാനപുരസ്കരം രാജാവിനെ വണങ്ങി. എളിമയോടെ സ്വയം രു പറഞ്ഞ് താനൊരു ജോല്സ്യനാണെന്നു പരിജയപെടുത്തി. ആഗമനോദ്ദേശ്യം രാജാവിന് മനസ്സിലായില്ല. രാജാവിന്‍റെ ജാതക ഫലം നോക്കാന്‍ വന്നതാണെന്ന് പയ്യന്‍ പറഞ്ഞപ്പോള്‍ രാജാവിനു ദേഷ്യം വന്നു. ആട്ടെ, നിനക്കറിയാമല്ലോ യോഗ്യനായ ജോത്സ്യന്‍റെ ഗതി? എല്ലാം അറിഞ്ഞുകൊണ്ടാണ് വന്നിരിക്കുന്നതെന്ന്‍ ബാലന്‍ മറുപടി പറഞ്ഞു. ഉടന്‍ രാജാവ് തന്‍റെ ജാതകം കൊണ്ടു വരാന്‍ ആവശ്യപെട്ടു. ജിജ്ഞാസയോടെ രാജസദസ്സ് ഉണര്‍ന്നു. പയ്യന്‍റെ അവസ്ഥയോര്‍ത്ത് എല്ലാവരും അവനെ തന്നെ നോക്കി നിന്ന്. ജാതകം കൊണ്ടുവന്നു. സധൈര്യം അവന്‍ ജാതകം വായിച്ച് വിവരിക്കാന്‍ തുടങ്ങി.

നല്ല ദീര്‍ഘായുസ്സും സൗഭാഗ്യവും ഒത്തിണങ്ങിയ ജാതകമാണിത്. ഭാഗ്യവശാല്‍ ബന്ധുക്കളുടെയെല്ലാം മരണശേഷം മാത്രമേ അങ്ങ് മരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ മുന്‍ജന്മസുകൃതം ചെയ്ത ഒരു അസാധാരണ ജാതകമാണിത്.

ഇത്രയും കേട്ടപ്പോള്‍ തന്നെ രാജാവ് സന്തോഷം കൊണ്ട് മതിമറന്നു. നീയാണ് യഥാര്‍ത്ഥ ജോത്സ്യന്‍, മിടുക്കന്‍. ആരവിടെ? ഇവന് പ്രതിഫലമായി ആവശ്യപെടുന്നതെന്തും കൊടുക്കാന്‍ രാജാവ് ആജ്ജാപിച്ചു. പറയൂ നിനക്കെന്താണ് വേണ്ടത്? എന്ത് പുരസ്ക്കാരമാണെങ്കിലും നിനക്കുതരാം. തുറുങ്കിലടക്കപ്പെട്ട ജോത്സ്യനെ സ്വതന്ത്രനാക്കിയാല്‍ മാത്രം മതി എനിക്ക്. പയ്യന്‍ വിനയത്തോടെ പറഞ്ഞു. ഒന്നും മനസിലാകാതെ നിന്നുപോയി രാജാവ്.

എന്ത്? ചാമുണ്ണി ജോത്സ്യനെ വിടണമെന്നോ? അതുകൊണ്ട് നിനക്കെന്തു പ്രയോജനം? ജാതകം വായിക്കാന്‍ വന്ന എന്‍റെ അച്ഛനെയാണ് അങ്ങ് തുറുങ്കിലടച്ചത്. ചാമുണ്ണി ജോത്സ്യന്‍റെ ഏക മകനാണ് ഞാന്‍. ഞാനീ കേള്‍ക്കുന്നത് സത്യം തന്നെയാണോ? രാജാവിന് വിശ്വസിക്കാന്‍ പ്രയാസം!

അങ്ങനെ ചാമുണ്ണി ജോത്സ്യനെ തുറുങ്കില്‍ നിന്ന് മോചിപ്പിച്ച് മകന്‍റെ കൂടെ പോകാന്‍ സന്തോഷത്തോടെ രാജാവ് സമ്മതിച്ചു.

മാത്രമല്ല  കുറേ സമ്മാനങ്ങളും പാരിതോഷികങ്ങളും പയ്യന്‍ ജോത്സ്യന് നല്‍കി. പയ്യന്‍റെ അസാമാന്യമായ കഴിവില്‍ രാജാവ് അത്ഭുത സ്തംഭനായി.  മകന്‍റെ ബുദ്ധി  സാമര്‍ത്ഥ്യത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ പിതാവും സന്തോഷം കൊണ്ട് കരഞ്ഞു.

കഴിവും അറിവും വേണ്ടുവോളം ഉണ്ടായിട്ടും പല വ്യക്തികളും ചാമുണ്ണി ജോത്സ്യനെ പോലെ ജീവിത സമരത്തില്‍ വീണു പോകുന്നവരാണ്.

അപ്രിയ സത്യങ്ങള്‍ വിളിച്ചുകൂവുന്നവരെ ശ്രദ്ധിക്കൂ, വലിയൊരു പുകില്  നിങ്ങളുടെ  മുതുകില്‍ എന്നും ഉണ്ടാകും. 

അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയരുത് Reviewed by on .   അപ്രിയ സത്യങ്ങള്‍ വിളിച്ചുകൂവുന്നനരെ, പ്രിയ സത്യങ്ങള്‍ മൂടിവേക്കുന്നവരെ  നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വിജയം കൈവരിക്കാന്‍  കഴിയില്ല. നല്ലൊരു ഭാര്യയ   അപ്രിയ സത്യങ്ങള്‍ വിളിച്ചുകൂവുന്നനരെ, പ്രിയ സത്യങ്ങള്‍ മൂടിവേക്കുന്നവരെ  നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വിജയം കൈവരിക്കാന്‍  കഴിയില്ല. നല്ലൊരു ഭാര്യയ Rating: 0

About nammudemalayalam

scroll to top