Home » പൈതൃകം » പൈതൃകം വിളിച്ചോതുന്ന ആല്‍മരം

പൈതൃകം വിളിച്ചോതുന്ന ആല്‍മരം

വിദ്യ വിജയന്‍

Benghalensis

ഭാരതത്തിന്‍റെ പാരമ്പര്യം വിളിച്ചോതുന്ന ദേശീയ വൃക്ഷമാണ് ആല്‍മരം. അതുകൊണ്ടുതന്നെ ആല്‍മരത്തെ വെറുമൊരു സാധാരണ മരമായി കാണാന്‍ കഴിയില്ല. ശ്രേഷ്ടതയും പവിത്രതയും സങ്കല്‍പ്പിച്ച് ആരാധിക്കുന്ന പുണ്യവൃക്ഷമാണ് ആല്‍. അപൂര്‍വ്വഗുണങ്ങള്‍ ഉള്ള ഈ വൃക്ഷം പല രോഗങ്ങള്‍ക്കും ആശ്വാസമാണ്.

അല്‍മരം തന്നെ പലയിനങ്ങളില്‍ ഉണ്ട്.  ലോകം മുഴുവന്‍ 600ലധികം തരം ആല്‍മരങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ മാത്രം 45 തരം ആലുകളുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാല്‍, പേരാല്‍, കല്ലാല്‍, കാരാല്‍, ഇത്തിയാല്‍, ചിറ്റാല്‍, കൃഷ്ണനാല്‍ തുടങ്ങിയവ. ഇതില്‍ അരയാലാണ് ഏറ്റവും പ്രധാനം. അരചന്‍ ആല്‍ എന്ന പേരു വിളിക്കുന്ന അരയാല്‍ ആനയ്ക്ക് പ്രിയപ്പെട്ട ആഹാരമായതിനാല്‍ കുഞ്ജരാശനം എന്ന പേരിലും  അറിയപ്പെടുന്നു. ഇലകള്‍ സദാ ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ “ചലദല” എന്നും അറിയപ്പെടുന്നു.

വൃക്ഷങ്ങളുടെ രാജാവയാണ് ആല്‍മരം അറിയപ്പെടുന്നത്.  അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം തന്നെ വളരുന്ന  Moraceae സസ്യകുടുംബത്തില്‍പ്പെട്ടതാണ് ആല്‍മരം. വള്ളികൾ മുതൽ വന്മരങ്ങൾ വരെ ഇതിൽ ഉണ്ട്.

BODHI TREEചില ആലുകൾ അതിന്‍റെ  ജീവിതം ആരംഭിക്കുന്നത്  പരാദസസ്യമായിട്ടാണ്(epiphyte). പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല. കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയുമാണ്  ചെയ്യുന്നത്. പൊതുവെ കറയുള്ള വൃക്ഷമാണ് ആല്‍. മൂന്ന്‍ തരത്തിലുള്ള പൂക്കളും ഇതിനുണ്ട്. ആണ്‍പൂക്കളും പെണ്‍പൂക്കളും, പിന്നെ മറ്റൊരു വിഭാഗം പൂക്കളും.

2000വര്‍ഷത്തോളമാണ് ആല്‍മരത്തിന്‍റെ ആയുസ്സ്. ഓക്സിജന്‍ വളരെയധികം ഉല്‍പ്പാദിപ്പിക്കുവാനുള്ള കഴിവ് ആല്‍ മരത്തി്നുണ്ട്.  ആല്‍മരത്തിന്‍റെ ചുറ്റിലും നടക്കുന്നതും വിശ്രമിക്കുന്നതും ആരോഗ്യത്തിന് വളരെ പ്രയോജനകാരവും ഊര്‍ജ്ജദായകവും ആണ്. ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ ആലയം ആണ് ആല്‍മരമെന്ന സങ്കല്‍പ്പം ഹൈന്ദവ വിശ്വാസമനുസരിചുണ്ട്. ഈ സങ്കല്‍പ്പത്തെ ആധാരമാക്കി ആല്‍മരം പ്രദക്ഷിണം വയ്ക്കുമ്പോള്‍ ചൊല്ലുന്ന ഒരു മന്ത്രം ഉണ്ട്.

