Home » കാർഷികം » പൌലോസിന്റെ ജീവിതത്തിന് തേന്‍ മധുരം

പൌലോസിന്റെ ജീവിതത്തിന് തേന്‍ മധുരം

അനുപമ എം. വാരിയര്‍

പൌലോസ് തന്‍റെ ഓമനകളോടൊപ്പം

തേന്‍ മധുരം ജീവിത മധുരമായ കഥയാണ്  കോക്കണ്ടത്തില്‍ പൌലോസിന് പറയാനുള്ളത്.  കുഞ്ഞുനാളില്‍ മരപ്പൊത്തുകളിലും മണ്‍കൂനകളിലും കൂടുകൂട്ടി തേനട ഒരുക്കിയിരുന്ന തേനീച്ചക്കുട്ടങ്ങളെ കണ്ട അതേ അത്ഭുതത്തോടെയും കൌതുകത്തോടെയുമാണ് ഇന്ന് ഇദേഹം ഇവയെ പരിപാലിക്കുന്നത് .

തേന്‍ മധുരം  കിനിയും ബാല്യകാല സ്മരണകള്‍. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ഉപജീവനത്തിനായി പല ബിസിനസ്‌ മേഖലകളിലേക്കു തിരിഞ്ഞപ്പോഴും തേനീച്ച വളര്‍ത്തല്‍ പൌലോസിന്റെ ജീവിതത്തിന്റെ  ഭാഗം തന്നെയായിരുന്നു.  പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചാലക്കുടി- അതിരപ്പിള്ളി റൂട്ടില്‍ കുറ്റിച്ചിറയില്‍ പ്രകൃതിയുടെ വരദാനമായ കോട്ടാമല കേന്ദ്രീകരിച്ച് തേനീച്ച പരിപാലനത്തില്‍ വ്യാപൃതനാണിപ്പോള്‍ ഇദേഹം.  കോട്ടാമലയുടെ താഴ് വാരത്തായി  കണ്ണെത്താദൂരത്തോളം നിരനിരയായി  തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലായാണ്  തേന്‍ ശേഖരിക്കുവാനുള്ള പെട്ടികള്‍ സജ്ജീകരിച്ചിരിക്കുന്നത്.  വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വൃക്ഷലതാദികളാലും ഔഷധസസ്യങ്ങളാലും സമ്പന്നമായ കോട്ടാമലയുടെ അടിവാരത്ത് നിന്നും കടഞ്ഞെടുക്കുന്ന ഈ പൂന്തേനിന് മധുരം മാത്രമല്ല, ഔഷധഗുണവുമേറും.

rubber estate huny

റബ്ബര്‍തോട്ടത്തിലെ തേനീച്ചപെട്ടികള്‍

40 വര്‍ഷത്തിലേറെയായി തേനീച്ച വളര്‍ത്തലില്‍ സജീവമാണ് പൌലോസ്. ഞൊടിയന്‍ തേനീച്ചകളെയും ചെറു തേനീച്ചകളെയും വളര്‍ത്തുന്നുണ്ട്. തേനീച്ചകള്‍ക്ക്  കൂടൊരുക്കുന്നതിലും പരിപലിക്കുന്നതിലുമെല്ലാം  സവിശേഷ ശ്രദ്ധ ആവശ്യമാണെന്ന് പൌലോസ് പറയും. സാധാരണ ചെറിയ ദ്വാരങ്ങളിലും പൊത്തുകളിലും കൂടൊരുക്കുന്ന ചെറുതേനീച്ചകളുടെ തേനിന് ഔഷധഗുണം ഏറെയാണ്. തേനിന് നല്ല വില ലഭിക്കുമെങ്കിലും കുറഞ്ഞ അളവിലേ തേന്‍ ലഭിക്കൂ. വ്യാവസായികാടിസ്ഥാനത്തില്‍ തേനീച്ച വളര്‍ത്തലിന് അനുയോജ്യമായത് ഞൊടിയന്‍ തേനീച്ചകളാണ്.

