Home » കല,സാഹിത്യം » സംഗീതം ആത്മാവാക്കിയ അധ്യാപകന്‍

സംഗീതം ആത്മാവാക്കിയ അധ്യാപകന്‍

കാലത്തിന്റെ ഗതയാത്രയില്‍ തന്‍റെ പ്രിയശിഷ്യരെ കൈപിടിച്ചു നടത്തുന്ന ഒരു സംഗീതാധ്യപകനുണ്ട് തൃശ്ശൂര്‍ പുങ്കുന്നം അനാര്‍ക് അപാര്‍ട്ട്മെന്റ്സില്‍. സംഗീതം വാചാലമാകുന്ന ചുമരുകള്‍ക്കുള്ളില്‍ ചെറുപുഞ്ചിരിയോടെ ശാന്തനായ മധുസാറിനു സംഗീതത്തെ കുറിച്ച് വാതോരാതെ പറയാനുണ്ട്‌.

നടന്നുവന്ന വഴികളിലത്രയും പിന്തിരിഞ്ഞു നോക്കിയാല്‍ സമ്പത്തായി നേടിയതില്‍ ഏറ്റവും കൂടുതല്‍ തന്‍റെ ശിഷ്യഗണങ്ങള്‍ തന്നെയാണ്. തന്നേക്കാള്‍ വളരുന്ന ശിഷ്യരെ നോക്കി മറഞ്ഞിരുന്നു ശാന്തനായി ചിരിക്കാന്‍ ഇദേഹത്തിനാവുന്നു.

അച്ഛനായ ഗോപിപണിക്കരും അമ്മ വിലാസിനിയമ്മയും  മകനെ സംഗീതത്തിനു വിട്ടു നല്‍കുകയായിരുന്നു. മകനില്‍ വളര്‍ന്നു വരുന്ന പ്രതിഭയെ തിരിച്ചറിയാനും ആ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും മാതാപിതാക്കള്‍ കാണിച്ച ആത്മാര്‍ത്ഥതയെ ഇന്നും മധുസര്‍ സ്മരിക്കുന്നു.

തന്‍റെ ഗുരുനാഥനായ ആര്‍. കൃഷ്ണയ്യരില്‍ നിന്നും  ബാലപാഠങ്ങള്‍ ശിരസ്സിലേറ്റിയ പ്രിയശിഷ്യനാണ് ഇന്നും ഇദ്ദേഹം.  മാതാപിതാ ഗുരു ദൈവം എന്ന തത്ത്വത്തെ തന്‍റെ ജീവിതപാഠമാക്കാന്‍ ഈ അധ്യാപകന് കഴിയുന്നു. ഇരുപത്തിയഞ്ചു വയസ്സില്‍ തന്നോടോത്തു കൂടിയ പ്രിയസഖി സുനിതയും സംഗീതരംഗത്ത്‌  മധുസാറിനു കൂട്ടായി. തന്‍റെ സിദ്ധി മകള്‍ കീര്‍ത്തനയ്ക്ക് പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവും ഇദ്ദേഹത്തിനുണ്ട്.

സംഗീതത്തിനു പല അവസ്ഥകളുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ദുഖത്തില്‍ ആശ്വാസം പകരാനും ഏകാന്തതയില്‍ കൂട്ടായിരിക്കാനും സന്തോഷത്തില്‍ ഒപ്പം ചേരാനും സംഗീതത്തിനാവുനുണ്ട് എന്നാണ് മധുസാറിന്റെ കാഴചപ്പാട്.

പത്തൊന്‍പതാം വയസ്സ് മുതല്‍ സംഗീതാധ്യാപകനായി  തുടങ്ങിയ ഈ ഭാഗ്യം മുപ്പതു വര്‍ഷമായി നിലനിര്‍ത്തുന്നതില്‍ മധുസാര്‍ വിജയിച്ചു.

നടി ഭാവന, ഗായകന്‍ ഫ്രാങ്കോ മുതലായവരുടെ അധ്യാപകനാകാനും അവരുടെ വളര്‍ച്ചയിലെവിടെയോ ഒരു ഭാഗമാകാന്‍ കഴിഞ്ഞതിലും  ഹൃദയം നിറഞ്ഞ സന്തോഷമുണ്ട് ഇദ്ദേഹത്തിന്. ഇന്നു അമ്പതോളം വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തിന്‍റെ ശിഷ്യരാണ്. അഥവാ നാളത്തെ പ്രതീക്ഷകള്‍!

സിനിമയില്‍ പാടാന്‍ ആഗ്രഹമില്ലാത്ത ഗായകര്‍ ഇന്നില്ല. എങ്കിലും ഭാഗ്യം തേടിവരികയോ ആ ഭാഗ്യത്തെ  തേടിപ്പോവുകയോ മധുസാര്‍ ചെയ്തിട്ടില്ല. സംഗീതത്തിന്നപ്പുറം വയലിന്‍ തന്ത്രികളില്‍ മാസ്മരികത  ഉണര്‍ത്തുന്നതിനും ഇദ്ദേഹത്തിനു സാധിക്കുന്നു.

