Home » ടൂറിസം » ആത്മീയ സൗന്ദര്യത്തിന്‍റെ കുടജാദ്രി

ആത്മീയ സൗന്ദര്യത്തിന്‍റെ കുടജാദ്രി

എബി ജോണ്‍ തോമസ്

mookambika temple

കുടജാദ്രി ഒരു സ്വപ്ന ഭൂമികയായിരുന്നു. യാത്രകള്‍ ആവേശമായ കാലം മുതലേ. സുഹൃത്തുക്കളുടെ വര്‍ണ്ണനകളില്‍ നിന്നും കോടമഞ്ഞ്‌ പുതച്ച കുടജാദ്രിയുടെ ചിത്രം മനസ്സില്‍ കോറിയിട്ട് എറണാകുളം  സൗത്ത് റയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ നാലാമത്തെ ട്രാഫിക്കില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു പൂര്‍ണ എക്സ്പ്രസ്സ്. വഴിയും ഇടവും അറിയാതെ  മംഗലാപുരത്തേക്ക് രണ്ട് ടിക്കറ്റെടുത്തു. കമ്പാര്‍ട്ട്മെന്‍റ് നിറഞ്ഞിരുന്നെങ്കിലും രണ്ട് സീറ്റ് ഞങ്ങള്‍തരപ്പെടുത്തി. സമയം രാത്രി 11.35 അജ്ഞതയുടെ അന്ധകാരത്തില്‍നിന്നുമുള്ള യാത്രക്ക് ചൂളംവിളി മുഴങ്ങി. ഒരു താരാട്ടിന്‍റെ പരിലാളനത്തോടെ  പയ്യെ പയ്യെ ഇളകി ഇളകി പൂര്‍ണ്ണ കുതിച്ചു തുടങ്ങി. വെളിച്ചങ്ങള്‍ പിന്നിലേക്ക് പായുകയാണ്. വഴിവക്കുകള്‍ ഇരുട്ടിന് കീഴ്പ്പെടുന്നു. കാത്തിരുന്നും യാത്രയാക്കിയും ഉറങ്ങാതെയിരിക്കുകയാണ് സ്റ്റേഷനുകള്‍. രാവേറെയെത്തിയപ്പോള്‍ ശബ്ദമുണ്ടാക്കാതെ ഉറക്കം കണ്ണില്‍ കയറിക്കൂടിയത് ഞങ്ങള്‍ അറിഞ്ഞതേയില്ല.

ചൂട് വെളിച്ചം മുഖത്ത്തട്ടി വിളിച്ചുണര്‍ത്തുമ്പോള്‍ വണ്ടി മഞ്ചേശ്വരം കടന്ന്‍ കുതിക്കുകയാണ്. കണ്ടതിനേക്കാള്‍ മനോഹരം കാണാനുള്ളതാണെന്ന് ഉറക്കെ പറഞ്ഞ് കാഴ്ചകള്‍ പിന്നിലേയ്ക്ക് മറയുമ്പോള്‍ മനസ്സ് പറഞ്ഞു. സൗ

ന്ദര്യം എന്നും അകലങ്ങളിലാണെന്ന്….. മംഗലാപുരം ജംഗ്ഷനില്‍ വണ്ടി ഊര്‍ദ്ധം വലിച്ചുനിന്നു. ഞങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി, ഇനി എങ്ങോട്ടെന്ന ആശങ്ക… സ്റ്റേഷനു പുറത്തിറങ്ങി ഏതോ ഒരു ഭാഷയില്‍ വഴി ചോദിച്ചപ്പോള്‍ മറുപടി വന്നത് മലയാളത്തില്‍, ഈ വണ്ടിക്ക് തന്നെ പോകാം, കുന്ദാപുരത്ത് ഇറങ്ങിയാ മതി….വീണ്ടും 120 രൂപയുടെ ടിക്കറ്റ്.. ഒരു മണിക്കൂര്‍ നേരത്തെ വിശ്രമത്തിന് ശേഷം വയലുകള്‍ക്ക് നടുവിലൂടെ പൂര്‍ണ്ണ പാഞ്ഞു, ഇരട്ടവരയിലെഴുതിയ വടിവൊത്ത അക്ഷരം പോലെ… വയലുകളില്‍ മയിലുകള്‍ പ്രണയകാവ്യം ആടുകയാണ്. പീലി വിടര്‍ത്തിയാടുന്ന ആണ്‍ മയിലിനോട് കൊക്കുരുമി നില്‍ക്കുന്ന പിട.