huny (2)നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് തേനീച്ചകള്‍ വളര്‍ച്ച കൂടുതല്‍ കാണിക്കുന്നത്.  ഈ സമയത്താണ് തേന്‍ ശേഖരിക്കുന്നതിനുള്ള പെട്ടികള്‍ സ്ഥാപിക്കേണ്ടത്. തേനീച്ചകളെ പിടിച്ച് അവയ്ക്കാവശ്യമായ തീറ്റയും മറ്റും നല്കണം. ജനുവരി  അവസാനത്തോടെ തേനീച്ച തേന്‍ ശേഖരിച്ചു തുടങ്ങും. ഒന്നരമാസത്തോളം റബ്ബര്‍ മരങ്ങളില്‍ നിന്നുള്ള പൂന്തേന്‍ ലഭിക്കും. കൂടുതല്‍ മരങ്ങള്‍ കാണപ്പെടുന്ന സ്ഥലത്താണ് കൂടുതല്‍ തേന്‍ ലഭിക്കുക. സീസണിനു ശേഷമാണ് പരിപാലനത്തില്‍ അധികം ശ്രദ്ധ ചെലുത്തേണ്ടത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പഴകിയ അടകള്‍ പുതുക്കിക്കൊടുക്കണം. അതുപോലെ ഒക്ടോബര്‍-നവംബറിനു മുന്‍പായി റാണിയീച്ചകളെ പുതുക്കി കൊടുക്കണം.

huny eggതേന്‍ ശേഖരിക്കുന്ന സമയങ്ങളിലും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അധികമുള്ള റാണി സെല്ലുകള്‍ വേര്‍പെടുത്തി കളയണം. അല്ലെങ്കില്‍ പുതിയ റാണി ഉണ്ടായി കോളനി പിരിഞ്ഞുപോകും. വേലക്കാരായ മടിയന്‍ ഈച്ചകളുടെ സെല്ലുകളും അടര്‍ത്തി മാറ്റേണ്ടതാണ്. തേനെടുത്ത അടകള്‍ വൃത്തിയാക്കി വീണ്ടും വെച്ചുകൊടുത്താല്‍ ഈച്ചകള്‍ പുതിയ അട ഉണ്ടാക്കുന്ന സമയം ലാഭിക്കാം. തേന്‍ കൂടുതല്‍ കിട്ടുകയും ചെയ്യും.

ഇതൊക്കെ ശ്രദ്ധിച്ചാല്‍  നല്ലവണ്ണം തേന്‍  ലഭിക്കും. മഴക്കാല പരിചരണത്തിനനുസരിച്ചാണ് വേനല്‍ക്കാലത്ത് തേന്‍ കിട്ടുക. ഈച്ചകളുടെ എണ്ണത്തിനനുസരിച്ചാണ് പഞ്ചസാര ലായനിയും നല്‍കേണ്ടത്. ഒരു കൂടൊരുക്കുന്നതിനു ഏതാണ്ട് 700 രൂപയോളം ചെലവ് വരും. കാലാവസ്ഥ അനുകൂലമാകുകയും മറ്റു  രോഗബാധകള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ മുടക്കുമുതല്‍ തിരികെ ലഭിക്കുംമെന്ന് പൌലോസ് പറയുന്നു.

cheruthen koodu

ചെറുതേനീച്ച കൂട്

കീടബാധയേയും രോഗങ്ങളേയും പ്രതിരോധിക്കുക എന്നതും പ്രാധാന്യമേറിയ കാര്യമാണല്ലോ. അടപ്പുഴുവിന്റെ ശല്യം അകറ്റുന്നതിനായി തേന്‍ ശേഖരിക്കുന്ന പെട്ടിയുടെ അടിപ്പലക വൃത്തിയായി സംരക്ഷിക്കണം. പഴകിയ അടകള്‍ മാറ്റി മെഴുകും അഴുക്കുമെല്ലാം കളഞ്ഞ് വൃത്തിയാക്കണം. അതുപോലെ വിള്ളല്‍ വന്നതും ദ്രവിച്ചതുമായ പെട്ടിയുടെ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കണം.  ചിതല്‍ വരാതെ മഴ നനയാതെ സംരക്ഷിച്ചാല്‍ 12 വര്‍ഷം വരെ  പെട്ടികള്‍ ഉപയോഗിക്കാനാകും.

