ചില മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധം പ്രചരിപ്പിക്കുന്നു: മന്ത്രി വി. അബ്ദുറഹിമാൻ

തിരുവനന്തപരം:അര്‍ജൻ്റീന ഫുട്‌ബോള്‍ ടീം കേരള സന്ദര്‍ശനം മാറ്റിയതിനെ
തുടര്‍ന്ന് ചില മാധ്യമങ്ങളും സ്ഥാപിത താല്പര്യക്കാരും തുടര്‍ച്ചയായി
വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കായികമന്ത്രി വി.
അബ്ദുറഹിമാൻ.
എന്നാല്‍, ഇക്കാര്യത്തില്‍ തികച്ചും സുതാര്യവും വ്യക്തവുമായ
നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സൗഹൃദ മത്സരം
നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും അതിവേഗം പുര്‍ത്തിയാക്കി
വരുന്നതിനിടയിലാണ് ടീം വരവ് നീട്ടിവെച്ചത്.ഈ വിഷയത്തില്‍ കാണിച്ച ജാഗ്രത
സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളിലും തെളിഞ്ഞു കാണാം. അര്‍ജൻ്റീന
2022 ലോകകപ്പ് നേടിയ അവസരത്തില്‍ കേരളത്തെ അഭിനന്ദിച്ച് ടീം
സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് നന്ദി അറിയിച്ചും
കേരളത്തില്‍ സൗഹൃദ മത്സരത്തിന് ക്ഷണിച്ചും കായികവകുപ്പ് മന്ത്രി
കത്തയച്ചതാണ് തുടക്കം. അതിനുള്ള മറുപടിയില്‍ അര്‍ജന്റീന ഫുട്‌ബോള്‍
അസോസിയേഷന്‍ (എ.എഫ്.എ) കേരളത്തോട് നന്ദി അറിയിക്കുകയും സന്ദര്‍ശനത്തിന്
സന്നദ്ധത അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് എ.എഫ്.എ ഭാരവാഹികളുമായി നടന്ന ഓണ്‍ലൈന്‍ മീറ്റിങ്ങുകളില്‍
സ്‌പെയ്‌നിലെ മാഡ്രിഡില്‍ വെച്ച് കാണാന്‍ ധാരണയായി. കായിക വകുപ്പ്
സെക്രട്ടറിയും കായിക ഡയറക്ടറും ഒപ്പമുണ്ടായിരുന്ന ഈ കൂടിക്കാഴ്ചയിലാണ്
അര്‍ജന്റീന സന്ദര്‍ശനത്തില്‍ വ്യക്തമായ ധാരണയായത്. തുടര്‍ന്ന്
സര്‍ക്കാര്‍ സ്‌പോണ്‍സറെ കണ്ടെത്തി. സ്‌പോണ്‍സര്‍ ആദ്യ ഗഡു കരാര്‍ തുക
അടച്ചതിനെ തുടര്‍ന്ന് എഎഫ്എ തങ്ങളുടെ ഒഫീഷ്യല്‍ സൈറ്റില്‍
കേരളത്തിലേക്കുള്ള വരവിന്റെ വിവരം പ്രഖ്യാപിച്ചു- മന്ത്രി വിശദീകരിച്ചു.
അതോടെ മത്സരം നടത്താനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി. ജി.സി.ഡി.എ
ചെയര്‍മാന്‍ സര്‍ക്കാരിന് നല്‍കിയ കത്ത് പരിഗണിച്ചാണ് കലൂര്‍ സ്‌റ്റേഡിയം
മത്സരവേദിയായി തീരുമാനിച്ചത്. മത്സരം നടത്തുന്നതിനായി സ്‌റ്റേഡിയം
ജി.സി.ഡി.എ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന് (എസ്.കെ.എഫ്) കൈമാറി.
