Home » ആയുർവേദം » ഗൃഹ ഔഷധികള്‍ നമുക്കിന്ന്‍ അന്യം
ഗൃഹ ഔഷധികള്‍ നമുക്കിന്ന്‍ അന്യം

ഗൃഹ ഔഷധികള്‍ നമുക്കിന്ന്‍ അന്യം

വിദ്യാ വിജയന്‍

ശംഖ് പുഷ്പം

ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ കേരളത്തില്‍ പ്രാഥമിക ആരോഗ്യ പരിചരണത്തിന് ഗൃഹ ഔഷധികള്‍ ഒരു വലിയ പങ്ക് വഹിച്ചിരുന്നു. ആയുര്‍വേദത്തില്‍ ഒരു ഔഷധം നിര്‍മ്മിക്കുന്നതിന് അനേകം ചേരുവകള്‍ വേണ്ടിവരുമ്പോള്‍ ഗൃഹ ഔഷധചികിത്സയില്‍ ഒറ്റമൂലികള്‍ മാത്രമാണ് രോ ഗനിവാരണത്തിനായി  ഉപയോഗിച്ചിരുന്നത്.  പണ്ടുകാലത്ത് ഗൃഹ ഔഷധികള്‍ വീട്ടു പറമ്പിലും തൊടികളിലും സുലഭമായിരുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ഈ ചെടികളോരോന്നിന്റെയും പേരുകളും അവയുടെ ഔഷധഗുണങ്ങളും ചികിത്സാരീതികളും ഹൃദിസ്ഥമായിരുന്നു.

എന്നാല്‍ ഇന്നത്തെ പുതുതലമുറയ്ക്ക് ഗൃഹ ഔഷധികള്‍ എന്തെന്നു പോലും  അറിയില്ല എന്നതാണ് വാസ്തവം. സ്ഥലലഭ്യതയില്‍ വന്ന കുറവും ജീവിതസാഹചര്യ ങ്ങളില്‍ മാറ്റങ്ങളും സൃഷ്ടിച്ച അവസ്ഥാഭേദങ്ങള്‍ അങ്ങനെ  ഔഷധസസ്യങ്ങളുടെ നാശത്തിനു പോലും  കാരണമായിത്തീരുകയാണ്.

ആദ്യകാലങ്ങളില്‍ പറമ്പുകളുടെ അതിരുകള്‍ വേര്‍തിരിച്ചിരുന്നത് വേലികള്‍ കൊണ്ടായിരുന്നു. വേലി കെട്ടാന്‍  ഉപയോഗിച്ചിരുന്ന കുറ്റിച്ചെടികളും ചെറുമരങ്ങളും ഓഷധഗുണമുള്ളതുമായിരുന്നു. ഇതില്‍ ആടലോടകവും കരിനൊച്ചിയും മഞ്ഞളും മൈലാഞ്ചിയും ഉള്‍പ്പെടുന്നു. കൂടാതെ കടലാവണക്കും ശീമക്കൊന്നയും ഓരോ പറമ്പിന്റെയും അതിര്‍ത്തി നിശ്ചയിച്ചിരുന്നു . ഈ വേലിയില്‍ പടര്‍ന്ന് കയറുന്നതും  ഔഷധച്ചെടികള്‍തന്നെ. ചിറ്റമൃത്, തിരുതാളി, വള്ളിപ്പാല, കരളകം, ശംഖുപുഷ്പം, പുലിച്ചുവടി, നന്നാറി, അടപ്പതിയന്‍ പൂത്തു നിന്നിരുന്ന അതിരുകള്‍ നമ്മുടെ നാടിന്റെ അടയാളങ്ങളായിരുന്നു.

കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് കിണറുകളെയും കുളങ്ങളെയും ആണ്. കിണറിനും കുളത്തിനും ചുറ്റുമുള്ള മണ്ണ് എപ്പോഴും നനവാര്‍ന്നതായതുകൊണ്ട് പുളിയാറില, മുത്തില്‍, കയ്യോന്നി, ബ്രഹ്മി, മുത്തങ്ങ എന്നീ  ഔഷധച്ചെടികള്‍ ഇതിനു ചുറ്റും വളര്‍ന്നിരുന്നു.  തുളസി, പനിക്കൂര്‍ക്ക, മഞ്ഞള്‍, ഇഞ്ചി ഇവ നട്ടുവളര്‍ത്തുകയും ചെയ്തിരുന്നു. കൂടാതെ മുയല്‍ച്ചെവിയനും കുവയും തുമ്പയും പൂവാകുറുന്തലും  മുക്കുറ്റിയും  നിലപ്പനയും, കുറുന്തോട്ടിയും , കൊടിത്തൂവയും, പര്‍പ്പിടകപുല്ലും, ഓരില, മൂവില തുടങ്ങിയവയുമെല്ലാം   പറമ്പിലും തൊടികളിലും സുലഭമായി വളര്‍ന്നു.

കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ജൈവവേലികള്‍ അപ്രത്യക്ഷമായി. അവയുടെ സ്ഥാനം കോണ്‍ക്രീറ്റിലും , ഇഷ്ടികയിലും, വെട്ടുകല്ലിലും തീര്‍ത്ത  മതിലുകള്‍ കൈയ്യടക്കി.  നഗരങ്ങളില്‍ ശുദ്ധജലം ലഭിക്കുന്ന കിണറുകള്‍ ദുര്‍ലഭമായിമാറി. കുടിവെള്ളം പൈപ്പിലൂടെയും കുപ്പികളിലൂടെയും മാത്രമായി. ഈ അവസ്ഥ നമ്മുടെ ഔഷധച്ചെടികളെയും അവയുടെ ഉപയോഗവും വിസ്മരിച്ച് തുടങ്ങുന്നതിന് കാരണമായിത്തീര്‍ന്നു.

അശോകം

അശോകം

അടുത്തകാലത്തായി തഴച്ച് വളരാന്‍ തുടങ്ങിയ അധിനിവേശ കളസസ്യങ്ങളും ഔഷധസസ്യങ്ങളുടെ സ്ഥാനം അപഹരിച്ചുതുടങ്ങിയിട്ടുണ്ട് . ഇതോടെ പൂര്‍ണ്ണമായും ഔഷധഗുണമുള്ളതെല്ലാം നമ്മെ വിട്ടു പോകാന്‍ തുടങ്ങി.  ഇന്ന് പേരിനുപോലും ഇവയൊന്നും നമുക്ക് കിട്ടാതെ ആയി. ഒറ്റമൂലികള്‍  ഉപേക്ഷിച്ച് നാം പൂര്‍ണ്ണമായും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു.

മറന്നു തുടങ്ങിയ ചില ഔഷധസസ്യങ്ങളേയും അവയുടെ  ഔഷധഗുണങ്ങളും നമുക്കൊന്ന് ഓര്‍ത്തെടുക്കാം.

  • അശോകം

മനോഹരമായ പുഷ്പങ്ങള്‍ ഉള്ള അശോകത്തെ ഹൈന്ദവരും ബുദ്ധമതക്കാരും പുണ്യ വൃക്ഷമായി കരുതുന്നു. ഗര്‍ഭാശയ, ആര്‍ത്തവ രോഗങ്ങള്‍ക്ക് അശോകം വളരെ ഗുണകരമാണ്. അശോകത്തിന്‍റെ പൂവിനും തൊലിക്കും ഔഷധഗുണമുണ്ട്. വയറു വേദന, തോലിപ്പുറത്തുണ്ടാകുന്ന വ്രണം, അര്‍ശസ്സ് എന്നിവയുടെ ചികിത്സയ്ക്കായി ഇവ ഉപയോഗിക്കുന്നു. നിറം വര്‍ദ്ധിപ്പിക്കാനും മൂത്രാശയ രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. അശോകത്തിന്‍റെ പൂവ് ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്തു കഴിക്കുന്നത് രക്തശുദ്ധി ഉണ്ടാക്കും. അശോകത്തിന്‍റെ തൊലിക്ക് ഗര്‍ഭപത്രത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷി ഉണ്ട്. ഗര്‍ഭാശയ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും അശോകത്തില്‍ നിന്ന്‍ നിര്‍മ്മിച്ച ഔഷധങ്ങള്‍ ഉപയോഗിക്കുന്നു.

  • ആടലോടകം

അനവധി ശിഖരങ്ങള്‍ ഉള്ള ഈ ചെടിയുടെ ഇലകള്‍ നിത്യഹരിതങ്ങളാണ്. ആടലോടകത്തിന്‍റെ പൂവും, ഇലയും, തൊലിയും, വേരും എല്ലാം ഔഷധമയി ഉപയോഗിക്കുന്നു. ചുമയ്ക്കും കഫത്തിനും ഏറ്റവും നല്ല ഔഷധമാണ് ഇത്. ആടലോടകത്തിന്‍റെ ഉണങ്ങിയ ഇല ചുരുട്ടാക്കി വലിക്കുന്നത് ആസ്തമയ്ക്കു  ശമനം വരുത്തും. നേത്രരോഗങ്ങള്‍ക്ക്  ആടലോടകത്തിന്‍റെ പൂവ് ഔഷധമാണ്.  ആടലോടകത്തിന്‍റെ കഷായം പനിക്ക് വളരെ  ഗുണം ചെയ്യും.

  • ആവണക്ക്

ഇഞ്ചി

കേരളത്തിലും തമിഴ്നാട്ടിലും കാണപ്പെടുന്ന ഔഷധസസ്യമാണ് ആവണക്ക്.  വെളുപ്പ്‌, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ആവണക്ക് കാണപ്പെടുന്നത്. ഇതിന്‍റെ തൈലം, ഇല, കൂമ്പ്, വേരുകള്‍, പൂവ്, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. വെളുത്ത കുരുവില്‍ നിന്നു ലഭിക്കുന്ന തൈലമാണ് ഏറ്റവും ഉത്തമം. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും, നേത്രരോഗങ്ങള്‍ തടയുന്നതിനും, തലയിലെ ത്വക്കില്‍ വരുന്ന രോഗങ്ങള്‍ തടയുന്നതിനും,ആര്‍ത്തവ സംബന്ധമായ വേദനയും വാതസംബന്ധമായ വേദനയും  ഇല്ലാതാക്കുന്നതിനും ആവണക്കിനു കഴിവുണ്ട്.എന്നാല്‍ ആവണക്കിന്‍റെ കുരുവില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന റിസിന്‍ മാരകവിഷമാണ്. ഇത് ശരീരത്തില്‍ എത്തിയാല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും.