ഞൊടിയന്‍ തേനീച്ചകളെയാണ് പൌലോസ് കൂടുതലായി വളര്‍ത്തുന്നത്.ഞൊടിയന്‍ വിഭാഗത്തില്‍ കരിഞോടിയന്‍, ചെമ്പന്‍, ഓര്‍ഡിനറി ബ്ലാക്ക്‌ ഇനത്തില്‍പ്പെട്ടവയെയാണ് പ്രധാനമായും കാണുന്നത്. ചെമ്പന്‍ ഇനത്തില്‍ പെട്ടവയില്‍ നിന്ന് കൂടുതല്‍ തേന്‍ ലഭിക്കാറുണ്ട്. കരിഞോടിയന്‍ തേനീച്ചകളാവട്ടെ വളര്‍ന്നു കഴിഞ്ഞാല്‍ കൂട് ഉപേക്ഷിച്ചു പോകാന്‍ സാധ്യത കൂടുതലാണ്.  അതിനാല്‍ തന്നെ സീസണില്‍ അധികം ആയുസ്സ് ഇവയ്ക്ക് അവകാശപ്പെടാനാവില്ല. അനുകൂല കാലാവസ്ഥയും നല്ല പരിപാലനവുമുണ്ടെങ്കില്‍ ഒരു പെട്ടിയില്‍ നിന്നു തന്നെ 20 കിലോയിലധികം തേനെടുക്കാനാകും.

little huny

ചെറുതേനീച്ച കൂടും അടയും

തൊടുപുഴയിലെ കലൂരില്‍ സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പൌലോസ് ബിസിനസ്സിലെ പരാജയവും കടബാധ്യതകളും  മൂലമാണ്‌ ചാലക്കുടിയിലേക്ക് താമസം മാറുന്നത്. ശാസ്ത്രിയ രീതിയിലുള്ള തേനീച്ച വളര്‍ത്തലില്‍ മുഴുകിയതും തൃശ്ശൂരിലെത്തിയതിനു ശേഷമാണ്. അന്ന് 150ഓളം പെട്ടികളാണ്‌ തൊടുപുഴയില്‍നിന്ന്കൊണ്ടുവന്നത്. പിന്നീടത് ഇരുനൂറായി, നാഞ്ഞുറായി. ഇപ്പോള്‍ 700ഓളം പെട്ടികളുണ്ട്.