DSC00102

കാഴ്ചയുടെ നൈമിഷികത പിന്നിലേയ്ക്ക് മറഞ്ഞപ്പോള്‍ കണ്ണില്‍ ഇരുട്ട് നിറഞ്ഞു… അത് വണ്ടിയുടെ ഉള്ളിലും വ്യാപിച്ചു. മൂന്ന്‍ മിനിറ്റ് ഇരുട്ടിന് വഴിമാറിനിന്ന വെളിച്ചം തിരികെ എത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞത് കടന്നുപോന്നത് തുരംഗത്തിലൂടെയായിരുന്നെന്ന്. (സ്വന്തം നാട്ടില്‍ തുരംഗത്തിലെ ഇരുട്ടിനെ വലിയ കൂകലുകള്‍ കൊണ്ട് എതിരേല്‍ക്കാറുള്ള ഞങ്ങള്‍ എത്രപെട്ടെന്നാണ് നിശബ്ദരായിപ്പോയത്, തിണ്ണമിടുക്കെന്ന്‍ പറയുന്നത് ഇതാണ്. ഓര്‍ത്തപ്പോള്‍ ഒരുചിരി അറിയാതെ…)

ഉടുപ്പിയും കടന്ന്‍ കുന്ദാപുരം എത്തുമ്പോള്‍ സമയം പത്തുമണി കഴിഞ്ഞു. റയില്‍വേ സ്റ്റേഷനും ടൌണിനും ഇടയിലുള്ള അകലം പൂരിപ്പിച്ച ഓട്ടോക്കാരന് കൂലി 80 രൂപ. വൈകീട്ടത്തെ പട്ടിണിയുടെ വാലു പിടിച്ച് നേരം വെളുത്തപ്പോള്‍ തന്നെ വയറ് വിശപ്പ്‌ രാഗം പാടിതുടങ്ങിയിരുന്നു…അറിയാത്ത നാട്ടില്‍ അറിയാത്ത ഭാഷയില്‍ അന്നം ചോദിക്കുമ്പോള്‍ മുഖത്ത്സംമ്മിശ്ര വികാരമാണ്, കേള്‍ക്കുന്നവരുടെയും ചോദിക്കുന്ന ഞങ്ങളുടെയും. ആംഗ്യ ഭാഷയുടെ പ്രാധാന്യവും സാധ്യതയും അവിടെ വെച്ച് മനസ്സിലാക്കി.. അജ്ഞതയുടെ ഇരുള്‍ നീങ്ങുകയാണ്…

ഒരു ചെറിയ കടയില്‍ നിന്നും വിശപ്പിന്‍റെ വിളിക്ക് മറുപടി പറഞ്ഞു വീണ്ടും ബസ്റ്റോപ്പിലേക്ക്… അല്‍പ്പ നേരത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊല്ലൂര്‍ക്കുള്ള വണ്ടി എത്തി. കാഴ്ചകള്‍ ആസ്വദിക്കാന്‍ സൈഡ് സീറ്റില്‍ ഇടം പിടിച്ചു. കേരളത്തിലേതിനെക്കാള്‍ വലിയ മെച്ചമല്ല വഴികള്‍ എന്ന് ആദ്യ അഞ്ചുമിനിറ്റില്‍ തന്നെ മനസ്സിലായി. 39 രൂപയുടെ യാത്ര അവസാനിച്ചത് കൊല്ലൂര്‍ ബസ്സ്‌സ്റ്റാന്‍റില്‍. മൂകാംബികയിലേക്കുള്ള ക്ഷണവുമായി ഓട്ടോ സഹോദരന്മാര്‍ വാതില്‍ക്കല്‍തന്നെയുണ്ട്. ഓട്ടോ വേണ്ടെന്ന് വച്ച് ഞങ്ങള്‍ നടത്തം ആരംഭിച്ചു. 10മിനിറ്റിനപ്പുറം മതില്‍ക്കെട്ടിനകത്ത് മൂകാംബികക്ഷേത്രം….

