ലോഹിതദാസ് മലയാളത്തിനു സമ്മാനിച്ച താരമാണ് നന്ദകിഷോര്‍. കസ്തൂരിമാന്‍ എന്ന സിനിമ കണ്ടിട്ടുളളവര്‍ക്ക് അതിലെ കഥാപാത്രം പളളിയിലെ അച്ചനെ പെട്ടെന്ന്മറക്കാനാവില്ല. നാടകപ്രവര്‍ത്തകന്‍, ഫലിതപ്രഭാഷകന്, എഴുത്തുകാരന് എന്നീ നിലകളില്‍ കാല്‍നൂറ്റാണ്ടു കാലമായി ഇദ്ദേഹം പ്രേക്ഷകരുമായി സംഭവിച്ചു കൊണ്ടിരിക്കുന്നു. ആനുകാലിക വിഷയങ്ങളില്‍ നര്‍മ്മത്തിലൂടെ ഇടപെട്ടുകൊണ്ടിരിക്കുന്ന നന്ദകിഷോറിനെക്കുറിച്ച് മാധ്യമപ്രവര്ത്തകന് എം.വി. നികേഷ്കുമാര്‍ വിശേഷിപ്പിച്ചത് നിലവാരമുളള നര്‍മ്മത്തിന്റെ പ്രചാരകന് എന്നാണ്.
നമ്മുടെ മലയാളം ഡോട്കോം ഓണ്‍ലൈന്‍ മാഗസിനു വേണ്ടി നന്ദകിഷോര്‍ മനസ്സു തുറക്കുന്നു. തന്റെ അനുഭവങ്ങള്‍, ചിന്തകള്‍, കാഴ്ച്ചപ്പാടുകള്‍ എല്ലാം വായനക്കാരുമായി പങ്കുവെക്കുന്നു.
* നന്ദകിഷോര്‍ എന്ന പേര് ശ്രീകൃഷ്ണന്റെ നാമധേയമാണ്. കൃഷ്ണന് ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ഭഗവാന് ശ്രീകൃഷ്ണന് പുറമെ എല്ലാവരോടും വളരെയധികം അടുപ്പം കാണിച്ചാലും എപ്പോഴും മാനസികമായി ഒരു അകല്‍ച്ച സൂക്ഷിച്ചിരുന്നു. അത് ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. പതിനായിരത്തെട്ടു ഭാര്യമാരുളള ഭഗവാന് വളരെ സൗമ്യനാണെന്നുളളതും എടുത്തു പറയേണ്ട കാര്യമാണ്.
* നാടകത്തിലൂടെയാണല്ലോ കലാജീവിതത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ രംഗത്തേയ്ക്ക് കടന്നുവരാനുളള പ്രചോദനം ആരായിരുന്നു?
അച്ഛന്റെ മരണശേഷം 22-ാം വയസ്സിലാണ് കലാപ്രവര്‍ത്തനം തുടങ്ങിയത്. പ്രോത്സാഹനം ആരില്‍നിന്നും ഉണ്ടായിട്ടില്ല. അമ്പലക്കമ്മിറ്റിയും അതിനോടനുമ്പന്ധിച്ച പ്രവര്‍ത്തനങ്ങളുമായി ഒരു അമ്പലവാസി തന്നെ ആയിരുന്നു. യാദൃശ്ചികമായി 1984 ല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നപ്പോള്‍ എല്ലാവരും അതിശയിച്ചുപോയി. പിന്നീട് ജോസ് ചിറമ്മലിന്റെ തൃശ്ശൂര്‍ റൂട്ട് എന്ന നാടക സംഘത്തില്‍ ചേര്‍ന്നു. ആ നാടക പ്രവര്‍ത്തനകാലമാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്.
* താങ്കള്‍ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന് ആണല്ലോ? ജോലിയും കലയും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു. പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ സഹപ്രവര്‍ത്തകര്‍ ആരാധകരാണോ?
ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ നല്ല സഹകരണം ഉണ്ടായിരുന്നു. പിന്നെ അവര്‍ക്ക് ആരാധന ഉള്ളതായിട്ടൊന്നും തോന്നിയിട്ടില്ല. ഞാന്‍ അവരുടെ നല്ല സുഹൃത്താണെന്നു പറയുന്നതില്‍ അവര്‍ സംതൃപ്തരാണ്.