huny

യന്ത്രം ഉപയോഗിച്ച് അടയില്‍നിന്ന് തേന്‍ എടുക്കുന്നു

റാണിയീച്ചയും ഒരുകൂട്ടം തേനീച്ചകളുമടങ്ങുന്ന പെട്ടികള്‍ ആവശ്യക്കാര്‍ക്ക് നല്‍കാറുണ്ട്. ഒരു പെട്ടിക്ക് 1200 രൂപയാണ് ഈടാക്കുന്നത്. 700 പെട്ടികളില്‍ നിന്നായി പ്രതിവര്‍ഷം 7 ടണ്‍ തേനെടുക്കാന്‍ സാധിക്കാറുണ്ടെന്നു പൌലോസ് പറയുന്നു. പൌലോസിനെ സംബന്ധിച്ചിടത്തോളം ഹോബി എന്നതിലുപരി തേനീച്ച വളര്‍ത്തല്‍ ഒരു നല്ല വരുമാന മാര്‍ഗം കൂടിയാണ്. കോട്ടാമല തേന്‍ എന്ന പേരില്‍ കടകള്‍ വഴി വിതരണം ചെയ്യാറുമുണ്ട്. തേനീച്ച വളര്‍ത്തലില്‍  നിന്നുള്ള വരുമാനമാണ് തന്‍റെ കടങ്ങള്‍ വീട്ടാന്‍ ഉപകരിച്ചത്. തേനീച്ച വളര്‍ത്തലില്‍ താല്‍പര്യമുള്ളവരോട് പൌലോസിനു പറയാനുള്ളത് ഇത്രമാത്രം. അത്യധ്വാനവും അര്‍പ്പണബോധവും ആവശ്യമായ മേഖലയാണിത്. എങ്കിലും തുടര്‍ച്ചയായ പരിപാലനത്തിലൂടെ നേട്ടമുണ്ടാക്കാനാവും. അതുപോലെ കടബാധ്യതകളില്‍ നിന്നു കരകയറാന്‍ സഹായിക്കുന്ന ഉത്തമോപാധി കൂടിയാണിതെന്നു പറയാന്‍ പൌലോസിനു മടിയില്ല.  കടം നിലനില്‍ക്കുമ്പോള്‍ നമ്മള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴും കടം  കൂടിക്കൊണ്ടിരിക്കും. തേനീച്ചകളെ വളര്‍ത്തുമ്പോള്‍ നമ്മള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴും അവ ജോലി ചെയ്തുകൊണ്ടിരിക്കും. അങ്ങനെ നോക്കുമ്പോള്‍ തേനീച്ച വളര്‍ത്തല്‍ ഒരു പ്ലസ്‌പോയിന്റ്‌ ആണ്.
pathose with huny trayതേനില്‍ മായം ചേര്‍ക്കുന്നതു പോലെയുള്ള സംഭവങ്ങള്‍ പെരുകി വരുന്ന ഇക്കാലത്ത് വിപണിയില്‍ സത്യസന്ധമായ കയ്യൊപ്പ് ചാര്‍ത്തുകയെന്നതും പ്രധാനമാണ്. ശുദ്ധമായ തേന്‍ തിരിച്ചറിയുന്നതിനും മാര്‍ഗങ്ങളുണ്ട്. പുളിച്ച തേനായാലും മായം ചേര്‍ത്തതായാലും നിറവ്യത്യാസം കാണിക്കും. ശുദ്ധമായ തേനാണ് എങ്കില്‍ വെള്ളത്തിലൊഴിച്ചാല്‍ നൂല് പോലെ ഒഴുകിയിറങ്ങി അടിയില്‍ അടിഞ്ഞുകിടക്കും. പെട്ടെന്നു കലരില്ല. അതുപോലെ ഉണങ്ങിയ തോര്‍ത്തിലൊഴിച്ചാല്‍ പെട്ടെന്നു താഴേക്ക്‌ വരില്ല. എങ്കിലും ആധികാരികമായ രീതി ലാബ്‌ ടെസ്റ്റ്‌ തന്നെയാണ്. കാറ്റ്  കടക്കാതെ, ഈര്‍പ്പം തട്ടാതെ സംരക്ഷിച്ചാല്‍ തേന്‍ കുറേകാലം കേടു കൂടാതെ ഇരിക്കും. കൂടുകളില്‍ നിന്നു ശേഖരിക്കുന്ന തേന്‍ അതേപടി കൊടുക്കാറില്ല. അവയെ ശാസ്ത്രീയമായ രീതിയില്‍ സംസ്കരിച്ചാണ് കുപ്പികളിലാക്കി വില്‍ക്കുന്നത്. ആ പ്രക്രിയ ഇങ്ങനെ. 63 ഡിഗ്രി വരെ ചൂടില്‍ തേന്‍ ചൂടാക്കുകയാണ് ചെയ്യുന്നത്. 70 ഡിഗ്രി വരെ ചൂടില്‍ വെള്ളം ചൂടാക്കിയതിനു ശേഷം മറ്റൊരു പത്രത്തില്‍ തേനെടുത്ത് ഒരിഞ്ച് അകലത്തില്‍ ഇതില്‍ തട്ടാത്ത വിധത്തില്‍ ക്രമീകരിക്കുന്നു. ചൂടായ വെള്ളത്തിന്‍റെ ഉപരിതല നിരപ്പിന്റെ താഴെ തേന്‍ നില്‍ക്കണം. വെള്ളം ചൂടാകുന്നതിനനുസരിച്ച് തേന്‍ ഇളക്കിക്കൊണ്ടിരിക്കണം. അങ്ങനെ 63 ഡിഗ്രിയിലെത്തുമ്പോള്‍ തേന്‍ നുരഞ്ഞുപൊന്തി അതിലെ ഈര്‍പ്പത്തിന്റെയും പൂമ്പൊടിയുടെയും അംശം മാറി തെളിഞ്ഞുവരും. പതഞ്ഞു വരുന്ന തേനിന്‍റെ പത മാറ്റി തണുപ്പിച്ചു കുപ്പികളിലാക്കി  സീല്‍ ചെയ്താണ് വിതരണം ചെയ്യുന്നത്. ഭാവിയില്‍ യന്ത്രസഹായത്തോടെ ഈ രീതി അവലംബിക്കാനും അതിനായി ഒരു പ്രോസസിംഗ് പ്ലാന്‍റ് തുടങ്ങുന്നതിനുള്ള ആലോചനയിലാണ്‌ പൌലോസ്.