road 1

യാത്രയുടെ ക്ഷീണം കുളിച്ചു കളഞ്ഞ് സ്വപ്നഭൂമിയിലേക്കുള്ള യാത്രയ്ക്ക് തയ്യാറായി. എട്ടുപേരെന്ന മാന്ത്രിക സംഖ്യകാത്ത് കിടന്ന ജീപ്പുകളില്‍ ഒന്നില്‍ ഞങ്ങളും ഇടം പിടിച്ചു. മഴക്കാറ്  സൂര്യന്‍റെ കണ്ണ്‍ പൊത്തിക്കൊണ്ടിരുന്നപ്പോള്‍, നേരം വൈകിയതായി തോന്നി. പല വഴിയില്‍ നിന്നും ഒരേയിടം ലക്ഷ്യം വച്ച് എത്തിയവരെയും വഹിച്ച് ജീപ്പ് കുതിച്ചു, സ്വപ്ന ഭൂമിയിലേക്ക്. പറഞ്ഞു കേട്ടതൊക്കെയും നുണക്കഥകള്‍ എന്നു തോന്നി. ആദ്യ 20 കിലോമീറ്റര്‍…നല്ല പളുങ്കു പോലത്തെ വഴി…അത് കഴിയുന്നിടത്ത് ആരംഭിക്കുകയാണ് കുടജാദ്രി വിസ്മയങ്ങള്‍… റോഡ്‌ തീര്‍ന്നു,ടാറ് തീര്‍ന്നു, ഇനി വഴി എവിടെയെന്ന് ചിന്തിക്കുമ്പോഴേക്കും വണ്ടി മുന്നോട്ട് കുതിക്കുകയാണ്… അല്പം മുമ്പ് സൂര്യനെ മറച്ച ആ കറുത്ത മേഘം വലിയ ശക്തിയോടെ താഴേക്ക് ഇറങ്ങിയിരിക്കുന്നു… തുറന്ന പെന്‍സ്റ്റോക്ക് പൈപ്പിലൂടെയെന്നപ്പോലെ വെള്ളം കുതിച്ചെത്തുകയാണ്, ഒഴുക്കിനെതിരെയുള്ള നീന്തലിനെ ഓര്‍മ്മപ്പെടുത്തി ജീപ്പ് മുന്നിലേക്ക്…വലിയ ഗര്‍ത്തങ്ങളും പാറക്കല്ലുകളും നിറഞ്ഞ ഈ പ്രത്യേക ഭൂപ്രദേശത്തെ വഴിയെന്ന് വിളിക്കാനാവില്ല. കുഴികളിലേക്ക് നെഞ്ചടിച്ചു വീണ വീഴ്ചയുടെ ആഘാതത്തില്‍ നിന്നും കരുത്ത് നേടി പാറക്കല്ലുകളെ കീഴടുക്കുകയാണ് ഈ നാലുചക്രശകടം. ചെങ്കുത്തായ കയറ്റിറക്കങ്ങളില്‍ വഴി കണ്ടെത്തിയും വെട്ടിയുണ്ടാക്കിയും ഒരു സാഹസികയാത്ര… മഴ കൂടുതല്‍ ശക്തമാവുകയാണ്, വഴിച്ചാലുകള്‍ ഉരുള്‍പൊട്ടലിനെ അനുസ്മരിപ്പിക്കുന്നു. കാഴ്ചയെ മറയ്ക്കുന്ന മഴത്തുള്ളികളെ ആവേശത്തോടെ തട്ടിതെറിപ്പിക്കുകയാണ് വണ്ടിയുടെ വൈപ്പര്‍…

