Home » സ്പെഷ്യൽ » ഭീതിയുടെ ആഴങ്ങളിൽ കേരളം

ഭീതിയുടെ ആഴങ്ങളിൽ കേരളം

 

കാതടക്കുന്ന ശബ്‍ദം ഒരു നിമിഷത്തേക്ക് ഇല്ലാതാക്കിയത് സമ്പാദ്യങ്ങൾ മാത്രമല്ല ഒരുപാടു പേരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. വീടുകൾ നിന്നിടങ്ങളെല്ലാം കൂറ്റൻ പാറകളും മൺകൂനകളും നീർച്ചാലുകളും മാത്രം. കൂടെയുണ്ടായിരുന്നവരിൽ പലരും ചിരപരിചിതരും. ഒരൊറ്റ നിമിഷം കൊണ്ട് മണ്ണോടലിഞ്ഞതിൻ്റെ  നടുക്കത്തിലായിരുന്നു ദുരിതാശ്വാസ ക്യാമ്പിലെ ചിലർ. ആര്‍ത്തലച്ചുപെയ്യുന്ന പേമാരിയെയും  വെള്ളത്തെയും പേടിച്ച് മലയോര മേഖലയിലേക്ക് കുടിയേറിയവരെയും ദുരന്തം പിന്തുടര്‍ന്നു.
215-ഓളം സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതില്‍ പലയിടങ്ങളും ജനവാസ കേന്ദ്രങ്ങളായിരുന്നുവെന്ന് പറഞ്ഞറിയിക്കേണ്ട അവസ്ഥയായിരിക്കുന്നു . നിലമ്പൂര്‍ എരുമമുണ്ടയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ മുഴുവന്‍ പേരും മണ്ണിനടിയിലായി. ആ കൂട്ടത്തില്‍ ഒന്നുമറിയാത്ത കുരുന്നുകളുടെ മുഖങ്ങളും ഉള്‍പ്പെട്ടിരുന്നു.
യഥാര്‍ത്ഥത്തില്‍ അവിടെ മണ്ണടിഞ്ഞുപോയത് ജീവന്‍ മാത്രമല്ല  സ്വപ്‌നങ്ങളും പിച്ചവെച്ച് തുടങ്ങിയ ബാല്യങ്ങളുമാണ്.

ഇത്രയേറെ ദുരന്തങ്ങള്‍ എന്തുകൊണ്ടാണെന്ന് ഒരു നിമിഷം ചിന്തിക്കുകയാണെങ്കില്‍ ഉത്തരം എത്തിചേരുന്നത് നമ്മിലേക്ക്‌ തന്നെയാണ്. സാധാരണഗതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുന്നത് പ്രകൃതിയിലെ മാറ്റങ്ങള്‍ കാരണമാണ്. കനത്ത മഴപെയ്യുമ്പോള്‍ സംഭരണശേഷിയില്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങുകയും ഭൂഗര്‍ഭ ജലത്തിൻ്റെ  അളവ് കൂടുമ്പോൾ മണ്ണിനടിയില്‍ മര്‍ദം വര്‍ദ്ധിക്കുകയും ചെയ്യുന്നു . ഈ മര്‍ദത്തിൻ്റെ  ഫലമായി വെള്ളം പുറത്തെക്കു ശക്തിയില്‍ കുതിക്കും. ഇതോടൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒന്നിച്ചൊഴുകുകയും ചെയ്യും. ഏകദേശം 22 ഡിഗ്രിക്ക് മുകളില്‍ ചെരിവുള്ള മലമ്പ്രദേശങ്ങളാണ് ഈ പ്രതിഭാസത്തിൻ്റെ  ഇരകളാകുന്നത്.
നീര്‍ച്ചാലുകളും ചെറിയ കൈത്തോടുകളും വൃത്തിയാക്കി മഴവെള്ളത്തിന് പുറത്തേകൊഴുകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിലൂടെയും, ആഴത്തില്‍ വേരുകള്‍ ഉള്ള മരങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെയും ഇത് കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ സ്വാര്‍ത്ഥതയ്ക്കുവേണ്ടി മരങ്ങള്‍ മുറിച്ചും, വയലും പുഴയും നികത്തിയും മണലൂറ്റിയും പ്രകൃതിയുടെ സ്വാഭാവികതയെ വെല്ലുവിളിക്കുകയാണ് നാം ചെയ്യുന്നത്.
തുരന്ന് തുരന്ന് ഭൂമിയുടെ അടിത്തട്ട് മുഴുവന്‍ ചിക്കി ചീന്തി.. ക്വാറികളില്‍ പാറകള്‍ പൊട്ടിച്ച് പ്രകമ്പനം കൊള്ളിച്ചു.. അനധികൃതമായി ഭൂമി കൈയ്യേറി അവിടം തുരന്നു.. വയലുകള്‍ നികത്തി റോഡും റിസോര്‍ട്ടും പണിതു.. നിയമങ്ങള്‍ കാറ്റില്‍ പറത്തി അധികൃതർ ഇതിനു ഒത്താശ ചെയ്ത് പ്രകൃതിക്കു നേരെ കണ്ണടച്ചു. ചിലപ്പോൾ ഇതിൻ്റെയെല്ലാം  പ്രതികാരമെന്നോണം പ്രകൃതി രൗദ്രഭാവമണിഞ്ഞതായിരിക്കാം.
‘ഇനിയെങ്കിലും മറികൂടെ ബ്രോ’ എന്ന് പറയിപ്പിക്കാതിരിക്കാന്‍ നികത്തിയ തോടും പുഴയും വയലും പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റുക മാത്രമെ പോംവഴിയായിട്ടുള്ളു. കൂടാതെ ശാസ്ത്രീയമായ അവലോകനവും പഠനവും ഉദ്ദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സംയുക്ത പങ്കാളിത്തവും ഉണ്ടെങ്കില്‍ കലി പൂണ്ട് നില്‍ക്കുന്ന പ്രകൃതിയെ ശാന്തമാക്കാന്‍ സാധിച്ചേക്കും. ഇനി അതിനായി ചിന്തിക്കാം… പ്രവര്‍ത്തിക്കാം.

ഭീതിയുടെ ആഴങ്ങളിൽ കേരളം Reviewed by on .   കാതടക്കുന്ന ശബ്‍ദം ഒരു നിമിഷത്തേക്ക് ഇല്ലാതാക്കിയത് സമ്പാദ്യങ്ങൾ മാത്രമല്ല ഒരുപാടു പേരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. വീടുകൾ നിന്നിടങ്ങളെല്ലാം കൂറ്   കാതടക്കുന്ന ശബ്‍ദം ഒരു നിമിഷത്തേക്ക് ഇല്ലാതാക്കിയത് സമ്പാദ്യങ്ങൾ മാത്രമല്ല ഒരുപാടു പേരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. വീടുകൾ നിന്നിടങ്ങളെല്ലാം കൂറ് Rating: 0

About nammudemalayalam

scroll to top