നവീകരിക്കാനും മത്സരം നടത്താനുമായി സ്റ്റേഡിയം നവംബര്‍ 30 വരെ
സ്‌പോര്‍ണ്‍സര്‍ക്ക് വിട്ടുനല്‍കി. നവംബര്‍ 30 ഓടെ സ്‌പോണ്‍സറില്‍ നിന്ന്
എസ്.കെ.എഫ് ഏറ്റെടുത്ത് ജി.സി.ഡി.എയ്ക്ക് കൈമാറും. മാര്‍ച്ചില്‍
അര്‍ജൻ്റീന ടീം കേരളത്തില്‍ വരുമ്പോള്‍ സ്റ്റേഡിയം മത്സരം നടത്താന്‍
വീണ്ടും കൈമാറും. ഈ നടപടിക്രമങ്ങളെല്ലാം നിയമാനുസരണമാണ് നടന്നിട്ടുള്ളത്.
സ്റ്റേഡിയത്തിന്റെ എക്‌സ്‌ക്ലൂസീവ് റൈറ്റ്‌സ് ആര്‍ക്കും കൈമാറാന്‍
പാടില്ലെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍
തീരുമാനിച്ചിട്ടുമുണ്ടെന്ന് മന്ത്രി അറിയിച്ചു.
മത്സരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനത്തിന്
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ തല കമ്മിറ്റിയും ചീഫ്
സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന തല കമ്മിറ്റിയും രൂപീകരിച്ച്
സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുമുണ്ട്. ഈ കമ്മിറ്റികള്‍ യോഗം ചേരുകയും
തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുള്ളതുമാണ്.സ്റ്റേഡിയത്തിൻ്റെ നവീകരണം
ഉള്‍പ്പെടെ അര്‍ജൻ്റീന മത്സരത്തിന്റെ മുഴുവന്‍ ചിലവും സ്‌പോണ്‍സറാണ്
വഹിക്കുന്നത്. നവീകരണത്തിന്റെ മേല്‍നോട്ടത്തിന് ഒരു മോണിറ്ററിംഗ്
കമ്മിറ്റിയേയും, ഒരു ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയെയും
സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ സ്‌പോര്‍ട്‌സ് കേരള
ഫൗണ്ടേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടവും
ഉറപ്പുവരുത്തിയിട്ടുണ്ട്.
ബംഗളുരുവിലും കരൂരിലും ഉണ്ടായ ദുരന്തങ്ങളുടെ സാഹചര്യത്തില്‍ സുരക്ഷയുടെ
കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. അതുകൊണ്ട്
തന്നെ സ്‌റ്റേഡിയത്തിന്റെ ഫിറ്റ്‌നസ് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍
ഗൗരവത്തോടെ പൂര്‍ത്തിയാക്കി.
മത്സരം നടത്താന്‍ ഫിഫയുടെ അനുമതി നേടിയെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍
നടന്നു വരുന്നത്. സ്‌പോര്‍ണ്‍സര്‍ എ.എഫ്.എയ്ക്ക് നല്‍കിയ മാച്ച് ഫീ
തിരിച്ച് വാങ്ങുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത
വിന്‍ഡോയില്‍ ടീമിന്റെ മത്സരം കൊച്ചിയില്‍ വച്ച് നടത്താനാണ്
ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ ഫിഫ നിലവാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയമായി കലൂര്‍
സ്റ്റേഡിയത്തെ ഉയര്‍ത്തുകയാണ്. അതിനുള്ള ടര്‍ഫ് നവീകരണം, സീറ്റുകളുടെ
നവീകരണം, പ്രവേശന കവാടം, പാര്‍ക്കിങ്ങ് ഗ്രൗണ്ട് ഒരുക്കല്‍, ചുറ്റുമതില്‍
നിര്‍മ്മാണം ഫ്‌ളഡ്‌ലിറ്റ് എല്‍ഇഡി ആക്കുക, മറ്റ് അടിസ്ഥാന സൗകര്യ
വികസനം എന്നീ പ്രവൃത്തികളാണ് നടന്നുവരുന്നത്. നവംബര്‍ 30 നകം നവീകരണ
പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് സ്‌പോണ്‍സര്‍
അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.