kud5

മഴമാറി… ഇനി കോടയുടെ ഊഴമാണ്. കാഴ്ചക്ക്മുന്നിലെ കോടമറക്കുള്ളിലൂടെ കാണാം മലയിറങ്ങിവരുന്ന വാഹനത്തിന്‍റെ മഞ്ഞ വെളിച്ചം… കാഴ്ചയുടെ കുടജാദ്രി വിസ്മയത്തിലേയ്ക്കിനി ഇത്തിരിദൂരം… കുതിച്ചും കിതച്ചും  വഴിതീരുന്നിടത്ത്‌വണ്ടി ദീര്‍ഘശ്വാസം വലിച്ചു നിന്നു. കാഴ്ചകള്‍ക്ക് നേരിയ ആവരണം ചാര്‍ത്തിയ കോടമഞ്ഞിനിടയിലൂടെ അരിച്ചിറങ്ങിവരികയാണ് ഒരു നെയ്ത്തിരിവെട്ടം… ഇത് കുടജാദ്രി, മൂകാംബികയുടെ മൂലസ്ഥാനമിവിടെയാണ്.. പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടക്കുന്നുണ്ട് ഇവിടെ. ജാതിയുടെയും മതത്തിന്‍റെയും വേര്‍തിരിവുകള്‍ ഈ ശ്രീകോവിലില്‍ ഇല്ല… ചുറ്റുമതിലുകളില്ലാത്ത ഈ പ്രചീനയോഗസ്ഥാനം മനുഷ്യന്‍ എന്ന വലിയ ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായി തോന്നി… വഴിപാടുകളുടെ കണക്ക് നിരത്തുകയാണ് സഹയാത്രികര്‍, കാഴ്ചക്കാരായി ഞങ്ങളും… മഴക്കാറിനും കോടമഞ്ഞിനുമിടയിലൂടെ ആകാശം ചില ചിത്രപ്പണികള്‍ ഒരുക്കുന്നുണ്ട്… രൂപങ്ങളും രൂപമാറ്റങ്ങളും കണ്ട് നില്‍ക്കുമ്പോള്‍ ജീപ്പ്ഡ്രൈവര്‍ കുമാറിന്‍റെ വിളി വന്നു … ആരൊക്കെ തിരിച്ചുപോകുന്നുണ്ടെന്ന്‍ ഞങ്ങളൊഴികെ ബാക്കിയെല്ലാവരും മടക്ക യാത്രക്കാരാണ്. രാത്രിയിലെ ഭക്ഷണവും കിടപ്പിടവും സത്രത്തെയോര്‍മ്മപ്പെടുത്തുന്ന ആ പഴയ വീട്ടില്‍ പറഞ്ഞുവെച്ചു. പിന്നെ മഴനനച്ച ആ മുറ്റത്ത്‌ അല്‍പ്പനേരത്തെ നടത്തം. ഭൂമിയുടെ സൗന്ദര്യം മുഴുവന്‍ കുടജാദ്രിയുടെ മുക്കിലും മൂലയിലും വരെ പതിച്ചു വച്ചവനെ മനസ്സുകൊണ്ട് നമിച്ചു..  ഇരുട്ട് പരക്കുകയാണ്…. മടക്കയാത്രയ്ക്കുള്ളവരെയും വഹിച്ച് ജീപ്പ് കോടമഞ്ഞിനുള്ളിലേയ്ക്കിറങ്ങി… ഏകാന്തതയാണ് ഏറ്റവും മികച്ച അനുഭൂതിയെന്ന്‍ തോന്നിയ നിമിഷങ്ങള്‍… കാഴ്ചകള്‍ മറയ്ക്കുമെങ്കിലും കോടമഞ്ഞിന് ഒരു വല്ലാത്ത വശ്യതയാണ്. സുന്തരിയുടെ മുഖം മറയ്ക്കുന്ന നേരിയ വെള്ളത്തുണിപോലെ അത് കാഴ്ചകളെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും. പകല്‍ അതിന്‍റെ മുഴുവന്‍ ആവേശവും സൗന്ദര്യവും രാവിന് കൈമാറുകയാണ്… മുഖം ചുവപ്പിച്ച, പിണക്കം നടിച്ച്‌ മൂവന്തി പടിയിറങ്ങുമ്പോള്‍ കുടജാദ്രിയുടെ മുറ്റത്ത്‌ അതിന് പതിന്‍ മടങ്ങ് വശ്യത….

