Home » ആരോഗ്യം » കുട്ടികളിലെ മാനസിക പിരിമുറുക്കം

കുട്ടികളിലെ മാനസിക പിരിമുറുക്കം

വി.പി. സുനില്‍

exam tensionമാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ പ്രായ-കാല-ദേശ ഭേദമില്ല. ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ ഓരോരുത്തരും ഇതിനെ നേരിടുന്നു. കുട്ടികളെ സംബന്ധിച്ച്  ഇത്തരം പിരിമുറുക്കങ്ങളോട് പൊരുത്തപ്പെട്ടു പോവുക, അല്ലെങ്കില്‍ അത്തരമൊരു അവസ്ഥയെ അതിജീവിക്കുക എന്നത് അല്പം പ്രയാസകരമാണ്.

കുട്ടികളിലെ പ്രധാന പിരിമുറക്കം പരീക്ഷകള്‍ തന്നെ. അമിതപ്രതീക്ഷകളാണ് പലപ്പോഴും പിരിമുറുക്കത്തില്‍ ചെന്ന് അവസാനിക്കുന്നത്.

പരീക്ഷാസമയത്ത് കുട്ടികള്‍ക്ക്‌,  പ്രത്യേകിച്ചും കൗമാരപ്രായക്കാര്‍ക്ക് വരുന്ന മാറ്റങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉറക്കക്കുറവ്, ശ്വാസതടസം, ഭക്ഷണത്തോട് താല്‍പര്യമില്ലായ്മ, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ വളരെ മ്ലാനതയോടു കൂടി ഏകാന്തതയോടു കൂടി കഴിയാന്‍ താല്‍പര്യം പ്രകടിപ്പിക്കുക, പെട്ടെന്നു തന്നെ ദേഷ്യം വരിക, കരച്ചില്‍ വരുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ് . ഇവ ശ്രദ്ധിക്കപ്പെടെണ്ടാതാണ്. ആത്മവിശ്വാസക്കുറവ് ഉണ്ടാവുന്നതും  പിരിമുറുക്കത്തിന്‍റെ ലക്ഷണമായി കണക്കാക്കാം. പഠിച്ചതു പലതും മറക്കുക  അല്ലെങ്കില്‍ പരീക്ഷാസമയത്ത് പഠിച്ചതൊന്നും ഓര്‍മയുണ്ടാവില്ല എന്നു മനസ്സില്‍ തോന്നുക തുടങ്ങിയ അവസ്ഥകള്‍  പലപ്പോഴും പിരിമുറുക്കത്തില്‍നിന്നും ഉടലെടുക്കുന്നതാണ്.

മാതാപിതാക്കളുടെ പങ്കെന്ത്?

അനിവാര്യമായി വന്നു പെട്ട പിരിമുറുക്കങ്ങളെ നേരിടാന്‍ മക്കളെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. സമയത്തെ വളരെ ഉപകാരപ്രദമായി ഉപയോഗിക്കാനും ആഹാരം, ഉറക്കം എന്നിവ കുട്ടികള്‍ക്ക് ആവശ്യത്തിനു ലഭിക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്താനും അവരെ സഹായിക്കണം. അമിതപ്രതീക്ഷകള്‍ വച്ചു പുലര്‍ത്തി  പഠനത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ കുട്ടികളുടെ പിരിമുറുക്കം കൂട്ടാന്‍ അവസരമുണ്ടാക്കരുത്. പഠിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അന്തരീക്ഷം വീട്ടില്‍ സൃഷ്ടിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ടിവി കാണുന്നതും മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു പാട്ടു കേള്‍ക്കുന്നതും പരീക്ഷാ സമയങ്ങളില്‍ കുറയ്ക്കണം. സ്വയം  പരിഭ്രാന്തരാകാതെ കുട്ടികളുടെ പരിശ്രമങ്ങളില്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. പ്രതിബന്ധങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അവര്‍ക്കു തോന്നുന്ന രീതിയിലായിരിക്കണം അവരോടുള്ള പെരുമാറ്റം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത്  പഠിക്കാന്‍ അവരെ പ്രേരിപ്പിക്കണം . ഇതിനായി ഒരു ടൈംടേബിള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നത് ഉചിതമായിരിക്കും.

പരീക്ഷാസമയത്ത് കഴിയുന്നതും വീട്ടില്‍ പുതിയതരം ഭക്ഷണങ്ങളും മറ്റും പാകം ചെയ്ത് പരീക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് കൂടാതെ ഹോട്ടല്‍ ഭക്ഷണവും കൊടുക്കാതിരിക്കാന്‍ ശ്രമിക്കുക.

ആവശ്യത്തിനുള്ള ഇടവേളകള്‍ പഠനത്തിനിടയില്‍ ഉണ്ടാകണം. ഈ സമയത്ത് ചെറു വ്യായാമങ്ങളോ  കളികളോ  സംഗീതം ആസ്വാദനമോ മറ്റും പരീക്ഷിക്കുന്നതില്‍ തെറ്റില്ല. പരീക്ഷാത്തലേന്ന് കുട്ടികള്‍ക്ക് നല്ല ഉറക്കം അത്യാവശ്യമാണ്.