huny production

നിറഞ്ഞൊഴുകുന്ന തേന്‍ മധുരം

കുറ്റിച്ചിറയില്‍ കെ.ജെ. ടെക്സ്റ്റയില്‍സ് എന്ന പേരില്‍ തുണിക്കടയും തയ്യല്‍ക്കടയും നടത്തുന്നുണ്ട് പൌലോസ്. ഭാര്യ റോസ്‌ലിക്കാണ് കടയുടെ  മേല്നോട്ടച്ചുമതല. അതിനാല്‍ തന്നെ സീസണിലും മറ്റും തനിക്ക് പൂര്‍ണമായും തേനീച്ച  പരിപാലനത്തില്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും പൌലോസ് പറയുന്നു. ഒറ്റയ്ക്ക് ചെയ്യുന്നതാണ് ഇഷ്ടമെങ്കിലും സീസണില്‍ സഹായത്തിന് സുഹൃത്ത് ബെന്നിയും നാലഞ്ചു ജോലിക്കാരുമുണ്ടാവും. ഒരു വ്യവസായമെന്നതിലുപരി ഈ മേഖല നല്‍കുന്ന സംതൃപ്തി തന്നെയാണ് പൌലോസിനെ ഇതിലേക്കടുപ്പിച്ചത്. അഗ്രികള്‍ച്ചര്‍ ബിരുദത്തിനു പഠിക്കുന്ന ജോണ്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അമല്‍, എന്‍ട്രന്‍സ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന മെറിന്‍ എന്നിവര്‍ മക്കളാണ്.

ഫോണ്‍ : 8086128818

പൌലോസിന്റെ ജീവിതത്തിന് തേന്‍ മധുരം Reviewed by on . [caption id="attachment_4103" align="aligncenter" width="500"] പൌലോസ് തന്‍റെ ഓമനകളോടൊപ്പം[/caption] തേന്‍ മധുരം ജീവിത മധുരമായ കഥയാണ്  കോക്കണ്ടത്തില്‍ പൌലോസിന് പ [caption id="attachment_4103" align="aligncenter" width="500"] പൌലോസ് തന്‍റെ ഓമനകളോടൊപ്പം[/caption] തേന്‍ മധുരം ജീവിത മധുരമായ കഥയാണ്  കോക്കണ്ടത്തില്‍ പൌലോസിന് പ Rating: 0

About nammudemalayalam

scroll to top