മൂലതോ ബ്രഹ്മരൂപായ  

മദ്ധ്യതോ വിഷ്ണുരൂപായ  

  അഗ്രതോ ശിവരൂപായ                                                                                                                                                                                                                                            

വൃക്ഷരാജായതേ നമോനമഃ “

അതായത് ചുവട്ടില്‍ ബ്രഹ്മാവും മദ്ധ്യത്തില്‍ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന് അര്‍ത്ഥം. ത്രിമൂര്‍ത്തികള്‍ക്ക് സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന ആലിനെ പ്രദക്ഷിണം ചെയ്യുന്നത് ശനിദോഷങ്ങള്‍ അകറ്റുമെന്നും വിശ്വാസമുണ്ട്.

ഭഗവത്ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു “വൃക്ഷങ്ങളില്‍ ഞാന്‍ ആല്‍മരമാണ്..”.

ബുദ്ധനെ സിദ്ധനാക്കിയത് ആല്‍മരച്ചുവട്ടിലെ നിരന്തരമായ ധ്യാനമാണെന്നും സങ്കല്‍പ്പമുണ്ട്. ശ്രീബുദ്ധന്ന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കവേയായിരുന്നു. അതുകൊണ്ട് ആ ആൽമരം ബുദ്ധമതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു.  ബോധ്ഗയയിലുള്ള ആൽ അന്നത്തെ ആൽമരത്തിന്റെ തുടർച്ചയായിട്ടാണ് കരുതിപ്പോരുന്നത്.

” അശ്വത്ഥ ഹുതഭുക്ക് വാസോ / ഗോവിന്ദസ്യസദാശ്രയ അശേഷം ഹരമേശോകം/ വൃക്ഷരാജ നമോസ്തുതേ”

ഇതാണ് ആല്‍മരത്തിന്‍റെ നമസ്കാര മന്ത്രം. ആലിനു എത്ര പ്രദക്ഷിണം വെച്ചോ അത്രതന്നെ നമസ്കാരവും ചെയുന്നത് ഉത്തമം എന്നും പറയപ്പെടുന്നു. അരയാലിന് 7 പ്രദക്ഷിണം വേണം,ഗുണിതങ്ങളും ആകാം. 108 തവണ പ്രദക്ഷിണം വയ്ക്കുന്നത് കൂടുതല്‍ ഉത്തമം എന്നും പറയപ്പെടുന്നു. ആല്‍മരചുവടുകളില്‍ പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ തുടങ്ങിയ ശ്രേഷ്ടമായ അംഗങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ കുറച്ചു സമയമെങ്കിലും ആല്‍ത്തറയില്‍ ചെലവഴിച്ചാല്‍ ആയുരാരോഗ്യം ഉണ്ടാകുമെന്ന്  ശാസ്ത്രം പറയുന്നു.

പൈതൃകം വിളിച്ചോതുന്ന ആല്‍മരം Reviewed by on . ഭാരതത്തിന്‍റെ പാരമ്പര്യം വിളിച്ചോതുന്ന ദേശീയ വൃക്ഷമാണ് ആല്‍മരം. അതുകൊണ്ടുതന്നെ ആല്‍മരത്തെ വെറുമൊരു സാധാരണ മരമായി കാണാന്‍ കഴിയില്ല. ശ്രേഷ്ടതയും പവിത്രതയും സങ്കല് ഭാരതത്തിന്‍റെ പാരമ്പര്യം വിളിച്ചോതുന്ന ദേശീയ വൃക്ഷമാണ് ആല്‍മരം. അതുകൊണ്ടുതന്നെ ആല്‍മരത്തെ വെറുമൊരു സാധാരണ മരമായി കാണാന്‍ കഴിയില്ല. ശ്രേഷ്ടതയും പവിത്രതയും സങ്കല് Rating: 0

About nammudemalayalam

scroll to top