Home » ബുക്സ് » ചിരഞ്ജീവികളുടെ നഗരം

ചിരഞ്ജീവികളുടെ നഗരം

 

 

 

ദേവാധി ദേവനായ മഹാദേവന്‍ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആകാംഷയോടെയാണ് ഒാരോ വായനക്കാരനും മെലൂഹയുലെ ചിരഞ്ജീവികള്‍ തുറന്നു നോക്കുക. എന്നാല്‍ താളുകള്‍ മറിക്കും തോറും ആകാംഷയെ മറന്ന് ബി.സി 1900 കാലഘട്ടത്തിലൂടെ സഞ്ചരിച്ച് ടിബറ്റന്‍ താഴ്വരയിലെ ഗുണഗോത്രത്തിന്‍റെ ഇടയിലേക്ക് വായനക്കാരന്‍ മനസുകൊണ്ട് എത്തിച്ചേരും. വരികള്‍ക്കിടയില്‍ നിന്നുകൊണ്ടല്ല, മറിച്ച് കഥകള്‍ക്കിടയിലേക്ക് നോക്കി കാണാനാകും അവര്‍ ശ്രമിക്കുക. ശക്തി കൊണ്ടും ബുദ്ധി കൊണ്ടും പ്രവര്‍ത്തി കൊണ്ടും തങ്ങളുടെ സമൂഹ രക്ഷയ്ക്കെത്തിയ ഗോത്ര മുഖ്യനെ (നീലകണ്ഠനെ) മെലൂഹര്‍ ഭഗവാനായി കാണുന്നു. എന്നാല്‍ ആ ‘ഭഗവാനാ’കട്ടെ നിങ്ങള്‍ എല്ലാവരും ഈശ്വരനാണെന്ന് പറയുന്നു.

പാലാഴി മദന സമയത്ത് ഉത്ഭവിച്ച കാളകൂട വിഷത്തെ പാനം ചെയ്തതിനാലാണ് ഭഗവാന്‍ ശിവന്‍റെ കണ്ഠം നീല നിറമായതെന്ന് ഒരു സമൂഹം വിശ്വസിക്കപ്പെടുന്നു. അത്തരം ഈശ്വര സങ്കല്‍പ്പങ്ങളെയും പുരാണങ്ങളെയും തികഞ്ഞ ആത്മാര്‍ത്ഥതയോടു കൂടി തന്നെ അമീഷ് തൃപതി മാറ്റിയെഴുതിയിട്ടുണ്ട്, അതിന്‍റെ യഥാര്‍ത്ഥ സത്തയെ കുത്തി നോവിക്കാതെ തന്നെ… IMMORTALS OF MELUHA എന്ന ആംഗലേയ പതിപ്പിനെ രാജേഷ് തുവര ‘മെലൂഹയിലെ ചിരഞ്ജീവികളാ’യി മൊഴിമാറ്റം ചെയ്തപ്പോഴും ഉള്ളടക്കത്തെ കുത്തി നോവിക്കാതെ സംരക്ഷിച്ചിരുന്നു.

ശ്രീരാമ സങ്കല്‍പ്പത്തെയും രാമ രാജ്യത്തെയും വ്യക്തമായും കൃത്യയും അമീഷ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുലത്തിലോ ജാതിയിലോ പിറന്നവന്‍റെ പരമ്പര മുഴുവനും അതെ കുലവും ജാതിയും തന്നെ പിന്തുടരണം എന്ന ചിന്തയെ പൊളിച്ചെഴുതിയതായിരുന്നു രാമ രാജ്യ സങ്കല്‍പ്പം. വ്യക്തിയുടെ പേരിന്‍റെയോ കുലത്തിന്‍റെയോ പേരിലല്ല, മറിച്ച് അവന്‍റെ പ്രവര്‍ത്തിയായിരിക്കണം അവന്‍റെ കുലവും ജാതിയും തിരഞ്ഞെടുക്കേണ്ടത്. അത് ആ വ്യക്തിക്ക് തന്നെ കഠിനമായ പരീക്ഷകളിലൂടെ തെരഞ്ഞെടുക്കാനുള്ള അവസരവും നല്‍കപ്പെട്ടിരുന്നു.

മായ്ക, വികര്‍മര്‍ എന്നീ പുരാതന സങ്കപ്പങ്ങളെ ശിവനെപ്പോലെ തന്നെ വായനക്കാരനും ആകാംഷയോടെയും ഉത്കണ്ഠയോയും നോക്കി കാണുന്നു. മെലൂഹയെന്ന നഗരത്തിലെ ചിരഞ്ജീവികള്‍ക്കിടയിലേക്ക് എത്തിപ്പെട്ടപ്പോള്‍ സൂര്യ വംശികളെയും ചന്ദ്ര വംശികളെയും നാഗന്മാരെയും മാത്രമല്ല സാങ്കേതിക ജ്ഞാനത്തെയും കൂടിയാണ് പരിചയപ്പെടത്. മെസപ്പോട്ടോമിയന്‍ കാലഘട്ടത്തിലെ ഇരുമ്പിന്‍റെ സാന്നിധ്യവും, നദീതട സംസ്കാരവും വാണിജ്യ രീതികളും വായനക്കാരനെ ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഉറ്റി നോക്കുവാന്‍ പ്രേരിപ്പിക്കുവാന്‍ ഉതകുന്നവയാണ്.

യുദ്ധ തന്തങ്ങള്‍ മാത്രമല്ല, പ്രണയവും സൗഹൃദവും ജീവിതവും വിശ്വാസങ്ങളും കൂടിച്ചേര്‍ന്ന കഥാ സന്ദര്‍ഭങ്ങളെ കൂട്ടിയിണക്കികൊണ്ട് മെലൂഹ നമ്മെ മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കും. നന്മ-തിന്മകളെ വേര്‍ത്തിരിച്ചറിയുന്നതിലെ വിഷമതയിലേക്ക് ശിവന്‍ എത്തിച്ചേരുന്നതോടെ മെലൂഹരെയും ഗുണന്മാരെയും പോലെ ശിവനെ പിന്തുടര്‍ന്ന വായനക്കാരന്‍റയും ഉള്ളകം കലങ്ങി മറിഞ്ഞിരിക്കണം. അത്രയേറെ മെലൂഹയും സൂര്യ-ചന്ദ്ര വംശികളും സതിയും നന്തിയും നാഗന്മാരും മനസ്സിനെ സ്വാധീനിച്ചിരുന്നു.

പുസ്തകത്തിന്‍റെ അവസാന താളുകളും വായിച്ചു തീര്‍ന്നപ്പോള്‍ മെലൂഹരെപോലെ ശിവനും ഗുണരും ചിരഞ്ജീവികളായിരിക്കുന്നു എന്ന് വായനക്കാരുടെ മനസ്സും മന്ത്രിച്ചിരിക്കണം…

ചിരഞ്ജീവികളുടെ നഗരം Reviewed by on .       ദേവാധി ദേവനായ മഹാദേവന്‍ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആകാംഷയോടെയാണ് ഒാരോ വായനക്കാരന       ദേവാധി ദേവനായ മഹാദേവന്‍ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആകാംഷയോടെയാണ് ഒാരോ വായനക്കാരന Rating: 0

About nammudemalayalam

scroll to top