ഗായകന്‍ പി. ജയചന്ദ്രനുമായുള്ള സൗഹൃദം ഇദ്ദേഹത്തിന് സംഗീതലോകത്തെ പുത്തന്‍ കവാടങ്ങള്‍ തുറക്കുന്നതിനു കാരണമായി. തനിക്ക് മറക്കാനാകാത്ത അനുഭവങ്ങള്‍ സമ്മാനിച്ച ജയചന്ദ്രന്റെ ഒരുപിടി ഗാനങ്ങള്‍ മധുസാറിന്റെ മനസ്സില്‍ ഉണര്‍ന്നിരിക്കുന്നു.

ഒരിക്കല്‍ കോട്ടപ്പുറം ശിവക്ഷേത്രത്തില്‍ ഭക്തി ഗാനമേള നടക്കാനിരിക്കെ മധുസാറിനു അസുഖം പിടിപെട്ടു. ഗാനമേള നടത്താമെന്ന് ക്ഷേത്രം അധികൃതരോട്  പറഞ്ഞുവെങ്കിലും സാധ്യമല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. പരിപാടി  ക്യാന്‍സല്‍ ചെയ്യുകയല്ലാതെ മുന്നില്‍ മറ്റു വഴികളൊന്നുമില്ലെന്നു വന്ന നിമിഷം പ്രതിഫലം കാംക്ഷിക്കാതെ തന്‍റെ പരിപാടിയില്‍ ജയചന്ദ്രന്‍ പാടുവാന്‍ തയ്യാറാവുകയും  വിജയകരമായി ഗാനമേള നടത്തുവാന്‍ സാധിക്കുകയും ചെയ്തത് മധുസാര്‍ എപ്പോഴും ഓര്‍ക്കുന്നു.

ഭാവി എന്നത് പുതു തലമുറയിലാണെന്നു ഇദ്ദേഹത്തിനറിയാം. വളര്‍ന്നു വരുന്ന പുതിയ ഗായകരോടു പറയാന്‍ ഇദ്ദേഹം ഒരുകൂട്ടം മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ‘ സംഗീതമെന്നത് സിദ്ധിയാണ്. അത് ആഭാസമാകരുത്. റിയാലിറ്റി ഷോ മുതലായവയിലൂടെ സംഗീതത്തിനപ്പുറം നൃത്തച്ചുവടുകള്‍ക്കും വസ്ത്രധാരണത്തിനും പ്രാധാന്യം നല്‍കുന്നു. സംഗീതത്തിന്റെ വിശുദ്ധി വളര്‍ന്നുവരുന്ന കുട്ടികള്‍ തിരിച്ചറിയണം. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത തുടങ്ങിയ ഗായകരിലൂടെയാണ് സംഗീതം നടന്നു ഇന്നു കാണുന്ന രംഗത്തെത്തിയത്. അവര്‍ തന്ന ആ സംഗീതത്തെ അതുപോലെ സൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതിനിനി പുതിയ തലമുരകള്‍ക്കെ കഴിയൂ. എന്റെ ആത്മാവ് എന്റെ സംഗീതമാണ്. അതുപോലെ നിങ്ങളും സംഗീതത്തെ സ്നേഹിക്കണം. ” ഇതാണ് ഇന്നത്തെ കുട്ടികളോട്  എനിക്ക് പറയാനുള്ളത്.

സംഗീതത്തെക്കുറിച്ച്  വാചാലനാകുമ്പോഴും ഇടക്കിടെ അദ്ദേഹം  സമയത്തെക്കുറിച്ചും തന്നെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ചും ബോധവാനായിരുന്നു. തന്‍റെ മുന്നില്‍ ഇനി സമയമില്ലാത്തത് കൊണ്ടാകാം സംഗീതത്തെക്കുറിച്ച് ലളിതമായി സംസാരിച്ചു തന്‍റെ സംഗീതലോകത്തേക്ക് അദ്ദേഹം  എഴുന്നേറ്റു നടന്നത്. അപ്പോഴും അനാര്‍ക്ക് അപാര്‍ട്ട്മെന്റ്സില്‍ ഡി-2 എന്ന സംഗീതം തുളുമ്പുന്ന മുറിയില്‍ എവിടെ നിന്നോ ഒരു പല്ലി ചിലയ്ക്കുന്നുണ്ടായിരുന്നു. ഏഴ് സ്വരങ്ങളും ശ്രുതി ചേര്‍ത്ത് പാടാന്‍ ആ പല്ലിയും  പഠിച്ചിരുന്നു.

സംഗീതം ആത്മാവാക്കിയ അധ്യാപകന്‍ Reviewed by on . കാലത്തിന്റെ ഗതയാത്രയില്‍ തന്‍റെ പ്രിയശിഷ്യരെ കൈപിടിച്ചു നടത്തുന്ന ഒരു സംഗീതാധ്യപകനുണ്ട് തൃശ്ശൂര്‍ പുങ്കുന്നം അനാര്‍ക് അപാര്‍ട്ട്മെന്റ്സില്‍. സംഗീതം വാചാലമാകുന്ന കാലത്തിന്റെ ഗതയാത്രയില്‍ തന്‍റെ പ്രിയശിഷ്യരെ കൈപിടിച്ചു നടത്തുന്ന ഒരു സംഗീതാധ്യപകനുണ്ട് തൃശ്ശൂര്‍ പുങ്കുന്നം അനാര്‍ക് അപാര്‍ട്ട്മെന്റ്സില്‍. സംഗീതം വാചാലമാകുന്ന Rating: 0

About nammudemalayalam

scroll to top