sathram

തണുപ്പ് മജ്ജയെവരെ ചുംബിച്ചുതുടങ്ങി. സത്രത്തിന്‍റെ അകത്ത് അഭയാര്‍ത്ഥികളെപ്പോലെഞാനും സുഹൃത്ത് കമലേഷും ഒരു ചെറിയ പുതപ്പുകൊണ്ട് കാലുകള്‍ മൂടിയിരിക്കുകയാണ്. പൂജാരിയുടെ മകന്‍ അഭിഷേക് അത്താഴം വിളമ്പുന്നതിന്‍റെ തിരക്കിലാണ്. ചൂട് ചോറും തക്കാളിചാറും  നല്ല നരങ്ങായച്ചാറും… ജീവിതത്തില്‍ ഇന്നുവരെ ഭക്ഷണം കാണാത്തവരെപ്പോലെ ആര്‍ത്തിയോടെ അതുമുഴുവന്‍ അകത്താക്കി കഴിഞ്ഞപ്പോള്‍ അഭിഷേക് പായും കമ്പിളിയും തയ്യാറാക്കി കഴിഞ്ഞിരുന്നു. ഒമ്പതുമണി കഴിഞ്ഞപ്പോള്‍ വിളക്കുകള്‍ കണ്ണടച്ചു, തണുപ്പിനെ പുറത്തുനിര്‍ത്തി ഞങ്ങളും. സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് യുഗങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്ന് തോന്നിപ്പോയി. കാല്‍പെരുമാറ്റങ്ങളില്‍ തട്ടി ഉറക്കമുടഞ്ഞപ്പോള്‍ നേരം വെളുത്തിരുന്നു. അസ്ഥിമരക്കുന്ന തണുപ്പിലും ഒരു കുളി പാസാക്കിയപ്പോള്‍ മനസ്സിനും ശരീരത്തിനും ഒരു പ്രത്യേക ഉന്‍മേഷം. മലമുകളില്‍ എവിടെനിന്നോ ഒഴുകിയിറങ്ങുന്ന ജലധാര സത്രത്തിന്‍റെ പിന്നിലൂടെ കടന്നുപോകുന്നുണ്ട്, സത്രത്തിലെ ജലസ്രോതസ്സാണ് ഈ നീരൊഴുക്ക്. കുളികഴിഞ്ഞെത്തിയപ്പോഴേക്കുംചായ തയ്യാറായികഴിഞ്ഞിരുന്നു. വിശപ്പുണ്ടായിരുന്നെങ്കിലും കഴിക്കാന്‍ നിന്നില്ല. മുകളിലെ സര്‍വ്വജ്ഞപീഠമായിരുന്നു മനസ്സില്‍. കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ സര്‍വ്വജ്ഞാനത്തിന്‍റെ പുണ്യപീഠത്തിലേക്ക് നടക്കുമ്പോള്‍ സൂര്യന്‍ എത്തിനോട്ടം ആരംഭിച്ചിരുന്നു. ഇലത്തുമ്പുകളില്‍ ശതകോടി ഉദയങ്ങള്‍ ഒരുക്കി പ്രകൃതി വിസ്മയത്തിന്‍റെ ചെപ്പ് തുറക്കുകയാണ്…. മുകളിലേക്ക് നീളുകയാണ് വഴി. വെള്ളത്തിന്‍റെ കുത്തിയൊലിക്കലില്‍ രൂപപ്പെട്ട നടവഴിയിലൂടെ മുകളിലേക്ക് കേറുമ്പോള്‍ ആഴങ്ങള്‍ മനസ്സിനെ പിടിച്ചുവലിക്കുകയാണ്….. അനന്തതയിലേയക്ക് പറന്നിറങ്ങാന്‍ നിര്‍ബന്ധിക്കുന്നതുപോലെ…

