Home » കാർഷികം » മണ്ണിനെ മനസ്സറിഞ്ഞ കൂട്ടുകാര്‍

മണ്ണിനെ മനസ്സറിഞ്ഞ കൂട്ടുകാര്‍

നയന

farmersമണ്ണിനു മനസ്സു കൊടുത്താല്‍ മണ്ണ് ചതിക്കില്ലെന്നും പകരം പൊന്നു തരുമെന്നും ഈ കൂട്ടുകാര്‍ക്കറിയാം. കിരാലൂര്‍ എന്ന കൊച്ചു സുന്ദര ഗ്രാമത്തില്‍ ഇന്നുമുണ്ട് കൃഷിയെ പെറ്റമ്മയെപോലെ സ്നേഹിക്കുന്നവര്‍. അമ്മയും മണ്ണും എന്നും ഒരുപോലെ. കാരണം മക്കളെ ഊട്ടാന്‍ അവരോളം ശേഷി മറ്റാര്‍ക്കും കാണില്ല.

ജോലിക്കപ്പുറം കൃഷി എന്നത് വെറും സ്വപ്നം മാത്രമായി നിലനില്‍ക്കുമ്പോള്‍ ഒഴിവു സമയങ്ങളിലെ വിനോദം മാത്രമായി കൃഷിയെ കാണാതെ, കര്‍ഷകരായി മണ്ണിന്റെ മാറിലേക്ക്‌ ഇറങ്ങാന്‍ ഈ സുഹൃത്തുക്കള്‍ക്കായി. അങ്ങനെ രാജേഷും ഹരിദാസും രാമചന്ദ്രനും നല്ല കൂട്ടുകാര്‍ എന്നതിലുപരി നല്ല കര്‍ഷകര്‍ കൂടിയാണിന്ന്‍.

മുഴുവന്‍ സമയ കര്‍ഷകനായ കൂട്ടുകാരന്‍ രാമചന്ദ്രനില്‍ നിന്നും കൃഷിയെക്കുറിച്ചുള്ള അറിവ് കൃഷിയുടെ പടവുകളിലേക്ക് ചവിട്ടിക്കയറാന്‍ ഹരിദാസിനും രാജേഷിനും പ്രചോദനമായി.

മുണ്ടത്തിക്കോട് എന്‍.എസ്.എസ്. ഹൈസ്കൂളിലെ പ്യൂണായ രാജേഷും ടെയലറായ  ഹരിദാസും  ഒഴിവുസമയങ്ങളിലെല്ലാം മണ്ണിനോട് ഒത്തു ചേരുന്നു.

ഒന്പത് ഏക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് അവിടെ പൊന്നു വിളയിക്കുന്ന ഈ കര്‍ഷകര്‍ നാടിന്‍റെ അഭിമാനമാണ്. ഒരമ്മ കുഞ്ഞിനെ കാക്കുന്നുവെന്നോണം തന്‍റെ നെല്‍വയലുകളുടെ ഓരോ വളര്‍ച്ചയും ഇവരുടെ നിരീക്ഷണപാടവത്തിനു തെളിവാകുന്നു. നാടിന്‍റെ പ്രിയപ്പെട്ടവര്‍ കൃഷിക്ക്‌ മുന്‍തൂക്കം നല്‍കിയപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങള്മുണ്ടെന്ന തോന്നലോടെ നാട്ടുകാരും ഇവരോടോത്തു കൂടി.

തന്‍റെ തലമുറയ്ക്ക് മാത്രമല്ല, വളര്‍ന്നുവരുന്ന നവമുകുളങ്ങള്‍ക്കും കൃഷിയെന്നത്പാഠപുസ്തകം തന്നെയാണെന്നാണ് ഈ കൂട്ടുകാരുടെ അഭിപ്രായം.  പുസ്തകതാളുകളില്‍ കേവലം ചിത്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കര്‍ഷകന്‍ ഓരോ വീടുകളിലെയും അഭിമാനമായി മാറണം.

മണ്ണില്‍ സ്വന്തം വിയര്‍പ്പു നനച്ചു നട്ടുവളര്‍ത്തുന്ന നെല്‍ചെടിയോളം ഭംഗി മറ്റൊന്നിനും കണ്ടെത്താന്‍ ഇവര്ക്കവുന്നില്ല.