സ്റ്റേജ് ഷോ, സിനിമ, നാടകം ഇതു മൂന്നും ജീവിതത്തിന്റെ ഭാഗമാണ്. ഇതില്‍ ഏറെ പ്രിയപ്പെട്ടത് ഏതാണ്.
മനസ്സിന് സംതൃപ്തി നല്‍കുന്നത് നാടകം തന്നെയാണ്. അവതരണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എന്തൊക്കെയോ ചെയ്തു എന്നുതോന്നും. മനുഷ്യന് മനുഷ്യനോട് സംവദിക്കുന്ന ഒറ്റ കലയേ ഉളളൂ. അത് നാടകമാണ്.
* ചാക്യരായി പലവേദികളിലും കണ്ടിട്ടുണ്ട്. ജീവിതത്തില്‍ സമൂഹത്തിലെ തിന്മകള്ക്കെതിരെ എപ്പോഴെങ്കിലും പ്രതികരിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. എന്റെ ഷോയുടെ വിജയംതന്നെ അതാണല്ലോ. സമൂഹത്തിലെ തിന്മകള്ക്കെതിരെ നര്‍മ്മത്തിലൂടെ തിരിച്ചടിക്കുക. അതിനോടൊപ്പം ബോധവല്‍ക്കരിക്കുക കൂടി ചെയ്യുന്നുണ്ട്.
* ബാല്യകാലം എല്ലാവര്ക്കും തീരാനഷ്ടം തന്നെയാണ്. ആ ബാല്യത്തിന്റെ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
അങ്ങിനെ ഒരു നഷ്ടം തോന്നിയിട്ടില്ല എന്നുളളതാണ് സത്യം. മാത്രമല്ല തിരിഞ്ഞുനോക്കാന്‍ സമയമില്ല. നമ്മുടെ കുടുംബം സംരക്ഷിക്കുക എന്ന ധര്‍മ്മം ഉള്ളതിനാല്‍ പിന്നോട്ടു നോക്കാതെ മുന്നോട്ടു പോകുക എന്ന കാഴ്ചപ്പാടാണുളളത്.
* ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തിലേയ്ക്ക് കാലെടുത്തുവച്ചതുമുതല്‍ ഇതുവരെ നടന്നെത്തിയ വഴികളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്തു തോന്നുന്നു?
ആദ്യാക്ഷരം കുറിച്ച വിദ്യാലയം എന്നു പറയുമ്പോള്‍ വീടിനടുത്തുളള സ്കൂളാണ്. അടുത്ത പ്രദേശത്തുളള പരിചയമുളള കുട്ടികളും അധ്യാപകരും ആയിരുന്നു. അതിനാല്‍ ഒറ്റപ്പെടല്‍ ഒട്ടും തന്നെ ഇല്ലായിരുന്നു. അത് കഴിഞ്ഞ് വലിയ ക്ലാസ്സിലേയ്ക്കായപ്പോള് വീട്ടില്‍ നിന്ന് കുറച്ചകലെയുളള സ്കൂളിലായിരുന്നു. അവിടെ പല ദിക്കിലുളള കുട്ടികള്‍ വന്നു ചേര്‍ന്നിരുന്നു. അതിനാല്‍ പഴയ സ്കൂളിന്റെ അടുപ്പം അന്നേരം തോന്നിയിരുന്നില്ല. പിന്നീട് ഡ്രാമ സ്കൂളില്‍ പഠിച്ചു. വീട്ടില്‍ ഗവണ്മെന്റ് ജോലി വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ജോലിയില്‍ കയറി പിന്നീട് നാടകം, സിനിമ, സീരിയല്‍, സ്റ്റേജ് പ്രോഗ്രാം ഒക്കെയായി മുന്നോട്ട് പോകുന്നു.
* കലാജീവിതത്തില്‍ വേദനിപ്പിക്കുന്നതോ, വളരെയധികം സന്തോഷം തോന്നുന്നതോ ആയ അനുഭവം ഉണ്ടായിട്ടുണ്ടാകുമല്ലോ? അത് വായനക്കാര്‍ക്കായി പങ്കുവെയ്ക്കാമോ?
വലിയ നടനാകുകയും ഒരുപാട് പ്രതിഫലം കിട്ടി തുടങ്ങുകയും ചെയ്താല്‍ മാത്രമേ വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും ആയ അനുഭവം ഉണ്ടാവുകയുളളൂ. എന്നെ സംബന്ധിച്ച് എന്നോട് ആര്‍ക്കും ശത്രുതയില്ല.