ganeshan

വഴി കാടിന്‍റെ അകങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു. കുടനിവര്‍ത്തി നില്‍ക്കുന്ന ഇലകള്‍ക്കിടയിലൂടെ വെയിലിന്‍റെ വിരലുകള്‍ നടവഴികളെ തൊടുന്നുണ്ട്. വിസ്മയങ്ങളുടെ ചെപ്പ് തുറന്ന്‍ മുന്നോട്ട് പോകുന്നതിനിടെ വഴി രണ്ടായി പിരിയുന്നു. ചൂണ്ടുപലകയില്‍ ഗണേശ ഗുഹ എന്ന എഴുത്തും. അല്‍പ്പം താഴേക്ക് നടന്ന്‍ വഴി തിരഞ്ഞെത്തുനിടത്ത് പാറയിടുക്കില്‍ തന്നെ ഒരു ഗുഹ. അതില്‍ ശിലയില്‍ തീര്‍ത്ത ഗണേശ വിഗ്രഹം. ശ്രീകോവിലിന്‍റെ അതിര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ അകത്തു കയറി ആ ശിലാ വിഗ്രഹത്തെ ആര്‍ക്കും തൊടാം….. ദൈവത്തെ തൊട്ട് സംസാരിക്കുന്ന അവസ്ഥ. ഗുഹയുടെ മുകളില്‍ നിന്നും ഉള്ളിലേക്കും വിഗ്രഹത്തിലേക്കും വെള്ളത്തുള്ളികള്‍ ഇറ്റി വീഴുന്നുണ്ട്.

തിരികെ നടന്ന്‍ സര്‍വ്വജ്ഞപീഠത്തിലേക്കുള്ള വഴിയിലെത്തി. ഇനിയും വഴിയേറെ നടക്കാനുണ്ട് ഒപ്പം കാഴ്ചയുടെ വിസ്മയങ്ങളും. വഴി കാടിന്പുറത്തേക്ക് നീങ്ങുകയാണ്. അവിടവിടെ ചെറിയ വലിയ പാറക്കല്ലുകള്‍….. മഴയില്ലാതിരുന്നിട്ടും കാര്‍മേഘങ്ങളെപ്പോലെ നിറഞ്ഞു പെയ്യുന്ന മരങ്ങള്‍, ഓരോ പുല്‍നാമ്പിലും പ്രകൃതി അതിന്‍റെ വശ്യ സൗന്ദര്യം നിറക്കുകയാണ്. ഇടക്കിടെ ദൃശ്യങ്ങളെ മറച്ച് കൊതിപ്പിചെത്തുന്ന കോടമഞ്ഞിന്‍റെ നേര്‍ത്ത ആവരണം. അതു മാറുമ്പോള്‍ അങ്ങുതാഴെ പഞ്ഞികെട്ടുകള്‍ പോലെ പറന്നുനടക്കുന്ന മേഘ പടലങ്ങള്‍. ഉരുളന്‍ കല്ലുകള്‍ ചവിട്ടി മുകളിലേക്ക് ചെല്ലുമ്പോള്‍ കാണാറായി സര്‍വ്വജ്ഞാനത്തിന്‍റെ ശിലാമണ്ഡപം…. സര്‍വ്വജ്ഞപീഠം…… അകലെ നിന്നേ ചെരിപ്പുകള്‍   ഊരി മാറ്റി നടന്നു ചെന്ന് തൊഴുതു വന്ദിച്ചു, ജ്ഞാനത്തിന്‍റെ പടികെട്ടുകളെ…….. മണ്ഡപത്തിനുള്ളില്‍ ആദി ശക്തന്‍റെ ശിലാരൂപം. ഭസ്മവും കുങ്കുമവും രണ്ടു തളികകളില്‍ ശങ്കര പ്രതിമക്ക് മുന്നില്‍ ഉണ്ട്.

10383325

യാത്രകള്‍ ഇവിടെയും അവസാനിക്കുന്നില്ല. ഇനി കാഴ്ചയുടെ മഹാ വിസ്മയത്തിലേക്ക്. സര്‍വ്വജ്ഞപീഠത്തിന് പുറകിലൂടെ  ചെങ്കുത്തായ ചെരുവിലൂടെ താഴേക്കിറങ്ങുമ്പോള്‍ ശ്വാസം നിലചെന്ന് തോന്നിപ്പോയി. അതുപോലെ ശ്രമകരമായിരുന്നു താഴേക്കുള്ള ഇറക്കം. ഈ വഴി ചിത്ര മൂലയിലേക്ക്. ചരല്‍ വഴി പുല്‍വഴിയാക്കി പിന്നെ കാടിന്‍റെ ഓരം ചേര്‍ന്ന നടവഴി.  താഴേക്ക് താഴേക്ക് ചെന്ന് തികച്ചും സാഹസികമായ യാത്ര. മലയിടുക്കിലെ ഒരു ചെറിയ ഗുഹയ്ക്ക് താഴെ വഴി മുട്ടിനിന്നു. ഇത് ചിത്രമൂല. കോടമഞ്ഞും മേഘങ്ങളും ദൃശ്യങ്ങള്‍ക്ക് നിറഭേദമേകി അപ്പഴും മനസ്സിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. താപസന്‍മാര്‍ ഉണ്ടാവുമെന്ന പ്രതിക്ഷയിലാണ് ചെന്നതെങ്കിലും ഒരു ശിവലിഗം മാത്രമാണ് അവിടെയുണ്ടായിരുന്നത്. ചിത്രമൂലക്ക് മുകളില്‍ നിന്ന്‍ ഉത്ഭവിച്ചിരുന്ന നീര്‍ച്ചാല്‍, വളര്‍ന്ന് പ്രായപൂര്‍ത്തിയാകുന്നതാണത്രെ സൗപര്‍ണ്ണിക….