വളപ്രയോഗത്തെക്കുറിച്ചും ശരിയായ അറിവുണ്ട് ഈ കര്‍ഷകര്‍ക്ക്. രാസവളത്തെ മാത്രം ആശ്രയിക്കാതെ ജൈവവളവും  തന്‍റെ കൃഷിയിടത്തിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ ശ്രമിച്ചു. ജൈവവളമായി ചാണകവും പച്ചിലവളവും രസവളമായി പൊട്ടാഷ്, യൂറിയ, ഫാക്ടംഫോസ് മുതലായവയും അവര്‍ ഉപയോഗിക്കുന്നു

നാടിന്‍റെ ഭംഗി കൃഷിയിലാണെന്ന്കിരാലൂരിന്റെ മണ്ണ് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പൊരിവെയിലത്തും നെല്‍തിരുകള്‍ക്ക് തളര്ച്ചയില്ലാതിരിക്കാന്‍ ജലസേചനത്തിനായി ഇവര്‍ വാഴാനി കനാലിനെയാണ് ആശ്രയിക്കുന്നത്.

ഈ വിജയക്കൂട്ടായ്മ്മയ്ക്ക്‌ കരുത്തു പകരാന്‍ നെല്ല് സംഭരണത്തിനായി സപ്ലൈകോയും സന്നദ്ധരാണ്. അങ്ങനെ ഒരു നാടിന്‍റെ ഒത്തൊരുമയ്‌ക്ക് പറയാനുള്ളത് ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്ന നെല്കതിരുകളെ കുറിച്ചാണ്.

പാരമ്പര്യത്തെ കാക്കേണ്ടത് നമ്മളാണ്.  കൃഷിയും നമ്മുടെ പാരമ്പര്യമാണ്.  ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ആ ഓര്‍മകള്‍ക്ക് തിരി കൊളുത്താന്‍ മണ്ണിന്റെ മക്കളായ നമുക്കേ സാധിക്കൂ. അങ്ങനെ ഹരിതാഭമായ നാളെയെ  സ്വപ്നം കാണുവാനും പുതിയ തലമുറയ്ക്ക് സ്വപ്നം കാണുവാന്‍ പഠിപ്പിക്കുവാനും നമുക്ക് കഴിയണം.

രാജേഷിന്റെയും ഹരിദാസിന്റെയും രാമചന്ദ്രന്റെയും അധ്വാനത്തിന്റെ കഥ നമുക്കും കൂടിയുള്ള പാഠമാണ്. രാവിലെയും വൈകുന്നേരവും മാത്രമാണ് അവര്‍ക്ക് പാടത്തേക്ക് ഇറങ്ങുവാന്‍ കഴിയുന്നത്.

ജോലി കഴിഞ്ഞു  വിശ്രമമില്ലാതെ തങ്ങളുടെ കൃഷിയിടത്തിലേക്ക് ഇവര്‍ ഒറ്റക്കെട്ടായി ഇറങ്ങുന്നു. നിലം ഉഴുതുന്നത് മുതല്‍ നെല്ല് സപ്ലൈകോയില്‍ എത്തുന്നതു വരെ ഈ മൂവര്‍ സംഘത്തിന്‍റെ സാന്നിദ്ധ്യം  എടുത്തുപറയേണ്ടതാണ്‌.

മൂന്ന് വര്‍ഷമായി മണ്ണിനെ അറിഞ്ഞും സ്നേഹിച്ചും ജീവിക്കുന്നത് കൊണ്ട് തിരിച്ചും മണ്ണ് അവര്‍ക്ക് വേണ്ടതെല്ലാം നല്‍കി.

തിരക്കില്‍ മറന്നു പോകേണ്ടതല്ല മണ്ണിനെ എന്ന് അവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. മണ്ണിന്‍റെ മക്കളായി മണ്ണില്‍ നിന്നും അവര്‍ പാഠങ്ങള്‍  പഠിക്കുന്നു.  മനുഷ്യന്‍ മണ്ണാണെന്നും മണ്ണിനെയറിഞ്ഞു ജീവിക്കണമെന്നും അവര്‍ വരുംതലമുറയെ പഠിപ്പിക്കുന്നു.

മണ്ണിനെ മനസ്സറിഞ്ഞ കൂട്ടുകാര്‍ Reviewed by on . മണ്ണിനു മനസ്സു കൊടുത്താല്‍ മണ്ണ് ചതിക്കില്ലെന്നും പകരം പൊന്നു തരുമെന്നും ഈ കൂട്ടുകാര്‍ക്കറിയാം. കിരാലൂര്‍ എന്ന കൊച്ചു സുന്ദര ഗ്രാമത്തില്‍ ഇന്നുമുണ്ട് കൃഷിയെ പെറ മണ്ണിനു മനസ്സു കൊടുത്താല്‍ മണ്ണ് ചതിക്കില്ലെന്നും പകരം പൊന്നു തരുമെന്നും ഈ കൂട്ടുകാര്‍ക്കറിയാം. കിരാലൂര്‍ എന്ന കൊച്ചു സുന്ദര ഗ്രാമത്തില്‍ ഇന്നുമുണ്ട് കൃഷിയെ പെറ Rating: 0

About nammudemalayalam

scroll to top