* ഇന്ന് മലയാളം ചാനലുകളില്‍ വളരെയധികം കോമിഷോകള് ഉണ്ടല്ലോ, അതിനെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
കോമഡിഷോകളെല്ലാം നല്ലതു തന്നെ. പക്ഷെ ഒരു കലാകാരനെ സംബന്ധിച്ച് നല്ല ഒരു ആര്‍ട്ടിസ്റ്റ് ആകുന്നതും ടിവിയുടെ ഫ്രെയിമില്‍ വന്നു നില്ക്കുന്നതും രണ്ടും രണ്ടാണ്. നല്ല കലാകാരനെന്നും നിലനില്‍പ്പുണ്ടാകും. അല്ലാത്തത് പുതുമഴയ്ക്ക് പിറന്ന ഇയ്യാം പാറ്റകളാകും.
* താങ്കള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം ഏതാണ്?
അങ്ങിനെ ഒരു കഥാപാത്രം ഒന്നും ഇല്ല. ഏതു വേഷവും ചെയ്യാന്‍ താല്പര്യമാണ്. അതാണല്ലോ ഒരു കലാകാരന്
* താങ്കളെ അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ നടന്മാര്?
മധുവിന്റെ അഭിനയം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നെടുമുടിവേണു, മോഹന്‍ലാല്‍, പൊന്തന്മാടയിലെ മമ്മുട്ടി, ഗോഡ് ഫാദറിലെ എന്‍. എന്‍ പിളള, ഗാന്ധിയായി അഭിനയിച്ച ബെന്‍കിങ്സിലി, മതിലുകളില്‍ ശബ്ദം കൊണ്ട് മാത്രം നിറഞ്ഞുനിന്ന കെ.പി.എസി. ലളിത, പൊന്മുട്ടയിടുന്ന താറാവിലെ ഇന്നസെന്റ്, കൊടിയേറ്റം ഗോപി, കരമന ജനാര്ദ്ദനന്, ജഗതി, യാത്രമൊഴിയിലെ ശിവാജി ഗണേശന്… അദ്ദേഹം റയില്‍വേസ്റ്റേഷനില്‍ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ നോക്കുന്ന ഒരു സീനുണ്ട്. അതു മാത്രം മതി ശിവജിഗണേശനെന്ന നടനെ അറിയുവാന്‍.
* കുടുംബം?
അച്ഛന് മണ്ണത്ത് ലക്ഷ്മിനാരായണമേനോന്. കോലഴി സെന്തോമസ് സ്കൂളില്‍ അധ്യാപകനായിരുന്നു. പ്രശ്സത സാഹിത്യകാരി സാറാജോസഫ് ഇദ്ദേഹത്തിന്റെ ശിഷ്യ ആയിരുന്നു. അതിനേക്കാള്‍ ഉപരി സുകുമാര്‍ അഴീക്കോട് മാഷിന്റെ പ്രിയ ശിഷ്യരില്‍ ഒരാള്‍ കൂടി ആയിരുന്നു എന്റെ പിതാവ്. അമ്മ വല്ലച്ചിറ അമ്മുഅമ്മ. വീട്ടമ്മയായിരുന്നു. ഒരു സഹോദരിയുണ്ട്. ഭാര്യ ലത. മക്കള്‍ പ്രഹ്ളാദന്,കാളിദാസന്.
ഹാസ്യം ഒരുപാട് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന കൂട്ടത്തില്‍ ഹാസ്യത്തിന് വിവിധ തലങ്ങളുണ്ടെന്നും ഹാസ്യം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ ഉദ്ദേശ ശുദ്ധിയോടെയാണ് അത് ചെയ്യുന്നതെങ്കില്വളരെ നല്ലതാണെന്നും ഓര്‍ക്കണം. ശബ്ദം കേട്ട് ചിരിക്കുന്നവരും ഗോഷ്ടി കണ്ട് ചിരിക്കുന്നവരും ഉണ്ട്. ഇതു രണ്ടും ഹാസ്യം തന്നെയാണ്. ഒരിക്കല്‍ ബോംബെയില്‍ പ്രോഗ്രാം കണ്ട് മലയാളമറിയാത്ത ഒരാള്‍ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോ ഭാഷക്കപ്പുറത്തുളള എന്തോ ഒന്ന് പ്രേക്ഷകനുമായി സംവേദനം നടത്തുന്നുണ്ടെന്നും മനസ്സിലായതായി. നനന്ദകിഷോര് കൂട്ടിച്ചേര്‍ത്തു.