ചെറിയൊരു ഇരുമ്പ് കോവണിയിലൂടെ മുകളിലെത്തുമ്പോള്‍ കാണാം ഗുരുതപസ്ഥാനം, നീരുറവയില്‍നിന്ന് ഉറ്റിവീഴുന്ന ജല ധ്വാരകൊണ്ട് മുഖവും മനസ്സും കൂടുതല്‍ തണുപ്പിക്കുമ്പോള്‍….. ഹാവു…. അറിയില്ല എങ്ങനെ ആ നിമിഷത്തെ അക്ഷരങ്ങളില്‍ നിറയ്ക്കുമെന്ന്‍……

ഇനിമടക്കമാണ്, അതുവരെ എന്തൊക്കെയായിരുന്നുവെന്ന എന്‍റെ അജ്ഞതയുടെ ഭാണ്ഡം ഇവിടെ ഉപേക്ഷിച്ച്. മുകളിലേക്ക് പോയ വഴിയിലൂടെ തന്നെയായിരുന്നു മടക്കമെങ്കിലും കാഴ്ചകളും വിസ്മയങ്ങളും വ്യത്യസ്തമായിരുന്നു. താഴെയെത്തുമ്പോള്‍ സത്രത്തില്‍ പ്രഭാത ഭക്ഷണം തയ്യാറായിരുന്നു. അതുകഴിച്ച്  യാത്ര പറയുമ്പോള്‍ കുടജാദ്രി മനസ്സിനെ കൊളുത്തി വലിക്കുകയാണ്. നേരെ സൗപര്‍ണ്ണികയിലെത്തുമ്പോള്‍ സൗപര്‍ണ്ണികാമൃതവീചികള്‍ പാടുകയാണ്…… ചെരുപ്പുകള്‍ അഴിച്ച് മാറ്റി കണ്ണാടിപോലെ തിളങ്ങുന്ന വെള്ളത്തില്‍ കാലും  മുഖവും മനസ്സും കഴുകി മൂകാംബികയുടെ സന്നിധിയിലേക്ക്. കാഴ്ചകള്‍ക്കും വിസ്മയങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞ്, ഇനിയും കാണാന്‍ ഒരവസരം കൂടി യാചിച്ച് മടക്കം….

ആത്മീയ സൗന്ദര്യത്തിന്‍റെ കുടജാദ്രി Reviewed by on . കുടജാദ്രി ഒരു സ്വപ്ന ഭൂമികയായിരുന്നു. യാത്രകള്‍ ആവേശമായ കാലം മുതലേ. സുഹൃത്തുക്കളുടെ വര്‍ണ്ണനകളില്‍ നിന്നും കോടമഞ്ഞ്‌ പുതച്ച കുടജാദ്രിയുടെ ചിത്രം മനസ്സില്‍ കോറിയ കുടജാദ്രി ഒരു സ്വപ്ന ഭൂമികയായിരുന്നു. യാത്രകള്‍ ആവേശമായ കാലം മുതലേ. സുഹൃത്തുക്കളുടെ വര്‍ണ്ണനകളില്‍ നിന്നും കോടമഞ്ഞ്‌ പുതച്ച കുടജാദ്രിയുടെ ചിത്രം മനസ്സില്‍ കോറിയ Rating: 0

About nammudemalayalam

scroll to top