പഠിച്ചുകഴിഞ്ഞാല്‍ തലയില്‍ കയറുന്നില്ല, ഓര്‍മ നില്‍ക്കുന്നില്ല എന്നീ പരാതികള്‍ കുട്ടികള്‍ സാധാരണയായിപറയുന്നവയാണ്. അവര്‍ക്കുള്ള താല്പര്യക്കുറവും ശ്രദ്ധയില്ലായ്മയുമാണ്‌ പലപ്പോഴും ഓര്‍മക്കുറവെന്ന ഒരു കാരണമായി മാറുന്നത്ത . ഏതെങ്കിലും സിനിമയുടെ കഥയോ മറ്റോ ചോദിച്ചാല്‍ ഇതേ കുട്ടികള്‍ തന്നെ കാണാപാഠമായി വളരെ ആവേശപൂര്‍വ്വം ഉത്തരം പറയും. പലപ്പോഴും പഠിക്കുന്ന വിഷയത്തോടുള്ള ആകര്‍ഷണക്കുറവും പഠനത്തെ സ്വാധീനിക്കാറുണ്ട്.

വായിക്കുമ്പോള്‍ പ്രസക്‌തമായ ഭാഗങ്ങള്‍ കുറിച്ചുവയ്ക്കുകയും അത് വിപുലീകരിച്ച് അതിന്‍റെ മുഴുവന്‍ ഭാഗങ്ങളും ഓര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ അത് ഏറെ പ്രയോജനകരമായിരിക്കും. ഇത്തരത്തില്‍ പരിശീലിപ്പിച്ചെടുക്കുവാന്‍ അവരെ സഹായിക്കണം.

കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്:

അന്നന്നത്തെ അന്നന്ന് പഠിച്ചുകൊണ്ട് അവസാന നിമിഷങ്ങളിലെ പരക്കം പാച്ചില്‍ ഒഴിവാക്കാം. പഠിക്കുന്നത് പ്രയാസമേറിയ ഭാഗങ്ങളാണെങ്കില്‍ അതിരാവിലെ പഠിക്കുക എന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. പഠനത്തിനായി ആവശ്യമുള്ള സാധനങ്ങള്‍, കുടിക്കാനുള്ള വെള്ളം ഇവയെല്ലാം പഠിക്കാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ കരുതണം. കിടന്നുകൊണ്ടല്ല പഠിക്കേണ്ടത്. വയറുനിറച്ച് ആഹാരം കഴിച്ച ഉടന്‍  പഠിക്കുന്നത് പലപ്പോഴും  ഉറക്കത്തിലാണ് കലാശിക്കുന്നത്. പരീക്ഷാവേളകളില്‍ മൂന്നുനേരം വയറുനിറച്ച് ആഹാരം കഴിക്കുന്ന ശീലം ഒഴിവാക്കി ആഹാര സമയക്രമത്തില്‍ മാറ്റം വരുത്തണം. സമയക്രമം കൂടുതലായിരിക്കണം. ഒപ്പം ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുകയും വേണം. ഉന്മേഷത്തിനും ഉണര്‍വിനുമായി ജ്യൂസ്, ഫ്രൂട്ട്സ് ഇവയും ഉള്‍പ്പെടുത്തണം. അരണ്ട വെളിച്ചത്തില്‍ പഠിക്കുമ്പോള്‍ കണ്ണുകള്‍ക്ക് പെട്ടെന്നു തന്നെ ക്ഷീണം സംഭവിക്കുന്നതിനാല്‍ ട്യൂബ് ലൈറ്റില്‍ പഠിക്കുന്നതാണ് ഉത്തമം. ലൈറ്റ് പുറകില്‍ നിന്നോ വശങ്ങളില്‍ നിന്നോ പുസ്തകത്തിലേക്കു വീഴത്തക്ക വിധത്തിലാവണം  ഇരിപ്പിടം ക്രമീകരിക്കുവാന്‍.

പഠനത്തില്‍ നിന്നും ശ്രദ്ധ കുറയുന്ന വിധത്തിലുള്ള മുഖം നോക്കുന്ന കണ്ണാടി, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫോട്ടോകള്‍ ഇവയെല്ലാം പഠനമേശയില്‍ നിന്നും മാറ്റിവയ്ക്കുക.

പരീക്ഷയ്ക്കു പഠിക്കുന്ന സമയത്ത് ടിവി കാണുന്നതും കമ്പ്യൂട്ടര്‍ ഗെയിമും കൂട്ടുകാരുമായുള്ള മൊബൈല്‍ സംഭാഷണങ്ങളും കഴിയുന്നത്ര കുറയ്ക്കുക.

 

 

 

കുട്ടികളിലെ മാനസിക പിരിമുറുക്കം Reviewed by on . മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ പ്രായ-കാല-ദേശ ഭേദമില്ല. ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ ഓരോരുത്തരും ഇതിനെ നേരിടുന്നു. കുട്ടികളെ സംബന്ധിച്ച്  ഇത്തരം പിര മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ പ്രായ-കാല-ദേശ ഭേദമില്ല. ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ ഓരോരുത്തരും ഇതിനെ നേരിടുന്നു. കുട്ടികളെ സംബന്ധിച്ച്  ഇത്തരം പിര Rating: 0

About nammudemalayalam

scroll to top