ഇന്ത്യയുടെ വിപ്ലവ വാനമ്പാടി : സരോജിനി നായിഡു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളിലെ പങ്കാളിത്തവും ഭരണഘടനാ നിർമ്മാണസഭയിലെ അംഗത്വം പോലെയുള്ള രാജ്യത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി നായിഡു സ്വാതന്ത്ര്യസമരസേനാനി എന്നതിലുപരി ഒരു മികച്ച കവയത്രി കൂടെയായിരുന്നു. ഒട്ടേറെ മനോഹരകവിതകൾ പിറന്ന തൂലികക്ക് ഉടമയായ അവർ “ഭാരതകോകിലം” എന്നും അറിയപ്പെടുന്നു.
1879 ഫെബ്രുവരി 13ന് നൈസാം കോളേജ്ആ പ്രിൻസിപ്പാൾ ആയിരുന്ന അഘോർനാഥ് ചതോപാദ്ധ്യായയുടെയും ബംഗാൾ കവയത്രി വസുന്ധരാ ദേവിയുടെയും മകളായി ആന്ധ്രയിലെ ഹൈദരാബാദിൽ ജനിച്ച സരോജിനി ചതോപാദ്ധ്യായ സ്കൂൾ കാലം തൊട്ടേ കവിതകളെഴുതുമായിരുന്നു. നോട്ടുപുസ്തകത്താളുകളിലൊക്കെ കവിതാശകലങ്ങൾ കുറിച്ചിട്ടിരുന്ന ആ പെൺകുട്ടി സഹപാഠികളായ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തയാണെന്ന് അധ്യാപകരും മനസ്സിലാക്കിയിരുന്നു. 13ആം വയസ്സിൽ “ലേഡി ഓഫ് ദി ലേക്” എന്ന കവിതയിലൂടെയാണ് അവർ അക്ഷരലോകത്തിലേക്ക് ചുവടു വെച്ചത്.
1898ൽ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം ചെയ്തതോടെയാണ് ഇവർ സരോജിനി നായിഡു എന്നറിയപ്പെടാനാരംഭിച്ചത്.
കിഴക്കൻ ബംഗാളിലെ പ്രസിദ്ധമായ ബ്രാഹ്മണ കുടുംബത്തിലെ അംഗമായ സരോജിനി നായിഡു അക്കാലത്ത് അബ്രാഹ്മണനായ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം കഴിച്ചത് സമുദായത്തിനകത്തും സമൂഹത്തിലും വലിയ രീതിയിൽ കോളിളക്കം സൃഷ്ടിക്കുന്നതിന് കാരണമായി.
തെലുഗു, ഹിന്ദി എന്നീ ഭാഷകൾക്ക് പുറമെ ബംഗാളി, ഇംഗ്ലീഷ്, ഉറുദു, പേർഷ്യൻ എന്നീ ഭാഷകളിലും പ്രാവീണ്യം നേടിയിരുന്ന സരോജിനി നായിഡുവിന്റെ ആദ്യ കവിതാസമാഹാരം 1905ലാണ് പ്രസിദ്ധീകരിച്ചത്.
1905ലെ ബംഗാൾ വിഭജന കാലത്തായിരുന്നു സരോജിനി നായിഡു രാഷ്ട്രീയത്തിലേക്കും സ്വാതന്ത്ര്യ സമരത്തിലേക്കും കടന്നു വരുന്നത്. ബ്രിട്ടീഷ് ഭരണാധികാരികളാൽ കീറിമുറിക്കപ്പെട്ട ബംഗാളിനെയും വിഭജിക്കപ്പെട്ട അവിടുത്തെ ജനങ്ങളെയും ഓർത്ത് ഏറെ വിലപിച്ച അവർ ബ്രിട്ടീഷ് പട്ടാളത്തിനെതിരെയും വിഭജന ഭരണത്തിനെതിരെയും വൻതോതിൽ ശബ്ദമുയർത്തി. 1919ലെ കരിനിയമം എന്നറിയപ്പെട്ട റൗലറ്റ് നിയമത്തിനെതിരെയും ഗാന്ധിജിയോടൊപ്പം ചേർന്ന് അവർ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. അക്കാലത്ത് തന്നെയായിരുന്നു ഹോംറൂളിന്റെ അംബാസിഡർ ആയി അവർ ഇംഗ്ലണ്ടിലെത്തിചേർന്നത്.
1928ലെ കോൺഗ്രസ്സ് ഹൈ കമാൻഡ് അംഗമായ സരോജിനി നായിഡു 1929ൽ കിഴക്കൻ ആഫ്രിക്കയിൽ വെച്ചു നടന്ന ഇന്ത്യൻ കോൺഗ്രസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്തു.
ഗാന്ധിജിയുടെ സമരമാർഗങ്ങളിൽ ആകൃഷ്ടയായ അവർ തനിക്കേറെ പ്രിയപ്പെട്ടവയായിരുന്ന ആഭരണങ്ങളും പട്ടുസാരികളുമെല്ലാം സ്വാതന്ത്ര്യവിപ്ലവത്തീനാളങ്ങളി
എന്നും നർമ്മവും കുസൃതിയുമായി ഗാന്ധിജിയോട് ഇടപെടാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഗാന്ധിജിയുടെ ചുരുക്കം ചില അടുപ്പക്കാരിൽ ഒരാളായിരുന്നു അവർ. “മിക്കി മൗസ് ” എന്നൊരു ഇരട്ടപ്പേര് ഗാന്ധിജിക്ക് നൽകാൻ മാത്രം സൗഹൃദബന്ധം അവർക്കിടയിൽ എപ്പോഴും നിലനിന്നിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഇന്ത്യൻ വനിതാ പ്രസിഡന്റ് ആയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആയും അവർ കൂടുതൽ പ്രശസ്തയായി. 1947ൽ അലഹബാദിൽ ഗവർണർ ആയും അവർ സ്ഥാനമേറ്റു.സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 ഇന്ത്യയിൽ വനിതാ ദിനമായി ആചരിച്ചു വരുന്നു.
1949 മാർച്ച് 2ന് എഴുതാനൊഴിച്ചിട്ട കവിതാശകലങ്ങളും ചോരാത്ത വിപ്ലവവീര്യവും ബാക്കി വെച്ച് ഈ വിപ്ലവനായിക എന്നെന്നേക്കുമായി ലോകത്തോട് വിട പറഞ്ഞെങ്കിലും ഒരേസമയം മൃദുമനോഹരമായതും വിപ്ലവത്തിന്റെ തീ പൊള്ളലുള്ളതുമായ രചനകളിലൂടെയും കാലങ്ങളിൽ രേഖപെടുത്തി വെച്ച പ്രശസ്ത സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളിലൂടെയും ഈ ” ഇന്ത്യയുടെ വാനമ്പാടി ” ജനമനസ്സുകളിൽ ഇന്നും ജീവിച്ചിരിക്കുന്നു.