  • ഇഞ്ചി

മണ്ണിനടിയില്‍ വളരുന്ന കിഴങ്ങുവര്‍ഗ്ഗമാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത  ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇത്. പ്രത്യേക തരത്തില്‍ ഇഞ്ചി ഉണക്കിയുണ്ടാക്കുന്ന  ചുക്ക് ആയുര്‍വേദ ഔഷധങ്ങളില്‍ ഒരു പ്രധാന ചേരുവയാണ്. ഉദരരോഗങ്ങളെ ശമിപ്പിക്കുന്നു. ഛര്‍ദിക്ക് ഉത്തമമായ ഔഷധമാണ്. ദഹനക്കേടിനും ഫലപ്രദം. അതിസാരം, അജീര്‍ണ്ണം, അര്‍ശസ്, പ്രമേഹം തുടങ്ങിയവക്കെല്ലാം ഔഷധമായി ഉപയോഗിക്കുന്നു.

  • കറിവേപ്പില

ആഹാരത്തിനു രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പിലയുടെ  ഇലയും തൊലിയും വേരും ഔഷധയോഗ്യമാണ്. സ്വാദിനോപ്പം മണവും നല്‍കുന്ന ഒന്നാണ് കറിവേപ്പില. ജീവകം എ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ നേത്ര രോഗങ്ങള്‍ ശമിപ്പിക്കാന്‍ കറിവേപ്പിലക്ക് കഴിവുണ്ട്. എണ്ണകാച്ചി തലയില്‍ തേക്കുന്നതും ഉത്തമം. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.

  • കറുക

കറുക

നിലം പറ്റി വളരുന്ന ഈ പുല്‍ച്ചെടി പൂജ ആവശ്യങ്ങള്‍ക്കു  ഉപയോഗിക്കാറുണ്ട്. കൂടാതെ ബുദ്ധിവികാസത്തിന്  ഏറ്റവും ഫലപ്രദമായ ഒന്നാണ് കറുക. നട്ടെല്ലിനും, തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകയുടെ നീര് ഔഷധമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ഓര്‍മ്മശക്തിക്കും ഉത്തമമായ ഔഷധമാണ് ഇത്. അമിതമായുള്ള രക്ത പ്രവാഹം ഇല്ലാതാക്കാനും, കഫ-പിത്ത രോഗങ്ങള്‍ ഇല്ലാതാക്കാനും കറുകയ്ക്ക് കഴിവുണ്ട്.

  •  കരിങ്ങാലി

മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് കരിങ്ങാലി. കേരളത്തില്‍ ഈ വൃക്ഷം വ്യാപകമായി വളരുന്നു. ദാഹശമിനിയായാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. ഇതിന്‍റെ കാതല്‍, തണ്ട്, പൂവ് എന്നിവ ഔഷധത്തിനായി എടുക്കുന്നു.

  • ഉലുവ

ഭക്ഷണത്തിന് സ്വാദും മണവും നല്‍കുന്ന സുഗന്ധവ്യഞ്ജനമാണ് ഉലുവ. ആയുര്‍വേദ ഔഷധനിര്‍മാണത്തിനും ഉലുവ ഉപയോഗിക്കുന്നു. വിത്തും. ഇലയും ആണ് ഔഷധയോഗ്യം. മൂത്രത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹത്തിന് ഉത്തമമായ ഒരു മരുന്നാണ് ഉലുവ. കൂടാതെ രക്താതിസാരം, അഗ്നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങൾ, ഛർദ്ദി, കൃമിശല്യം, അർശ്ശസ്, ചുമ, വിളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായും ഉലുവ ഉപയോഗിക്കുന്നു.  മുലപ്പാൽ വർദ്ധിക്കുന്നതിന്‌ അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാൽ നല്ലതാണ്‌. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാകും. ശരീരം ദുര്‍ഗന്ധം മാറുന്നതിന്‌ ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാൽ മതി

 

ഗൃഹ ഔഷധികള്‍ നമുക്കിന്ന്‍ അന്യം Reviewed by on . [caption id="attachment_1090" align="alignleft" width="384"] ശംഖ് പുഷ്പം[/caption] ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ കേരളത്തില്‍ പ്രാഥമിക ആരോഗ്യ പരിചരണത്തിന് ഗൃഹ ഔഷ [caption id="attachment_1090" align="alignleft" width="384"] ശംഖ് പുഷ്പം[/caption] ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ കേരളത്തില്‍ പ്രാഥമിക ആരോഗ്യ പരിചരണത്തിന് ഗൃഹ ഔഷ Rating: 0

About nammudemalayalam

scroll to top